Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാം മനസ്സുവച്ചാൽ അപകടം കുറയ്ക്കാം

ആർക്കറിയാം, നിങ്ങൾ ഈ മുഖപ്രസംഗം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപെടുന്നുണ്ടാവാം; പാതയിൽ ഒരു ജീവൻ പാതിയിൽ പിടയ്ക്കുന്നുണ്ടാകാം...അങ്ങനെയുണ്ടാവാതിരിക്കട്ടെ എന്ന പ്രാർഥനയോടൊപ്പം നമ്മുടെ കണ്ണെത്തേണ്ട പല കാര്യങ്ങളുമുണ്ട്.

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും കൊടിയ വിപത്തായി വാഹനാപകടങ്ങളുടെ എണ്ണം പെരുകിവരുമ്പോഴും നാം അതിനു വേണ്ട ഗൗരവം നൽകുന്നുണ്ടോ എന്നു സംശയമാണ്. കേരളത്തിലെ അപകടനിരക്ക് ഉയരുന്നതിനോടൊപ്പം ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്കും കൂടുകയാണെന്നതു മറ്റൊരു യാഥാർഥ്യം. ക്രിസ്മസ് – പുതുവർഷ അവധിക്കാലം ആരംഭിച്ചപ്പോൾതന്നെ ഇരുചക്ര വാഹനാപകടങ്ങൾ കൂടുതലായി കേട്ടുതുടങ്ങിയതു നിർഭാഗ്യകരമാണ്.

ഈ വർഷം ഒക്ടോബർ 31 വരെ 33,273 റോഡപകടങ്ങളുണ്ടായതിൽ ഇരുചക്രവാഹനാപകടങ്ങളുടെ മാത്രം എണ്ണം 19,414 ആണെന്നത് കേട്ടുമറക്കാനുള്ള കണക്കല്ല. ഈ റോഡപകടങ്ങളിൽ ആകെയുണ്ടായ 3480 മരണങ്ങളിൽ 1560 ജീവൻ പൊലിഞ്ഞതും ഇരുചക്രവാഹനാപകടങ്ങളിലാണ്. ഇക്കാലയളവിൽ ഇരുചക്രവാഹനാപകടങ്ങളിൽ തലസ്ഥാന ജില്ലയിൽമാത്രം  മരിച്ചത് 241 പേരാണ്. കൂടുതൽ അപകടമുണ്ടായത് എറണാകുളം ജില്ലയിലും – 3699.

കഴിഞ്ഞ വർഷം സംസ്‌ഥാനത്തു റോഡപകടങ്ങളിൽ മരിച്ചതിൽ കൂടുതൽ പേരും ബൈക്ക് യാത്രക്കാരാണെന്നിരിക്കെ, ഇരുചക്രവാഹന യാത്രികരുടെ സുരക്ഷയ്‌ക്കായി എന്തു ചെയ്‌താലും അധികമാവില്ല. റോഡിൽ ചോര വീഴാതിരിക്കാൻ കർശനമായ ഗതാഗതനിയമങ്ങൾകൊണ്ടു മാത്രമേ സാധിക്കൂ എന്നിരിക്കെ, വാഹനാപകടങ്ങൾ സംബന്ധിച്ച് ജസ്‌റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മിഷൻ സർക്കാരിനു മൂന്നു വർഷംമുൻപു നൽകിയ ശുപാർശകൾ സവിശേഷഗൗരവം അർഹിക്കുന്നു. ഇരുചക്രവാഹനങ്ങളുടെ വേഗം മണിക്കൂറിൽ 40 – 50 കിലോമീറ്ററായി കുറയ്‌ക്കണമെന്നും വിൽപനകേന്ദ്രത്തിൽത്തന്നെ ഇതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നുമുള്ള നിർദേശം പ്രസക്‌തമാവുന്നത് ഈ സാഹചര്യത്തിലാണ്. 

ഇരുചക്രവാഹനാപകടങ്ങളിൽ മരിക്കുന്നവരിലും പരുക്കേൽക്കുന്നവരിലും കൂടുതലായുള്ളത് യുവാക്കളാണ് എന്നതുകൂടി ഇതോടുചേർത്തു സങ്കടത്തോടെ ഓർമിക്കാം. അതിവേഗവും അശ്രദ്ധയുംകൂടി ചേരുമ്പോൾ ഉണ്ടാവുന്ന അപകടങ്ങളുടെ പെരുപ്പം  കേരളത്തിന്റെ ശാപമാണ്. 

വാഹനക്കമ്പം കൂടിവരുന്നതനുസരിച്ച് യുവാക്കളിൽ കണ്ടുവരുന്ന പ്രവണതയാണ് വാഹനത്തിന്റെ അംഗീകൃതഘടനയിൽ മാറ്റംവരുത്തി ഉപയോഗിക്കുക എന്നത്. മാനദണ്ഡങ്ങൾക്കു വിധേയമായി കമ്പനികൾ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നത് ഒട്ടേറെ അപകടങ്ങൾക്കിടയാക്കുന്നുണ്ട്. രൂപംമാറ്റി പുറത്തിറക്കിയ വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങളിൽ 60–70 ശതമാനവും ഇരുചക്രവാഹനങ്ങളാണുതാനും. ഇത്തരം വാഹനങ്ങളെ ലക്ഷ്യമിട്ട് അടിയന്തര നടപടികളെടുക്കാൻ അധികൃതർ നിർദേശം നൽകിയിരിക്കുകയാണ്. 

‘സൂപ്പർ ബൈക്കി’ലല്ലേ യാത്ര, അപ്പോൾ പിന്നെ റോഡിൽ പറക്കാതിരിക്കുന്നതെങ്ങനെ എന്ന ചിന്താഗതിയാണ് ഇത്തരം ബൈക്കുമായി നിരത്തിലിറങ്ങുന്ന ചെറുപ്പക്കാരിൽ ചിലർക്കെങ്കിലുമുള്ളത്. പൊലീസിനോ മറ്റു സുരക്ഷാ ഏജൻസികൾക്കോ അല്ലാതെ, അതിവേഗ ബൈക്കുകൾ റോഡിൽ ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്ന് ജസ്‌റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. 

കർക്കശ നിയമങ്ങൾകൊണ്ടു മാത്രമേ അപകടങ്ങൾക്കു തടയിടാനാവൂ എന്നതിൽ തർക്കമില്ല. വണ്ടിയോടിക്കുമ്പോൾ  യാത്രക്കാരെല്ലാം ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ മുതൽ തുടങ്ങാം ജാഗ്രത. വരാനിരിക്കുന്ന പുതുവർഷാഘോഷത്തിൽ  യാത്രാസുരക്ഷയ്ക്ക് ഏറ്റവും പ്രാധാന്യം നൽകാൻ നമ്മുടെ യുവത ശ്രദ്ധ നൽകുകയുംവേണം.