Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടുകയറുന്ന പൊതുമുതൽ

നവകേരള നിർമിതി എന്ന വലിയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണു നാം. ഇതിനായി ഇറങ്ങിത്തിരിക്കുമ്പോൾ, പുതിയ കേരളത്തിനായി  ചെലവഴിക്കേണ്ട ഓരോ നാണയത്തുട്ടിനും അതിലേറെ മൂല്യമുണ്ടെന്നു നാം തിരിച്ചറിയുന്നുണ്ട്. സർക്കാരും സമൂഹവും കൈകോർത്ത് യാഥാർഥ്യമാക്കേണ്ട ഈ വലിയ സ്വപ്നത്തിന്റെ കാണാമറയത്ത് കേരളം കാണേണ്ട ഒരു നിർഭാഗ്യസത്യമുണ്ട്: കാടുകയറി നശിക്കുന്ന പൊതുമുതൽ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിനു രൂപ മുടക്കി നിർമിച്ച് ‘അനാഥമായ’ കോൺക്രീറ്റ് കെട്ടിടങ്ങൾ കേരളത്തെത്തന്നെ പരിഹസിച്ചു ചിരിക്കുന്നത് കാതോർത്താൽ കേൾക്കാം. വികസനത്തെയും ഭാവിസ്വപ്നങ്ങളെയുമൊക്കെ  ചോദ്യംചെയ്തു നിലകൊള്ളുന്ന ഈ കെട്ടിടങ്ങളുടെ ആകെ മൂല്യം ഏകദേശം 200 കോടി രൂപയാണെന്നുകൂടി അറിയുമ്പോഴോ? അനാസ്ഥ കൊണ്ടു മാത്രം കാടുകയറി നശിക്കുന്ന പൊതുമുതലിനെക്കുറിച്ച് മലയാള മനോരമ ലേഖകർ നടത്തിയ അന്വേഷണത്തിലെ വിവരങ്ങൾ കഴിഞ്ഞദിവസം കേരളം വായിച്ചറിഞ്ഞതു ഞെട്ടലോടെയാണ്. 

വിവിധ പദ്ധതികൾക്കായി നിർമിച്ച് പാതിവഴിയിൽ ഉപേക്ഷിച്ചവയോ പൂർത്തിയായിട്ടും ഉപയോഗിക്കാത്തവയോ ആണ് ഇതിലേറെയും. ജനങ്ങളുടെ പണംകൊണ്ട് സർക്കാർ നിർമിച്ചു പാഴാക്കിക്കളഞ്ഞ കെട്ടിടങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇതിനുവേണ്ടി ചെലവഴിച്ച തുകയ്ക്കും വേണ്ടിവന്ന മനുഷ്യപ്രയത്നത്തിനും നാടിനുമുന്നിൽ മറുപടി പറയാനുള്ള ഉത്തരവാദിത്തം തീർച്ചയായും സർക്കാർ സംവിധാനങ്ങൾക്കുണ്ട്. 

നിർമാണം എന്നോ പൂർത്തിയാക്കിയെങ്കിലും ഉദ്ഘാടനം കാത്തുകിടക്കുന്ന കെട്ടിടങ്ങൾ ജനകീയ സർക്കാരിനെത്തന്നെ  പരിഹാസ്യമാക്കുന്നു. ഇതിലുമേറെയാണ് പണിതീരാത്ത കെട്ടിടങ്ങൾ. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയുമൊക്കെ ഉദ്ഘാടനത്തിനു കാത്തിരിക്കുന്ന കെട്ടിടങ്ങൾ കേരളത്തെ ഒരു ആത്മപരിശോധനയിലേക്കു കൊണ്ടുപോയേതീരൂ. പണി പൂർത്തിയാക്കിയ ഒരു സർക്കാർ കെട്ടിടം ഉദ്ഘാടകനെ കിട്ടാത്തതുകൊണ്ടുമാത്രം വർഷങ്ങളോ മാസങ്ങളോ കാത്തുകിടക്കുന്നതോളം വലിയ ദുരന്തമുണ്ടോ?  അങ്ങനെയൊരാളെ സമയത്തു കിട്ടിയില്ലെങ്കിൽ മറ്റൊരാളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ എന്തിനു മടിക്കണം? സർക്കാർ കെട്ടിടത്തിന് ആഘോഷം നിറഞ്ഞ ഒൗപചാരിക ഉദ്ഘാടനത്തിന്റെതന്നെ ആവശ്യമുണ്ടോ എന്നുപോലും ചിന്തിക്കേണ്ട കാലം വൈകിയിരിക്കുന്നു.

ഭരിക്കുന്ന സർക്കാരിന്റെ പ്രതിച്ഛായ ഉയർത്താൻതന്നെയാണ് മിക്ക ഉദ്ഘാടന മഹാമഹങ്ങളും സംഘടിപ്പിക്കുന്നത്. തിര‍ഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉദ്ഘാടനങ്ങളുടെ പരമ്പരതന്നെ ഉണ്ടാവാറുണ്ട്. ആ വേളയിൽ പണിതീരാത്ത പദ്ധതികളുടെ പോലും ഉദ്ഘാടനം നടത്തുന്നതും പുതിയ സർക്കാരാണു വരുന്നതെങ്കിൽ ആ പദ്ധതി പൂർത്തിയാക്കാനുള്ള താൽപര്യം കാണിക്കാത്തതുമൊക്കെ നാം കണ്ടുപോരുന്നു. നാടിനേറെ പ്രയോജനം നൽകുന്ന പദ്ധതിയാണോ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള ഉദ്ഘാടനമാണോ വലുത് എന്ന ചിന്ത ഉണ്ടാവാത്തത് നമ്മുടെ ചില രാഷ്ട്രീയക്കാർക്കു മാത്രമായിരിക്കും.

തൃശൂർ ജില്ലയിലെ അന്തിക്കാട് സബ് റജിസ്ട്രാർ ഓഫിസിന് 50 ലക്ഷം രൂപ മുടക്കി നിർമിച്ച പുതിയ കെട്ടിടത്തെ ഇപ്പോഴത്തെ അവസ്ഥയുടെ ഒരു പ്രതീകമായി എടുക്കാം. ഓഫിസ് നിർമിച്ചെങ്കിലും റെക്കോർഡ്സ് റൂം ഒരുക്കാൻ മറന്നുപോയതാണ് ഇവിടെയുള്ള പ്രശ്നം. റെക്കോർഡ്സ് റൂം നിർമിക്കാൻ ലക്ഷക്കണക്കിനു രൂപ കൂടി മുടക്കണം. ഓഫിസ് ഇപ്പോഴും വാടകക്കെട്ടിടത്തിൽത്തന്നെ പ്രവർത്തിക്കുന്നു. നിർമാണം നടന്നെങ്കിലും തർക്കങ്ങളും പ്രാദേശിക എതിർപ്പുകളും കാരണം ഉദ്ഘാടനം ചെയ്യാനാവാത്ത കെട്ടിടങ്ങളും സംസ്ഥാനത്തുണ്ട്.

നിർമിതിക്കു വേണ്ടിയുള്ള ഓരോ ഇഷ്ടികയിലും കേരളത്തിന്റെ വിയർപ്പും പ്രതീക്ഷയുമുണ്ടെന്ന സത്യം, പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിന് ഒരുങ്ങുന്നതിനുമുൻപ് ഇനിയെങ്കിലും സർക്കാർ ഓർത്തേതീരൂ. കാടുകയറി നശിപ്പിച്ചാൽ, പാഴാക്കിക്കളഞ്ഞാൽ ഉത്തരം പറയേണ്ടതു ജനങ്ങളോടാണ്.