തീരദേശത്തിന് ആശ്വാസം

SHARE

കേരളത്തിലെ തീരദേശമേഖലയ്ക്ക് ഏറെ ആശ്വാസം നൽകുന്നതാണ് തീരദേശ പരിപാലന നിയമത്തിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം. നിർമാണങ്ങൾക്കുള്ള നിയന്ത്രണംമൂലം കേരളതീരത്തു താമസിക്കുന്നവർ ഏറെക്കാലമായി ദുരിതത്തിലായിരുന്നു. തീരദേശവാസികളുടെ വീടുനിർമാണവും അറ്റകുറ്റപ്പണികളും മുടങ്ങുന്ന സ്ഥിതിയിലാണു കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, നിയന്ത്രണങ്ങളിൽ ഇളവു വേണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. 

മറ്റു സംസ്ഥാനങ്ങളിലെ ജനവാസം കുറവായ തീരദേശങ്ങളെയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിലെ തീരദേശത്തെയും വേർതിരിച്ചുകാണണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിച്ചതോടെ ഇളവുകൾക്കു വഴിയൊരുങ്ങി. കേരളത്തിലെ ഗ്രാമീണമേഖലകളിൽ നഗരതുല്യമായ ജനസാന്ദ്രതയുണ്ടെന്നു കേന്ദ്ര സർക്കാരിനു ബോധ്യപ്പെട്ടു. തീരദേശവാസികളിൽ 10 ലക്ഷത്തിലേറെ പേർക്കും ഇപ്പോഴത്തെ ഇളവുകളുടെ ഗുണം ലഭിക്കും. ചതുരശ്ര കിലോമീറ്ററിൽ 2161 പേരിൽ കൂടുതൽ താമസിക്കുന്ന 244 പഞ്ചായത്തുകളിൽ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ കഴിഞ്ഞാൽ ഇനി വീടു പണിയാം. ഇതുവരെ 200 മീറ്റർ വരെ നിർമാണനിരോധന മേഖലയായിരുന്നു. കായൽ മേഖലയിൽ 100 മീറ്ററിലെ നിരോധനം 50 മീറ്ററായി ചുരുങ്ങി. 

കൂടാതെ, 300 ചതുരശ്രമീറ്റർ വരെ വലുപ്പമുള്ള വീടുകൾക്ക് അനുമതി നൽകാനുള്ള അധികാരം ഗ്രാമപഞ്ചായത്തുകൾക്കു നൽകിയതിലൂടെ കാലതാമസം ഒഴിവാകുകയുമാണ്. ഇതുവരെ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിക്കായി മാസങ്ങളുടെ കാത്തിരിപ്പു വേണ്ടിവന്നിരുന്നു. തീരദേശത്തു താമസിക്കുന്നവർക്കെല്ലാം ഇളവുകൾ ബാധകമാക്കാനുള്ള തീരുമാനവും കൂടുതൽ പേരിലേക്ക് ആനൂകൂല്യം എത്താൻ ഇടയാക്കും. 

വിനോദസഞ്ചാര മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ഇളവുകൾ നൽകിയതു തീരദേശവാസികൾക്ക് ഉപജീവനത്തിനു വഴിതുറക്കുന്നുമുണ്ട്. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരത്തിനു കേരളത്തിലുള്ള സാധ്യത മുൻനിർത്തിയാണ് ഈ തീരുമാനം. വാസ്തവത്തിൽ നിർമാണനിയന്ത്രണങ്ങൾമൂലം വിനോദസഞ്ചാര മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ മുടങ്ങിക്കിടക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. തീരത്തുനിന്നു 10 മീറ്റർ അകലെ താൽക്കാലിക നിർമാണങ്ങൾ അനുവദിക്കുന്നതിനൊപ്പം നാട്ടുകാർക്കു ഹോംസ്റ്റേ നടത്താനും ഇനി തടസമില്ല. 

സമുദ്രതീരത്തെയും കായൽതീരത്തെയും നിർമാണനിരോധന മേഖലയുടെ വിസ്തീർണം കുറയ്ക്കുകയുമാണ്. നിലവിൽ ഇളവുകൾ കൂടുതലും ഭവനനിർമാണത്തിനു മാത്രമാണ്. ഭവനേതര നിർമാണങ്ങൾക്കു വിലക്കു നീങ്ങിയത് 10 ജില്ലകളിലെ 43 പഞ്ചായത്തുകളിൽ മാത്രം. വർഷങ്ങളുടെ ശ്രമഫലമായാണ് കർശനമായ തീരപരിപാലന നിയമത്തിലെ ഇളവുകൾ യാഥാർഥ്യമായത്. എന്നാൽ, ഈ ഇളവുകൾ ജനങ്ങൾക്കു പ്രയോജനപ്പെടുന്നതിന് ഏതാനും കടമ്പകൾകൂടി ബാക്കിയുണ്ട്. ഇവ നീക്കാൻ കൂടുതലായും ഇടപെടേണ്ടതു സംസ്ഥാന സർക്കാർതന്നെ.

തീരദേശനിയമത്തിലെ മാറ്റങ്ങൾ ഉൾപ്പെടുത്തുന്ന തീരപരിപാലന പദ്ധതി തയാറാക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരം വാങ്ങുക എന്നതാണ് ആദ്യപടി. നിലവിൽ നിർമാണനിയന്ത്രണങ്ങളുള്ള മേഖല മാറ്റി, പുതിയ നിയന്ത്രണമേഖല ഉൾപ്പെടുത്തുന്നതാണു തീരപരിപാലന പദ്ധതി. ഈ രൂപരേഖ പഞ്ചായത്തുകളിൽ എത്തിയാൽ മാത്രമേ, പുതിയ ഇളവുകളുടെ പ്രയോജനം തീരദേശവാസികൾക്കു ലഭിക്കുകയുള്ളു. ഇതിനായി, തീരദേശത്തെ വേലിയേറ്റരേഖ പുനർനിർണയിക്കേണ്ടതുണ്ട്. കൂടാതെ, ഇളവു ലഭിക്കുന്ന പഞ്ചായത്തുകളെ കണ്ടെത്തുന്നതിനായി ജനസംഖ്യാ കണക്കെടുപ്പു നടത്തുകയും വേണം. വിനോദസഞ്ചാര മേഖലകളിലെ രൂപരേഖ തയാറാക്കാനുള്ള നടപടി വിനോദസഞ്ചാര വകുപ്പ് ആരംഭിച്ചുകഴിഞ്ഞു എന്നത് ആശ്വാസകരവുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA