കേരളം സ്വന്തം യുവത്വത്തെ അറിഞ്ഞ വർഷം

thalsamayam-04-01-19
SHARE

2018ലെ കണക്കെടുപ്പു നടന്നുകൊണ്ടിരിക്കുകയാണ്. പ്രസിദ്ധമായ ‘ടൈം’ മാസികയുടെ 2018ലെ വ്യക്തിയായി - വ്യക്തികളായി എന്നതായിരിക്കും കൂടുതൽ ശരി - തിരഞ്ഞെടുത്തിരിക്കുന്നത് ‘സത്യത്തിന്റെ സംരക്ഷകരെ’യാണ്. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെയും സർക്കാരിനു ഹിതകരമല്ലാത്ത റിപ്പോർട്ടിങ് നടത്തിയതിനു ശിക്ഷിക്കപ്പെട്ട മൂന്നു പത്രപ്രവർത്തകരെയും ന്യൂസ് റൂമിലെ വെടിവയ്പിനെത്തുടർന്നു പത്രപ്രവർത്തകർ കൊല്ലപ്പെട്ട കാപ്പിറ്റൽ ഗസറ്റ് എന്ന പത്രത്തെയുമാണ് ആ പേരുകൊണ്ട് ടൈം മാസിക ഉദ്ദേശിച്ചത്. കേരളത്തിലടക്കം പത്ര,ചാനൽ പ്രവർത്തകർ ആക്രമണത്തിനു വിധേയരായ 2018 തീർച്ചയായും, പത്രപ്രവർത്തനത്തെ യുദ്ധവിമാനം പറപ്പിക്കുന്നതുപോലെ ജീവനു ഹാനികരമായ പ്രവൃത്തിയാക്കി.

കഴിഞ്ഞവർഷവും ടൈം മാസിക ഒരുകൂട്ടം വ്യക്തികളെയാണ് അക്കൊല്ലത്തെ വ്യക്തിയായി തിരഞ്ഞെടുത്തത് – മീടൂ പ്രസ്ഥാനത്തിനു ഊർജം പകർന്ന കുറച്ചു വനിതകൾ. ടൈം മാസികയായാലും നൊബേൽ സമാധാനസമ്മാനമായാലും കുറച്ചുകാലമായി ചെറിയ സമൂഹങ്ങളെയോ സംഘടനകളെയോ ആദരിക്കുക എന്നതു പതിവായിരിക്കുന്നു. അതിന്റെ ചുവടുപിടിച്ച് 2018ൽ കേരളത്തിൽ എറ്റവും സ്വാധീനം ചെലുത്തിയ കൂട്ടം ഏതാണെന്ന് അന്വേഷിച്ചാൽ, പ്രളയകാലത്തെ മത്സ്യബന്ധനത്തൊഴിലാളികളെന്നോ നിപ്പ രോഗം പടർന്നപ്പോൾ ആതുരശുശ്രൂഷരംഗത്തു പ്രവർത്തിച്ചവരെന്നോ ആയിരിക്കും ഉത്തരം.

എന്നാൽ, 2018ൽ മഹാപ്രളയത്തിനിടെ മലയാളികളുടെ കണ്ണുതുറപ്പിച്ച മറ്റൊരു വലിയ കൂട്ടമുണ്ട് – കേരളത്തിലെ യുവത. ലോകകാര്യങ്ങളിൽ ശ്രദ്ധയില്ലാതെ, സദാസമയം സ്മാർട്ഫോൺ നോക്കിയിരിക്കുന്നവരായിട്ടാണ് മിക്കവരും ഇവരെ കണ്ടിരുന്നത്. ഇവരിൽ ആണുങ്ങളുടെ മുടി പലപ്പോഴും വശങ്ങൾ വടിച്ച് മുകളിലോട്ടായിരിക്കാം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുക എന്നതിൽ കവിഞ്ഞ് പൊതുവെ ശാന്തരും അന്തർമുഖരുമായ ഇവർക്ക് വേറെ പണിയില്ലെന്നു പലരും കരുതി. പൊലീസുകാർ ഇവരെ സംശയത്തോടെയാണു വീക്ഷിച്ചിരുന്നത് – പ്രത്യേകിച്ച് ബോബ് മാർലിയുടെ ചിത്രം ടീഷർട്ടിൽ ഉണ്ടെങ്കിൽ. അതു ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ ലക്ഷണമാണത്രെ!

എന്നാൽ, പ്രളയസമയത്ത് ആദ്യം കർമനിരതരായത് ഇക്കൂട്ടരായിരുന്നു. സ്മാർട്ഫോണുകളിലൂടെ അവരുടെ വിരലുകൾ ചലിച്ചപ്പോൾ ആൾസഹായവും സാമഗ്രികളും പ്രളയബാധിതരെ തേടിയെത്തി. ക്യാംപുകളിൽനിന്നു ക്യാംപുകളിലേക്ക് അവരുടെ മോട്ടോർസൈക്കിളുകൾ ചലിച്ചു. മിസ്ഡ് കോൾ അടിച്ചാൽ സഹായമെത്തിക്കാൻ ശ്രമിക്കുന്ന മട്ടിലുള്ള നൂതനാശയങ്ങൾ അവർ സമൂഹമാധ്യമങ്ങളിൽ നടപ്പിലാക്കി. ചില ഫെയ്സ്ബുക് കൂട്ടായ്മകൾ എതാനും മണിക്കൂറുകൾക്കുള്ളിൽ ടൺ കണക്കിനു സാമഗ്രികൾ സംഭരിച്ചു. എൻജിനീയറിങ് പഠിച്ച ചിലർ ദുരിതാശ്വാസ ക്യാംപുകളിലുള്ളവരുടെ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ താൽക്കാലിക പവർബാങ്കുകൾ നിർമിച്ചു വിതരണം ചെയ്തു. അങ്ങനെ, അവർ ചെയ്ത അദ്ഭുതങ്ങൾ പലതായിരുന്നു.
പ്രളയത്തിനുശേഷം കേരളം അവരെ നോക്കിയത് പഴയ കണ്ണുകളിലൂടെ ആയിരുന്നില്ല. അഹോരാത്രം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം ഒന്നു കണ്ണടയ്ക്കാൻ വീടുകളിലെത്തുന്ന ചെറുപ്പക്കാരെ വലിയവർ അദ്ഭുതത്തോടെ നോക്കി. അവർ വെറും ‘ഫ്രീക്കന്മാ’രല്ലെന്നു മനസ്സിലാക്കാൻ തുടങ്ങി; അവർ മലയാളികളുടെ ബഹുമാനം പിടിച്ചുപറ്റി. 2018 യുവതലമുറയെ മലയാളികൾ മനസ്സിലാക്കിയ വർഷമാണ്.

simon-britto-abhimanyu
സൈമൺ ബ്രിട്ടോ, അഭിമന്യു

∙ ബ്രിട്ടോയും അഭിമന്യുവും ഓർമിപ്പിക്കുന്നത്

2018ലെ അവസാനത്തെ ദിവസം ബ്രിട്ടോ എന്ന് എല്ലാവരും വിളിച്ചിരുന്ന സൈമൺ ബ്രിട്ടോ റോഡ്രിഗസ് അന്തരിച്ചു. ഇച്ഛാശക്തിയുടെ അദ്ഭുതപ്രകടനമായിരുന്നു ബ്രിട്ടോയുടെ ജീവിതം. ക്യാംപസ് രാഷ്ട്രീയത്തിൽ അക്രമത്തിന്റെ അതിപ്രസരം വ്യാപിക്കാൻ തുടങ്ങിയ 1980കളിൽ, എറണാകുളം ജനറൽ ആശുപത്രിയുടെ വെളിച്ചമില്ലാത്ത ഇടനാഴിയിൽ എതിരാളികൾ വധോദ്ദേശ്യത്തോടെ അദ്ദേഹത്തെ കുത്തിപ്പരുക്കേൽപിച്ചു. പിന്നെയുള്ള ജീവിതം 80 ശതമാനം തളർന്ന ശരീരത്തോടെയായിരുന്നു. ബ്രിട്ടോയുടെ വാക്കുകളിൽ, 20 ശതമാനം ശേഷിയിലുള്ള ജീവിതം. രാഷ്ട്രീയപ്രവർത്തകനും എംഎൽഎയും വാഗ്മിയും നോവലിസ്റ്റുമായി അദ്ദേഹം മനോവീര്യം കൈവിടാതെ, 101 ശതമാനമായിത്തന്നെ ജീവിതം നയിച്ചു. വീൽചെയറും യൂറിൻ ബോട്ടിലും വോക്കറുമായി ബ്രിട്ടോ കാതങ്ങളേറെ സഞ്ചരിച്ചു.

2018 തീരുന്ന നിമിഷങ്ങളിൽത്തന്നെയാണ് വിദ്യാർഥിരാഷ്ട്രീയത്തിന്റെ ‘ജീവിച്ചിരിക്കുന്ന രക്തസാക്ഷി’ അന്തരിച്ചതെന്നതു യാദൃശ്ചികമാണ്. കാരണം, ആ വർഷം ജൂലൈ മാസത്തിലാണ് ക്യാംപസ് രാഷ്ട്രീയം അഭിമന്യു എന്ന മിടുക്കനായ വിദ്യാർഥിയുടെ അതിദാരുണമായ കൊലപാതകത്തിനും കാരണമായത്. രണ്ടു സംഭവങ്ങൾക്കും പശ്ചാത്തലം എറണാകുളം മഹാരാജാസ് കോളജ് ആയിരുന്നു. അവിടത്തെ വിദ്യാർഥി അല്ലായിരുന്നെങ്കിലും ബ്രിട്ടോ, അദ്ദേഹം നേതാവായിരുന്ന വിദ്യാർഥിസംഘടനയെ മഹാരാജാസ് കോളജ് തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻവേണ്ടി പ്രവർത്തിച്ചതിന്റെ വൈരാഗ്യം കാരണമാണ് ആക്രമണത്തിനിരയായത്. മഹാരാജാസിലെ വിദ്യാർഥിയായ അഭിമന്യുവാകട്ടെ, എതു സംഘടനയും കൊതിക്കുന്ന ചുറുചുറുക്കുള്ള പ്രവർത്തകനും.
എല്ലാ കാലത്തും ക്യാംപസുകളിൽ അക്രമമുണ്ടായിരുന്നെങ്കിലും ഇന്നു കാണുന്ന രീതിയിൽ, സംവാദം പൂർണമായും നിലയ്ക്കുകയും അക്രമത്തിലൂടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന രീതിയിലേക്കു കാര്യങ്ങൾ നീങ്ങിയിരുന്നില്ല.

ഒരു കാലത്ത് രാഷ്ട്രീയപാർട്ടികൾ ക്യാംപസുകളിൽ റിക്രൂട് ചെയ്തിരുന്നത് ഏറ്റവും മിടുക്കരായ വിദ്യാർഥികളെയായിരുന്നു. അതിനുദാഹരണമാണ് ഇപ്പോൾ 60 വയസ്സു കഴിഞ്ഞ, കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലും സിപിഎമ്മിന്റെ സംസ്ഥാന– ദേശീയ നേതൃത്വത്തിലുമുള്ള പല പ്രഗൽഭരും. ഇപ്പോൾ പേശിബലത്തിലാണു കൂടുതൽ ഊന്നൽ എന്നു തോന്നുന്നു. ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിക്കേണ്ടത് വിദ്യാർഥിജീവിതകാലത്താണ്. അതു രാഷ്ട്രീയപാർട്ടികൾക്കു പഥ്യമല്ലെന്നു വ്യക്തമാണ്. അവർക്കു വേണ്ടത് അനുസരണയുള്ളവർ ആയിരിക്കണം. അവർ കാലാളുകളേ ആകുകയുള്ളൂ, നേതൃപാടവമുള്ള ജനറലുകൾ ആകില്ല. ക്യാംപസുകളിലേക്കു സംവാദം തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നെന്ന് ബ്രിട്ടോയും അഭിമന്യുവും ഓർമിപ്പിക്കുന്നു.


സ്കോർപ്പിയൺ കിക്ക്:
കേരളത്തിൽ വീണ്ടും ഹർത്താൽ.

ഇങ്ങനെ പോയാൽ ഹർത്താൽരഹിത ദിവസങ്ങൾ പ്രഖ്യാപിക്കേണ്ടി വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA