ആലപ്പാടിനെ കടൽ കവരുന്നതോ ഖനനത്തിൽ മറയുന്നതോ?

Alappadu
SHARE

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് കടലിനും ടിഎസ് കനാലിനും മധ്യേ അരഞ്ഞാണം പോലെ കിടക്കുന്ന ഭൂപ്രദേശമാണ്. വിസ്തൃതി‌, 1955ലെ ലിത്തോ മാപ്പ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇപ്പോൾ 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയത്രെ. ബാക്കി സ്ഥലം ഇല്ലാതായത് ഖനനം കൊണ്ടാണെന്നും അതല്ല, പ്രകൃതിക്ഷോഭം മൂലം സ്വാഭാവികമായി സംഭവിച്ചതാണെന്നും വാദങ്ങളുണ്ട്. ഇപ്പോൾ കടലും ടിഎസ് കനാലും തമ്മിൽ പലയിടത്തും കഷ്ടിച്ച് 50 മീറ്റർ മാത്രമാണ് അകലം. സൂനാമി ഉണ്ടായപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണമുണ്ടായതും ഏറ്റവുമധികംപേർ കുടിയൊഴിപ്പിക്കപ്പെട്ടതും ഇവിടെയാണ്. ഏഴായിരത്തി അഞ്ഞൂറോളം കുടുംബങ്ങളാണ് ഇന്നു പഞ്ചായത്തിലുള്ളത്. 

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയർ എർത്‌സിന്റെ (ഐആർഇ) പ്രധാന കരിമണൽഖനന പ്രദേശങ്ങളിലൊന്നു പഞ്ചായത്തിലെ വെള്ളനാതുരുത്തിലാണ്. ഇവിടെയും ചവറയിലെ ഐആർഇ പ്ലാന്റിലും രണ്ടു ഘട്ടങ്ങളിലായി മണലിൽ നിന്നു ധാതുക്കൾ വേർതിരിക്കുന്നു. തുടർന്നു ബാക്കി മണൽ തിരിച്ചു കൊണ്ടുപോയിട്ടു സ്ഥലം പൂർവസ്ഥിതിയിലാക്കുന്നു. 

സീ വാഷ് എന്ന പേരിൽ ഐആർഇ അശാസ്ത്രീയ കരിമണൽ ഖനനം നടത്തുന്നതാണ് കര നഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്ന് ‘സേവ് ആലപ്പാട്’ മുദ്രാവാക്യവുമായി രംഗത്തുള്ള കരിമണൽ ഖനനവിരുദ്ധ ജനകീയ സമരസമിതി പറയുന്നു. ഖനനമില്ലാത്ത, സംസ്ഥാനത്തെ പല ഭാഗങ്ങളിലും കര കവരുന്നുണ്ടല്ലോ എന്നാണു മറുഭാഗത്തുള്ളവരുടെ ചോദ്യം. കര നഷ്ടപ്പെട്ടതിനെക്കുറിച്ചു ശാസ്ത്രീയപഠനവും ഇവർ ആവശ്യപ്പെടുന്നു. 

Alappadu-black-sand

ഇപ്പോൾ നടക്കുന്നതു ശാസ്ത്രീയ ഖനനമാണെന്നും മുൻപ് നടന്നത് അശാസ്ത്രീയ ഖനനമാണെന്നും ഖനനത്തിനു ഭൂമി പാട്ടത്തിനു വിട്ടുകൊടുത്തവർ പറയുന്നു. മേഖലയിൽനിന്ന് 201 പേരെ സിവിൽ വർക്കിന് ഐആർഇ നിയോഗിച്ചിട്ടുണ്ടെന്നും ഖനനം ഇല്ലാതായാൽ അവരുടെ കുടുംബങ്ങൾ എന്തു ചെയ്യുമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നു. പ്രദേശം സംരക്ഷിച്ചു ഖനനം നടത്തണമെന്നും ഭൂമി നികത്തി തിരിച്ചുകൊടുക്കണമെന്നുമാണ് ഇവർ പറയുന്നത്. 

തന്റെ ഗ്രാമത്തിലെ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തോടു വിളിച്ചു പറഞ്ഞ എസ്.കാവ്യ പറയുന്നു

ഞങ്ങളുടെ പ്രതിഷേധവും വേദനയും കാണാൻ കടലു മാത്രമേയുള്ളുവെന്നു തോന്നിപ്പോകുന്നു. വർഷങ്ങളായി തുടരുന്ന പ്രതിഷേധസമരങ്ങൾ കൊണ്ടൊന്നും കരിമണൽ ഖനനം നിർത്താൻ അധികൃതർ തയാറാകാത്തതെന്താണ്? ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽ 50 വർഷത്തിലേറെയായി തുടരുകയാണ് ഈ ഖനനം. ഇതു കാരണം തീരംചുരുങ്ങി കടലിനും കായലിനുമിടയിൽ ഒരു വാലുപോലെയായി തീർന്നിട്ടുണ്ട് ഗ്രാമം. മത്സ്യസമ്പത്തും കൃഷിയിടങ്ങളുമൊക്കെ ഉണ്ടായിരുന്ന ഇവിടെ, ഇന്ന് അതൊന്നുമില്ലാത്ത സ്ഥിതി. 

ഖനനംമൂലം 20,000 ഏക്കർ പ്രദേശം കടലായി മാറിയതായാണു കണക്ക്. അയ്യായിരത്തോളം കുടുംബങ്ങൾ ഭൂരഹിതരാകുകയും വീടൊഴിഞ്ഞു പോകേണ്ടി വരികയും ചെയ്തു. ജനങ്ങളുടെ ജീവിതവും തൊഴിലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ചെറുപ്പം മുതൽ ഈ സമരങ്ങളൊക്കെ കണ്ടും കേട്ടും ഈ കണക്കുകളൊക്കെ എന്നെപ്പോലുള്ള പുതുതലമുറയ്ക്കു മനഃപാഠമാണ്. മണലു വാരിയെടുക്കുന്നതോടെ കടലു കയറി വരും; കരയില്ലാതാകും. ശുദ്ധജലം നൽകിയിരുന്ന കിണറുകളും കുളങ്ങളുമൊക്കെ ഖനനത്തെത്തുടർന്നു വറ്റിവരണ്ടു. ഇപ്പോൾ വെള്ളത്തിനായി സമരം ചെയ്യേണ്ട അവസ്ഥ. ഖനനം ഞങ്ങളുടെ ഗ്രാമത്തിന്റെ പരിസ്ഥിതി തകർക്കുമെന്നു വെളിപ്പെടുത്തിയ ഒട്ടേറെ പഠനറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

Kavya
കാവ്യ

ഖനനം പൂർണമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് കരിമണൽ ഖനനവിരുദ്ധ ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങിയിട്ട് 70 ദിവസമായെങ്കിലും സർക്കാർ അനുകൂല നിലപാടെടുത്തിട്ടില്ല. 

പരമ്പരാഗതമായി മത്സ്യത്തൊഴിലാളികൾ ജീവിക്കുന്ന സ്ഥലമാണിത്. എന്റെ അച്ഛൻ അഴീക്കൽ കൊച്ചുതോട്ടത്തിൽ ശാന്തനും മത്സ്യത്തൊഴിലാളിയാണ്. ഖനനം ഇങ്ങനെ തുടർന്നാൽ അച്ഛൻ ഉൾപ്പെടെയുള്ളവർക്കു ജോലിയില്ലാതാകും. പ്രളയകാലത്തു കേരളത്തെ രക്ഷിക്കാൻ കൈത്താങ്ങായതു മത്സ്യത്തൊഴിലാളികളാണെന്ന് ഓർക്കണം. ഇതു ഞങ്ങളുടെ ജീവിതം നിലനിർത്താനുള്ള സമരമാണ്; ജനിച്ച മണ്ണു സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ജനിച്ച മണ്ണിൽത്തന്നെ മരിക്കണമെന്നാണു ഞങ്ങളുടെ ആഗ്രഹം. ഇതു മനസ്സിലാക്കുന്നവർ ഈ സമരത്തിനൊപ്പം നിൽക്കുമെന്നാണു പ്രതീക്ഷ. ഞങ്ങളുടെ സമരം സർക്കാരിന്റെ കണ്ണുതുറപ്പിക്കട്ടെ. സേവ് ആലപ്പാട്. സ്റ്റോപ് മൈനിങ്.

(ആലപ്പാട് സ്വദേശിനിയായ കാവ്യ കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച്എസ്എസിലെ വിദ്യാർഥിനിയാണ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA