പണിമുടക്കിയ വാക്കുകൾ

SHARE

അങ്ങനെ രണ്ടു ദിവസത്തെ പണിമുടക്ക് അത്യധികം ‘വിജയകരമാക്കി’ എന്നതിൽ നേതാക്കൾക്കും അണികൾക്കും അഭിമാനിക്കാം. അഖിലേന്ത്യാ പണിമുടക്കെന്നു പറയാമെങ്കിലും മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം കേരളത്തെ സ്തംഭിപ്പിച്ചതിന്റെ ‘പെരുമ’ ചെറുതല്ലല്ലോ.

തൊഴിലാളിസംഘടനകൾ ഹർത്താലിനല്ല, പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. തൊഴിലാളികൾ സ്വമേധയാ ആണു പണിമുടക്കുന്നതെന്നും ആരും ബലപ്രയോഗത്തിനോ അക്രമത്തിനോ പോകില്ലെന്നുംകൂടി അദ്ദേഹം പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും നിർബന്ധിച്ചു കടകൾ അടപ്പിക്കില്ലെന്നും നിർബന്ധിച്ച് ആരെയും പങ്കാളികളാക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കളും അറിയിച്ചിരുന്നു. ട്രെയിൻ തടയില്ലെന്ന്  സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ.ചന്ദ്രൻപിള്ളയും ഹർത്താലുകളിൽ സംഭവിച്ചതുപോലെ സംഘർഷമുണ്ടാകില്ലെന്നും  പ്രകോപനമുണ്ടാകില്ലെന്നും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപിയും വ്യക്തമാക്കിയിരുന്നു.

രണ്ടു ദിവസത്തെ പണിമുടക്കു പീഡനം അനുഭവിച്ചശേഷം കേരളം വീണ്ടും ഇവർ പറഞ്ഞ വാക്കുകൾ ഓർമിച്ചാൽ എന്തു തോന്നും? ഇവർ പറയുന്നതുപോലെയാണോ ഇവിടെ നടന്നത്? കേരളത്തിൽ പതിവായി നടന്നുവരുന്ന ഹർത്താലുകളുമായി ഇക്കഴിഞ്ഞ രണ്ടു ദിവസം ഇവിടെ നടന്ന പണിമുടക്കിനുള്ള വ്യത്യാസം എന്തായിരുന്നു? ബന്ദ് നിരോധിച്ചപ്പോൾ ഹർത്താലെന്നു പേരു മാറ്റിയതുപോലെ, പണിമുടക്കെന്ന് ഈ സ്തംഭനസമരത്തെ സൗകര്യപൂർവം മാറ്റിവിളിക്കുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാൽ കുറ്റം പറയാനാകുമോ? 

കേരളത്തിലെ ഭരണ – പ്രതിപക്ഷങ്ങൾ കൈകോർത്തപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ എന്താണു സംഭവിച്ചത്? കെഎസ്ആർടിസി ഉൾപ്പെടെ പൊതുഗതാഗത വാഹനങ്ങൾക്കു സുരക്ഷയൊരുക്കുമെന്നു സർക്കാർ പറഞ്ഞിരുന്നുവെങ്കിലും ബസുകൾ റോഡിൽ ഇറങ്ങാത്തതുകൊണ്ട് അതിന്റെ ആവശ്യം വേണ്ടിവന്നില്ല. കടകൾ തുറക്കുമെന്ന വ്യാപാരിസംഘടനകളുടെ പ്രഖ്യാപനം ഭാഗികമായി മാത്രമാണു നടപ്പായത്. തുറന്ന കടകൾ സമരക്കാർ അടപ്പിക്കുമ്പോൾ പൊലീസ് കണ്ടുനിന്നെന്നും പരാതിയുണ്ട്. നേതാക്കൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതിനാൽ കട അടച്ചവരുമുണ്ട്. പലയിടത്തും സംഘർഷമുണ്ടായി. തിരുവനന്തപുരത്ത്, സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി ശാഖ ഇന്നലെ അടിച്ചുതകർത്തു. 

വാഹനങ്ങൾ തടയില്ലെന്നും ഗതാഗതതടസ്സം സൃഷ്ടിക്കില്ലെന്നുമുള്ള നേതാക്കളുടെ ഉറപ്പു കാറ്റിൽപറത്തി, സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തവർക്കായി സമരസമിതി പന്തലിട്ടതു റോഡിലാണ്. ഹർത്താലല്ല, പണിമുടക്കു മാത്രമെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റിനു മുന്നിലാണു റോഡ് കയ്യേറി പന്തൽ കെട്ടിയതെന്നതും  പ്രതിഷേധത്തോടെ കേരളം കണ്ടു. യാത്രക്കാർക്കു മാർഗതടസ്സം ഉണ്ടാക്കരുതെന്ന ഹൈക്കോടതി ഉത്തരവും അവിടെ ലംഘിക്കപ്പെടുകയായിരുന്നു.

 ട്രെയിനുകൾ തടയില്ലെന്നും റെയിൽവേ സ്റ്റേഷനുകളിൽ പിക്കറ്റിങ് മാത്രമേ ഉണ്ടാകൂ എന്നും കേട്ടതിന്റെ ആശ്വാസത്തിലായിരുന്നു കേരളം. പക്ഷേ, സാധാരണ ഹർത്താൽ ദിവസങ്ങളിൽ കൂടുതൽപേരുടെയും ആശ്രയം ട്രെയിനുകളാണെങ്കിൽ, ഇക്കഴിഞ്ഞ പണിമുടക്കുദിനങ്ങളിൽ ഏറ്റവും വലഞ്ഞതു ട്രെയിൻ യാത്രക്കാരാണ്. ട്രെയിനുകൾ തടയില്ലെന്ന നേതാക്കളുടെ ഉറപ്പ് പണിമുടക്കു തുടങ്ങിയ അർധരാത്രിതന്നെ കാറ്റിൽപറത്തി തൃശൂരിൽ അമൃത എക്സ്പ്രസ് തടഞ്ഞു. മിക്കയിടത്തും ഇതുതന്നെ ആവർത്തിച്ചതോടെ സർവീസുകൾ താറുമാറായി. ദീർഘദൂര ട്രെയിനുകളടക്കം മണിക്കൂറുകൾ വൈകി. ഇന്നലെയും പലയിടത്തും ട്രെയിനുകൾ തടയുകയും യാത്രക്കാർ വലയുകയും ചെയ്തു. സ്വകാര്യ ബസുകളും ടാക്സികളും നിരത്തിലിറങ്ങാതെവന്നപ്പോൾ  യാത്രാദുരിതം രൂക്ഷമായി.

പണിമുടക്കെന്ന പേരിൽ പിൻവാതിലിലൂടെ കയറിവന്ന ഹർത്താലിനെത്തന്നെയാണു കഴിഞ്ഞ രണ്ടു ദിവസവും നമ്മുടെ നാട് നിസ്സഹായതയോടെ അനുഭവിച്ചത്. സമസ്ത മേഖലകളെയും ച‌ങ്ങലയ്ക്കിട്ട്, ഈ രണ്ടു ദിവസങ്ങളിലുണ്ടായ നിശ്‌ചലാവസ്‌ഥയ്‌ക്കു കേരളം കൊടുക്കേണ്ടിവന്ന വൻവില ഏതു കണക്കിലാണു പെടുത്തേണ്ടത്?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA