വിവേചനത്തിന് ഒരുങ്ങരുത്

SHARE

ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ചും നാം പുലർത്തിപ്പോരുന്ന നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ചുമൊക്കെ പറഞ്ഞ്, വിദേശ രാജ്യങ്ങൾക്കുമുന്നിൽപോലും പെരുമ കൊള്ളുന്നവരാണു നാം. പക്ഷേ, മതത്തിന്റെ പേരു പറയാതെപറഞ്ഞ് രാജ്യംതന്നെ ചിലർക്കുനേരെ മതിലുകെട്ടുമ്പോൾ തലതാഴ്ത്തുന്നതു മതനിരപേക്ഷ ഭാരതമാണ്. ശക്തമായ പ്രതിഷേധത്തിനിടെ മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള പൗരത്വ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കിയത് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഗൗരവമേറിയ സാഹചര്യം എടുത്തുകാണിക്കുന്നു. 

വിവേചനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഈ ബിൽ എന്നതിൽ സംശയമില്ല. അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എൻആർസി) അന്തിമ കരട് കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചപ്പോൾ   40.7 ലക്ഷം പേർ പുറത്തായത് സങ്കീർണതകളിലേക്കു വഴിതുറക്കുകയുണ്ടായി. അസമിലെ പൗരത്വവിഷയം ദേശീയതലത്തിൽ രാഷ്ട്രീയമാനം കൈവരിച്ചുവെന്നു മാത്രമല്ല, രാജ്യത്തിനുമുന്നിലുള്ള മാനുഷികപ്രശ്നമായും അതു മാറി. 

അന്തിമപട്ടിക തയാറായിട്ടില്ലെങ്കിലും, കരട് റജിസ്റ്ററിൽ പുറത്തായവരിൽ 28 ലക്ഷം പേർ ഹിന്ദുക്കളും 10 ലക്ഷം മുസ്‌ലിംകളും ബാക്കി മറ്റു വിഭാഗക്കാരുമാണ്. അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ സർക്കാർ കാണുന്നത്. ഇപ്പോഴത്തെ നിയമഭേദഗതിയനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ‌ജൈന, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു പൗരത്വം ലഭിക്കും. മു‌‌സ്‌ലിംകളെക്കുറിച്ചു പരാമർശമില്ലാത്തതുകൊണ്ട് അവർ ഒഴിവാകുകയും ചെയ്യും. അങ്ങനെ, പൗരത്വ നിയമഭേദഗതി ബിൽ അസമിലെ 10 ലക്ഷം മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.   

ലോക്സഭയിൽ 2016ൽ അവതരിപ്പിച്ച ബിൽ നിയമമാക്കുന്നതിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് പൗരത്വ നിയമഭേദഗതി ബിൽ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയതും. ബിജെപിയുടെ രാഷ്ട്രീയലക്ഷ്യങ്ങളും ബില്ലിനു പിന്നിൽ പ്രതിപക്ഷം കാണുന്നുണ്ട്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും വെല്ലുവിളിയാണിതെന്നു കുറ്റപ്പെടുത്തി കോൺഗ്രസ്, സിപിഎം, തൃണമൂൽ എന്നിവയ്ക്കൊപ്പം, കുടിയേറ്റക്കാർ ഏറെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കക്ഷികളും നിയമഭേദഗതിയെ എതിർക്കുകയാണ്. 

ആറു വർഷം ഇന്ത്യയിൽ താമസിച്ചവരാണെങ്കിൽ രേഖകളൊന്നുമില്ലെങ്കിലും പൗരത്വം നൽകാമെന്നു ബിൽ വ്യവസ്ഥ ചെയ്യുന്നു. 1971 മാർച്ച് 24നു ശേഷം എത്തിയ എല്ലാ മതവിഭാഗക്കാരെയും അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്ന നിലവിലെ വ്യവസ്ഥ ഈ ബിൽ നിയമമാകുന്നതോടെ ഇല്ലാതാകുമെന്നതാണ് അസം ഉയർത്തുന്ന എതിർപ്പിന്റെ പ്രധാന കാരണം. പൗരത്വ ബില്ലിനെച്ചൊല്ലി അസമിലെ ബിജെപി സർക്കാരിനുള്ള പിന്തുണ അസം ഗണ പരിഷത് (എജിപി) പിൻവലിച്ചിരുന്നു. അസമിൽ എജിപി മന്ത്രിമാർ രാജിവച്ചിട്ടുമുണ്ട്.  

നേരത്തേതന്നെ വോട്ടവകാശം നിഷേധിക്കപ്പെട്ട എത്രയോ പേരുണ്ട് അസമിന്റെ പല ഭാഗങ്ങളിലും. സംശയാസ്പദമായ (ഡൗട്ട്ഫുൾ) പൗരത്വമുള്ളവർ എന്ന അർഥത്തിൽ ഡി വോട്ടർമാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. എപ്പോഴും സംശയത്തിന്റെ മുനയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണു ഡി വോട്ടർമാർ. പതിറ്റാണ്ടുകളായി ഇവിടെ കഴിയുകയാണെങ്കിലും ഓരോ നിമിഷവും തങ്ങൾ ഇന്ത്യക്കാരാണെന്ന് ഇവർ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം. 1997ൽ വോട്ടർപട്ടിക പുതുക്കിയപ്പോഴാണു പലരെയും സംശയാസ്പദ പൗരത്വമുള്ളവരെ ന്നു രേഖപ്പെടുത്തിയത്. 

കുടിയേറ്റങ്ങളുടെ ഒട്ടേറെ ദുരന്തങ്ങൾ കണ്ട ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ താമസിക്കുന്ന ലക്ഷക്കണക്കിനു പേർ ഇന്ത്യക്കാരല്ലാതാകുന്നതു നമ്മുടെ മാത്രം വിഷയമല്ല, രാജ്യാന്തര വിഷയംതന്നെയാകുന്നു. തുല്യപരിഗണന‌യാണു ഭരണഘടനയുടെ വാഗ്ദാനമെന്നിരിക്കെ, വിവേചനത്തെ നിയ‌‌മവിധേയമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം അത്യധികം ഗൗരവമുള്ളതാണ്. മു‌സ്‌ലിംകളെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തുകയാണെന്ന പരാതി ഒരു മതനിരപേക്ഷ രാഷ്ട്രത്തിൽനിന്ന് ഉയരേണ്ടതല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA