എത്ര പണമുണ്ടെങ്കിലും...

ns-madavan
SHARE

19ാം നൂറ്റാണ്ടിൽ 12,000 രൂപയും 10,000 പറ നെല്ലും കരമായി നൽകിയിരുന്ന, ആലപ്പുഴ ജില്ലയിലെ പ്രമുഖ ഈഴവ തറവാട്ടിലെ കാരണവരായിരുന്ന ആലുംമൂട്ടിൽ ചാന്നാറായിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ കാറുടമയെന്നു പറയപ്പെടുന്നു. പക്ഷേ, കാറുണ്ടായിട്ടെന്തു കാര്യം? ഹരിപ്പാട് ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് എത്തിയാൽ, തീണ്ടലുള്ള ചാന്നാർക്കു വണ്ടിയിൽനിന്ന് ഇറങ്ങേണ്ടിവരും; ഊടുവഴികളിലൂടെ കല്ലും മുള്ളും ചവിട്ടി നടന്ന് ക്ഷേത്രത്തെ പിന്നിട്ടു പെരുവഴിയുടെ മറ്റൊരിടത്ത് എത്തണം. അവിടെ, കാർ അദ്ദേഹത്തെ കാത്തുകിടക്കുന്നുണ്ടാകും. നായർ ഡ്രൈവർക്കാകട്ടെ, ക്ഷേത്രത്തിനു മുന്നിലുള്ള റോഡിലൂടെ കാറോടിക്കാം. 

ആലുംമൂട്ടിലെ ചാന്നാറുടെ കഥ ഓർമിപ്പിക്കുന്നത്, ഇന്ത്യയിൽ എത്ര പണമുണ്ടെങ്കിലും തൂത്തുകളയാവുന്നതല്ല ജാതി എന്ന പരമാർഥമാണ്. സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവർ മറക്കുന്നതും, ഇന്ത്യയുടെ ഭരണഘടനാകർത്താക്കൾ മറക്കാത്തതുമായ കാര്യം അതാണ്. ഭരണഘടനയനുസരിച്ച്, സംവരണം സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കു മാത്രമുള്ളതാണ്. ഇന്നത്തെ ഇന്ത്യയിൽ താഴ്ന്ന ജാതിക്കാർ അദൃശ്യമായ, ചിലപ്പോൾ സ്പഷ്ടവുമായ വേർതിരിവുകൾ കൊണ്ടു പാർശ്വങ്ങളിൽ തളയ്ക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും വിദ്യാഭ്യാസവും ധനസ്ഥിതിയുമുള്ള പിന്നാക്ക ജാതികളിലൊന്നായ ഈഴവർക്ക് കേരള കേഡറിൽ, പരീക്ഷയെഴുതി നേരിട്ട് ഐഎഎസ് ലഭിക്കാൻ 1990കളുടെ മധ്യംവരെ കാത്തിരിക്കേണ്ടിവന്നു. 

സാമ്പത്തിക സംവരണത്തെ, എന്നത്തെയും പോലെ ഇപ്പോഴും സിപിഎം പിന്തുണയ്ക്കുന്നു. 1957ലെ ആദ്യ മന്ത്രിസഭയുടെ കാലം മുതൽ ഈ വാദത്തിന്റെ മുന്നിൽ നിന്നിരുന്നത് ഇഎംഎസ് ആയിരുന്നു. 1970കളിൽ അർഥശങ്കയ്ക്കിടയില്ലാതെ, അദ്ദേഹം വാദം ആവർത്തിച്ചു. സാമ്പത്തികാധിഷ്ഠിത വർഗസമരത്തിൽ മാത്രമേ കമ്യൂണിസ്റ്റ് നേതാക്കൾ ശ്രദ്ധിച്ചുള്ളു. ഇന്ത്യയുടെ സങ്കീർണമായ സാമൂഹിക യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ മാർക്സിന്റെ ചിന്തകളെ സർഗാത്മകമായി പുനർവ്യാഖ്യാനിക്കാൻ – ചൈനയിൽ മാവോ ചെയ്തതുപോലെ – ഇന്ത്യയിൽ ആരുമുണ്ടായിരുന്നില്ല. മാർക്സ് തന്നെ, അമേരിക്കയിലെ അടിച്ചമർത്തപ്പെട്ട കറുത്തവർഗക്കാരെപ്പറ്റി എഴുതിയപ്പോൾ അതൊരു വംശീയപ്രശ്നമായാണു കണ്ടത്. 1980കളിൽ മണ്ഡൽരാഷ്ട്രീയം ഇന്ത്യയിൽ വേരുറപ്പിച്ചതിനു ശേഷമാണ് സിപിഎം പതുക്കെ അയഞ്ഞുതുടങ്ങിയത്. ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടികൾക്കു നല്ല വേരോട്ടമുണ്ടായിരുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ അപ്പോഴേക്കും മണ്ഡൽകക്ഷികൾ കൈയടക്കിക്ക ഴിഞ്ഞിരുന്നു; കമ്യൂണിസ്റ്റ് പാർട്ടികളാകട്ടെ ഏതാണ്ട്‌ നാമാവശേഷരും. 

തകർന്ന ജനൽചില്ല്

ശബരിമലയിലെ യുവതീപ്രവേശത്തിൽ പ്രതിഷേധിച്ച് ജനുവരി മൂന്നിനു നടന്ന ഹർത്താൽ, പൊതു – സ്വകാര്യ സ്വത്തുക്കൾക്കു വൻതോതിൽ നാശനഷ്ടം വരുത്തി. അതിനെതിരെ പൊലീസ് ആരംഭിച്ച ഊർജിത നടപടികൾക്കു നൽകിയ പേരാണ് ‘ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ’ അഥവാ, ‘ഓപ്പറേഷൻ തകർന്ന ജനൽചില്ല്’. 

ഓപ്പറേഷൻ ബ്രോക്കൺ വിൻഡോയ്ക്ക് കുറ്റനിവാരണശാസ്ത്രത്തിൽ വലിയ സ്ഥാനമാണുള്ളത്. കണ്ണിനു മുന്നിൽ കാണാവുന്ന ചെറിയ കുറ്റങ്ങൾക്ക്, ഉദാഹരണത്തിന് തകർക്കപ്പെട്ട ജനൽചില്ലുകൾ, ചുമരെഴുത്ത്, പൊതു ഇടങ്ങളിലെ മദ്യസേവ, ടിക്കറ്റില്ലാത്ത യാത്ര എന്നിവ, നിർദാക്ഷിണ്യം പിടിച്ചു ശിക്ഷിക്കുക. പ്രത്യക്ഷത്തിൽ, നിയമവ്യവസ്ഥ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുക. ഇങ്ങനെ ചെയ്താൽ, വലിയ കുറ്റങ്ങളിൽ കുറവുണ്ടാകുമെന്നാണ് ബ്രോക്കൺ വിൻഡോ സിദ്ധാന്തം പറയുന്നത്. 

1990കളിൽ ന്യൂയോർക്ക് മേയറായിരുന്ന റുഡി ജുലിയാനി നടപ്പാക്കിയപ്പോഴാണ് ഇതു ലോകശ്രദ്ധ പിടിച്ചുപറ്റിയത്. നഗര സിരാകേന്ദ്രമായിരുന്ന ടൈം സ്ക്വയർ സഭ്യേതരപ്രവർത്തനങ്ങൾക്കു കുപ്രസിദ്ധമായിരുന്നു. ന്യൂയോർക്കിന്റെ ഇരുണ്ട വീഥികളിലും പാർക്കുകളിലും പിടിച്ചുപറി അസാധാരണമായിരുന്നില്ല. കുറച്ചു വർഷങ്ങൾക്കു ശേഷം സ്ഥിതിയാകെ മാറി. ടൈം സ്ക്വയർ ഇന്നു കാണുന്നപോലെ, സമാധാനമായി വിഹരിക്കാവുന്ന ഇടമായി; കുറ്റനിരക്കു കുറഞ്ഞു. 

അക്രമസംഭവങ്ങൾ വർധിച്ച ഈ സമയത്ത് കേരള പൊലീസ് ഇത്തരം സംരംഭങ്ങൾക്കു മുതിരുന്നത് അഭിനന്ദനീയമാണ്. ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, താഴെത്തട്ടിലുള്ളവരെ കൂടുതൽ ബുദ്ധിമുട്ടിക്കുക തുടങ്ങി, ബ്രോക്കൺ വിൻഡോ സിദ്ധാന്തത്തിനെതിരായ വിമർശനങ്ങളെപ്പറ്റിയും അവർ ജാഗരൂകരായിരിക്കണം. 

നേട്ടമാർക്ക്? 

വൻകിട സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വീസ് 2017ൽ പ്രസിദ്ധീകരിച്ച ആഗോള സമ്പത്ത് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ  92.3 ശതമാനം, അതായത് 77 കോടി ജനങ്ങൾ 10,000 ഡോളറിനു (ഏകദേശം 7 ലക്ഷം രൂപ) താഴെ വരുമാനമുള്ളവരാണ്. അടുത്ത ആറു കോടി, അതായത് ജനസംഖ്യയുടെ 7.2 ശതമാനത്തിന്റെ വരുമാനം ഏകദേശം 7 ലക്ഷം രൂപയ്ക്കു മുകളിലും 70 ലക്ഷം രൂപയ്ക്കു താഴെയുമാണ്. ചുരുക്കിപ്പറഞ്ഞാൽ ഏകദേശം 95 ശതമാനം ഇന്ത്യക്കാരുടെ വരുമാനം 8 ലക്ഷത്തിനു താഴെയാണ്. മറ്റ് ഉപാധികൾ പാലിക്കുന്നുണ്ടെങ്കിൽ, അവർ സാമ്പത്തികസംവരണത്തിന് അർഹരാണ്. മിക്കവാറും എല്ലാവർക്കും സംവരണം ലഭിക്കുമെന്നു പറഞ്ഞാൽ അർഥം, ഫലത്തിൽ ആർക്കും സംവരണം ഇല്ലെന്നാണ്.  

കുറച്ചു വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലെ ദാരിദ്ര്യരേഖ, 32 രൂപ പ്രതിദിനമായി നിജപ്പെടുത്തി. തുടർന്നു വലിയ ഒച്ചപ്പാടും വിവാദങ്ങളുമുണ്ടായി. ഇത്രയും താഴ്ത്തി ദാരിദ്ര്യരേഖ വച്ചത്, അതിനു താഴെവരുന്ന ജനസംഖ്യയുടെ 40 ശതമാനം പേരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞരായ ജഗദീഷ് ഭഗവതിയും അരവിന്ദ് പനഗാരിയയും ചേർന്നെഴുതിയ ‘ഇന്ത്യാസ് ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ എന്ന ഗ്രന്ഥത്തിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നു. ‘ഗ്രാമീണ ദാരിദ്ര്യരേഖ, 80 രൂപയായിട്ടും നഗരങ്ങളിലേത് 100 രൂപയായിട്ടും വർധിപ്പിക്കുകയാണെന്നു കരുതുക. അങ്ങനെയെങ്കിൽ, ഇന്ത്യയിലെ ഗ്രാമങ്ങളിലെ 95 ശതമാനം ജനവും നഗരങ്ങളിലെ 85 ശതമാനം ആളുകളും ദാരിദ്ര്യരേഖയ്ക്കു കീഴിൽ വരും.’ 

ഇപ്പോൾ അനുവദിച്ചിട്ടുള്ള 10% ക്വേ‍ാട്ടയ്ക്കു വേണ്ടി മത്സരിക്കേണ്ടത് അനേകം കോടി പാവപ്പെട്ടവരും  ഉപരിമധ്യവർഗം (അപ്പർ മിഡിൽക്ലാസ്) എന്നു വിളിക്കാവുന്ന, കുട്ടികൾക്കു നല്ല വിദ്യാഭ്യാസവും ട്യൂഷനും കോച്ചിങ്ങും മറ്റും നൽകാൻ കെൽപ്പുള്ള, 66,000 രൂപ പ്രതിമാസ വരുമാനമുള്ളവരും തമ്മിലാണ്. സാമ്പത്തിക സംവരണത്തിന്റെ ഗുണഭോക്താക്കൾ ആരായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇതൊന്നും രാഷ്ട്രീയപാർട്ടികൾക്ക് അറിയാത്തതുകൊണ്ടല്ല, അവർ വലിയ ഭൂരിപക്ഷത്തിൽ ഇതു സംബന്ധിച്ച ബിൽ പാർലമെന്റിൽ പാസാക്കിയത്. എതിർത്താൽ ഒട്ടേറെ വോട്ട്ബാങ്കുകൾ അവർക്കെതിരായി തിരിയും എന്ന ഭയത്താലാണ‌്. രാഷ്ട്രീയത്തിൽനിന്നു യുക്തി പടിയിറങ്ങിയിട്ട് കാലം കുറച്ചായല്ലോ. 

സ്കോർപ്പിയൺ കിക്ക്: കൗരവന്മാർ ടെസ്റ്റ് ട്യൂബ് ബേബികൾ, ഡാർവിനു മുൻപേ ദശാവതാരത്തിലൂടെ പരിണാമസിദ്ധാന്തം, രാവണന് ഒട്ടേറെ വിമാനങ്ങൾ... ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ കേട്ടത്. 

കേരളത്തിൽ അണ്ടർഗ്രൗണ്ട് മെട്രോ ഉണ്ടായിരുന്ന കാര്യം മറന്നു. അതുവഴിയാണല്ലോ, മഹാബലി പാതാളത്തിലേക്കു പോയത്!   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA