വോളി കോർട്ടിൽ പെൺകരുത്ത്

SHARE

നേട്ടങ്ങളുടെ ഇടിമുഴക്കങ്ങൾ ഒട്ടേറെ സമ്മാനിച്ച വോളിബോൾ കോർട്ടിൽ കേരളത്തിനു സന്തോഷിക്കാൻ മറ്റൊരു ദേശീയ വിജയംകൂടി. പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കിരീടം വീണ്ടെടുത്തതോടെ ദേശീയതലത്തിൽ സ്വന്തം കരുത്തു തിരിച്ചുപിടിക്കുകയാണ് കേരളത്തിന്റെ വനിതാ വോളിബോൾ ടീം. കിരീടത്തിലേക്കുള്ള യാത്രയിൽ എന്നും കേരളത്തിന്റെ പാളം തെറ്റിച്ചിരുന്ന റെയിൽവേ ടീമിനെത്തന്നെ തോൽപിച്ചുവെന്നത് ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നു. നിലവിലെ ചാംപ്യൻമാരായിരുന്ന പുരുഷ ടീം മൂന്നാം സ്ഥാനത്തായിപ്പോയ വേദനയുടെ കാഠിന്യം കുറയ്ക്കുന്നതാണ് വനിതകൾ പൊരുതി നേടിയ ഈ ചരിത്രവിജയം. 

ചെന്നൈയിൽ നടന്ന ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ റെയിൽവേ ടീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കു തോൽ‌പിച്ചതോടെ ദേശീയ കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പിന്റെ കടംകൂടി വീട്ടുകയാണു കേരളത്തിന്റെ പെൺകരുത്ത്. 2007ൽ ജയ്പുരിൽ നടന്ന ചാംപ്യൻഷിപ്പിൽ അശ്വനി എസ്.കുമാറിന്റെ നേതൃത്വത്തിലിറങ്ങിയ ടീമാണ് അവസാനമായി കേരളത്തിലേക്കു ദേശീയ കിരീടമെത്തിച്ചത്. തുടർന്നുള്ള 10 ചാംപ്യൻഷിപ് ഫൈനലുകളിലും റെയിൽവേക്കു മുൻപിൽ തോൽവി വഴങ്ങേണ്ടിവന്നു. കഴിഞ്ഞവർഷം കോഴിക്കോട്ടു നടന്ന ചാംപ്യൻഷിപ്പിലെ ഫൈനൽ തോൽവിക്കുശേഷം കേരളത്തിന്റെ വോളിബോൾ ആരാധകർ മനസ്സിൽ കുറിച്ചിട്ട മോഹമാണ് ഇന്നലെ വനിതാ ടീം കളത്തിൽ നടപ്പാക്കിയത്. 

വോളിബോളിനെ സ്നേഹിക്കുന്ന കേരളത്തിന്റെ നാട്ടിൻപുറങ്ങൾക്കു ലഭിച്ച അംഗീകാരം കൂടിയാണ് ഈ കിരീടം. കോഴിക്കോട്ടെ കക്കട്ടിൽ, നടുവണ്ണൂർ, നരിക്കുനി, വടകര, എറണാകുളത്തെ പറവൂർ, നായരമ്പലം എന്നിങ്ങനെയുള്ള നമ്മുടെ വോളിബോൾ ഗ്രാമങ്ങളുടെ പ്രതിനിധികളാണ് ടീമിലെ 12 വനിതകളും. എതിർ കോർട്ടിൽ റെയിൽവേ ടീമിനു കരുത്തായും നാലു മലയാളി താരങ്ങളുണ്ടായിരുന്നു. മഹാരാഷ്ട്ര, തെലങ്കാന, ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ ടീമുകളിലും ഇത്തവണ നമ്മുടെ പ്രാതിനിധ്യമുണ്ടായി. ദേശീയ വനിതാ വോളിബോളിൽ കേരളത്തിന്റെ പ്രതാപത്തിനു മങ്ങലേറ്റിട്ടില്ലെന്നതിന്റെ ശുഭസൂചനകളാണിത്.  ‌

പ്രൊ വോളിബോൾ ലീഗിലൂടെ പ്രഫഷനൽ രംഗത്തേക്കു കാലെടുത്തുവയ്ക്കാനൊരുങ്ങുമ്പോഴാണ് വനിതാ ടീമിന്റെ ജയമെന്നതും ശ്രദ്ധേയമാണ്. കേരള വോളിബോളിന്റെ വളർച്ചയ്ക്ക് ഈ വിജയം പുത്തനുണർവേകുമെന്നതിൽ സംശയമില്ല. നാട്ടിൻപുറങ്ങളിലെ വനിതാ വോളിബോൾ അക്കാദമികൾക്കും ഇത് ആവേശമാകും. ടിവിക്കു മുൻപിലേക്കും കോർ‍ട്ടിനരികിലേക്കും കളി കാണാനെത്താൻ ഒട്ടേറെപ്പേർക്കു പ്രചോദനമാകുമിത്. 

ദേശീയ മൽസരങ്ങളിൽ കരുത്തരായ റെയിൽവേ ടീമിനെ തോൽപിക്കാനാകുമെന്ന ആത്മവിശ്വാസം, അടുത്തമാസം നടക്കുന്ന ഫെഡറേഷൻ കപ്പ് ചാംപ്യൻഷിപ്പിലും കേരളത്തിനു ഗുണം ചെയ്യും. കേരള പുരുഷ ടീമിനെയും എഴുതിത്തള്ളാനാകില്ല. പരിചയസമ്പന്നരായ ചില താരങ്ങളുടെ അസാന്നിധ്യമാണ് അവർക്കു വിനയായതെന്നു പറയാം. ഫെഡറേഷൻ കപ്പിലൂടെ പുരുഷ ടീമും കിരീടവഴിയിൽ‌ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുകയും ചെയ്യാം.

ദേശീയ നേട്ടങ്ങൾ സ്വന്തമാക്കുന്ന കേരളത്തിന്റെ വോളിബോൾ താരങ്ങൾക്കുള്ള സർക്കാരിന്റെ പിന്തുണ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങരുത്. പാരിതോഷികങ്ങളും പരിശീലനത്തിനുള്ള മികച്ച സൗകര്യങ്ങളുമൊരുക്കി ഇവരെ പ്രോത്സാഹിപ്പിക്കണം. കഴിഞ്ഞവർഷം കോഴിക്കോട്ടു നടന്ന ചാംപ്യൻഷിപ്പിൽ ജേതാക്കളായ കേരള പുരുഷ ടീമിനു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാരിതോഷികത്തുക ഇതുവരെ നൽകിയിട്ടില്ലെന്നതു നിരാശയുണ്ടാക്കുന്ന വാർത്തയാണ്.

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ വോളിബോളിനു പ്രാധാന്യം നൽകി ടീം രൂപീകരിക്കാൻ മുൻകൈയെടുക്കേണ്ടതുണ്ട്. സ്പോർട്സ് കൗൺസിലും വോളിബോൾ അസോസിയേഷനും തമ്മിലുള്ള തർക്കങ്ങൾ കായികതാരങ്ങളുടെ ഭാവിയെ ബാധിക്കുന്നില്ലെന്നും അവരുടെ അവസരങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കണം. സന്തോഷത്തിന്റെ സൂര്യൻ കേരളത്തിന്റെ വോളിബോൾ കോർട്ടുകളിൽനിന്ന് ഒരിക്കലും അസ്തമിക്കാതിരിക്കട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA