sections
MORE

തെരുവിലിറങ്ങിയവരെ തിരിച്ചറിയണം, വിശ്വാസിയെ മാനിക്കണം: എ. പത്മകുമാർ

A. Padmakumar
SHARE

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതു മുതൽ വിമർശനങ്ങൾക്കു നടുവിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. അദ്ദേഹത്തിന്റെ പല നിലപാടുകളോടും പ്രസ്താവനകളോടുമുള്ള നീരസം, മുഖ്യമന്ത്രിതന്നെ പലതവണ പരസ്യമാക്കിക്കഴിഞ്ഞു. പ്രസിഡന്റ് രാജിവയ്ക്കുമെന്നും സർക്കാർ അദ്ദേഹത്തെ നീക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ പലകുറി ഉയർന്നു. മകരവിളക്കിനു ശേഷം സ്ഥാനമൊഴിയുമെന്നാണ് നിലവിലെ പ്രചാരണം. ഈ സാഹചര്യത്തിൽ എ.പത്മകുമാർ പ്രതികരിക്കുന്നു. 

മകരവിളക്കിനുശേഷം താങ്കൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് പദവിയിലുണ്ടാകുമോ? രാജി സർക്കാർ മുൻകൂറായി വാങ്ങിയെന്നാണല്ലോ വാർത്തകൾ. 

ആരുടെയും സ്വപ്നത്തിൽപോലും വരാത്ത കാര്യങ്ങളാണു കേട്ടുകൊണ്ടിരിക്കുന്നത്. സർക്കാരുമായും സിപിഎമ്മുമായും എൽഡിഎഫുമായും ആലോചിച്ചാണ് ഞാൻ ഇതുവരെ നീങ്ങിയിട്ടുള്ളത്. അതിനാൽത്തന്നെ, എന്നോട് ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അപ്രീതിയോ നീരസമോ ഉണ്ടാകുമെന്നു കരുതുന്നില്ല.   

‘രാജി ആരുടെയും സ്വപ്നത്തിലില്ല’ എന്നു പറയുമ്പോൾ അക്കൂട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ? താങ്കളുടെ പല നടപടികളിലും അദ്ദേഹം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നല്ലോ. 

മുഖ്യമന്ത്രിയാകുന്നതിനു മുൻപ് പാർട്ടി സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായിരുന്ന ഒരു പിണറായി വിജയനുണ്ട്. അന്ന് ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും പ്രവർത്തകനായിരുന്ന പത്മകുമാറുമുണ്ട്. ചിലർ ഇപ്പോഴുള്ള മുഖ്യമന്ത്രിയെയും ദേവസ്വം ബോർഡ് പ്രസിഡന്റിനെയും മാത്രമേ കാണുന്നുള്ളു. ശബരിമലയിൽ ഞാൻ‍ കാണാത്ത നിസ്സാരകാര്യങ്ങൾ പോലും മുഖ്യമന്ത്രി മനസ്സിലാക്കുന്നുണ്ട്. തെറ്റുപറ്റാത്ത ആളല്ല ഞാൻ. എനിക്കു പിശകുകളുണ്ടെങ്കിൽ അതു ചൂണ്ടിക്കാട്ടാൻ അദ്ദേഹം ബാധ്യസ്ഥനാണ്.  

തന്ത്രികുടുംബവുമായി ഉറ്റബന്ധം പുലർത്തുന്ന താങ്കളുടെ കാലത്തുതന്നെ ശബരിമലയിലെ തന്ത്രിസ്ഥാനത്തെക്കുറിച്ചു താഴമൺ‍ മഠത്തിനു പരസ്യമായി പ്രതികരിക്കേണ്ടി വന്നല്ലോ.

തന്ത്രിസ്ഥാനം പരശുരാമനിൽനിന്നു കിട്ടിയതാണെന്ന വാദഗതി ഒരു വിഭാഗത്തിനു വിശ്വസിക്കാൻ കഴിയുമായിരിക്കും. 1902 മുതലല്ലേ അവർക്കു താന്ത്രികാവകാശം ലഭിച്ചത്? എന്റെ കുടുംബത്തിനു ശബരിമലയുമായി 1907 മുതൽ ബന്ധമുണ്ട്. അവർ നിലയ്ക്കലി‍‍ൽനിന്നു വന്നവരാണെന്നു പറയുന്നു. എന്നോടു പറഞ്ഞത് ആന്ധ്രയിൽനിന്നു വന്നവരാണെന്നാണ്. 

ദേവസ്വം ബോർഡ് നടത്തിപ്പിൽ പാർട്ടിയുടെയും മുന്നണിയുടെയും താൽപര്യങ്ങൾ സംരക്ഷിച്ച താങ്കൾ, യുവതീപ്രവേശ വിഷയത്തിൽ  ഭക്തരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയോ.

യഥാർഥ വിശ്വാസികളുടെ വികാരവിചാരങ്ങൾ മാനിക്കപ്പെടണമെന്ന് ഈ നിമിഷവും ഞാൻ ആവർത്തിക്കുന്നു. അവരെ വിശ്വാസത്തിലെടുത്ത് പരിഹാരമുണ്ടാക്കണം. പക്ഷേ, വിശ്വാസത്തിന്റെ പേരു പറഞ്ഞ് തെരുവിലിറങ്ങിയവരെ തിരിച്ചറിയണം. ഇന്നലെവരെ യുവതികളെ കയറ്റണമെന്നു പറഞ്ഞവർ അതു നിഷേധിച്ചു കലാപം തുടങ്ങി. അതേസമയം, ആചാരസംരക്ഷണത്തിനായി ഇറങ്ങിയവരെല്ലാം ആർഎസ്എസുകാരാണെന്ന വിശ്വാസവുമില്ല. വിശ്വാസത്തിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പിനു നിന്നുകൊടുക്കില്ല.

ആചാരപക്ഷത്തു നിന്ന് തന്നിലർപ്പിതമായ കടമയല്ലേ തന്ത്രി നിർവഹിച്ചത്? സർക്കാർ കണ്ണുരുട്ടിയപ്പോൾ ബോർഡ് വിശദീകരണം തേടിയത് അധാർമിക പ്രവൃത്തിയായി എന്നാരോപണമുണ്ടല്ലോ. 

ആചാരപരമായ കാര്യങ്ങളുടെ തീർപ്പ് തന്ത്രിക്കു തന്നെയാണ്. ശബരിമലയിൽ തന്ത്രിക്ക് അധികാരമില്ലെന്ന വാദത്തോടു യോജിപ്പില്ല.തന്ത്രിക്കും ബോർഡിനും സർക്കാരിനും കോടതിക്കും തങ്ങളുടേതായ അധികാരസീമയുണ്ട്. ക്ഷേത്ര നടത്തിപ്പിനെപ്പറ്റി ദേവസ്വം മാനുവലിൽ കൃത്യമായി പറഞ്ഞിരിക്കുന്നു. ഇക്കാര്യത്തിൽ മുൻപുള്ള കോടതിവിധികളുമുണ്ട്. തന്ത്രിയുടെ വിശദീകരണം കിട്ടിയാൽ എല്ലാവശവും പരിശോധിച്ചു നടപടിയെടുക്കും. വികാരപരമായല്ല, വിചാരപരമായാണു പ്രശ്നത്തെ സമീപിക്കേണ്ടത്. പുനഃപരിശോധനാ ഹർ‍ജി സമർപ്പിച്ചാലും പ്രയോജനമുണ്ടാവില്ല എന്നു നിയമോപദേശം ലഭിച്ചതിനാലാണ് ബോർഡ് അതിൽനിന്നു പിന്തിരിഞ്ഞത്. 

യുവതികൾ മല കയറിയത് താങ്കൾ അറിഞ്ഞില്ല. പക്ഷേ, ബോർഡിലെ മുതിർന്ന അംഗമായ കെ.പി.ശങ്കരദാസ് അറിഞ്ഞു. ഇപ്പോൾ പ്രസിഡന്റിന്റെ ചുമതലയിലേക്കും ശങ്കരദാസ് എത്തുമെന്നാണല്ലോ കേൾക്കുന്നത്.

കഷ്ടം, ആ പാവത്തെപ്പറ്റിയാണല്ലോ ഈ കഥകൾ മുഴുവനും ഇറങ്ങുന്നത്. യുവതികൾ മല കയറിയതു ബോർഡുമായി ചർച്ച ചെയ്യേണ്ട കാര്യമില്ല. അക്കാര്യം സർക്കാരും പൊലീസും നോക്കട്ടെ. രണ്ടു സ്ത്രീകൾ അവിടെ കയറിയതിന്റെ സാഹചര്യം പൂർണമായി അറിയില്ല.  ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നു വരുത്താൻ ബോധപൂർവമായ നീക്കമുണ്ട്. ക്ഷേത്രങ്ങളെയും ജീവനക്കാരുടെ കുടുംബങ്ങളെയും അപകടപ്പെടുത്താനും ശ്രമം നടക്കുന്നു. 

സർക്കാർ രാജി ചോദിച്ചില്ല. പക്ഷേ, ചോദിച്ചാൽ കൊടുക്കാൻ പാകത്തിൽ അതു പോക്കറ്റിൽ സൂക്ഷിച്ചിട്ടുണ്ടോ?

സിപിഎം നേതാക്കളിൽനിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യയാളാണു ഞാൻ. ഇതുവരെയുള്ള പ്രസിഡന്റുമാരിൽ ഏറ്റവുമേറെ പഴി കേൾക്കേണ്ടി വന്നതും പ്രതിസന്ധികൾ നേരിടേണ്ടി വന്നതും എനിക്കാണ്. അയ്യപ്പൻ കോപിച്ച് ഇങ്ങനെ പ്രവർത്തിച്ചേക്കാം എന്നൊക്കെ പറയുന്നവരുണ്ട്. ശരികളുമായി മുന്നോട്ടുപോകുന്നു എന്ന ബോധ്യമുള്ളതിനാൽ അത്തരമൊരു കടലാസ് എന്റെ പോക്കറ്റിലില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EDITORIAL
SHOW MORE
FROM ONMANORAMA