മനുഷ്യക്കടത്തിന്റെ ചുരുളഴിയണം

SHARE

കൊച്ചിയിലെ മുനമ്പം ഫിഷിങ് ഹാർബർ വഴി വിദേശരാജ്യങ്ങളിലേക്കു  കുടുംബങ്ങളെ അനധികൃതമായി കടത്തിയതായി പറയുന്ന സംഭവത്തിലെ അവ്യക്തതകൾ കടൽപോലെ അന്വേഷകർക്കു മുന്നിലുണ്ട്. ഇതു യാഥാർഥ്യമാണെങ്കിൽ കേരളത്തെ മാത്രമല്ല, രാജ്യത്തെതന്നെ ഞെട്ടിക്കുന്ന മനുഷ്യക്കടത്തിന്റെ കഥയാവും നാം കേൾക്കുക.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി, നാവികസേന,  കോസ്റ്റ് ഗാർഡ് എന്നിവയുടെ സഹകരണം തേടിയാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഈ ഹാർബറിൽനിന്നു കുറഞ്ഞ തുകയ്ക്കു പഴയ ബോട്ട് സംഘടിപ്പിച്ച് മനുഷ്യക്കടത്തു നടത്തിയതിന്റെ സാധ്യതയാണ് അന്വേഷിക്കുന്നത്. നേവിയുടെ നിരീക്ഷണക്കപ്പലും കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും പുറംകടലിൽ തിരച്ചിൽ നടത്തുന്നുണ്ട്.  ശ്രീലങ്കൻ, ബംഗ്ലദേശ് അഭയാർഥികളിലേക്ക്  അന്വേഷണം നീളുകയുമാണ്. മുനമ്പംവഴി അഭയാർഥികളെ കടത്തിക്കൊണ്ടുപോയതായി  കേരള പൊലീസ് സംശയിക്കുമ്പോൾ, വിദേശ നുഴഞ്ഞുകയറ്റം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര ഏജൻസികൾ. 

മുനമ്പം കേന്ദ്രീകരിച്ചു  മനുഷ്യക്കടത്ത് അടക്കമുള്ള അനധികൃത ഇടപാടുകൾ നടക്കുന്നതായുള്ള ആദ്യ സൂചനകൾ ലഭിക്കുന്നതു തമിഴ് പുലികൾക്കായി നടന്ന ബോട്ട് നിർമാണത്തെത്തുടർന്നാണ് . ഇവിടെയുള്ള ഒരു സ്വകാര്യ ബോട്ട്‌യാർഡിൽ  നിർമിച്ച ബോട്ടുകളിൽ ചിലത് എൽടിടിഇക്കു വേണ്ടിയായിരുന്നുവെന്ന വിവരത്തെത്തുടർന്നു തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയിൽ പാതി നിർമാണം നടന്ന ബോട്ട് പിടിച്ചെടുത്തിരുന്നു. പക്ഷേ, പിന്നീടു കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടായില്ല. പിൽക്കാലത്ത് തമിഴ്പുലികൾതന്നെ നാമാവശേഷമായെങ്കിലും മനുഷ്യക്കടത്ത് അടക്കമുള്ള ഇടപാടുകൾക്കു പറ്റിയ സ്ഥലമെന്ന വിശേഷണം കേരള തീരം കൈവിട്ടിട്ടില്ലെന്നാണു സൂചന.  

നിരീക്ഷണ സംവിധാനങ്ങളുടെ കുറവു വലിയൊരു പ്രശ്നംതന്നെയാണ്.  മനുഷ്യക്കടത്തുപോലുള്ള കാര്യങ്ങൾ അതുകൊണ്ടുതന്നെ എളുപ്പമാകുന്നു. കടൽ കടന്നുള്ള തീവ്രവാദഭീഷണിയെത്തുടർന്നു  തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള  നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുമെന്ന പ്രഖ്യാപനങ്ങൾ ഇപ്പോഴും കടലാസിലാണുതാനും. നൂറുകണക്കിനു  ബോട്ടുകൾ ദിനംപ്രതി കടലിലിറങ്ങുകയും  തിരിച്ചുവരികയും ചെയ്യുന്ന ഹാർബറുകളിൽപ്പോലും ക്യാമറ നിരീക്ഷണമില്ല. ഓരോ ഹാർബറും കേന്ദ്രീകരിച്ച് എത്ര ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്നതിനെക്കുറിച്ചുപോലും കണക്കില്ല. രാജ്യമാകെ പ്രകമ്പനമുണ്ടാക്കിയ വാർത്തയായിട്ടും എൽടിടിഇ ബോട്ട് കേസിൽ പോലും ഒരു പരിധിക്കപ്പുറത്തേക്ക് അന്വേഷണം നീണ്ടില്ല. ഇതിനുശേഷം ഒന്നിലേറെ തവണ മനുഷ്യക്കടത്തെന്നു സംശയിക്കുന്ന  സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടും കാര്യമായ അന്വേഷണങ്ങൾ ഉണ്ടാവാതിരുന്നതു വലിയ പാളിച്ചതന്നെയാണ്. 

മുംബൈ ഭീകരാക്രമണത്തിനിടെയാണ് കേരളത്തിലും തീരദേശ പൊലീസ് സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. പക്ഷേ, കടലിൽ 12 നോട്ടിക്കൽ മൈൽ മാത്രം (22 കിലോമീറ്റർ) അധികാര പരിധിയുള്ള തീരദേശ പൊലീസിന്റെ നിരീക്ഷണം കാര്യക്ഷമമല്ലെന്നു പറയാം. തീരദേശ‌ സുരക്ഷ ഉറപ്പുവരുത്താനും കടലിൽ അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിനും ചുക്കാൻ പിടിക്കേണ്ട  സംവിധാനം ഇത്ര പരിതാപകരമായ അവസ്ഥയിലായതിന് ആരാണ് ഉത്തരവാദി? പ്രളയക്കടലിൽനിന്നു കേരളത്തെ കൈപിടിച്ചുയർത്തിയ മത്സ്യത്തൊഴിലാളികളിൽ  ചിലരെങ്കിലും ഇനി യൂണിഫോം അണിഞ്ഞു തീരം സംരക്ഷിക്കാനെത്തുമെന്നത് ഇതിനിടെ പ്രതീക്ഷ തരുന്നുമുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ കോസ്റ്റൽ വാർഡൻമാരായി ഒൻപതു ജില്ലകളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിലായി നിയമിക്കുകയാണ്. 

നമ്മുടെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് നടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതിനു തടയിടുകതന്നെ വേണം. തീര– കടൽസുരക്ഷ ശക്തമാക്കിക്കൂടിവേണം നാം ജാഗരൂകരാകേണ്ടത് എന്ന കാര്യത്തിൽ സംശയമില്ല. ഗർഭിണികളും കൈക്കുഞ്ഞും അടക്കം ഉൾപ്പെട്ടതായി കരുതുന്ന ഇപ്പോഴത്തെ സംഭവത്തിൽ അവ്യക്തതകളെല്ലാം നീക്കുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കുകയും വേണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA