ഇനി സീറ്റ് വിഭജനകാലം

keraleeyam-17-01-19
SHARE

കോഴിക്കോട്ട് ഇന്നലെച്ചേർന്ന മുസ്‌ലിം ലീഗ് പ്രവർത്തകസമിതി യോഗത്തിലേക്കു കോൺഗ്രസ് നേതാക്കളുടെ കണ്ണുകളും നീണ്ടിരുന്നു. യുഡിഎഫ് യോഗത്തിനു തലേന്നു തന്നെ പ്രവർത്തകസമിതി വിളിച്ചതും ഒരു ലോക്സഭാസീറ്റിനു കൂടി ലീഗ് അവകാശവാദം ഉന്നയിക്കുമെന്ന സൂചനകൾ നേതാക്കൾ പുറത്തു നൽകിയതുമാണ് കാരണം. കോൺഗ്രസിന്റെ നെഞ്ചിടിക്കുന്നതൊന്നും അവിടെ സംഭവിച്ചില്ല. അധികമായി ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം ഉന്നയിക്കാനുള്ള ഔപചാരിക തീരുമാനം പ്രവർത്തകസമിതിയിൽ ഉണ്ടായില്ല.

പക്ഷേ, അതുകൊണ്ടു ലീഗ് ആ ആവശ്യത്തിൽനിന്നു പിൻവാങ്ങിയെന്നും കരുതാനാവില്ല. വയനാട്, കാസർകോട്, വടകര സീറ്റുകളിലൊന്നിൽ അവർക്കു താൽപര്യമുണ്ട്. നിയമസഭയിലെ കക്ഷിബലം പാർലമെന്റ് സീറ്റുകളുടെ കാര്യത്തിൽ അനൗദ്യോഗിക മാനദണ്ഡമാണ്. 22 നിയമസഭാംഗങ്ങളുള്ള കോൺഗ്രസിനു 15 ലോക്സഭാ സീറ്റിൽ മത്സരിക്കാമെങ്കിൽ 18 സീറ്റുള്ള ലീഗിനു രണ്ടെണ്ണമല്ല അവകാശപ്പെട്ടതെന്നാണു വാദം. 19 നിയമസഭാംഗങ്ങളുള്ള സിപിഐക്ക് എൽഡിഎഫ് 4 സീറ്റു നൽകുന്നത് ഉദാഹരിക്കുന്നവരുമുണ്ട്.

സ്ഥാനാർഥി നിർണയത്തിലേക്കു കടക്കുന്നതിനു മുൻപ് സീറ്റ് വിഭജനം കോലാഹലമില്ലാതെ പൂർത്തീകരിക്കുകയെന്ന ദൗത്യമാണ് ഇരുമുന്നണികൾക്കും എൻഡിഎയ്ക്കും മുന്നിലുള്ളത്. ഇന്നത്തെ യുഡിഎഫ്, എൽഡിഎഫ് യോഗങ്ങൾ അതിലേക്കു കടക്കാനിടയില്ലെങ്കിലും കക്ഷികളെല്ലാം തന്നെ അവകാശവാദങ്ങളെക്കുറിച്ചു ബോധവാന്മാരാകുന്ന സമയമാണിത്. ലീഗ് നിലപാട് എത്രത്തോളം കടുപ്പിക്കുമെന്നതാണ് യുഡിഎഫിനു മുന്നിൽ കാര്യമായുള്ളത്. കോൺഗ്രസുമായുള്ള ബന്ധത്തെ ബാധിക്കുന്നതിലേക്ക് ആ തർക്കം കൊണ്ടുപോകാൻ ഇപ്പോൾ അവർ ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണു ശക്തം. രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനത്തോടെ കോൺഗ്രസിലുള്ള വിശ്വാസം അവർക്ക് ഇരട്ടിച്ചിരിക്കുകയാണ്. അവിടെ ലീഗിന്റെ വലിയ സഹായം കോൺഗ്രസിനു ലഭിക്കുകയും ചെയ്തു. വടക്കേ മലബാറിലെ മുസ്‌ലിം ജനത രാഹുലിൽ ഒരു രക്ഷകനെ കണ്ടെത്തിയിരിക്കുന്നുവെന്ന വിലയിരുത്തലാണു ലീഗ് കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നതും.

കഴിഞ്ഞതവണ എം.പി. വീരേന്ദ്രകുമാർ മത്സരിച്ച പാലക്കാട് ആ പാർട്ടി മുന്നണി വിട്ട സാഹചര്യത്തിൽ കോൺഗ്രസ് തിരിച്ചെടുക്കാൻ തന്നെയാണു സാധ്യത. സിറ്റിങ് സീറ്റായ കൊല്ലം 2014 ൽ എൻ.കെ. പ്രേമചന്ദ്രനായി വിട്ടുകൊടുത്തതിനാൽ പാലക്കാട് അധികസീറ്റല്ലെന്നു കോൺഗ്രസിനു വാദിക്കാം. കോട്ടയം കേരള കോൺഗ്രസിനു തന്നെയാണെന്നാണ് ഇപ്പോഴത്തെ വാക്ക്. മത്സരിക്കാൻ ഉമ്മൻചാണ്ടി തയാറായാൽ അത് ഇടുക്കിയിലല്ല, കോട്ടയത്തുതന്നെ വേണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. കേരള കോൺഗ്രസ് പരിഗണിക്കുന്ന ചില സ്ഥാനാർഥികളുടെ കാര്യത്തിൽ അവർ ഉറച്ചുനിന്നാൽ ആ വച്ചുമാറ്റം എളുപ്പമല്ലാതാകും.

10 കക്ഷി; 20 സീറ്റ്

ഒന്നും, രണ്ടുമല്ല, ഒൻപതു കക്ഷികളുടെ അവകാശവാദങ്ങളാണു സിപിഎമ്മിനു മുന്നിൽ. വിപുലീകരിച്ച ഇടതുമുന്നണിയിലെ ആർക്കും സീറ്റു ചോദിക്കാം. ഫ്രാൻസിസ് ജോർജിനായി ജനാധിപത്യ കേരള കോൺഗ്രസ് പത്തനംതിട്ട ആവശ്യപ്പെടാനുള്ള തീരുമാനത്തിലാണ്. പത്തനംതിട്ടയിൽ താൻ മത്സരിച്ചാൽ നന്നാവില്ലേയെന്ന ചോദ്യം എൻസിപി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടിക്കുണ്ട്. പുതിയ സാഹചര്യത്തിൽ അവിടെ കെ.ബി. ഗണേഷ്കുമാറിനെ പരീക്ഷിച്ചുകൂടേ എന്നു സിപിഎം കേന്ദ്രങ്ങളോടു ചോദിക്കുന്നവരുണ്ട്. നേരത്തേ ലോക്സഭാസീറ്റ് കൈവശം വച്ചിരുന്ന കക്ഷിയെന്ന അവകാശവാദമാണ് എം.പി. വീരേന്ദ്രകുമാറിന്റെ ദൾ വിഭാഗത്തിനുള്ളത്. രാജ്യസഭാസീറ്റ് കിട്ടിയതുകൊണ്ടു വടകരയ്ക്കുവേണ്ടിയുള്ള അവകാശവാദത്തിൽ നിന്ന് അവർ പിന്നോട്ടില്ല. ഐഎൻഎലിനുമുണ്ട് കാസർകോട് കിട്ടണമെന്ന ആഗ്രഹം.

ജയസാധ്യത മാത്രം ഘടകമായി കണ്ട് ഇവരിൽ ആരെയെങ്കിലും പരീക്ഷിച്ചേക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നതൊഴിച്ചാൽ വിലപേശൽ സിപിഎം കേന്ദ്രങ്ങൾ നിരാകരിക്കുന്നു. സിപിഎമ്മിനും സിപിഐക്കും പുറമേ 2014 ൽ സീറ്റ് ലഭിച്ച ജനതാദൾ(എസ്) അന്നു മത്സരിച്ച കോട്ടയം വേണ്ടെന്ന തീരുമാനത്തിലാണ്. നീലലോഹിതദാസൻ നാടാർക്കുവേണ്ടി തിരുവനന്തപുരം ചോദിക്കാനാണു ചൊവ്വാഴ്ച്ചത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലെ ധാരണ. ആ വെള്ളം വാങ്ങിവച്ചുകൊള്ളാൻ സിപിഐ തീർത്തുപറഞ്ഞാൽ പത്തനംതിട്ടയോ എറണാകുളമോ ചോദിക്കും. ദളിന് ഇത്തവണ സീറ്റു നൽകണമോയെന്നു ചോദിക്കുന്നവരുണ്ടെങ്കിലും കർണാടകയിലെ ഭരണകക്ഷി എന്നു കണക്കിലെടുക്കുമ്പോൾ തഴയാനിടയില്ല.നവോത്ഥാന മൂല്യസംരക്ഷണ സമിതിക്കാർക്ക് ഒരു സീറ്റ് നൽകാൻ എൽഡിഎഫ് തയാറാകുമോയെന്നത് അവശേഷിക്കുന്ന ചോദ്യം.

വഴങ്ങുമോ ബിഡിജെഎസ്?

വിജയപ്രതീക്ഷ കുറവായിരുന്നുവെങ്കിലും മത്സരിക്കാൻ ആവശ്യം പോലെ സീറ്റുകളുണ്ടെന്ന ആശ്വാസമായിരുന്നു ഇതുവരെ കേരളത്തിലെ ബിജെപിക്കെങ്കിൽ ഇത്തവണ അങ്ങനെയല്ല. ബിഡിജെഎസ് രൂപീകരണത്തിനുശേഷം ആദ്യം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ എട്ടു സീറ്റ് ചോദിച്ചുകഴിഞ്ഞിരിക്കുന്നു അവർ. 2014 ൽ 18ലും മത്സരിച്ചശേഷം ഓരോന്നു വീതം കേരളകോൺഗ്രസിനും (നാഷനലിസ്റ്റ്) ആർഎസ്പിക്കും(ബോൾഷെവിക്ക്) ദാനം ചെയ്ത ബിജെപിക്ക് ഇത്തവണ തങ്ങൾ ആഗ്രഹിക്കുന്ന സീറ്റുകളിൽ കൂടി ബിഡിജെഎസിനു കണ്ണുണ്ടെന്നതു കണക്കിലെടുക്കേണ്ടിവരും. നിയമസഭാ തിരഞ്ഞെടുപ്പിൽ 36 സീറ്റ് ലഭിച്ച ബിഡിജെഎസ് അതിന്റെ ആനുപാതിക എണ്ണം ലോക്സഭയിലും പ്രതീക്ഷിക്കുന്നു. എന്നാൽ, എസ്എൻഡിപിയുടെ

പൂർണപിന്തുണ ഉറപ്പാക്കിയിട്ട് ഈ അവകാശവാദവുമായി വന്നാൽ നോക്കാമെന്ന മനോഭാവമാണു ബിജെപി കേന്ദ്രങ്ങളുടേത്. എസ്എൻഡിപിയെ കൂടെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിഡിജെഎസ് രൂപീകരിക്കാൻ തന്നെ ബിജെപി കേന്ദ്രനേതൃത്വം മുന്നിട്ടിറങ്ങിയത്. യോഗം ജനറൽ സെക്രട്ടറി എൽഡിഎഫിനെ പിന്തുണയ്ക്കുന്ന നവോത്ഥാനസമിതിയുടെ ചെയർമാനായി തുടരുന്ന സാഹചര്യത്തിൽ ഉദ്ദേശിക്കുന്ന രാഷ്ട്രീയ നേട്ടത്തെക്കുറിച്ചുളള സംശയം ബിജെപിക്കു വർധിക്കുന്നു. പി.സി. തോമസ് മത്സരിക്കാൻ സന്നദ്ധനായേക്കാം എന്നതൊഴിച്ചാൽ മറ്റ് എൻഡിഎ കക്ഷികളുടെ അവകാശവാദങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരയാകാനാണിട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA