തുറക്കാത്ത ജാലകങ്ങൾ

SHARE

അനുകൂല ഘടകങ്ങൾ പലതും ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് വ്യവസായ - വാണിജ്യ പുരോഗതിയിലും നിക്ഷേപത്തിലും പിന്നാക്കമായി? ഇതിന്റെ ഉത്തരം തേടി നാം അധികം തലപുകയ്ക്കേണ്ട കാര്യമില്ല. കാര്യങ്ങൾ എളുപ്പം നടത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്നതാണു നിക്ഷേപകരെ സ്വാധീനിക്കുന്ന പ്രഥമഘടകമെന്നിരിക്കെ അക്കാര്യത്തിലെ നിഷേധാത്മക സമീപനം തന്നെയാണ് ഈ അവസ്ഥയ്ക്കു മുഖ്യകാരണം. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക നിയമം പാസാക്കിയിട്ട് 10 മാസമായി. എങ്കിലും ഇതുവരെ അതിനെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ഏകജാലക സംവിധാനം ഫലത്തിൽ വന്നില്ല എന്നതിൽതന്നെയുണ്ട് നമ്മുടെ മനോഭാവത്തിന്റെ സൂചിക.

ഓൺലൈൻ ഏകജാലക സംവിധാനം പ്രാവർത്തികമാകാത്തതുകൊണ്ട് പദ്ധതികൾ ഇപ്പോഴും പഞ്ചായത്തുകളിൽനിന്ന് അനുമതികൾ ലഭിക്കാതെ മുടങ്ങുന്നു എന്നതു കേട്ടുമറക്കേണ്ട കാര്യമല്ലതന്നെ. എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെങ്കിൽ 30 ദിവസത്തിനകം പഞ്ചായത്ത് അനുമതി നൽകേണ്ടതുണ്ട്. അതിനകം അറിയിപ്പു കിട്ടിയില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന വ്യവസ്ഥയുണ്ടെങ്കിലും ആരും അങ്ങനെ പണം മുടക്കാൻ ധൈര്യപ്പെടുന്നില്ല എന്നതാണു യാഥാർഥ്യം. പാതിവഴിയിലായ പദ്ധതികൾ കേസുകളിൽ തട്ടി മുടങ്ങുന്ന സ്ഥിതിയുമുണ്ട്. അതേസമയം, പൈലറ്റ് പദ്ധതി മാത്രമാണു നടപ്പാക്കിയതെന്നും ഫെബ്രുവരി 11ന് മാത്രമേ ഔപചാരികമായി നിലവിൽ വരികയുള്ളൂവെന്നും കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി ) പറയുന്നു.

ബിസിനസ് അനുകൂല സാഹചര്യമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 21–ാം സ്ഥാനത്തു മാത്രമാണെന്നും ദക്ഷിണേന്ത്യയിൽ ഏറ്റവും അവസാന സ്ഥാനമാണ് അതെന്നും നാം കേട്ടതു കഴിഞ്ഞ വർഷമാണ്. ഈ പട്ടികയിൽ രാജ്യത്തെ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത് ആന്ധ്രയും തെലങ്കാനയുമാണെന്നുള്ളതു നമ്മെ ആത്മപരിശോധനയിലേക്കു കൊണ്ടുപോകേണ്ടതായിരുന്നു. സംസ്ഥാനങ്ങൾ നടപ്പാക്കിയ സമഗ്രമായ ബിസിനസ് പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലാണു കേന്ദ്രസർക്കാരിന്റെ റാങ്കിങ്. ആദ്യ 15 സംസ്ഥാനങ്ങളും 90 ശതമാനത്തിലേറെ സ്കോർ നേടിയപ്പോൾ കേരളത്തിനു ലഭിച്ചതു 44.79% മാത്രമായിരുന്നു.

നിക്ഷേപാനുകൂല സാഹചര്യത്തിന്റെ കാര്യത്തിൽ കേരളത്തിനുള്ള പിന്നാക്കാവസ്ഥയ്ക്ക് ഇനിയെന്നാണു പരിഹാരമുണ്ടാവുക? ലോക ബാങ്കും കേന്ദ്രത്തിലെ വ്യവസായ പ്രോൽസാഹന, നയരൂപീകരണ മന്ത്രാലയവും (ഡിഐപിപി) ചേർന്നാണു ബിസിനസ് റിഫോം ആക്‌ഷൻ പ്ലാൻ എന്ന പേരിൽ നേരത്തേ നിക്ഷേപസൗഹൃദ മാനദണ്ഡങ്ങൾ രൂപീകരിച്ചത്. ഈ മാനദണ്ഡങ്ങൾക്കനുസരിച്ചു മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ റാങ്ക് ഉയരുകയുള്ളൂ. ആ ഉയർച്ചയ്ക്കുവേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?

ഗുജറാത്തിലും ആന്ധ്രയിലും മറ്റും നിക്ഷേപകർ അപേക്ഷ നൽകിയാൽ ഒട്ടുംവൈകാതെ എല്ലാ അനുമതികളും ലഭിക്കുന്ന രീതിയുണ്ടെന്നതു കേൾക്കാൻ മാത്രമാണു കാലങ്ങളായി കേരളത്തിന്റെ വിധി. പഞ്ചായത്തിൽ ചെല്ലുമ്പോൾ കെട്ടിടനമ്പറും മറ്റും കിട്ടാനുള്ള പ്രയാസവും വൈദ്യുതിയും വെള്ളവും കിട്ടാനുള്ള കാലതാമസവുമൊക്കെ കേരളത്തിൽ എത്രയോ നിക്ഷേപകരുടെ മനംമടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 100 കോടിയിലേറെ മുടക്കുള്ളതും കെഎസ്ഐഡിസി ഓഹരിയോടുകൂടി നടപ്പാക്കിയതുമായ വ്യവസായ പദ്ധതികൾ എട്ടെണ്ണം മാത്രമാണെന്നുകൂടി ഓർമിക്കാം. വിദേശ മലയാളികളെ കേരളത്തിൽ മുതൽമുടക്കാൻ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ നയത്തിൽ പറയുന്നുണ്ടെങ്കിലും എൻആർഐകൾക്കായി വ്യവസായ വകുപ്പിനോ കെഎസ്ഐഡിസിക്കോ പ്രത്യേക പദ്ധതികളില്ലതാനും.

നിക്ഷേപം ഒഴുകുന്നത് അതു വേഗം വളരാൻ സാഹചര്യമുള്ള നഗരങ്ങളിലേക്കാണെന്നും കേരളത്തിലെ നഗരങ്ങളിലേക്കു നിക്ഷേപകരുടെ കാര്യമായ കണ്ണോട്ടം ഉണ്ടാവുന്നില്ലെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ സഹായവും നയവും കെട്ടിടവും സംരംഭകരും ഉണ്ടെങ്കിലും ദ്രുതഗതിയിൽ വളരാനുള്ള അനുകൂല സാഹചര്യം ഇവിടെ ഇല്ലെന്നു സംരംഭകരും പറയുന്നുണ്ട്. അടഞ്ഞ ജാലകങ്ങളൊക്കെ തുറന്നുവച്ച്, കേരളം നിക്ഷേപസൗഹൃദ സംസ്‌ഥാനമാണെന്നു സംരംഭകരെ ബോധ്യപ്പെടുത്താൻ ഇനിയും വൈകിക്കൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA