സത്യത്തിൽ നാമെന്തറിയുന്നു?

fb-post
SHARE

ഒന്നാലോചിച്ചാൽ തെല്ലു വിസ്മയമാണ് ഈ ചരിത്രമെന്നു പറയുന്നത്. പണ്ടു പണ്ട് കടലിനോടു ചേർന്ന് കാടുമൂടിക്കിടന്ന വനപ്രദേശമായിരുന്നല്ലോ കേരളം. ആദ്യമിവിടെ ആരാണുണ്ടായിരുന്നത്? വനവാസികളും കടൽവഴി കറങ്ങിനടന്ന് കരയിൽക്കയറിയ സാഹസികരുമല്ലാതെ മറ്റാരുമുണ്ടാവാനിടയില്ല. അന്നത്തെ വനവാസികൾക്ക് കടലിൽനിന്നു കരയ്ക്കിറങ്ങിയവരെ തടുക്കാൻ പറ്റിയോ? ഇല്ല. കരയിൽ വന്ന കടൽയാത്രികർ വനവാസികളുമായി സമ്പർക്കം പുലർത്തിയത് ആർക്കെങ്കിലും തടയാൻ പറ്റിയോ? ഇല്ല. 

കാടു വെട്ടിത്തെളിച്ചു കരഭൂമിയാക്കിയപ്പോൾ വനവാസികൾ അതിനെ എതിർത്തുകാണില്ലേ, വല്ലതും തടയാൻ പറ്റിയോ? ഇല്ല. ഈ നാട്ടിലേക്ക് വനവാസികളുടെ, അതുവഴി നമ്മുടെ തറവാടുകളിലേക്കുമെത്തിയ ആഹാരപാരമ്പര്യത്തെ നിഷേധിച്ച് കാപ്പിയും കപ്പയും കയറിവന്നപ്പോൾ ആർക്കെങ്കിലും എതിർക്കാൻ പറ്റിയോ? ഇല്ല. ആലോചിച്ചുനോക്കിയാൽ നാട്ടുചരിത്രത്തിൽ എതിർക്കാനും ചെറുത്തുനിൽക്കാനും സാധിച്ച കാര്യങ്ങൾ വളരെ തീവ്രതയുള്ള ചിലതു മാത്രമല്ലേ? അതെ. 

അല്ലാത്തതെല്ലാം വാഴപ്പഴം വന്നപോലെ, ചില വാക്കുകൾ വന്നപോലെ, ചില വിശ്വാസങ്ങളും പ്രാർഥനകളും വന്നപോലെ അങ്ങു കയറിവന്നു. കംപ്യൂട്ടർ വരുന്നതിനെതിരായി കേരളത്തിൽ പ്രക്ഷോഭം നടന്നിരുന്നതായി കേട്ടിട്ടുണ്ട്. എന്നിട്ട് കംപ്യൂട്ടർ വരാതിരുന്നോ? ഇല്ല. കേരളം പോലൊരു മികച്ച മുന്നാക്ക സംസ്ഥാനത്തുനിന്ന് ഐഎസിൽ ആരേലും ചേരാൻ പോകുമെന്നു കരുതിയിരുന്നോ? ഇല്ല. 

ടെലിവിഷൻ വന്നപ്പോൾ വായനശാലകളും പുസ്തകക്കടകളും പൂട്ടിപ്പോകുമെന്നു പറഞ്ഞില്ലേ, എന്നിട്ടു പൂട്ടിപ്പോയോ? ഇല്ല. അതുകൊണ്ട് ഇ റീഡറുകളും ഇ ബുക്കുകളും വരാതിരുന്നോ? ഇല്ല.

സഹോദരസംസ്ഥാനങ്ങളിൽ നിന്ന് ഇത്രയേറെ തൊഴിലാളികൾ ഇവിടെ വരുമെന്ന് ആരെങ്കിലും 50 കൊല്ലം മുൻപ് വിചാരിച്ചിട്ടുണ്ടോ? ഇല്ല. അവർക്കായി വിദ്യാലയങ്ങൾ തുടങ്ങേണ്ടിവരുമെന്നു വിചാരിച്ചിരുന്നോ? ഇല്ല. 

ഇന്ന് ബംഗാളികളെ പറഞ്ഞയയ്ക്കാൻ നമുക്കു ഭയമാണ്. കാരണം, നമ്മുടെ പല പാരമ്പര്യങ്ങളെയും നിലനിർത്താൻ സഹായിക്കുന്നത് അവരാണ്. ഉദാഹരണത്തിന്, ഒരു രാഷ്ട്രീയജാഥയ്ക്ക് ആളുകൾ വേണമെങ്കിലും പാടത്തു നെൽക്കൃഷി ചെയ്യണമെങ്കിലും കിണറ്റിൽവീണു ചത്ത എലിയെ പുറത്തെടുക്കണമെങ്കിലും അവരൊക്കെ സഹായിക്കണം. 

അങ്ങനെയുള്ള സഹോദരങ്ങൾ ഇവിടെനിന്നു മലയാളികളെ വിവാഹം കഴിക്കുന്നതിന് എതിർപ്പുണ്ടോ? നമ്മുടെ കുടുംബത്തിൽ നിന്നാവാത്തിടത്തോളം എതിർപ്പില്ല. ഇത്രേയുള്ളൂ ചരിത്രാഖ്യാനം.

‘അപ്പോ, എന്താ പരിപാടി..?’

‘അത്യാവശ്യമായി ഒരു പോസ്റ്റിടാനുണ്ട്്.’

‘അത് കെഎസ്ഇബി ഇട്ടോളില്ലേ..?’

അതല്ല, എഫ്ബീല്..!

‘ഓ.. സോഷ്യൽമീഡിയ എജ്യൂക്കേഷൻ പദ്ധതി’.

ശരിയാണ്. മൊബൈൽ ഫോൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് വാട്‌സാപ് ഡിപ്ലോമ എടുത്തവരുടെ അറിവുവിതരണമാണ് ഇപ്പോൾ നാട്ടിൽ നടക്കുന്നത്. എന്നിട്ടു വരാനുള്ളതു വല്ലതും വഴിയിൽ തടയാൻ കഴിയുന്നുണ്ടോ? ഇല്ല, അതു പണ്ട് സമുദ്രയാത്രികരും വനവാസികളും ചിറ്റത്തിലായതുപോലെ അങ്ങ് താനേ നടന്നോളും.

‘അപ്പോ നടക്കുവല്ലേ നാം മുന്നോട്ട്...?’

‘കുട്ടി നടന്നോളൂ.. ഇപ്പത്തന്നെ വാട്‌സാപ്പില് മറ്റവന്മാർക്ക് ഒരു ഉഷാറ് മറുപടി ഇടട്ടെ. നമ്മളെ തോൽപിക്കാൻ നമ്മളാരെയും സമ്മതിക്കില്ല’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA