ചുവപ്പുനാട അഴിക്കുമ്പോൾ

karan-hardik-rahul
SHARE

രണ്ടുമൂന്നു തലമുറകളുടെ ആയുഷ്ക്കാലവും 47 വർഷങ്ങളും പിന്നിട്ട കൊല്ലം ബൈപാസ് പൂർത്തീകരിച്ചത് സംസ്ഥാനം ഇപ്പോൾ ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ, പ്രത്യേകിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയാണെന്നും, അങ്ങനെയല്ല, കേന്ദ്രത്തിന്റെ ഇടപെടലും പ്രധാനമന്ത്രി മോദിയുടെ ഊർജ്ജസ്വലതയാണെന്നുമുള്ള മട്ടിൽ അവകാശവാദങ്ങൾ പലതും ‌ഉദ്ഘാടനവേളയിൽ ഉയർന്നു. കൊല്ലത്തു മെയിൻ റോഡിലുള്ള ഹാജി മൻസിലിൽ താമസിക്കുന്ന എം.കെ. സലീമിന്റെ പേരു മാത്രം ആരും പറഞ്ഞതായി കേട്ടില്ല.  

കേരള ഹൈക്കോടതിയിൽ  സലീം നൽകിയ ഒരു റിട്ട് ഹർജിയിലൂടെ, കൊല്ലം ബൈപാസ് രണ്ടുവരിപ്പാതയായി പണി ഉടൻ തുടങ്ങാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ‌യോട് (എൻഎച്ച്എഐ) നിർദേശിക്കണമെന്ന് അഭ്യർഥിച്ചു.  

രണ്ടുവരിപ്പാത തത്വത്തിൽ അവർ അംഗീകരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനസർക്കാർ നാലുവരിപ്പാതയാണു ചോദിക്കുന്നതെന്നും  അതനുസരിച്ച് എസ്റ്റിമേറ്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു  എൻഎച്ച്എഐയുടെ വിശദീകരണം. 2012ൽ ഈ റിട്ട് ഹർജിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ. എം. ഷഫീഖും അടങ്ങിയ ബെഞ്ച്  ഉത്തരവിട്ടു: 

“രണ്ടു വരിയാണെങ്കിലും നാലുവരിയാണെങ്കിലും തീരുമാനമെടുക്കേണ്ടത് ഒരേ കക്ഷിയാണ്– കേന്ദ്ര സർക്കാർ. 2010 മുതൽ മുടങ്ങിക്കിടക്കുന്ന ഈ പദ്ധതിയിൽ രണ്ടാലൊന്ന് — രണ്ടുവരിയോ നാലുവരിയോ —  കേന്ദ്ര സർക്കാർ തീരുമാനിച്ച് ആറു മാസത്തിനകം എൻഎച്ച്എഐയെ അറിയിക്കണം’’.

ഇതിനുശേഷം, കോടതിയലക്ഷ്യത്തിന്റെ ഭയപ്പാടിലാണു കാര്യങ്ങൾ മുന്നോട്ടു നീങ്ങിയതും ഒടുവിൽ ഉദ്ഘാടനമഹാമഹത്തിൽ അവസാനിച്ചതും. അവിടെയൊന്നും എം.കെ. സലീം സ്മരിക്കപ്പെട്ടില്ലെന്നതു കാര്യമാക്കേണ്ടതില്ല. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് മറന്ന് സർക്കാർ ചുവപ്പുനാടയിൽ അഭിരമിച്ചു കൊണ്ടിരിക്കുമ്പോൾ സാധാരണ പൗരൻ ഇടപെടണമെന്നാണു കൊല്ലം ബൈപാസ് നൽകുന്ന അന്തിമപാഠം. 

 124 എ എന്ന മാരകായുധം 

ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ മുൻ യൂണിയൻ പ്രസിഡന്റ് കനയ്യകുമാറിനും കൂട്ടുകാർക്കും എതിരെ, മൂന്നുവർഷം മുൻപു നടന്നുവെന്ന് പറയപ്പെടുന്ന, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമം 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചു. കേസിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടതു വിചാരണയിലൂടെ ആയതിനാൽ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമായിരിക്കില്ല. 

1870ൽ ബ്രിട്ടിഷ് സർക്കാർ, കോളനികളിലെ പ്രതിഷേധം നേരിടുവാൻ നിർമിച്ചതാണ് ‘ഐപിസി 124 എ’ എന്ന രാജ്യദ്രോഹവിരുദ്ധ വകുപ്പ്. ഗാന്ധിജി ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്: “എന്നെ ചാർജ് ചെയ്തിട്ടുള്ള 124 എ, പൗരന്മാരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വേണ്ടി, ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള രാഷ്ട്രീയപരമായ വകുപ്പുകളുടെ കൂട്ടത്തിൽ രാജകുമാരനാണ്.” 

സ്വാതന്ത്ര്യാനന്തരം വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ഉറപ്പു തരുന്ന ഭരണഘടന നിലവിൽവന്ന ശേഷം ഈ വകുപ്പ് എങ്ങനെ പ്രവർത്തിക്കണം എന്നു വിശദമാക്കിയിട്ടുള്ളതാണ് 1962ലെ കേദാർനാഥ് സിങും ബിഹാർ സർക്കാറും തമ്മിലുള്ള കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി. അതനുസരിച്ചു പൊതുസമാധാനത്തെ നേരിട്ടു ബാധിക്കുന്ന, കലാപത്തിലേക്കു നയിക്കുന്ന കുറ്റങ്ങളേ ഈ വകുപ്പിന്റെ പരിധിയിൽ വരികയുള്ളൂ.

അതിന്റെ ചുവടുപിടിച്ച് 1995ലെ ബൽവന്ത് സിങ് കേസിൽ ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്നു മുദ്രാവാക്യം വിളിക്കുന്നത് 124 എ വകുപ്പ് അനുസരിച്ചുള്ള രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി വിധിച്ചു. വീണ്ടും 2016ൽ സുപ്രീം കോടതി, കേദാർനാഥ് സിങ് കേസിലെ മാനദണ്ഡങ്ങൾ അനുസരിച്ചു മാത്രമേ 124 എ വകുപ്പ് പ്രകാരം കേസെടുക്കാവൂ എന്ന് ആവർത്തിച്ചു. എന്നാൽ, കൂടംകുളം ആണവനിലയ വിരുദ്ധസമരം ചെയ്തവരിൽ കുട്ടികൾക്കെതിരെ വരെ ഈ നിയമം ഉപയോഗിച്ചു. അടുത്തിടെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തവർക്കെതിരെ ചുമത്തിയതും ഇതേ വകുപ്പു തന്നെ. രാഷ്ട്രീയ എതിരാളികൾക്കെതിരായി പെട്ടെന്നു പ്രയോഗിക്കാവുന്ന ഒരു മാരകായുധമായി 124 എ സർക്കാരുകൾ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 

 താരങ്ങളുടെ ‘നിഷ്കളങ്കത’

ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയേയും കെ.എൽ. രാഹുലിനേയും ഒരു ടി വി ഷോയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഓസ്ട്രേലിയയിൽനിന്ന് തിരിച്ചു വിളിച്ചിരിക്കുകയാണല്ലോ. സ്ത്രീപീഡനം ‘മീടൂ’ സംഭവങ്ങളിലൂടെ ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ഈ കാലത്ത് സ്ത്രീവിരുദ്ധതയോട് ഒരു ഒത്തുതീർപ്പും ഇല്ലാതെ നടപടിയെടുത്ത ബിസിസിഐയെ ഇതിന്റെ പേരിൽ ആരും ചോദ്യം ചെയ്യുമെന്നു തോന്നുന്നില്ല.

ഈ ചാറ്റ്ഷോയുടെ ഭാഗങ്ങൾ ഞാനും കണ്ടു. എന്നെ അദ്ഭുതപ്പെടുത്തിയത് ഹാർദിക് പാണ്ഡ്യയുടെയും കെ.എൽ. രാഹുലിന്റെയും ‘നിഷ്കളങ്കത’യാണ്. അവർ വിളിച്ചുകൂവുന്നതെന്താണെന്ന് അവർക്കു തന്നെ ഒരു പിടിയുമില്ലായിരുന്നു. ലോകമെമ്പാടുമുള്ള പുരുഷകളിക്കാരുടെ ലോക്കർ റൂമുകൾ ഇത്തരം ലൈംഗിക വിജയങ്ങളുടെ വീരഗാഥകൾ മുഴങ്ങുന്നതു സാധാരണമാണ്. ഹാർദിക്കും രാഹുലും അത്തരം ഒരു കുമിളയിൽ ജീവിക്കുന്നവരാണ്. അതുകൊണ്ടാണ് അവർ പറയുന്നതു കൊടും സ്ത്രീവിരുദ്ധതയാണെന്ന് അവർക്കു തന്നെ തോന്നാതെ പോയത്. അവരെക്കാൾ പ്രായമുള്ള ചാറ്റ്ഷോയുടെ ആതിഥേയൻ, കരൺ ജോഹർ, അവരെ തിരുത്തുന്നതിനു പകരം എരിതീയിൽ എണ്ണയൊഴിക്കുകയായിരുന്നു. 

ഇന്നത്തെ കളിക്കാരനു കളിതന്നെയാണു പ്രധാനജോലി. അതുകൊണ്ടു നഷ്ടപ്പെടുന്നതു വിദ്യാഭ്യാസം തുടങ്ങി മനുഷ്യനെ സമൂഹജീവിയാക്കുന്ന അനവധി കാര്യങ്ങളാണ്. ഇതിനു പുറമേയാണ് ചെറുപ്പത്തിൽ തന്നെ കിട്ടുന്ന വിജയവും പ്രസിദ്ധിയും ധനവും. വിജയം കൈകാര്യം ചെയ്യുക എളുപ്പമുള്ള കാര്യമല്ല. വൻവിജയം മാതൃകാപരമായി കൊണ്ടുനടന്നിട്ടുള്ള കളിക്കാരനായിരുന്നു സച്ചിൻ തെൻഡുൽക്കർ. സച്ചിന്റെ അത്രതന്നെ കഴിവ് പ്രകടിപ്പിച്ചുകൊണ്ട് കളി തുടങ്ങിയ വിനോദ് കാംബ്ലി പാതിവഴിയിൽ വീണുപോകാനുള്ള കാരണം വിജയം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതു കൊണ്ടാണ്. പൊതുവേദിയിൽ എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് ഈ കളിക്കാരെ ബോധവൽക്കരിക്കേണ്ടതു ബിസിസിഐ കടമയായി കാണണം. കളിക്കളത്തിനു പുറത്തെ ബാഹ്യലോകം കുറെ പാർട്ടികൾ മാത്രമായി കാണുന്ന ഈ ചെറുപ്പക്കാർക്കു കളിക്കുള്ള പരിശീലനത്തോടൊപ്പം ജീവനകൗശലത്തിലും ലിംഗനീതിയിലും പെരുമാറ്റത്തിലും കൗൺസലിങ്ങും നൽകേണ്ടതാണ്. രാഹുലിനും പാണ്ഡ്യയ്ക്കും വളരെ ചുരുങ്ങിയ കായികജീവിതമേയുള്ളൂ, അതുകൊണ്ട്, അവർക്കെതിരായ നടപടി വേഗത്തിലെടുത്ത് ഈ അധ്യായം അവസാനിപ്പിക്കാൻ ബോർഡും സുപ്രീം കോടതി നിയമിച്ചിട്ടുള്ള സമിതിയും ശ്രമിക്കണം. 

സ്കോർപ്പിയൺ കിക്ക്: ബൈപാസ് ഉദ്ഘാടനത്തിൽനിന്ന് വിട്ടുനിന്നത് കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ പങ്കെടുത്ത കുമ്മനത്തിനു ട്രോളുകളിൽ നിന്നു നേരിട്ട അനുഭവം ആഗ്രഹിക്കാത്തതുകൊണ്ടെന്ന് പി.എസ്. ശ്രീധരൻപിള്ള.

ഒന്നും സംഭവിക്കില്ലായിരുന്നു: ശ്രീധരനടി? പിള്ളയടി? പോരാ.. ഏൽക്കില്ല! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA