ന്യായം നിരത്തുമ്പോൾ

SHARE

അമ്മ അടുക്കളയിൽ ജോലിയിൽ മുഴുകിയിരിക്കുകയാണ്. കുട്ടികൾ രണ്ടുപേരും പുറത്തുനിന്നു കളിക്കുന്നു. എന്തോ പൊട്ടിച്ചിതറുന്ന ശബ്‌ദം കേട്ട അമ്മ ഓടിയെത്തി. നോക്കുമ്പോൾ ജനാലച്ചില്ലുകൾ തകർന്നു കിടക്കുന്നു. ദേഷ്യം സഹിക്കാതെ അമ്മ ചോദിച്ചു. ആരാണ് ചില്ല് പൊട്ടിച്ചത്? ഇളയമകൻ പറഞ്ഞു: ചേട്ടനാണു ചെയ്തത്. എങ്ങനെ? അമ്മയുടെ രോഷം ഇരട്ടിച്ചു. ഇളയവൻ ഒട്ടും കൂസാതെ പറഞ്ഞു: ഞാൻ ചേട്ടന്റെ നേരെയാണ് കല്ലെറിഞ്ഞത്. ചേട്ടൻ പെട്ടെന്ന് മാറിക്കളഞ്ഞു.

 ന്യായം നിരത്താൻ അറിയാവുന്നവർ എന്ത് അന്യായവും പ്രവർത്തിക്കും. ചെയ്യുന്ന തെറ്റുകളുടെ ആഴവും ഗൗരവവും മനസ്സിലാകില്ലാത്ത വിധത്തിൽ ന്യായീകരണങ്ങൾ ഉന്നയിക്കുന്നവരുടെ ലോകത്ത് ശരിയും തെറ്റുംപോലും തിരിച്ചറിയാനാകാതെ വരും. സ്വയരക്ഷയ്‌ക്കുവേണ്ടിയുള്ള തെറ്റിനേക്കാൾ തെറ്റു ചെയ്‌തതിനുശേഷം നടത്തുന്ന സ്വയംരക്ഷപ്പെടൽ തന്ത്രങ്ങളാണ് തെറ്റിനെ നിസ്സാരവൽക്കരിക്കുന്നതും പുനരാവിഷ്കരിക്കുന്നതും. ഓരോ കുറ്റത്തിനും അതിന്റേതായ സാഹചര്യങ്ങളും തെളിവുകളും കണ്ടേക്കാം. പങ്കാളിത്തം പ്രകടമാകാത്തപ്പോഴും ഒഴികഴിവുകൾ ന്യായീകരിക്കപ്പെടുമ്പോഴും ചെയ്‌ത തെറ്റിന്റെ ഗൗരവം കുറച്ചുകാണാത്തവർക്ക് തിരുത്തലിന്റെയും രൂപാന്തരത്തിന്റെയും സാധ്യതകൾ അവശേഷിക്കും. ഓരോ തെറ്റിന്റെയും സാന്ദർഭിക വ്യാഖ്യാനങ്ങൾക്ക് അവയുടെ നിഷ്‌പക്ഷ വിലയിരുത്തലിനേക്കാൾ വീറും വാശിയും കൈവന്നാൽ തെറ്റുകളുടെ എണ്ണവും ഗൗരവവും വർധിക്കും. 

എല്ലാ തെറ്റുകളുടെയും കുറ്റം മറ്റുള്ളവരിൽ ചാർത്താൻ കാണിക്കുന്ന വൈദഗ്‌ധ്യവും ജാഗ്രതയും ആ തെറ്റ് വരുത്താതിരിക്കാൻ കാണിച്ചിരുന്നെങ്കിൽ എല്ലാ കർമങ്ങളും നൂറു ശതമാനം ഫലപ്രദമായേനെ. എന്തിനെയെങ്കിലും പഴിചാരി ശീലിച്ചവർക്ക് ഒരു ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കാൻ കഴിയില്ല. അവനവൻ ആഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ കഴിയാത്തതിന്റെ കാരണവും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതുകൊണ്ടാണ്. ചില സ്വയം ന്യായീകരണങ്ങൾ കണ്ടെത്തി സകലതിൽനിന്നും ഒഴിവാകുന്നതാണ് ഏറ്റവും വലിയ പിഴവ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA