പ്രളയത്തിൽ നശിച്ച ടൺ കണക്കിന് അരിക്ക് എന്തു സംഭവിക്കും? ‘ക്ലീനാക്കി’ തിരിച്ചുതരും!

Sorting-rice-pvr-factory
SHARE

പെരുമ്പാവൂരിനു സമീപത്തെ അരി മില്ലിലെ ആദ്യ ഗോഡൗണിനു സമീപം എത്തിയപ്പോൾ തന്നെ മൂക്കു പൊത്തിപ്പോയി. അത്ര ദുർഗന്ധം. ഓരോ ഗോഡൗണിലും അരിയും നെല്ലും മൂന്നാൾ പൊക്കത്തിൽ ചാക്കിൽ അട്ടിയിട്ടിരിക്കുന്നു. പലതിന്റെയും താഴത്തെ നിര ചാക്കുകൾ പൊട്ടി പുഴുവരിച്ച നിലയിൽ. ചിലതു ചൂടേറ്റു കരിഞ്ഞ നിലയിൽ. എല്ലായിടത്തും ഈച്ച. 

ഇതൊന്നും ഏശാത്ത മട്ടിൽ ഓരോ ഗോഡൗണിൽനിന്നും ഒരേ സമയം രണ്ടു ലോറികളിൽ വീതം തിരക്കിട്ട് അരി കയറ്റുന്നു. ഭൂരിപക്ഷവും ഇതരസംസ്ഥാന തൊഴിലാളികൾ. മുകൾനിരയിലെ അധികം കേടാകാത്ത അരിയാണു തമിഴ്നാട് റജിസ്ട്രേഷൻ ലോറികളിൽ കയറ്റുന്നത്. തമിഴ്നാട്ടിലെ അരി മില്ലുകളിലും കാലിത്തീറ്റ ഫാക്ടറികളിലേക്കുമാണ് ഇവ കടത്തുന്നതെന്നു രഹസ്യ വിവരം ലഭിച്ചിരുന്നു. ചൂടേറ്റു കരിഞ്ഞതും പുഴുവരിച്ചതുമായ അരി പ്രത്യേക പ്ലാസ്റ്റിക് ചാക്കുകളിൽ മാറ്റിസൂക്ഷിക്കുന്നു. അതു നശിപ്പിക്കുമെന്നു ജീവനക്കാരുടെ വിശദീകരണം. 

പ്രളയത്തിൽ നശിച്ച അരിയും നെല്ലും സംബന്ധിച്ച വാർത്ത നൽകാൻ എത്തിയതാണെന്ന് അറിയിച്ചപ്പോൾ മില്ലിലെ മാനേജർ ഞങ്ങളെ ഗോഡൗണുകൾ ഒന്നൊന്നായി കൊണ്ടു നടന്നു കാണിച്ചു. 

അതിനിടെ, അരിയും നെല്ലും നീക്കം ചെയ്യാൻ കരാറെടുത്ത കമ്പനിയുടെ മാനേജർ എന്ന പേരിൽ ഒരാൾ ജീപ്പിലെത്തി. പൊലീസ് സ്റ്റൈലിൽ ചോദ്യം ചെയ്യൽ. ശേഷം പേരും മൊബൈൽ നമ്പരും കുറിച്ചെടുത്തു‘വിട്ടു’. 

മില്ലുടമയെയും കണ്ടു പുറത്തിറങ്ങുമ്പോൾ കരാറുകാരന്റെ മറ്റൊരു ‘റെപ്പ്’ ഗേറ്റിൽ തടഞ്ഞു. അടുത്ത മുറിയിലിരിക്കുന്ന സപ്ലൈകോ ഉദ്യോഗസ്ഥരെ കൂടി കണ്ടിട്ടുപോകണമെന്നു പറഞ്ഞു. 

നോക്കിയപ്പോൾ നെല്ലും അരിയും നീക്കം ചെയ്യുന്നതു നിരീക്ഷിക്കാൻ സപ്ലൈകോ ചുമതലപ്പെടുത്തിയ അഞ്ചംഗ സംഘത്തിൽ മൂന്നുപേർ മാത്രം. അവരാകട്ടെ മുറിയിലിരുന്നു കരാറുകാരൻ നൽകുന്ന ഇ മെയിലിന്റെ പ്രിന്റ് ഔട്ടുകളിൽ ഒപ്പിടുന്ന തിരക്കിലും. ഇൻഷുറൻസ് കമ്പനി പ്രതിനിധിയെ കണ്ടതേയില്ല. വൈകിട്ടുവന്ന് ഒപ്പിടുമെന്നു റെപ്പ് അറിയിച്ചു. ഇവരുടെ സാന്നിധ്യത്തിൽ മാത്രമേ ലോഡ് കയറ്റാൻ പാടുള്ളൂവെന്നാണു ടെൻഡർ വ്യവസ്ഥ. 

Godown(1)
Damaged-rice-label(2)
Palanimuruka-Traders(3)

കൊടുത്തതു ‘ഗണപതി’ക്ക്, കിട്ടിയതു ‘ശാന്തി’ക്ക്

ഉച്ചയ്ക്കു പന്ത്രണ്ടരയോടെ തമിഴ്നാട് റജിസ്ട്രേഷൻ ലോറികൾ അരി നിറച്ചു മില്ലിനു പുറത്തുവന്നു. ദേശീയപാതയിൽ പാലക്കാട് വഴിയാണു പോകുന്നതെന്ന് അറിയാമായിരുന്നതിനാൽ ചാലക്കുടിയിൽ കാത്തുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ മുൻപിലെ ചില്ലിൽ ‘ഡാമേജ്ഡ് റൈസ്’ എന്ന കടലാസ് പതിച്ച ലോറികൾ പോയിത്തുടങ്ങി. 

രണ്ടു തമിഴ്നാട് റജിസ്ട്രേഷൻ ലോറികളെയാണു കാത്തുനിന്നത്. അതിലൊന്നു തിരുച്ചിറപ്പള്ളിയിലെ അരി മില്ലിലേക്കു പോകുന്നുവെന്നായിരുന്നു വിവരം. എന്നാൽ ഞങ്ങൾ ചിത്രങ്ങൾ പകർത്തിയ രണ്ടാമത്തെ ലോറിയാണ് ആദ്യമെത്തിയത്. അതിനെ പിന്തുടർന്നു. പിന്നീടു വാളയാർ ചെക്ക് പോസ്റ്റിൽ കാത്തുനിന്നു.

ലോറി കാണാതായപ്പോൾ രഹസ്യമായി റൂട്ട് തിരക്കി. കൊഴിഞ്ഞാമ്പാറ വഴിയാണു പോയതെന്നറിഞ്ഞു. എട്ടിമട, വേലന്താവളം വഴി ഞങ്ങൾ അവിടെയെത്തിപ്പോൾ ഈ ലോറി തമിഴ്നാട്ടിലെ ചെക്ക്പോസ്റ്റിൽ. ഉദ്യോഗസ്ഥർ വേ ബിൽ പരിശോധിക്കുന്നു. ഞങ്ങൾ അതു മൊബൈലിൽ പകർത്തി. ‘ഗണപതി ട്രേഡേഴ്സ്, പളനി’ എന്നായിരുന്നു വിലാസം. 

Thurayur-Waybill
തിരുച്ചി തുറൈയൂർ പളനിമുരുക ട്രേഡേഴ്സിന്റെ പേരിലുള്ള വേ ബില്‍.

ലോറിയെ പിന്തുടർന്നു. താമരൈക്കുളം വഴി ലോറി കോയമ്പത്തൂർ-പൊള്ളാച്ചി ദേശീയപാതയിൽ പ്രവേശിച്ചു. അതിനിടെ മറ്റൊരു അരി ലോറിയും ഒപ്പമെത്തി. എന്നാൽ പളനിയിലേക്കു പോകുന്നതിനു പകരം ഇവ കോയമ്പത്തൂർ ഭാഗത്തേക്കാണു തിരിഞ്ഞത്. ഇഴഞ്ഞുനീങ്ങിയ ലോറികൾ രാത്രി പതിനൊന്നോടെ പാപ്പംപെട്ടിയിലെ ‘ശാന്തി ഫീഡ്സ്’ എന്ന കാലിത്തീറ്റ-കോഴിത്തീറ്റ ഫാക്ടറിയിലേക്കു കയറി. ഒന്നല്ല, നിരനിരയായി ആറു ലോറികളാണു  അരിയുമായി അവിടെയെത്തിയത്. 

ഒന്നു വ്യക്തമായി. അരി നീക്കം ചെയ്യാൻ കരാർ എടുത്തത് എറണാകുളത്തെ കമ്പനി. കിലോഗ്രാമിനു 10 രൂപ അധികനിരക്കിൽ അവർ മറിച്ചുവിറ്റതു പളനിയിലെ ഗണപതി ട്രേഡേഴ്സിന്, ഒടുവിൽ അരിയെത്തിയതു പാപ്പംപെട്ടിയിലെ ശാന്തി ട്രേഡേഴ്സിൽ. 

അതിർത്തിക്കപ്പുറത്തെ ഗോഡൗൺ‌

കാലിത്തീറ്റ ഫാക്ടറികൾക്കു മാത്രമല്ല, തമിഴ്നാട്ടിലെ അരി മില്ലുകളിലേക്കും പ്രളയത്തിൽ നശിച്ച അരി കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഏഴിനുള്ള മറ്റൊരു അന്വേഷണം. ‌പെരുമ്പാവൂരിലെ മിൽ ഗോഡൗണിൽനിന്ന് അരിയുമായി പുറത്തിറങ്ങുന്ന ലോറികൾ പലതും ലക്ഷ്യംതെറ്റി ഓടുന്നതായി വിവരം കിട്ടിയപ്പോൾ ആരെ പിന്തുടരുമെന്ന ആശയക്കുഴപ്പമായി. എന്നാൽ എല്ലാ ലോറികളും പാലക്കാട് വഴിയാണു പോകുന്നതെന്നു വ്യക്തമായിരുന്നു. 

രാത്രി ഒൻപതരയോടെ ചാവടി ചെക്ക്പോസ്റ്റിൽ അരി കയറ്റി ഒരു തമിഴ്നാട് ലോറിയെത്തി. ഡ്രൈവറുമായി കുശലംപറഞ്ഞ് വേ ബിൽ നോക്കി. ‘ശ്രീ പളനിമുരുക ട്രേഡേഴ്സ്, തുറൈയൂർ, തിരുച്ചി’ എന്നായിരുന്നു വിലാസം. സൈറസ് കമ്പനി നൽകിയ ഇൻവോയ്സിൽ 396 ചാക്ക് അരി (19,305 കിലോഗ്രാം) ഈ വിലാസത്തിലാണ് എത്തിക്കേണ്ടതെന്നു വ്യക്തമായി. മാത്രമല്ല, മനുഷ്യ ഉപയോഗത്തിന് ഇതെടുക്കരുതെന്ന മുന്നറിയിപ്പും രേഖപ്പെടുത്തിയിരുന്നു. 

അടുത്ത ദിവസം രാവിലെ തിരുച്ചിറപ്പള്ളിയിലെ പളനി മുരുക ട്രേഡേഴ്സിന്റെ മുൻപിലെത്തിയപ്പോൾ അകത്ത് ഒന്നുരണ്ടു ലോറികളിൽ നിന്ന് അരി ഇറക്കുന്നു. ശേഷം ഈ ലോറിയും അകത്തു കയറ്റി ചാക്കുകൾ ഇറക്കാൻ തുടങ്ങി. കരാറുകാരിൽ നിന്നു കിലോയ്ക്ക് 15.70 രൂപ നൽകി വാങ്ങിയ ഈ അരി ഇനി എന്തുചെയ്യുമെന്നതാണു വലിയ ചോദ്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA