വരൂ, നിങ്ങളെയാണ് ഇനി ആവശ്യം

SHARE

‘അടങ്ങാത്ത ജിജ്ഞാസ, അതിരുകളില്ലാത്ത ഊർജം. നിങ്ങളാണ് ഞങ്ങൾക്കു പ്രതീക്ഷ നൽകുന്നത്’ – മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9 പുരസ്‌കാരച്ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ സദസ്സിലെ വിദ്യാർഥികൾക്കു നൽകിയ ആശംസാ കാർഡിലെ വാക്യങ്ങളാണിത്.

ലോകമെമ്പാടും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രാന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ഒപ്പമെത്താനുള്ള ഇന്ത്യയുടെ ശ്രമത്തിന് നമ്മുടെ ചെറുപ്പക്കാരുടെ കൂട്ടായ ഭാവനയും ഇച്ഛാശക്തിയും ആവശ്യമാണ്. അവരുടെ ജിജ്ഞാസകൾക്ക് അതിരില്ലാത്ത  ഊർജം പകർന്നുകൊടുക്കേണ്ടതുണ്ട്. 

സൗകര്യങ്ങളുടെ ലഭ്യതക്കുറവു കൊണ്ടോ  വേണ്ടത്ര മാർഗനിർദേശം ലഭിക്കാത്തതു കൊണ്ടോ മാത്രം വിസ്മൃതരാകുന്ന യുവ ശാസ്ത്രകുതുകികൾ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. നമ്മുടെ വിദ്യാഭ്യാസ സംവിധാനമടക്കമുള്ളവയുടെ കരുതലില്ലായ്മ കൊണ്ട് അവഗണിക്കപ്പെട്ടു പോകുന്ന  അത്തരം ശാസ്ത്ര താല്പര്യങ്ങൾക്കു വേരാഴ്ത്താൻ മണ്ണും, പടർന്നുയരാൻ ആകാശവുമൊരുക്കേണ്ടതിന്റെ ആവശ്യകതയാണ് ഡോ. ശിവന്റെ വാക്കുകളിൽ തെളിഞ്ഞത്. 

മലയാള മനോരമ കഴിഞ്ഞ 9 വർഷമായി സംഘടിപ്പിക്കുന്ന യുവ മാസ്റ്റർമൈൻഡ് നിർവഹിക്കുന്ന ദൗത്യം അതാണ്; ആശയങ്ങൾക്കു വേദിയൊരുക്കുകയും അവയെ പുറംലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയും ചെയ്യുക; ഒപ്പം, അവ സമൂഹത്തിനു പ്രയോജനകരമായ രീതിയിൽ വികസിപ്പിച്ചെടുക്കാനുള്ള വലിയ അവസരങ്ങളുടെ വാതിൽ തുറന്നു കൊടുക്കുകയും.

വിദ്യാർഥികളുടെ ആശയങ്ങൾക്കു ലോകം കാതോർക്കുകയും കരുത്തിനു കാത്തുനിൽക്കുകയും ചെയ്യുന്ന കാലമാണിത്. ചെറുപ്പക്കാരായ സുന്ദർ പിച്ചയും ഇലോൺ മസ്‌കും മാർക് സക്കർബർഗുമൊക്കെ നയിക്കുന്ന ഗൂഗിളും ടെസ്‍ലയും ഫെയ്‌സ്ബുക്കും മുതൽ പുതിയ സ്റ്റാർട്ടപ്പുകൾ വരെ ചെറുപ്പത്തിന്റെ സർഗാത്മക ഊർജത്തിലേക്കാണ് ഉറ്റുനോക്കുന്നത്. 

ആശയങ്ങൾക്കു മറ്റെന്തിനെക്കാളും വിലയുള്ള കാലത്തെയാണ് ഇനി നമുക്ക് അഭിമുഖീകരിക്കാനുള്ളത്. ആശയങ്ങളുടെ അഗ്നി വിദ്യാർഥികളിലുണ്ട് എന്നതിൽ തർക്കമില്ല. അതു കണ്ടെടുത്ത്, ആളിക്കത്തിക്കുകയാണ് പ്രധാന കാര്യം. 

ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള, സമൂഹത്തിനു പ്രയോജനപ്രദമാവുന്ന,  ആശയങ്ങളുടെ  നീണ്ട നിര തന്നെ വിദ്യാർഥികളുടെ കയ്യിലുണ്ടെന്ന് മാസ്റ്റർമൈൻഡിൽ അണിനിരന്ന സൃഷ്ടികളിൽനിന്നു വ്യക്തമാണ്. സ്വയംനേരിടേണ്ടി വന്നതോ കണ്ടറിഞ്ഞതോ ആയ പൊതുപ്രശ്നങ്ങളോടുള്ള പ്രതികരണമായിരുന്നു അവയിൽ മിക്കതും. പ്രളയക്കെടുതികൾ അനുഭവിച്ച കുട്ടികളാണ് ഡാമിലെ വെള്ളമുയരുന്നത് മുൻകൂർ അറിയാനുള്ള സംവിധാനവും രോഗികളെ കിടത്തിക്കൊണ്ടുപോകാൻ കഴിയുന്ന, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സ്ട്രെച്ചറുമൊക്കെ വികസിപ്പിച്ചത്.  കുളവാഴയുടെ നാരുകളുപയോഗിച്ചു പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിൻ നിർമിക്കാനുള്ള ആശയം യാഥാർഥ്യമാക്കാൻ മുന്നിൽനിന്നത് ഒരു പെൺകുട്ടിയാണ്. 

ഭിന്നശേഷിക്കാർക്ക് അഭയത്തിന്റെ കൈത്താങ്ങു നൽകുന്ന എത്രയെത്ര പ്രോജക്ടുകളാണു കുട്ടികൾ അവതരിപ്പിച്ചത്. അടുക്കള മുതൽ കൃഷിയിടം വരെ  മനുഷ്യപ്രയത്‌നം കുറയ്ക്കുന്ന പലപല ആശയങ്ങൾ. 

യുവത്വം അവർ ജീവിക്കുന്ന കാലത്തിലേക്കും ലോകത്തിലേക്കും കണ്ണുകളും കാതും തുറന്നുവച്ചിരിക്കുകയാണെന്നു തെളിയിക്കുന്നതാണ് ഈ പ്രോജക്ടുകളെല്ലാം. അവർക്കു പ്രോത്സാഹനമൊരുക്കുകയാണ് മുതിർന്നവരുടെ ലോകത്തിനു ചെയ്യാനുള്ളത്. 

ഡോ. ശിവൻ കുട്ടികളോടു പറഞ്ഞത് ഇതാണ്: ‘വരൂ നിങ്ങളെയാണ്, ഇനി ആവശ്യം.’

കുട്ടികൾ വരാൻ തയാറാണെന്ന് ‘യുവ മാസ്റ്റർമൈൻഡി’ലെ ഓരോ ആശയവും അടിവരയിടുന്നു. അവർക്കു വഴിയൊരുക്കാൻ നമുക്കു കഴിയണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA