ശരിതെറ്റുകൾ

subhadinam
SHARE

വീട്ടിൽ വഴക്കു മൂക്കുമ്പോൾ, അടുത്ത വീട്ടിലേക്കു വിരൽചൂണ്ടി ഭാര്യ ഭർത്താവിനോടു പറയും – ആ വീട്ടുകാർ എന്നെങ്കിലും വഴക്കിടുന്നതു കണ്ടിട്ടുണ്ടോ? അവരെക്കണ്ടു പഠിക്ക്. അവിടത്തെ കാര്യങ്ങൾ നിരീക്ഷിക്കാൻ ഭർത്താവ് തീരുമാനിച്ചു. ആ വീട്ടിൽ ഭാര്യ എന്തോ പാചകം ചെയ്യുന്നു, ഭർത്താവ് എഴുതുകയാണ്. ഫോൺ ബെല്ലടിച്ചപ്പോൾ ഭർത്താവ് അതെടുക്കാൻ പാഞ്ഞു. ആ പോക്കിൽ ഒരു പാത്രത്തിൽ ചവിട്ടി, അത് ഉടഞ്ഞു. 

അയാൾ പൊട്ടിയ കഷണങ്ങൾ പെറുക്കുമ്പോൾ ഭാര്യ സഹായിക്കാനെത്തി. ഭർത്താവ് പറഞ്ഞു, ക്ഷമിക്കണം. ഫോണെടുക്കാനുള്ള ഓട്ടത്തിനിടെ പാത്രം ഞാൻ കണ്ടില്ല. ഉടൻ ഭാര്യ പറഞ്ഞു – എന്റെ പൊന്നേ, അത് എന്റെയും കൂടി കുഴപ്പമാണ്. ഞാൻ ആ വഴിയിൽ പാത്രം വച്ചതാണു പ്രശ്‌നം. ഇതെല്ലാം നിരീക്ഷിച്ച അയൽക്കാരൻ തന്റെ ഭാര്യയോടു പറഞ്ഞു – അവർ രണ്ടുപേരും തെറ്റുകാരാണ്. നമ്മൾ രണ്ടുപേരും എപ്പോഴും ശരി മാത്രം ചെയ്യുന്നവരും!

സ്വയം ശരിയെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെക്കാൾ, മറ്റുള്ളവർ തെറ്റാണെന്നു തെളിയിക്കാൻ ശ്രമിക്കുന്നതാണ് വലിയ തെറ്റ്. പരസ്‌പരം കലഹിക്കുന്നവർ ഒരു നിമിഷം ശണ്‌ഠ നിർത്തി, അന്യോന്യം സ്ഥാനം മാറിനിന്ന് വഴക്കു തുടർന്നുനോക്കൂ; കലഹം അവിടെ അവസാനിക്കും. ചെറിയ പ്രശ്‌നത്തിന്റെ പേരിൽ തുടങ്ങിയ ലഹള പിന്നീടു തുടരുന്നത് വഴക്കിനിടയിൽ ഉപയോഗിച്ച വാക്കുകളെ പ്രതിയായിരിക്കും. 

അവസാനം കലഹത്തിന്റെ കാരണം അപ്രസക്തമായി, രീതി പ്രസക്തമാകും. എന്തിനു വേണ്ടി വഴക്കു തുടങ്ങി എന്നതിനെക്കാൾ, എങ്ങനെ വഴക്കു തുടർന്നു എന്നതിലാണ് ആത്മനിയന്ത്രണത്തിന്റെ തെളിവുകൾ പുറത്തുവരുന്നത്. കലഹം ജയിച്ചാലും കലഹിച്ചവരെ നഷ്‌ടപ്പെടില്ലേ; പിന്നെ ജയിച്ചിട്ടെന്തു കാര്യം?

ഓരോ വാദവും ആരാണു തെറ്റുകാരൻ എന്നു കണ്ടെത്തുന്നതിനെക്കാൾ എന്താണു തെറ്റ് എന്നു വിലയിരുത്താനായിരുന്നെങ്കിൽ, ഒരു തെറ്റും ആവർത്തിക്കപ്പെടില്ലായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA