അരിയാഹാരം കഴിക്കുന്നവർക്കറിയാം, തെളിവുകൾ സത്യം പറയട്ടെ

Remove-rice-from-PVR
SHARE

പ്രളയത്തിൽ കേടായ, സപ്ലൈകോയുടെ കൈവശമുള്ള  നെല്ലിന്റെയും അരിയുടെയും 40 ശതമാനത്തോളം സൂക്ഷിച്ചിരിക്കുന്നത് പെരുമ്പാവൂരിലെ ഒരു കമ്പനിയുടെ അഞ്ചു ഗോഡൗണുകളിലാണ്. ഇവിടത്തെ അരി നീക്കാൻ ഉയർന്ന നിരക്കു വാഗ്ദാനം ചെയ്ത സ്ഥാപനം പിന്നീടു  ചർച്ചയിൽ വീണ്ടും നിരക്കുകൂട്ടി. ഇ ടെൻഡറിൽ കിലോയ്ക്ക് 5.05 രൂപ ആയിരുന്നത് നവംബർ 15നു ചർച്ചയിൽ 5.23 രൂപയാക്കി. ഇതാണു സപ്ലൈകോ അംഗീകരിച്ച് ഹൈക്കോടതിയെ അറിയിച്ച നിരക്ക്. 

എന്നാൽ, 27 മില്ലിലും സൂക്ഷിച്ചിരിക്കുന്ന മുഴുവൻ അരിയും നെല്ലും തങ്ങൾ കിലോഗ്രാമിനു 5.50 രൂപ നിരക്കിൽ നീക്കം ചെയ്യാമെന്ന് ടെൻഡറിൽ പങ്കെടുത്ത മറ്റൊരു സ്ഥാപനമുടമ നവംബർ 15നുതന്നെ കത്തുനൽകി. അത് അംഗീകരിച്ചിരുന്നെങ്കിൽ ആകെ 27.62 കോടി രൂപ ലഭിക്കുമായിരുന്നു.പരിഗണിക്കാതിരുന്നതിനാൽ നഷ്ടം 3.12 കോടി. 

അതേസമയം, ഹൈക്കോടതിക്കു കരാറുകാരുടെ പേരും നിരക്കും നൽകിയ ശേഷം ചർച്ചയിൽ അംഗീകരിച്ച തുക വീണ്ടും കൂട്ടണമെന്ന് പെരുമ്പാവൂരിലെ അരി നീക്കത്തിനു മുന്നോട്ടുവന്ന സ്ഥാപനത്തോടു മാത്രം സപ്ലൈകോ ആവശ്യപ്പെട്ടു. പ്രത്യേക അഭ്യർഥന മാനിച്ചു തങ്ങൾ നിരക്കു 5.30 രൂപയായി ഉയർത്താമെന്നു ഡിസംബർ ഏഴിന് അവർ മറുപടി നൽകി. അവസാന തുക അംഗീകരിച്ചു 10 ദിവസം കഴിഞ്ഞാണു പുതിയ തുക അംഗീകരിച്ചത്. എന്നിട്ടും 5.50 രൂപ നൽകാമെന്നു പറഞ്ഞ കരാറുകാരനെ പരിഗണിച്ചില്ല. ഇത്തരത്തിൽ ചർച്ചയ്ക്കു ശേഷം പ്രത്യേക അഭ്യർഥന നടത്തുന്നത് ടെൻഡർ നടപടിയുടെയും കേന്ദ്ര വിജിലൻസ് കമ്മിഷൻ മാർഗനിർദേശത്തിന്റെയും ലംഘനമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അഥവാ ഇതിൽ ക്രമക്കേടില്ലെന്നാണു വാദമെങ്കിൽ, പ്രത്യേക അഭ്യർഥന മറ്റു കരാറുകാരോട് എന്തുകൊണ്ടു നടത്തിയില്ലെന്ന ചോദ്യവും ഉയരുന്നു.

സത്യവാങ്മൂലം മുൻകൂർജാമ്യം പോലെ

സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ എല്ലാവരും കണ്ടെത്തിയത് ഒരേ മാർഗം - സത്യവാങ്മൂലം. സപ്ലൈകോയുടെ അരി സൂക്ഷിച്ച മില്ലിൽനിന്ന് അതു നീക്കം ചെയ്യാൻ കരാറെടുത്ത വ്യക്തി ഒരു സത്യവാങ്മൂലം നൽകണം -‘‘ഈ അരി മനുഷ്യരുടെ ഉപയോഗത്തിനോ ഭക്ഷ്യപദാർഥങ്ങൾ ഉൽപാദിപ്പിക്കാനോ ഉപയോഗിക്കില്ല. വ്യവസായ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കൂ. ഞങ്ങൾക്കോ കമ്പനി ഡയറക്ടർമാർക്കോ അരി സൂക്ഷിച്ചിരിക്കുന്ന മില്ലുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല’’.ഇത് എഴുതി വാങ്ങിയാണു കേടായ അരി നീക്കം ചെയ്യാൻ സപ്ലൈകോ കരാർ നൽകുന്നത്. ‍അതോടെ സപ്ലൈകോയുടെ ഉത്തരവാദിത്തം കഴിഞ്ഞു. 

ഞങ്ങൾ പെരുമ്പാവൂരിലെ മില്ലിൽ പരിശോധിക്കുമ്പോൾ അവിടെയെത്തിയ സൈറസ് കമ്പനി പ്രതിനിധിയോടു ചോദിച്ചു - ഈ അരി മനുഷ്യരുടെയോ കന്നുകാലികളുടെയോ ഉപയോഗത്തിന്, നിങ്ങൾ കരാർ നൽകിയ വ്യക്തി ആർക്കെങ്കിലും നൽകുമോ? 

‘‘ഇല്ല, അങ്ങനെ ചെയ്യില്ലെന്ന് അവരിൽനിന്നു സത്യവാങ്മൂലം വാങ്ങിയാണ് ഇതു നൽകുന്നത്’’ എന്നായിരുന്നു  മറുപടി. അവർ ലോറി ഡ്രൈവർക്കു നൽകുന്ന വേ ബില്ലിലും ഈ മുന്നറിയിപ്പുണ്ട്. ഇതിലൂടെ കരാറുകാരന്റെ ഉത്തരവാദിത്തവും കഴിഞ്ഞു. 

എന്നാൽ, ഞങ്ങൾ കണ്ട ലോറികൾ പലതും തമിഴ്നാട്ടിലെ അരിമില്ലിലും കാലിത്തീറ്റനിർമാണ യൂണിറ്റിലുമാണു ചെന്നുകയറിയത്. വേ ബില്ലിലെ വിലാസത്തിൽ മിക്ക ലോറികളും പോയതുമില്ല.

ഹൈക്കോടതി  പറഞ്ഞു: മനുഷ്യർക്കും കാലികൾക്കും കൊടുക്കരുത്

കേടായ അരിയും നെല്ലും ദുരുപയോഗം ചെയ്യാതിരിക്കാൻ ടെൻഡർ നിബന്ധനകളിൽ വ്യവസ്ഥ ഉണ്ടെങ്കിലും ഇവ മനുഷ്യർക്കായുള്ള ഭക്ഷ്യവസ്തു ഉൽപാദകരുടെ കയ്യിൽ നേരിട്ടോ അല്ലാതെയോ എത്താതിരിക്കാൻ കൂടുതൽ കരുതൽ വേണം. ഇവ നീക്കം ചെയ്യാൻ കരാർ എടുത്തവർ കേടായ അരിയും നെല്ലും മനുഷ്യർക്കോ കന്നുകാലികൾക്കോ ആഹാരസാധനങ്ങൾ നിർമിക്കുന്നതിനു ഉപയോഗിക്കുന്നില്ലെന്നു സപ്ലൈകോ മാനേജിങ് ഡയറക്ടർ ഉറപ്പാക്കണം. വ്യവസായ ആവശ്യത്തിനു മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളു. നീക്കം ചെയ്യാൻ യോഗ്യത നേടിയ കരാറുകാരിൽനിന്ന് ഇതു സംബന്ധിച്ചു സത്യവാങ്മൂലം എഴുതിവാങ്ങണം. അതു കോടതിക്കു നൽകിയ ഉറപ്പായി കണക്കാക്കും. ഇതായിരുന്നു, ഒരു പൊതുതാൽപര്യ ഹർജിയിൽ 2018 ഒക്ടോബർ 24, നവംബർ 29 തീയതികളിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ വിധി.

ഇതെല്ലാം സപ്ലൈകോ ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയെന്നു വ്യക്തം. അതിനാൽ, സത്യവാങ്മൂലത്തിൽ പിടിച്ചുതൂങ്ങി എളുപ്പം രക്ഷപ്പെടാൻ കഴിയില്ല.

വ്യവസ്ഥ ലംഘിച്ചാൽ കരാറുകാർക്കെതിരെ നിയമനടപടി: സപ്ലൈകോ

പ്രളയത്തിൽ കേടായ അരിയും നെല്ലും മില്ലുകളിൽനിന്നു നീക്കം ചെയ്യാൻ കരാറെടുത്തവരോ അതു വാങ്ങുന്നവരോ വ്യവസ്ഥകൾ ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് സപ്ലൈകോ സിഎംഡി എം.എസ്. ജയ. 

വ്യവസ്ഥ ലംഘനം ഹൈക്കോടതി വിധിക്കും ഹൈക്കോടതി മുൻപാകെ ഫയൽ ചെയ്തിട്ടുള്ള സത്യവാങ്മൂലത്തിനും വിരുദ്ധമാണ്. ഹൈക്കോടതി മാർഗനിർദേശം അനുസരിച്ചുള്ള എല്ലാ നടപടിക്രമവും പൂർത്തിയാക്കിയാണ് ഇവ കരാറുകാർക്കു വിട്ടുനൽകിയത്. 

കേടായ അരിയും നെല്ലും വീണ്ടും ഭക്ഷ്യവസ്തുക്കളായി മാർക്കറ്റിൽ എത്തുന്നതു തടയാൻ കരാറുകാരുടെയും മില്ലുകളുടെയും വിവരം ഡിസംബർ 29നു ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കും നൽകി. 

സംസ്ഥാന പൊലീസ് മേധാവിക്കും ജിഎസ്ടി കമ്മിഷണർക്കും ഇതു സംബന്ധിച്ച അറിയിപ്പു നൽകി. ടെൻഡർ നടപടി പൂർത്തിയായതിനാലാണ് രണ്ടു സ്ഥാപനങ്ങൾ ക്വിന്റലിനു 550 രൂപ നിരക്കിൽ കേടായ അരിയും നെല്ലും മൊത്തമായി എടുക്കാമെന്നറിയിച്ചു നൽകിയ അപേക്ഷ പരിഗണിക്കാത്തത്. അതിൽ ഒരു സ്ഥാപനം ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളുകയും അവർ ഇപ്പോൾ അപ്പീൽ നൽകുകയും ചെയ്തിട്ടുണ്ട്. 

ഇൻഷുറൻസ് കമ്പനിയുടെ അനുവാദത്തോടെയാണു കരാറുകാർക്ക് ഇതു വിട്ടു‌നൽകുന്നതെന്നും എംഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ലേഖകന്റെ ചോദ്യം 

∙ ഡിസംബർ 27 മുതൽ, മില്ലിൽനിന്ന് കേടായ അരിയും നെല്ലും നീക്കം ചെയ്തു തുടങ്ങിയിട്ടും എന്തുകൊണ്ട് ഈ വിവരം 29നു മാത്രം ഭക്ഷ്യസുരക്ഷാ കമ്മിഷണറെ അറിയിച്ചു? 

∙ ടെൻഡർ നടപടി പൂർത്തിയായ ശേഷം കൂടിയ നിരക്കു നൽകിയ രണ്ടു കരാറുകാരെ പരിഗണിക്കാതിരുന്നപ്പോൾ, ഹൈക്കോടതിയിൽ അന്തിമ പട്ടിക നൽകിയ ശേഷം ഒരു കരാറുകാരനിൽനിന്നു മാത്രം ‘സ്പെഷൽ റിക്വസ്റ്റ് ’ പ്രകാരം എങ്ങനെ കൂടിയ നിരക്ക് അംഗീകരിച്ചു? 

∙ ഇ ടെൻഡർ വ്യവസ്ഥ പ്രകാരം അന്തിമചർച്ചയിൽ വില നിശ്ചയിച്ച ശേഷം പിന്നെയും ഒരാളുടെ കൂടിയ വില മാത്രം അംഗീകരിക്കാനാകുമോ? 

∙  കന്നുകാലികളുടെ ഉപയോഗത്തിനു പോലും ഇതു നൽകരുതെന്ന് ഒക്ടോബർ 24നു ഹൈക്കോടതി ഉത്തരവിട്ട ശേഷം കരാറുകാരിൽനിന്നു വാങ്ങിയ സത്യവാങ്മൂലത്തിൽ ഇത് ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA