മുത്തശ്ശിയുടെ കാർക്കശ്യം, അമ്മയുടെ പ്രസരിപ്പ്

priyanka-gandhi-17
SHARE

‘പ്രിയങ്ക വരും; ബിജെപിയുടെ ലങ്ക ദഹിപ്പിക്കും’ – യുപിയിൽ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിളിച്ച മുദ്രാവാക്യത്തിൽ പ്രിയങ്ക ഗാന്ധി എന്ന നേതാവിന്റെ കരുത്തും ആഴവുമുണ്ട്. അമ്മയുടെ പ്രസരിപ്പും മുത്തശ്ശിയുടെ കാർക്കശ്യവും ഇഴചേർന്ന പ്രിയങ്കയിൽ (47) ഗാന്ധികുടുംബത്തിലെ സ്വാഭാവിക രാഷ്ട്രീയനേതാവിനെ കോൺഗ്രസ് കാണുന്നു. 

അണിയറയിലേക്കു സ്വയം മാറിനിന്നപ്പോഴും ഇന്ത്യൻ രാഷ്ട്രീയം അവർക്കായി കാതോർത്തു. സഹോദരനെ എതിരാളികൾ പപ്പു എന്നു പരിഹസിച്ചപ്പോഴും കോൺഗ്രസ് മുക്ത ഭാരതമാണു ലക്ഷ്യമെന്ന് പ്രഖ്യാപിച്ചപ്പോഴും ‘56 നെഞ്ചളവല്ല, വേണ്ടത് വിശാലഹൃദയമാണ്’ എന്ന ഒറ്റവാചകത്തിൽ പ്രിയങ്ക അവയെ തരിപ്പണമാക്കി. 

മുഖത്തു വിടരുന്ന മനോഹരമായ ചിരിക്കപ്പുറമുള്ള പ്രിയങ്കയ്ക്കുള്ളിൽ കടുപ്പക്കാരിയായ രാഷ്ട്രീയക്കാരിയുണ്ടെന്ന് അടുപ്പക്കാർ പറയും. മനസ്സിനുള്ളിലെ കടുപ്പം മുഖത്തെ ചിരിയിലൂടെ പുറത്തേക്കു വരുന്നിടത്താണു പ്രിയങ്ക എന്ന നേതാവിന്റെ വിജയം. ഈയിടെ, രാജസ്ഥാൻ, മധ്യപ്രദേശ് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് രാഹുലിന്റെ വസതിയിൽ ചർച്ചകൾ അനന്തമായി നീണ്ടപ്പോൾ പ്രശ്നപരിഹാരത്തിലേക്കുള്ള പാലമായി അവർ ഉറച്ചുനിന്നു. 

‘ഞാൻ രാഷ്ട്രീയത്തിലേക്കില്ല’ എന്നു പലകുറി ആവർത്തിച്ചു പറഞ്ഞപ്പോഴും അണിയറയിൽ സജീവമായിരുന്നു പ്രിയങ്ക. പാർട്ടി പ്രസിഡന്റായ ശേഷം രാഹുൽ ആദ്യമായി ആധ്യക്ഷ്യം വഹിച്ച കഴിഞ്ഞവർഷത്തെ പ്ലീനറി സമ്മേളനത്തിന്റെ അണിയറയിൽ നടത്തിപ്പുകാരിയുടെ റോളിൽ അവർ തിളങ്ങി. അന്ന് മാധ്യമപ്രവർത്തകരുടെ പതിവു ചോദ്യത്തിനും പ്രിയങ്ക ചിരിയിൽ പൊതിഞ്ഞ മറുപടി നൽകി – ഞാനില്ല! 

ഇന്ദിരയുടെ കൊച്ചുമകൾ, രാജീവ് – സോണിയ ദമ്പതികളുടെ ഇളയ മകൾ, രാഹുലിന്റെ സഹോദരി, റോബർട്ട് വാധ്‌രയുടെ ഭാര്യ, മിറായയുടെയും റെയ്ഹാന്റെയും അമ്മ – സ്വകാര്യ ജീവിതത്തിൽ മേൽവിലാസങ്ങൾ പലതുണ്ടെങ്കിലും കഴിഞ്ഞ 20 വർഷമായി ദേശീയ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത് പ്രിയങ്ക തലയെടുപ്പോടെയുണ്ട്. 1999ൽ സോണിയ ഗാന്ധി അമേഠിയിൽ മൽസരിക്കാനിറങ്ങിയപ്പോൾ മുതൽ പ്രിയങ്കയ്ക്കുള്ളിലെ രാഷ്ട്രീയക്കാരി അണിയറയിലുണ്ട്. 

സാരിയുടുപ്പിന്റെ രീതി മുതൽ പ്രിയങ്കയിൽ അടിമുടി ഇന്ദിരയാണ്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ ഊർജവും സ്വരവുമാണു പാർട്ടിക്ക് ആവശ്യം. വിവാഹശേഷം പ്രിയങ്ക വാധ്‍ര എന്നാണു വിളിക്കപ്പെട്ടത്. പക്ഷേ, ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആ പേരിനോടൊപ്പം ‘ഗാന്ധി’യെ കോൺഗ്രസ് ചേർത്തുവച്ചു; പ്രിയങ്ക ഗാന്ധി വാധ്‌ര! ആ പേരിൽ എല്ലാമുണ്ട്. 

∙ ജനനം: 1972 ജനുവരി 12. ഡൽഹി ജീസസ് ആൻഡ് മേരി കോളജിൽനിന്നു മനഃശാസ്ത്രത്തിൽ ബിരുദവും ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും. ഡൽഹിയിൽനിന്നുള്ള ബിസിനസുകാരൻ റോബർട്ട് വാധ്‍രയുമായി 1997 ഫെബ്രുവരി 18നു വിവാഹം. ഏതാനും വർഷങ്ങൾക്കു മുൻപ് ബുദ്ധമതം സ്വീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA