കാടിറങ്ങുന്ന മൃഗങ്ങൾ

SHARE

സർവവും തകർത്തെറി‍ഞ്ഞ പ്രളയത്തിനുശേഷം മറ്റൊരു പ്രതിസന്ധിയുടെ നടുവിലേക്കു വയനാട് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഭൂവിസ്തൃതിയുടെ 38 ശതമാനവും വനമായ ജില്ലയിൽ, വരൾച്ച തുടങ്ങിയതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുകയാണ്. ആവാസവ്യവസ്‌ഥ മാറിയതും പരിസ്‌ഥിതിസന്തുലനം തകർന്നതും മൂലം മനുഷ്യരും വന്യജീവികളും തമ്മിൽ സംഘർഷത്തിലേക്കെത്തിയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ പല ജില്ലകളിലുമുള്ളത്. 

വർധിച്ചുവരുന്ന വന്യമൃഗശല്യത്തിൽ വയനാട്ടിലെ കർഷകർ പൊറുതിമുട്ടുകയാണ്. ആടുമാടുകളെ പിടികൂടാൻ കടുവയും പുലിയും കിഴങ്ങുവിളകൾ തിന്നുനശിപ്പിക്കാൻ കാട്ടുപന്നികളും എത്തുന്നു. വയലുകളിൽ മാനുകളും മയിലുകളും വിളവു നശിപ്പിക്കുകയാണ്. കൃഷിയിടങ്ങളിലെ നിത്യസന്ദർശകരായ കാട്ടാനകൾ കാട്ടിലേക്കു തിരിച്ചുപോകുന്നതു ചുരുക്കം. ജില്ലാ ആസ്ഥാനമായ കൽപറ്റ നഗരം കുരങ്ങന്മാർ കീഴടക്കിയ മട്ടാണ്. ഇവിടെ മരത്തിനു മുകളിൽ മാത്രമല്ല, സർക്കാർ ഓഫിസുകളിലും വീട്ടുവരാന്തകളിലും അടുക്കളകളിലുംവരെ കുരങ്ങന്മാരാണ്. കേരളത്തിലെ മറ്റൊരു നഗരത്തിലും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവില്ല. ഇതിനിടെ, രണ്ടു വർഷത്തിനുശേഷം വീണ്ടും വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചതും അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

‌രണ്ടാഴ്ചയ്ക്കിടെ രണ്ടു പുലികളെയും ഒരു കടുവയെയുമാണു ജനവാസകേന്ദ്രങ്ങളിൽനിന്നു പിടികൂടിയത്. പുൽപള്ളി മരക്കടവിൽ ഭീതിപരത്തുന്ന കടുവയെയും കൽപറ്റ നഗരത്തിൽ ഗൂഡലായ്ക്കുന്നിലുള്ള മൂന്നു പുലിക്കുട്ടികളെയും ഇനിയും പിടികൂടാനായിട്ടുമില്ല. ഒട്ടേറെ വളർത്തുമൃഗങ്ങൾ ഇവയുടെ ആക്രമണത്തിൽ ചത്തുകഴിഞ്ഞു. മനുഷ്യജീവനും വന്യജീവികൾ വലിയ ഭീഷണിയാണുയർത്തുന്നത്. കഴിഞ്ഞ രണ്ടുവർഷമായി നാട്ടിൽ ഭീതിപരത്തുന്ന വടക്കനാട് കൊമ്പനെ ഇതുവരെ വരുതിയിലാക്കാൻ കഴിഞ്ഞിട്ടില്ല.

വരൾച്ചയും മുളയുടെ നാശവും കാട്ടിനുള്ളിൽ ഭക്ഷ്യലഭ്യത കുറച്ചു. ആനയും മാനും മയിലും പുലിയുമെല്ലാം വയറുനിറയ്ക്കാൻ കാടിറങ്ങേണ്ട ഗതികേടിലായി. വരൾച്ച കൂടുന്തോറും വന്യമൃഗശല്യം രൂക്ഷമാകാനിടയുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ ജനജീവിതം കടുത്ത വെല്ലുവിളി നേരിടുന്നു. അടിയന്തരമായി ഇടപെട്ട് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. വന്യമൃഗശല്യം നേരിടാനായി വയനാട്ടിൽമാത്രം കോടിക്കണക്കിനു രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എല്ലാം ഫയലിലുറങ്ങുകയാണ്. നടപ്പിലാക്കിയ പദ്ധതികൾ അധികാരികളുടെ കെടുകാര്യസ്ഥത മൂലം പാളുന്നുവെന്നും പരാതിയുയരുന്നു. 

വനാതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ കൃഷിയിടങ്ങളിലും വേനലെത്തിയതോടെ വന്യജീവി ആക്രമണം രൂക്ഷമായിക്കഴിഞ്ഞു. കാട്ടാന, കാട്ടുപന്നി, കുരങ്ങ്, കേഴമാൻ, മ്ലാവ് തുടങ്ങിയവയാണു കൃഷിനാശം ഉണ്ടാക്കുന്നതിൽ മുന്നിൽ. കാട്ടാനകൾ മനുഷ്യജീവനും ഭീഷണിയാകുന്നു. കഴിഞ്ഞ വർഷം നാലു പേരുടെ ജീവനാണു കാട്ടാനകൾ കവർന്നത്. കാട്ടാനശല്യം തടയാൻ ജില്ലാ ഭരണകൂടം സ്വീകരിച്ച പ്രതിരോധ മാർഗങ്ങളെല്ലാം പരാജയപ്പെട്ടുകഴിഞ്ഞു. കാട്ടാനയെ ഭയന്ന് ചിന്നക്കനാൽ, ബൈസൺവാലി, ശാന്തമ്പാറ പഞ്ചായത്തുകളുടെ പല ഭാഗത്തും കർഷകർ വാഴക്കൃഷി ഉപേക്ഷിച്ചു. ഏലത്തോട്ടങ്ങളിൽ കുരങ്ങുശല്യവും രൂക്ഷമാണ്. 

പാലക്കാട്, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും വനാതിർത്തികളിലെ കാട്ടാനശല്യം നാടിന്റെ സ്വസ്ഥത കെടുത്തുന്നുണ്ട്. കാട്ടാനകളെ ചെറുക്കാൻ വനംവകുപ്പ് പലതും ചെയ്യുന്നുണ്ടെങ്കിലും അതിൽനിന്നു വേണ്ടരീതിയിൽ പ്രായോഗിക ഫലം ഉണ്ടാകുന്നില്ലെന്നു മാത്രം. വനാതിർത്തികളിലെ പ്രതിരോധവേലികളും കിടങ്ങുകളും കടന്നാണു മൃഗങ്ങൾ നാട്ടിൽ ഭീകരത സൃഷ്ടിക്കുന്നത്. വനാതിർത്തിയിലെ കർഷകർ കാട്ടാനയെ തടയാനായി തീർക്കുന്ന ജൈവവേലിയും നാടൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കാന്താരിവേലിയും സംസ്ഥാനത്തു ചിലയിടങ്ങളിൽ‌ പ്രചാരത്തിലുണ്ട്.

വന്യമൃഗശല്യം പരിഹരിക്കാനുള്ള സർക്കാർനടപടികൾക്കു ഗതിവേഗം പോരെന്ന മുറവിളിക്കു വർഷങ്ങളുടെ പഴക്കമുണ്ടെന്നതു നിർഭാഗ്യകരംതന്നെ. വന്യജീവിസംരക്ഷണം കാര്യക്ഷമമായി നടത്തുമ്പോൾത്തന്നെ, ഇവ മനുഷ്യജീവിതം തകിടം മറിക്കുന്നതിനു തടയിടാനും അധികാരികൾക്കു തീർച്ചയായും ബാധ്യതയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA