ചൈത്രയ്ക്കെതിരായ നടപടി: ഇത് തെറ്റായ സന്ദേശം

nottam
SHARE

പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ പ്രതികളെ പിടികൂടാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയതിനെത്തുടർന്ന് ക്രമസമാധാനച്ചുമതലയിൽനിന്ന് ഒഴിവാക്കപ്പെട്ട ഡിസിപി ചൈത്ര തെരേസ ജോണിനു ലഭിച്ചിരിക്കുന്നത് പത്മ പുരസ്കാരത്തെക്കാൾ മികച്ച അംഗീകാരമാണ് എന്നു പറയേണ്ടിവരും. നട്ടെല്ലു വളയ്ക്കാതെ നിയമപാലനത്തിനായി പ്രവർത്തിച്ചതിനു ചൈത്രയ്ക്കു ലഭിച്ച ബഹുമതിയായി ഈ അച്ചടക്കനടപടിയെ കാണാം. ഒപ്പം, സർക്കാരിന്റെ ‘സിലക്ടീവ്’ നവോത്ഥാനവും വനിതാശാക്തീകരണവും പൊതുജനങ്ങൾക്കു ബോധ്യമാകുകയും ചെയ്തു. 

ഭരണഘടനാസംരക്ഷണവുമായി ബന്ധപ്പെട്ട വലിയ പരിപാടികൾ സർക്കാർ മുൻകയ്യെടുത്തു നടത്തുന്ന ദിവസങ്ങളിൽതന്നെയാണ് ചൈത്രയ്ക്കെതിരെയുള്ള അച്ചടക്കനടപടിയും തുടരന്വേഷണവുമെന്നതും ആക്ഷേപാർഹമാണ്. നിയമപാലനത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ആണയിടുന്ന ഭരണാധികാരികൾതന്നെ അതിനു നേതൃത്വം നൽകുന്നത് സമൂഹത്തിനാകെ തെറ്റായ സന്ദേശമാണു നൽകുന്നത്. 

ഭരിക്കുന്ന രാഷ്ട്രീയകക്ഷികളുടെ അണികൾ നിയമലംഘനത്തിനു നേതൃത്വം നൽകുന്നത് ഇതാദ്യമല്ല. അതിന് ഇടതു, വലതുഭേദമില്ല. ആ നിയമലംഘനങ്ങൾക്കെല്ലാം കുടപിടിക്കേണ്ട ഗതികേട് സർക്കാരിനു വരികയും ചെയ്യും. തലസ്ഥാനത്തെ സംഭവം പല കാരണങ്ങൾ കൊണ്ടു ഗൗരവമേറിയതാണ്. അൻപതോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞത് പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയുടെയോ നിഗൂഢതാൽപര്യങ്ങളുടെയോ പേരിലല്ല. പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ കാണാൻ അനുവദിച്ചില്ലെന്നതായിരുന്നു അക്രമത്തിനു കാരണം. കല്ലെറിഞ്ഞവർ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസിപിയുടെ നേതൃത്വത്തിൽ അവിടെ പരിശോധന നടത്തിയത്. 

ക്രമസമാധാനപാലനത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചുവെന്നതാണ് ചൈത്ര ചെയ്ത ‘കുറ്റം’. മണിക്കൂറുകൾക്കകം ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റിയാണ് സർക്കാർ ശിക്ഷ നടപ്പാക്കിയത്. ചൈത്രയ്ക്ക്, ചെയ്ത ‘കുറ്റത്തിന്റെ’ പേരിൽ മേലധികാരികൾക്കു വിശദീകരണം നൽകേണ്ടിവന്നു. ഇതൊന്നും പോരാതെ‌ വകുപ്പുതല അന്വേഷണവും. കൊള്ളാം, നമ്മുടെ ധീരമായ നിയമപാലനം. 

ചൈത്ര പ്രതിപക്ഷത്തിന്റെ സ്വാധീനത്തിനു വഴങ്ങി തങ്ങളെ താറടിച്ചുകാണിക്കാനാണു റെയ്ഡ് നടത്തിയതെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. അങ്ങനെയൊരു പരാതിയുണ്ടെങ്കിൽ അതിനു തെളിവു ഹാജരാക്കാനുള്ള ഉത്തരവാദിത്തവും അവർക്കുണ്ട്. അപ്പോൾ മാത്രമേ അതു സമൂഹത്തിനു ബോധ്യമാകൂ. പണിമുടക്കിന്റെ മറവിൽ എസ്ബിഐ ഓഫിസ് ആക്രമിച്ച സർക്കാർ ഉദ്യോഗസ്ഥരെ സമ്മർദങ്ങൾക്കു വഴങ്ങാതെ പൂട്ടിയത് ഇതേ ഉദ്യോഗസ്ഥയാണെന്നത് യാദൃശ്ചികമാകാം.  

ചൈത്രയെപ്പോലുള്ള ഉദ്യോഗസ്ഥർക്കു മുന്നിൽ രണ്ടു വഴികളാണുള്ളത്: എല്ലാത്തരം സമ്മർദങ്ങൾക്കും വഴങ്ങി ഔദ്യോഗിക ജീവിതം സുഗമമാക്കുകയെന്നതാണ് ഒരുവഴി. നട്ടെല്ലു നിവർത്തി, തല ഉയർത്തി സമ്മർദങ്ങളോടു ‘കടക്കു പുറത്ത്’ എന്നു പറഞ്ഞ് നിയമം നടപ്പാക്കുകയാണു രണ്ടാമത്തെ വഴി. ഇനിയും 30 വർഷമെങ്കിലും സർവീസ് ബാക്കിയുള്ള ചൈത്രയെപ്പോലുള്ളവർ രണ്ടാമത്തെ വഴിയേ സ്വീകരിക്കൂ എന്നുറപ്പാണ്. ചൈത്ര മാത്രമല്ല, നമ്മുടെ പുതിയ തലമുറയിലെ ഒട്ടേറെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഇത്തരം ധീരമായ നിലപാടുള്ളവരാണ്. അതിൽ ഒട്ടേറെ വനിതകളുണ്ടെന്നതും അഭിമാനകരമാണ്. അവിടെയാണ് നവോത്ഥാനം യാഥാർഥ്യമാകുന്നത്. 

(മുൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA