കായിക കേരളത്തിന്റെ ജനകീയ വിപ്ലവം

SHARE

പ്രാദേശിക വികസനത്തെ അധികാര വികേന്ദ്രീകരണം എത്രത്തോളം ഊർജസ്വലമാക്കും എന്നതിന് ഇതാ ഉജ്വലമായ ഒരു ഉദാഹരണം കൂടി കേരളത്തിനു കിട്ടുന്നു. നാടിന്റെ കായികസംസ്കാരത്തിനു കൈത്താങ്ങാവുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി ‘മലയാള മനോരമ’ ആവിഷ്കരിച്ചു നടപ്പാക്കിയ ‘കളിക്കൂട്ടം ചാലഞ്ച് ’ കായിക കേരളത്തിനു മുന്നിൽവയ്ക്കുന്നതു മികച്ച ചില മാതൃകകളാണ്. 

കായികതാരങ്ങളെ ചെറുപ്പത്തിൽതന്നെ കണ്ടെത്തുന്നതിലും അവർക്ക് ദേശീയ, രാജ്യാന്തര നിലവാരത്തിൽ മുന്നേറുന്നതിനു പിൻബലമായും തദ്ദേശ സ്ഥാപനങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നു തെളിയിക്കുന്നതാണ് കളിക്കൂട്ടം ചാലഞ്ചിൽ പുരസ്കാരങ്ങൾ നേടിയ കാസർകോട് ബേഡഡുക്ക പഞ്ചായത്തിന്റെയും എറണാകുളം ഏലൂർ നഗരസഭയുടെയും വയനാട് മീനങ്ങാടി പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾ. ദേശീയതല കായിക മൽസരങ്ങളിൽ ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നു കേരളം വെല്ലുവിളി നേരിടുന്ന കാലമാണിത്. ഈ സാഹചര്യത്തിലും കേരളത്തിന്റെ കായികഭാവിയുടെ തായ്‌വേര് സുരക്ഷിതമാണെന്നു ശുഭാപ്തിവിശ്വാസം കൊള്ളാൻ നമ്മെ പ്രേരിപ്പിക്കുന്നതാണ് ഇവരുൾപ്പെടെ മൽസരത്തിൽ ആവേശപൂർവം പങ്കെടുത്ത നൂറ്റിഅൻപതോളം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ. 

കായികരംഗത്ത് തദ്ദേശ സ്ഥാപനങ്ങൾക്കെന്തു കാര്യം എന്നു പറഞ്ഞ് കൈകെട്ടി മാറിനിന്നില്ല ഇവരാരും. ടീം ബേഡകം എന്ന പേരിൽ സ്വന്തമായി ഫുട്ബോൾ, വോളിബോൾ ടീമുകൾവരെ ബേഡഡുക്ക പഞ്ചായത്തിനുണ്ട്. പഞ്ചായത്തിലെ മുഴുവൻ ക്ലബ്ബുകളുടെയും കൂട്ടായ്മയായ യൂത്ത് കോ–ഓർഡിനേഷൻ കമ്മിറ്റിയിലൂടെയാണ് ബേഡഡുക്കയുടെ കായിക പ്രവർത്തനങ്ങൾ. പഞ്ചായത്തിലെ അഫിലിയേഷനുള്ള മുഴുവൻ ക്ലബ്ബുകൾക്കും സ്കൂളുകൾക്കും കായിക ഉപകരണങ്ങൾ വാങ്ങിനൽകുന്നതിനായി പ‍ഞ്ചായത്തുതന്നെ രണ്ടു ലക്ഷം രൂപ വകയിരുത്തി. സ്വന്തമായി ഒരു കായികനയത്തിന്റെ പണിപ്പുരയിലുമാണ് ഇപ്പോൾ ഈ പഞ്ചായത്ത്. 

കായികതാരങ്ങളെ കണ്ടെത്തുന്നതും വളർത്തിയെടുക്കുന്നതും ഒരു തുടർയജ്ഞമാക്കി എന്നതാണ് ഏലൂർ നഗരസഭയുടെ സവിശേഷത. സംസ്ഥാന– ദേശീയ തലത്തിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്കു സ്കോളർഷിപ് നൽകുകയും ചെയ്തു. കബഡി, സൈക്കിൾ പോളോ, ഭാരോദ്വഹനം തുടങ്ങിയ കായിക ഇനങ്ങൾ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നതിലും നഗരസഭ ശ്രദ്ധ കാട്ടി. പരിസ്ഥിതി, ശുചിത്വ മേഖലകളിൽ മുൻപേ മാതൃക കാണിച്ചവരാണ് സംസ്ഥാനത്തെ ആദ്യ ‘കാർബൺ ന്യൂട്രൽ’ പഞ്ചായത്താകാൻ ശ്രമം നടത്തുന്ന മീനങ്ങാടി. കായികവികസനരംഗത്തും ആ സ്ഥിരോൽസാഹം കൈവിട്ടില്ല എന്നതിനു തെളിവാകുന്നു അവരുടെ പ്രവർത്തനങ്ങൾ. മികച്ച അത്‌ലീറ്റുകളെ വളർത്തിയെടുക്കാനായി ഓപ്പറേഷൻ ഒളിംപിയ, കുട്ടികളുടെ സമഗ്രപുരോഗതിക്കായി അക്കാദമിക് ഇന്നവേഷൻ ഓഫ് മീനങ്ങാടി എന്നിവ പഞ്ചായത്തിന്റെ സ്വപ്നപദ്ധതികളാണ്. 

കഴിഞ്ഞ വർഷം മനോരമ കളിക്കൂട്ടം ചാലഞ്ചിന് തുടക്കമിടുമ്പോൾ മാതൃകയായി മുന്നിലുണ്ടായിരുന്നത് ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്താണ്. ഈ പഞ്ചായത്തിന്റെ അവധിക്കാല കായിക പരിശീലന ക്യാംപിന്റെ പേരാണു ‘കളിക്കൂട്ടം’. വിദഗ്ധ കോച്ചുകളുടെ കീഴിൽ, അവധിക്കാലത്തിനു കാത്തുനിൽക്കാതെ 125 കുട്ടികൾക്കു മുടക്കമില്ലാതെ പരിശീലനം നൽകുന്ന പദ്ധതിയാണ് ഇപ്പോഴിത്. ജഴ്സിയും കളിയുപകരണങ്ങളും പോഷകാഹാരവുമെല്ലാം പഞ്ചായത്തിന്റെ വകയാണ്.

കായികരംഗത്തു മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ക്ലബ്ബുകൾക്കായി മനോരമ കഴിഞ്ഞ വർഷം മുതൽ പുരസ്കാരം നൽകുന്നുണ്ട്. അതിന്റെ തുടർച്ചയാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കായുള്ള കളിക്കൂട്ടം ചാലഞ്ചും. പ്രാദേശികതലത്തിലെ വികസന പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്കു വലുതാണെന്ന ചിന്തയിൽനിന്നാണ് ഇതിന്റെ പിറവി. താഴേത്തട്ടിലെ ഈ ചലനങ്ങൾ ഭാവിയിൽ വലിയ മുന്നേറ്റമായി മാറ്റിയെടുക്കേണ്ടത് സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള കായികസ്ഥാപനങ്ങളുടെകൂടി ചുമതലയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA