Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാധാരണക്കാരിലും നികുതിഭാരം

പ്രളയാനന്തര കേരളം പുനർനിർമിക്കുകയെന്ന വലിയ ഉത്തരവാദിത്തം നിറവേറ്റാൻ പ്രളയത്തിൽ വലഞ്ഞ ജനങ്ങൾക്കുമേൽതന്നെ നികുതിഭാരം അടിച്ചേൽപിക്കേണ്ടതുണ്ടായിരുന്നോ എന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെ വിലയിരുത്തുമ്പോൾ ഉയരുന്ന മുഖ്യ ചോദ്യം. 

വലിയ ഭാരം പ്രതീക്ഷിച്ച കഴിഞ്ഞ ബജറ്റിൽപോലും ഉണ്ടാകാത്തത്ര നിരക്കുവർധനയാണ് ക്ഷേമ ബജറ്റ് പ്രതീക്ഷിച്ച ഇക്കുറി കേരളം സ്വീകരിക്കേണ്ടി വരുന്നത്. ധനമന്ത്രി ടി.എം.തോമസ് െഎസക് നടത്തിയ ആഴവും പരപ്പുമുള്ള ഗൃഹപാഠം പ്രതിഫലിപ്പിക്കുന്ന ബജറ്റ്, ക്ഷേമപദ്ധതികളും വികസനദൗത്യങ്ങളുമടക്കം സർവതലസ്പർശിയെന്ന് അവകാശപ്പെടാവുന്നതാണ്. പക്ഷേ, അതിലെ താങ്ങാഭാരം തീർച്ചയായും സാധാരണക്കാരെ ഉലയ്ക്കുന്നു. ബജറ്റിലെ പല പദ്ധതികളുടെയും വലുപ്പം പ്രായോഗികതയെക്കുറിച്ചും വിഭവസമാഹരണത്തെക്കുറിച്ചുമുള്ള സംശയമുണർത്തുകയും ചെയ്യുന്നു.

പ്രളയദുരിതം മറികടക്കാൻ 4700 കോടി രൂപയുടെ ജീവനോപാധി പാക്കേജാണ് ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം. എന്നാൽ, ഇൗ പാക്കേജിലേക്കും മറ്റു മുഖ്യപദ്ധതികൾക്കുമായി പണം കണ്ടെത്താൻ സാധാരണക്കാരുടെ കീശയിൽ കയ്യിട്ടതു നിർഭാഗ്യകരമെന്നുതന്നെ പറയാം. വിലകൂടിയ ഉൽപന്നങ്ങൾക്കുമേൽ മാത്രം സെസ് ചുമത്തുമെന്ന പ്രതീക്ഷ ബജറ്റ് തള്ളിക്കളഞ്ഞു. സാധാരണക്കാർ പതിവായി വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവയാണ് ഇപ്പോൾ പ്രളയ സെസ് ചുമത്തിയ മിക്ക ഉൽപന്നങ്ങളും. ഈ അടിസ്ഥാന യാഥാർഥ്യം കാണാതെ, കണ്ണടച്ചു സെസ് ചുമത്താനാണു ധനമന്ത്രി മുതിർന്നിരിക്കുന്നത്. തിരഞ്ഞെടുത്ത കുറെ ഉൽപന്നങ്ങളിലേക്കു മാത്രം പ്രളയ സെസ് ചുരുക്കിയിരുന്നെങ്കിൽ ഇത്ര അധികഭാരം ജനങ്ങൾക്കുണ്ടാകില്ലായിരുന്നു.

ഭൂമിയുടെ ന്യായവില കഴിഞ്ഞ ബജറ്റിൽ 10% വർധിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തതാണ്. വീണ്ടും 10% കൂട്ടിയത് ഇപ്പോൾതന്നെ ഇഴഞ്ഞുനീങ്ങുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ ഒന്നുകൂടി തളർത്തുകയേ ഉള്ളൂ. സർക്കാർ സേവനങ്ങൾക്കുള്ള ചാർജുകളും ഫീസുകളും 5% വർധിപ്പിച്ചതും കഴിഞ്ഞ ബജറ്റിന്റെ തനിയാവർത്തനമായി. വാഹനങ്ങൾക്കുമേൽ 1% സെസ് ചുമത്തിയതിനു പുറമേ, ഒറ്റത്തവണ റോഡ് നികുതിയിലും 1% വർധന കൊണ്ടുവന്നത് ഇൗ മേഖലയ്ക്ക് ഇരട്ടി പ്രഹരമാവുകയും ചെയ്തു.

പ്രളയാനന്തരം കേരളം കെട്ടിപ്പടുക്കാൻ തയാറാക്കിയ 25 ഇന പദ്ധതികളെല്ലാം കേരളത്തിനു പുതിയ മുഖഛായ സമ്മാനിച്ചേക്കാം. അതേസമയം, ഇതിൽ എത്ര പദ്ധതികൾക്കു പുതുമ അവകാശപ്പെടാനാവും? ഈ പാക്കേജുകൾ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ ജലരേഖയായി മാറുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഓഖി പാക്കേജ് ഓർമിപ്പിക്കുന്നുമുണ്ട്. ഓഖിദുരന്തം ഇരുനൂറോളം പേരുടെ ജീവൻ കവർന്ന തീരത്തിരുന്ന് എഴുതിയ ധനമന്ത്രിയുടെ കഴിഞ്ഞ ബജറ്റിലായിരുന്നു തീരദേശത്തിനു നൽകുന്ന 2000 കോടി രൂപയുടെ പാക്കേജ് ഉണ്ടായിരുന്നതെന്നതുകൂടി ഓർമിക്കാം. നവകേരളത്തിനുവേണ്ടിയുള്ള  പദ്ധതികളൊന്നും ഇതുപോലെ പാളം തെറ്റാതിരിക്കാൻ സർക്കാർ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ബജറ്റിലെ ഏറ്റവും അഭിനന്ദനീയമായ തീരുമാനം ക്ഷേമ പെൻഷനിൽ 100 രൂപ വർധന വരുത്തിയതാണ്. 42 ലക്ഷം കുടുംബങ്ങൾക്കു ഗുണം ചെയ്യുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കേരളം കാത്തിരുന്ന പ്രഖ്യാപനംതന്നെ. 2016ൽ ആലോചന തുടങ്ങിയ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർ‌ക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇതുവരെ നടപ്പാക്കാൻ സർക്കാരിനായിട്ടില്ല. പുതിയ പദ്ധതി പ്രവൃത്തിപഥത്തിലെത്തിക്കുന്നതിന് ഇൗ കാലതാമസം വരാതിരിക്കാൻ ശ്രദ്ധിക്കുകതന്നെ വേണം. പ്രളയം താറുമാറാക്കിയ കുട്ടനാടിനും വയനാടിനും ഓഖി താളംതെറ്റിച്ച തീരദേശത്തിനുമുള്ള പ്രത്യേക പാക്കേജ് സ്വാഗതാർഹമാണ്. ആയിരം കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിക്കുമ്പോൾതന്നെ, ഒന്നാം പാക്കേജിന്റെ സ്ഥിതി എന്താണെന്നു സർക്കാർ തിരിച്ചറിയേണ്ടതുമുണ്ട്.

സംസ്ഥാനത്തെ എട്ടു ലക്ഷത്തോളം ഭിന്നശേഷിക്കാർക്ക് ആശ്വാസമാകുന്ന 1000 കോടിയുടെ സംരക്ഷണ പദ്ധതിയും  എൻഡോസൾഫാൻ ദുരിതബാധിതർക്കായി നീക്കിവയ്ക്കുന്ന 20 കോടിയുടെ പദ്ധതിയും വയോജനസംരക്ഷണത്തിനും  വിശപ്പുരഹിത കേരളത്തിനും മറ്റുമുള്ള പദ്ധതികളും കൃഷിക്കും വ്യവസായങ്ങൾക്കും അടിസ്ഥാനവികസനത്തിനും നൽകുന്ന പ്രാധാന്യവും തീർ‌‍ച്ചയായും കയ്യടി അർഹിക്കുന്നു. കേരളത്തെ ഇലക്ട്രിക് വാഹനങ്ങളിലേക്കു നയിക്കാനുള്ള കൺനോട്ടം ബജറ്റിലുള്ളതും പ്രതീക്ഷ തരുന്നുണ്ട്. തെക്ക് – വടക്ക് സമാന്തര റെയിൽപാത സ്വപ്നം കാണുന്ന ധനമന്ത്രി, റെയിൽപാത ഇരട്ടിപ്പിക്കലിനായി കോട്ടയം ജില്ലയിൽ 3.5 ഹെക്ടർ ഭൂമി ഇപ്പോഴും സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയിട്ടില്ല തുടങ്ങിയ സത്യങ്ങൾകൂടി കാണണം.

പതിവുപോലെ ഈ ബജറ്റിലും വികസനത്തിനായി ധനമന്ത്രി കാര്യമായി ആശ്രയിക്കുന്നത് കിഫ്ബിയെത്തന്നെ.  പദ്ധതിസമൃദ്ധമായ ബജറ്റ് സമൃദ്ധമായ വിഭവസമാഹരണംകൂടി ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാത്തതാവില്ല. ധനകമ്മി മൂന്നു ശതമാനത്തിൽ നിലനിർത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ധനമന്ത്രി പറഞ്ഞിട്ടുമുണ്ട്. പ്രളയാനന്തരമുള്ള ഈ ബുദ്ധിമുട്ടുകാലത്തും നവോത്ഥാനത്തിനുവേണ്ടിയും മറ്റും ഉദാരമാകുന്ന ബജറ്റ്, നമ്മുടെ അടിയന്തരാവശ്യമായ ചെലവുചുരുക്കലിനെപ്പറ്റി ഒന്നും പറയാത്തത് എന്തുകൊണ്ടാവും?

ബജറ്റ് വായനയിലെ കേൾവിസുഖത്തിനപ്പുറത്തേക്കു നടപടികളെ കൊണ്ടുപോവാൻ സർക്കാർസംവിധാനങ്ങളെല്ലാം  ഏകോപിതമായി ശ്രമിച്ചേതീരൂവെന്ന് ഈ ബജറ്റും ഓർമിപ്പിക്കുന്നു.