Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവതിപ്രഭയിൽ ബാലജനസഖ്യം

ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും ചിലപ്പോഴൊക്കെ ക്രിയാത്മകമായി ഇടപെടുകയും ചെയ്ത അഖില കേരള ബാലജനസഖ്യം നവതിയിലെത്തുമ്പോൾ അതും ചരിത്രമാവുന്നു. ജീവിക്കുന്ന കാലത്തെയും ലോകത്തെയും കരുണകൊണ്ടും സ്നേഹംകൊണ്ടും വെളിച്ചമുള്ളതാക്കാൻ കുട്ടികൾക്കു കഴിയുമെന്ന് ഓർമപ്പെടുത്തിയ 90 സഫല വർഷങ്ങളാണു ബാലജനസഖ്യത്തിന്റെ ഇതുവരെയുള്ള സാമൂഹിക സംഭാവന. അതുകൊണ്ടുതന്നെ, പിന്നിട്ട വഴികൾ ഓർമിക്കാനും സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണപ്രതിജ്ഞ പുതുക്കാനുമുള്ള അവസരംകൂടിയാണ് ഈ നവതി. 

അംഗസംഖ്യകൊണ്ടും പ്രവർത്തനവൈപുല്യംകൊണ്ടും കുട്ടികളുടേതായ സംഘടനകളിൽ ഏഷ്യയിൽത്തന്നെ ഒന്നാം സ്‌ഥാനത്താണ് ബാലജനസഖ്യം. മനുഷ്യപുരോഗതിക്ക് അടിസ്‌ഥാനമായ ശാശ്വതമൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ വേണ്ടിയാണ് മലയാള മനോരമ പത്രാധിപരായിരുന്ന കെ.സി.മാമ്മൻ മാപ്പിളയുടെ ക്രാന്തദർശിത്വം 1929ൽ ബാലജനസഖ്യത്തിനു രൂപംനൽകിയത്. നമ്മുടെ കുട്ടികൾ ദേശസ്‌നേഹികളായി, ധർമചാരികളായി, പരോപകാരികളായി വളരണമെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ സഖ്യം നേതൃത്വം എക്കാലത്തും ശ്രദ്ധിച്ചുപോരുന്നു.

കുട്ടികളെ കുടുംബത്തിലോ സമൂഹത്തിലോ ആരും കാര്യമായി എടുക്കാതിരുന്ന ഒരു കാലത്തായിരുന്നു  ബാലജനസഖ്യത്തിന്റെ പിറവി. ഉച്ചനീചത്വങ്ങളുടെയും സാമൂഹികമായ കാട്ടുനീതിയുടെയും ആ പഴയ കാലത്ത്, കുട്ടികൾക്കും ഒരു ജീവിതമുണ്ടെന്നും അവർക്കും പരസ്‌പരം മിണ്ടാനും കാര്യങ്ങൾ പങ്കുവയ്‌ക്കാനും ആഗ്രഹമുണ്ടെന്നും ആരു മനസ്സിലാക്കാൻ? ലോകത്ത് എന്തു നടക്കുന്നുവെന്നോ ആ ലോകംതന്നെ എങ്ങനെയായിരിക്കുമെന്നോ അറിയാതെ സ്വന്തം ഗ്രാമത്തിന്റെ ഇത്തിരിവട്ടത്തിൽമാത്രം ജീവിതത്തിലേക്കു വളരുന്ന കുട്ടികളുടെ വിധി മാറ്റുകയായിരുന്നു ബാലജനസഖ്യം. കേരളത്തിലെ കുട്ടികളുടെ സങ്കടാവസ്‌ഥയാണ് ‘മലയാള മനോരമ’യിൽ കുട്ടികൾക്കായി ഒരു വേദിയൊരുക്കണമെന്ന ചിന്തയിലേക്ക് കെ.സി.മാമ്മൻ മാപ്പിളയെ കൊണ്ടുചെന്നെത്തിച്ചത്. അദ്ദേഹത്തിന്റെ പുത്രനും  മനോരമ മുഖ്യ പത്രാധിപരുമായിരുന്ന കെ.എം.മാത്യുവായിരുന്നു സഖ്യത്തിന്റെ പ്രഥമാംഗം.

ആരംഭം മുതൽ സേവനം മുദ്രാവാക്യമായി അംഗീകരിച്ച ഈ ബാലജന സംഘടന അതൊരിക്കലും മറന്നിട്ടില്ല. പിറന്നിട്ട് ഒരു വർഷംപോലും തികയുന്നതിനുമുൻപേ സഖ്യം സേവനപ്രവർത്തനങ്ങൾ ആരംഭിച്ചത് തിരുവിതാംകൂറിലുണ്ടായ ‌വെള്ളപ്പൊക്കത്തിൽ കഷ്‌ടപ്പെട്ട ആയിരക്കണക്കിനാളുകളെ ആവുന്നത്ര സഹായിച്ചുകൊണ്ടാണ്. ആന്ധ്രയിലെ ക്ഷാമം, ബംഗ്ലദേശ് അഭയാർഥിപ്രവാഹം, ഗുജറാത്തിലെ ഭൂകമ്പം തുടങ്ങി രാജ്യത്തിന്റെ പല പ്രതിസന്ധികളിലും സഖ്യാംഗങ്ങൾ കർമനിരതരായിരുന്നു. സഖ്യം പ്ലാറ്റിനം ജൂബിലി വർഷത്തിൽ (2004) തുടക്കമിട്ട ‘ഹൃദയപൂർവം സഖ്യം’ എന്ന പദ്ധതി സംഘടനയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ബാലജനസഖ്യത്തിലൂടെ വളർന്ന കുട്ടികൾ ഇന്നു വിവിധരംഗങ്ങളിൽ ഒന്നാംകിടക്കാരായി എന്നത് അഭിമാനത്തിനു വകനൽകുന്നു.

സേവനത്തിന്റെയും കരുതലിന്റെയും പാരമ്പര്യം കാത്തുസൂക്ഷിക്കാൻ സഖ്യാംഗങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണ്.  സഹജീവികളോടും സമൂഹത്തോടും ശാശ്വതമൂല്യങ്ങളോടുമുള്ള ആ പ്രതിജ്‌ഞ പുതുക്കിയാണ് ബാലജനസഖ്യം ഓരോ വർഷവും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും. അതോടൊപ്പം, പുതിയൊരു ആശയം ഓരോ വർഷവും തിരഞ്ഞെടുത്ത് അതു വിജയകരമായി പ്രാവർത്തികമാക്കാൻ തുടങ്ങിയിട്ടും ഏറെക്കാലമായി. നവസമൂഹം നിർമിക്കാൻ ചുമതലയുള്ള സഖ്യാംഗങ്ങൾ ഈ നവതിവർഷത്തിൽ നന്മയ്ക്കായുള്ള കർമപദ്ധതിയാണ് ഏറ്റെടുത്തിരിക്കുന്നത്.  

ശനിയാഴ്ച കോട്ടയത്ത് നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവും അധ്യക്ഷത വഹിച്ച ഗവർണർ ജസ്റ്റിസ് പി.സദാശിവവും ബാലജനസഖ്യത്തിന്റെ ചരിത്രപ്രസക്തി ഓർമിച്ച്, ഇനിയുള്ള പ്രവർത്തനങ്ങൾക്ക് ആശംസ നേരുകയുണ്ടായി. കടമകൾ വളരെ വലുതാണെന്നും വെല്ലുവിളികൾ ഏറെ ശക്‌തമാണെന്നുമുള്ള ബോധ്യത്തോടെയാണു ബാലജനസഖ്യം സേവനം തുടരുന്നത്. നവതി നൽകുന്ന കർമോർജം  സഖ്യാംഗങ്ങളുടെ ഓരോ ചുവടുവയ്പ്പിലും ആവേശമായി മാറട്ടെ എന്ന് ആശംസിക്കാം. ഈ സ്നേഹദൗത്യത്തിൽ വഴിയും തുണയുമായി അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒപ്പമുണ്ടാവുകയും വേണം.