മാധ്യമങ്ങളെ ശല്യമായി കാണുന്നവർ

media-ban-tvm
SHARE

മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായുള്ള മാധ്യമപ്രവർത്തകരുടെ ഇടപെടലുകളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ നവംബറിൽ സർക്കാർ പുറപ്പെടുവിച്ച സർക്കുലർ വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് അതു പുതുക്കുമെന്നു സർക്കാർ അറിയിച്ചു. രണ്ടു മാസമെടുത്താണ് പുതുക്കൽ പ്രക്രിയ പൂർത്തിയാക്കിയത്. എന്നിട്ടും, അതിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. 

മാധ്യമപ്രവർത്തകർ പ്രതികരണങ്ങൾക്കായി പൊതുവേദികളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മറ്റു പ്രശസ്ത വ്യക്തികളെയും സമീപിക്കുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്ന ആദ്യ സർക്കുലറിലെ അസംബന്ധ പ്രസ്താവം പുതിയതിൽ ആവർത്തിച്ചിട്ടില്ല. എന്നാൽ, മാധ്യമ‌പ്രവർത്തകരും അവരും തമ്മിലുള്ള ഇടപെടൽ സുഗമമാക്കാൻ ഒരു ശ്രമവും നടത്തിയതായി കാണുന്നില്ല. 

അഭിമുഖ സംഭാഷണത്തിന് പബ്ലിക് റിലേഷൻസ് വകുപ്പു (പിആർഡി) വഴി മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ഉപേക്ഷിച്ചതു നന്നായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വലിയ പഴ്സനൽ സ്റ്റാഫ് ഉള്ളപ്പോൾ പിആർഡിയെ ഇതിലേക്കു വലിച്ചിഴയ്ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പിആർഡി മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമല്ല. അങ്ങനെയൊരു ചുമതല അവരെ ഏൽപിക്കുന്നത് അവരുടെ ശരിയായ കർത്തവ്യം നിർവഹിക്കുന്നതിനു തടസ്സമാവുകയേയുള്ളൂ. 

Nottam-BRP

 സെക്രട്ടേറിയറ്റ്, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് പ്രതികരണത്തിനായി നേതാക്കളെ കാണാൻ മീഡിയ കോർണറുകൾ സ്ഥാപിക്കാനുള്ള നിർദേശം, ഇടപെടലുകൾ സുഗമമാക്കുന്നതിനു പകരം പ്രതിബന്ധം സൃഷ്ടിക്കുകയാകും ചെയ്യുക. ഇതിൽ സെക്രട്ടേറിയറ്റ് ഒഴികെയുള്ള സ്ഥലങ്ങൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ളവയല്ല. അവർക്കു സമ്മതമാണെങ്കിൽത്തന്നെയും, വല്ലപ്പോഴും മാത്രം ഉപയോഗിക്കാനായി നാടൊട്ടുക്ക് പ്രധാന സ്ഥാപനങ്ങളിൽ സ്ഥലം ഒഴിച്ചിടുന്നതു ബുദ്ധിയല്ല. 

വിവരാവകാശ നിയമപ്രകാരം ഏതു പൗരനും, ഔദ്യോഗിക രേഖകളിലുള്ള വിവരങ്ങൾക്കായി ഏതു വകുപ്പിനെയും സമീപിക്കാമെന്നിരിക്കെ, മാധ്യമപ്രവർത്തകർ വകുപ്പുകളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിനു തടയിടാനുള്ള ശ്രമം തീർത്തും ദുരുപദിഷ്ടമാണ്. 

യഥാർഥ പ്രശ്നം സുരക്ഷാഭീഷണിയോ ഗൗരവമായ പരിഗണന അർഹിക്കുന്ന മറ്റെന്തെങ്കിലുമോ അല്ല; ഭരണാധികാരികൾ മാധ്യമങ്ങളെ ശല്യക്കാരായി കാണുന്നു എന്നതാണ്. പാർട്ടി സെക്രട്ടറിയായിരുന്ന കാലത്തെ ചില അനുഭവങ്ങളാകാം, മുഖ്യമന്ത്രി പിണറായി വിജയനിൽ അത്തരമൊരു മനോഭാവം സൃഷ്ടിച്ചത്. പക്ഷേ, ബഹുഭൂരിപക്ഷം മാധ്യമങ്ങളും അടിയന്തരാവസ്ഥക്കാലത്തെ അച്ചടക്കത്തെ ഓർമിപ്പിക്കുന്ന രീതിയിൽ പെരുമാറുമ്പോഴും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാധ്യമങ്ങളുമായി ഇടപെടാൻ ശങ്കിക്കുന്നതായി കാണാം. ജനാധിപത്യവ്യവസ്ഥയിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പോലെതന്നെ വ്യക്തമായ പങ്കു വഹിക്കാൻ ചുമതലപ്പെട്ട ഒരു സംവിധാനത്തിന്റെ ഭാഗമാണ് മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനസ്സിലാക്കണം.  

മാധ്യമങ്ങളുടെ ബാഹുല്യവും അവർ തമ്മിലുള്ള മൽസരവും ചില മാധ്യമപ്രവർത്തകരുടെ അനുചിതമായ പെരുമാറ്റങ്ങളും അസുഖകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. ഇക്കാര്യം മാധ്യമ ഉടമകളുടെയും മാധ്യമപ്രവർത്തകരുടെയും സംഘടനകൾ ചർച്ച ചെയ്യണം. മാധ്യമപ്രവർത്തകർക്കു പെരുമാറ്റച്ചട്ടം ആവശ്യമാണെങ്കിൽ അവർതന്നെ മുൻകൈയെടുത്ത് അതുണ്ടാക്കണം. അതു സർക്കാർ ചെയ്യേണ്ട ജോലിയല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA