പ്രതിഷേധിക്കാനാകാത്തവർ, പ്രതിമകളാക്കപ്പെട്ട 22,000 പേർ! ഏകതാപ്രതിമയുടെ മറുപുറം

STATUE-OF-UNITY
സർദാർ വല്ലഭ് ഭായ് പട്ടേൽ എകതാ പ്രതിമയും ചുറ്റുമുള്ള ഗ്രാമങ്ങളും. ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ
SHARE

ദിനേഷ് തഡ്‌വി, ജിതേന്ദർ, നരേന്ദ്രഭായ്... കവഡിയ ‌ഗ്രാമത്തിലെ പുരുഷന്മാരെല്ലാം രൺചോഡ് ക്ഷേത്രാശ്രമത്തിലുണ്ട്. സത്യത്തിൽ, അത് അവർക്ക് ഒളിത്താവളമാണ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനു നിവേദനം നൽകാനെത്തി ലാത്തിച്ചാർജ് നേരിട്ട ആദിവാസി ഗ്രാമീണർ പൊലീസിന്റെ നോട്ടപ്പുള്ളികളായിരിക്കുന്നു.

ഗുജറാത്തിലെ നർമദാതടത്തിൽ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ഏകതാ പ്രതിമയോടടുത്ത് ഹരിയാന ഭവനു തറക്കല്ലിടാനായിരുന്നു ഖട്ടറുടെ വരവ്. കവഡിയ, ബഗാഡിയ, നയാഗാവ്, ഗോര, ലിംഡി, ക്വാട്ടി ‌ഗ്രാമങ്ങളിലെ പലർക്കുമെതിരെ കേസുണ്ട്. വീട്ടിലിരിക്കുന്നവരെ പൊലീസ് പിടിക്കുന്നതിനാൽ, ഗ്രാമീണർ ക്ഷേത്രാശ്രമത്തിൽ അഭയം തേടിയിരിക്കുന്നു. രൺചോഡ് ക്ഷേത്രത്തിൽ ശ്രീകൃഷ്ണനാണു പ്രതിഷ്ഠ. പോർക്കളം ഉപേക്ഷിച്ച (രൺ–ചോഡ്) ഭാവമാണു മൂർത്തിക്ക്. പുറംലോകവുമായുള്ള പോരിൽ തോറ്റെത്തിയ ഗ്രാമീണർക്ക് ഭഗവാൻ ശരണം. 

നർമദയുടെ മക്കളും മേധ പട്കറും

സർദാർ സരോവർ അണക്കെട്ടിന്റെ മുകൾ ഭാഗത്തെ (അപ് സ്ട്രീം) ‌ഗ്രാമങ്ങളുടെ മുറവിളി ഒരിക്കൽ നാം കേട്ടതാണ്. ‘നർമദ കി ലോഗോം കോ ലൂട്ട് ലിയാ ഹേ, ലൂട്ട് ലിയാ ഹേ..’ എന്നു പാടി മേധ പട്കറുടെ നർമദ ബചാവോ ആന്ദോളനും പുറംലോകവും കൂടെയുണ്ടായിരുന്നതു കൊണ്ട് നർമദയുടെ മക്കൾ കൊള്ളയടിക്കപ്പെട്ടില്ല. ‘പദ്ധതി ബാധിത’രായി (പ്രോജക്ട് അഫക്ടഡ് പഴ്സൻസ് – പിഎപി) പരിഗണിക്കപ്പെട്ട അവർക്കു മെച്ചപ്പെട്ട നഷ്‌ടപരിഹാര പാക്കേജ് കിട്ടി. സാമ്പത്തിക സഹായത്തിനു പുറമേ, പിഎപി വിഭാഗത്തിലെ ഓരോ കുടുംബത്തിലും ഒരാൾക്കു ജോലി,  1988 ജനുവരി 1നു 18 വയസ്സു പൂർത്തിയായവർക്കെല്ലാം 5 ഏക്കർ ഭൂമി എന്നിവ കൂടി ഉൾപ്പെട്ടതായിരുന്നു പാ‌ക്കേജ്. 

പുറന്തള്ളപ്പെട്ടവർ

22,000 ജനങ്ങളുള്ള 6 ഗ്രാമങ്ങൾ അണക്കെട്ടിന്റെ താഴ്ഭാഗ‌‌ത്താണ് (ഡൗൺ സ്ട്രീം). ഏകതാ പ്രതിമയുള്ളതും അവിടെയാണ്. ഈ ഗ്രാമങ്ങൾ ‌പദ്ധതിയുടെ ഭാഗമാണെങ്കിലും ജനങ്ങൾ ‘പദ്ധതിബാധിത’രായി പരിഗണിക്കപ്പെട്ടില്ല. ഇപ്പോൾ ഏകതാ പ്രതിമ പദ്ധതിക്കൊപ്പം ടൂറിസം വികസനത്തിന്റെ മാസ്റ്റർ പ്ലാനും തയാറായിരിക്കുന്നു. 

‘ഉത്തർവാഹിനി’യാണു നർമദ – വടക്കോട്ടൊഴുകുന്ന നദി. നദിയൊഴുകുന്ന വഴി‌യിൽ 8 കിലോമീറ്റർ താഴെ മറ്റൊരു അണക്കെട്ടുകൂടി പൂ‌‌ർത്തിയായി. പ്രധാന അണക്കെട്ടിൽനിന്നു ജലമൊഴുക്കി ഈ തടം നിറയ്ക്കും; തീരത്തു പച്ചപ്പുല്ലു  വച്ചുപിടിപ്പിക്കും; പ്രകാശസംവിധാനമൊരുക്കും. അണക്കെട്ടു കടന്നുവരുന്ന ഉ‌ത്തർവാഹിനി, ലണ്ടനിലെ തെംസ് പോലെ മനോഹരിയാകുമ്പോൾ സഞ്ചാരികൾക്കായി ഉല്ലാസനൗകകളിറക്കും. ഇപ്പോഴത്തെ വേഗത്തിൽ നിർമാണം തുടർന്നാൽ മാസ്റ്റർ പ്ലാൻ ‌പൂർത്തിയാകാൻ 6 മാസമേ വേണ്ടിവരൂ. അതിനകം 6 ഗ്രാമങ്ങളുടെയും നല്ലപങ്കു വെള്ളത്തിനടിയിലായിട്ടുണ്ടാവും. 

വികസന രക്തസാക്ഷികൾ 6 കോടി

സ്വാതന്ത്ര്യാനന്തരം വികസനത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം 6 കോടിയോളം എന്നാണ് അനൗദ്യോഗിക കണക്ക്. രാജ്യത്തു മൂവായിരത്തോളം അണക്കെട്ടുകളുണ്ട്. അതിൽ 54 എണ്ണം സർദാർ സരോവർപോലെ വമ്പന്മാർ. വികസനം ഏറ്റവുമധികം ബാധിക്കുന്നത് ആദിവാസികളെയും ദരിദ്രഗ്രാമീണരെയുമാണ്. 2013ലെ നിയ‌‌മപ്രകാരം വിപണിവിലയുടെ നാലിരട്ടി നഷ്ടപരിഹാരം നൽകണം. എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ രേഖ പ്രകാരമുള്ള കൈമാറ്റത്തുക തുച്ഛമാണ്. 

Map-VIVara

സർദാർ സരോവർ അണക്കെട്ടിനുവേണ്ടി മാത്രം ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ 41,000 കുടുംബങ്ങളെയും 2 ലക്ഷത്തിലേറെ ജനങ്ങളെയുമാണു കുടിയൊഴിപ്പിച്ചത്. ഇതിൽ 56% ആദിവാസികളായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവസ്ഥയെന്തെന്ന് രാജ്യത്ത് ഇന്നുവരെ പഠനം നടന്നിട്ടില്ല. വേണ്ടവിധം പുനരധിവസിപ്പിക്കപ്പെടാതെ പലരും ദുരിതമനുഭവിക്കുന്നുവെന്ന് അനൗദ്യോഗിക പഠനങ്ങൾ പറയുന്നു. 

കഴിഞ്ഞ 50 വർഷം വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരെ കണ്ടെത്തണമെന്നാണ് വികസനത്തിന്റെ അഭയാർഥികളെക്കുറിച്ച് ആസൂത്രണ കമ്മിഷനുവേണ്ടി പഠനം നടത്തിയ എൻ.സി.സക്സേന ശുപാർശ ചെയ്തത്. 

ഒരിക്കൽ പുറന്തള്ളപ്പെട്ടവരുടെ അടുത്ത തലമുറയോടെങ്കിലും നീതി ചെയ്യുക. അവർക്കു വേണ്ടി പ്രത്യേക നിധി രൂപീകരിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. 

(കടപ്പാട്: ആസൂത്രണ കമ്മിഷൻ പഠനം, അരുന്ധതി റോയ്, ഹരിമോഹൻ മാത്തൂർ, ധക്കർ ഹിമാൻശു എന്നിവരുടെ ലേഖനങ്ങൾ) 

സ്വർഗം വേണ്ട, ഞങ്ങളുടെ നാടു മതി 

ദിനേഷ് തഡ്‌വിയുടെ മുത്തച്ഛനു കവഡിയയിലുണ്ടായിരുന്നത് 60 ഏക്കർ ഭൂമിയാണ്. കുടുംബാംഗങ്ങൾക്കെല്ലാം വീതിച്ചാൽ ഓരോരുത്തർക്കും നാലേക്കറോളം. അതു മുഴുവൻ സർക്കാർ ഉടമസ്ഥതയിലുള്ള നർമദ നിഗം ലിമിറ്റഡ് ഏറ്റെടുത്തു. നിങ്ങളുടെ നാട് ഞങ്ങൾ സ്വർഗമാക്കുന്നു, ഒഴിഞ്ഞു പോവുക. നാടിന്റെ നന്മയ്ക്കു വേണ്ടി ത്യാഗം സഹിക്കുക: നാടുപേക്ഷിക്കാൻ മടിക്കുന്ന തഡ്‌വിയെ അധികൃതർ നിർബന്ധിക്കുന്നു. 

പദ്ധതി പൂർത്തിയാകും മുൻപുതന്നെ നാടു സ്വർഗമാകുന്നതു ‌തഡ്‌വി കാണുന്നുണ്ട് – ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിച്ചേരാൻ മികച്ച റോഡുകൾ. ഏകതാ പ്രതിമയ്ക്കു താഴെയുള്ള പാലം ഉയർത്തിപ്പണിയുന്നു. വലിയ അണക്കെട്ടിൽ നി‌‌ന്നെത്തുന്ന ജലം ഇരുകരയും പുണർന്നു നി‌‌ൽക്കുമ്പോൾ നാടു സുന്ദരമാകും. ഞങ്ങൾക്കു സ്വർഗം വേണ്ട, നാടു മതി. ഞങ്ങളുടെ നാടു സ്വർഗമാ‌ക്കി ഞങ്ങളെ നാടുകടത്തിയാൽ സ്വർഗം ആർക്കുള്ളത്? തൊഴിൽരഹിതനും ഹിന്ദി ബിരുദധാരിയുമായ ദിനേഷ് തഡ്‌വി ചോദിക്കുന്നു. 

Dinesh-Thadwi
ദിനേഷ് തഡ്‍വി (ഇടത്ത്) നര്‍മദ നദിയ‍ുടെ തീരത്ത്.

നിങ്ങളെന്ത് പകരം തരും?

ഞങ്ങൾക്ക് ഈ വനത്തിലെ ഓരോ മരത്തെയും പേരെടുത്തറിയാം. സർവരോഗസംഹാരികളായ കാട്ടുമരുന്നുകളറിയാം. ഞങ്ങളെ പറിച്ചുമാറ്റരുത്. ഞങ്ങളുടെ കാട്ടറിവുകൾ അന്യംനിൽക്കാൻ ഇടയാക്കരുത്. ഞങ്ങളുടെ കൃഷിയിടങ്ങൾക്കു പകരം നിങ്ങളെന്തു തരും? 

ഈ മരങ്ങൾക്കും കാടിനും പകരമെന്ത്? ഞങ്ങളുടെ കു‌ട്ടികൾ കുളിക്കുകയും കന്നുകാലികൾ കുടിക്കുകയും ചെയ്യുന്ന ഈ നദിക്കും അവളുടെ അടി‌ത്തട്ടിലെ മത്സ്യങ്ങൾക്കും പകരമെന്ത്? ഞങ്ങളുടെ വിളികേൾക്കുന്ന കാട്ടുദൈവങ്ങൾക്കു പകരം നിങ്ങൾ ഏതു ദൈവത്തെ തരും? 

(കുടിയൊഴിപ്പിക്കലിനു മുൻപ് മധ്യപ്രദേശ് ജാബുവ ജൽസിന്ധി ഗ്രാമത്തിലെ ബാവ മഹാലിയ 1994ൽ മുഖ്യമന്ത്രിക്കെഴുതിയ കത്തിൽനിന്ന്)

രേഖ എവിടെ? 

സർദാർ സരോവർ പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുൻപേ ഇവിടെയുള്ളവരാണു ഗ്രാമീണർ. പൂർവികർ 1960–61ൽ ഭൂമി വിട്ടുകൊടുക്കാൻ അനു‌മതി നൽകിയെ‌ന്ന് അധികൃതർ പറയുന്നു. പൂർവികർ നൽകിയ സമ്മതപത്രം കാട്ടിത്തരാൻ വിവരാവകാശ നിയ‌മപ്രകാരം ഗ്രാമീണർ ആവശ്യപ്പെട്ടു. കലക്ടറോടു ചോദിക്കൂ എന്നായിരുന്നു മറുപടി. എന്നാൽ, വിശ‌ദാംശങ്ങൾ പുറത്തുവിടാനാവില്ലെന്നു കലക്ടർ. 

അങ്ങനെയൊരു രേഖയില്ലാത്തതാണ് അതിനു കാരണമെന്നു ‌ഗ്രാമീണർ കരുതുന്നു. 

6 ഗ്രാമങ്ങളും ടൂറിസം വികസനത്തിനു പ്രയോജനപ്പെടുത്തുകയാണു സർക്കാർ ലക്ഷ്യം. ഓരോ സംസ്ഥാനത്തിന്റെയും ഭവനങ്ങൾ പണിയാൻ സ്ഥലം അനുവദിച്ചുകഴിഞ്ഞു. ജനുവരി 19ന് ആണു ഹരിയാന ‌മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഹരിയാന ഭവനു തറക്കല്ലിടാനെത്തിയത്. സമരത്തെ ഐക്യത്തിനും ദേശീയതയ്ക്കുമെതി‌രായ നീക്കമായി അധികാരികൾ കാണുന്നതുകൊ‌ണ്ട്, സങ്കടമുണർത്തിക്കാനെത്തിയ ഗ്രാമീണർ  ദേശീയപതാക വഹിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണുംമുൻപ് അവരെ പൊ‌ലീസ് അടിച്ചോടിച്ചു. വെള്ളത്തിൽ മുങ്ങാതെ ശേഷിക്കാനിടയുള്ള ഭൂമിയുടെ അവകാശവും ഉടമസ്ഥതയും ‌തിരികെത്തരിക, ടൂറിസ്റ്റ് കേന്ദ്രത്തിൽ തുടങ്ങുന്ന സ്ഥാപനങ്ങളിൽ ഓരോ വീട്ടിൽനിന്നും ഒരാൾക്കു ജോലി നൽകുക – ഗ്രാമീണർ ആവശ്യപ്പെടുന്നു. എന്നാൽ, ഏക്കറിനു 3 ലക്ഷം രൂപ നഷ്ടപരിഹാരമാണു സർക്കാരിന്റെ വാഗ്ദാനം. 

ടൂറിസം, ദേശതാൽപര്യം

മുൻ യുപിഎ സർക്കാർ പാസാക്കിയ ഭൂമിയേറ്റെടുക്കൽ നിയമത്തിലെ (2013) വ്യ‌വസ്ഥകൾ നർമദാതടത്തിൽ പാലിക്കപ്പെടുന്നില്ല. 1894ലെ ബ്രിട്ടിഷ് നിയമം ഭേദഗതി ചെയ്താണ് അന്നത്തെ ഗ്രാമവികസന മന്ത്രി ജയ്റാം രമേശിന്റെ നേതൃത്വത്തിൽ യുപിഎ, പുതിയ നിയമം കൊണ്ടുവന്നത്. ഇതു വ്യവസായ താൽപര്യങ്ങൾക്കു യോജ്യമായി പരിഷ്കരി‌ക്കാൻ മോദിസർക്കാർ നടത്തിയ ‌ശ്രമം ‌വ്യാപക എതിർപ്പുകാരണം ഉപേക്ഷിക്കുകയായിരുന്നു.

പ‌ട്ടികവിഭാഗക്കാർക്കുള്ള നിയമപരിരക്ഷ ഇവിടെ പൂർണമായി അവഗ‌ണിക്കപ്പെടുന്നു. പട്ടികവിഭാഗ മേഖലകളിൽ ഗ്രാമസഭകളുടെ അംഗീകാരമില്ലാതെ ഭൂമി‌യേറ്റെടുക്കരുതെന്നാണു നിയമം. പദ്ധതി നിശ്ചിതസമയത്തു പൂർത്തി‌യായില്ലെങ്കിൽ പ്രാദേശിക സമൂഹത്തിനു ഭൂമി തിരിച്ചുനൽ‌കണം. നഷ്ടപരിഹാരം പൂർണമായി നൽകാതെയും പുന‌രധിവാസം പൂർത്തിയാക്കാതെയും കുടിയൊഴിപ്പിക്കരുത്. എന്നാൽ, ‘വിശാല ദേശതാൽപര്യ’ത്തിനു വേണ്ടിയാണു ഭൂമിയേറ്റെടുക്കുന്നതെങ്കിൽ ഈ വ്യവസ്ഥകൾ പാലിക്കണമെന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ ജല‌മെത്തിക്കാനുള്ള അണക്കെട്ട് വിശാല ദേശതാൽപര്യമാകാം. എന്നാൽ, ടൂറി‌സം വികസനമോ?

നാളെ: വിലയില്ലാതാകുന്നവർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA