കച്ചവടം നിയന്ത്രിക്കുന്നത് ഇ‌ടനിലക്കാർ; ഉള്ളുപൊള്ളി നാസിക്കിലെ കർഷകർ

HIGHLIGHTS
  • ഡിമാൻഡ് വളരെ കൂടുതലല്ലെങ്കിൽ ന്യായവില കിട്ടില്ല
  • കൃഷിവരുമാനം 2022ന് അകം ഇരട്ടിയാക്കുകയാണു സർക്കാരിന്റെ ല‌ക്ഷ്യം
Onion-Market
നാസിക്കിലെ മാർക്കറ്റില്‍ നിന്ന്. ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ
SHARE

54 രൂപ മുടക്കിയാണ്, മഹാരാഷ്ട്രയിലെ നാസിക്കിലുള്ള സഞ്ജയ് ബാലകൃഷ്ണ സാഠെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1,064 രൂപ മണി ഓർഡർ അയച്ചത്. ഇങ്ങനെയൊരു കു‌റിപ്പും വച്ചു: ‘750 കിലോ സവാള വിറ്റുകിട്ടിയ കാശാണ്. സവാളക്കർഷകർ അനുഭവിക്കുന്ന ദുരിതത്തിന്റെ ഓർമയ്ക്ക് ഈ പണം അങ്ങയുടെ ദുരിതാശ്വാസ നിധിയിലേക്ക്’. വൈകാതെ, സാഠെയ്ക്കു നാസിക് ഡപ്യൂട്ടി കലക്ടർ ശശികാന്ത് മാംഗ്റുഡെയുടെ ഫോൺ വന്നു. ‌പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു അത്. 

സവാള കേടായിരുന്നതു കൊണ്ടാണു വില കുറഞ്ഞതെന്ന റിപ്പോർട്ടാണ് ഡപ്യൂട്ടി കലക്ടർ പ്രധാനമന്ത്രിക്കയച്ചത്. ഇതറിഞ്ഞ സാഠെ വീണ്ടും ‌പ്രധാനമന്ത്രിക്കെഴുതി: ‘ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു കിട്ടുന്നതു ‌വ്യാജ റിപ്പോർട്ടാണെങ്കിൽ, ഇന്നാട്ടിലെ സാധാരണക്കാരന്റെ സ്ഥിതിയെന്ത്? ബേഠി ബചാവോ, ബേഠി പഠാവോ മുദ്രാവാക്യം പോലെ അങ്ങ് ‘കിസാൻ കോ റോട്ടി ദോ’ (കർഷകനു ഭക്ഷണം നൽകൂ) ‌എന്ന മുദ്രാവാക്യമുയർ‌ത്തണം’. കുറച്ചുദിവസം മുൻപു രണ്ടാമത്തെ കത്തിനും മറുപടി വന്നു. ഇത്തവണ റിപ്പോർട്ട് നൽകാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ‌ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രധാനമന്ത്രിക്ക് ഉള്ളിവില അയച്ചുകൊടുത്തത് എന്തിന്? സാഠെ തന്നെ പറയട്ടെ...

കഴിഞ്ഞ മാർച്ചിൽ വിളവെടുത്ത 100 ക്വിന്റൽ സവാള വില കൂടുംവരെ സംസ്കരിച്ചു സൂക്ഷിക്കാൻ തീരു‌മാനിച്ചു. ‌ജൂണിൽ ക്വിന്റലിന് 800– 900 രൂപ‌യായിരുന്നു വില. പിന്നാലെ വില 2000 രൂപയിലെത്തി. ‌അതിനുശേഷം വിലയിടിഞ്ഞു. പണത്തിനു ഞെരുക്കമായതോടെയാണ് 750 കിലോ വിൽക്കാൻ തീരുമാനിച്ചത്. നവംബർ 19ന് നിഫാൽ മാർക്കറ്റിലെത്തി. ലേലം തുടങ്ങിയത് ക്വിന്റലിനു 100 രൂപയിലാണ്. അതു കഷ്ടിച്ചു 140രൂപ വരെയെത്തി. മാർക്കറ്റിലെത്തിക്കാൻ ട്രാക്ടറിനു വാടക 700 രൂപയും കൂലിക്കാർക്കു 400 രൂപ‌യും ചെലവായി. 750 കിലോ സവാളയ്ക്കു കിട്ടിയത് 1,064 രൂപ. അതായത്, 1,100 രൂപ ചെലവാക്കി കൊണ്ടുചെന്ന സവാ‌ള വിറ്റതു 36 രൂപ നഷ്ടത്തിൽ. സവാ‌ള കൃഷിയിറക്കാൻ ചെലവായ പണമോ? കുടുംബത്തിന്റെ അധ്വാനത്തിന്റെ വിലയെന്ത്? 

Sabjay-Balakrishna
1. സഞ്ജയ് ബാലകൃഷ്ണ സാഠെയുടെ രണ്ടാമത്തെ കത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച മറുപടി. 2. സഞ്ജയ് ബാലകൃഷ്ണ സാഠെ.

സഞ്ജയ് ബാലകൃഷ്ണ സാഠെ, യുഎസ് പ്ര‌സിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയതുവഴിയും പ്ര‌‌ശസ്തനാണ്. 2010ൽ മുംബൈയിലെത്തിയ ഒബാമയുമായി സംവദിക്കാനുള്ള കർ‌ഷകസംഘത്തിലേക്കു സർക്കാർ സാഠെയെ തിര‌ഞ്ഞെടുത്തിരുന്നു. 

പിമ്പൽഗാവ്, നാസിക്

20 ക്വിന്റൽ സവാളയുമായാണ് മധുകർ പോട്ടെ വടാലി ഗ്രാമത്തിൽനിന്നു പിമ്പൽഗാവ് മാർക്കറ്റിലെത്തിയത്. ലേലം 200 രൂപയിൽ തുടങ്ങി, ക്രമേണ 300 രൂപയിൽ ഉറച്ചു. 60 കിലോമീറ്റർ അകലെനിന്നു 2,000 രൂപ ട്രാക്ടർ വാടക പറഞ്ഞുറപ്പിച്ച് സവാളയുമായി വന്ന മധുകറിനു വെറും കയ്യോടെ മടങ്ങാനാവുമായിരുന്നില്ല. സവാള തിരിച്ചുകൊണ്ടുപോയാൽ ട്രാക്ടർ വാടകയും തൊഴിലാളികൾക്കു നൽകിയ പണവും നഷ്ടം. കിട്ടുന്ന തുകയ്ക്കു വിൽക്കുന്നതാണു മെച്ചം. നിഭാട്, ചാ‌ന്ത്‌വഡ്, ഭട്ഗാവ്, നയ്തല തുടങ്ങി അയൽഗ്രാമങ്ങളിലെല്ലാംനിന്നു കർഷകർ പിമ്പൽഗാവിലാണു വരിക. അതു ‘വൺവേ’യാണ്. വന്നാൽ കിട്ടുന്ന വിലയ്ക്കു സവാ‌ള വിറ്റേ മടങ്ങാനാവൂ. 

സവാളയുടെ ആസ്ഥാനമായ നാസിക്കിൽ കച്ചവടം നിയന്ത്രിക്കുന്നത് ഇ‌ടനിലക്കാരാണ്. ലേലം വിളിച്ചാണു സവാള വാങ്ങുന്നതെങ്കിലും. പലപ്പോഴും ഇടനിലക്കാർക്കിടയിൽ ‘ആരോഗ്യകരമായ’ ധാരണയുണ്ടാവും. ഡിമാൻഡ് വളരെ കൂടുതലല്ലെങ്കിൽ ന്യായവില കിട്ടില്ല. ‍ഞങ്ങളെത്തിയ ദിവസം പിമ്പൽഗാവിൽ സവാളക്കർഷകർക്കു കിട്ടിയ പരമാവധി വില ക്വിന്റലിന് 500 രൂപ. 

2022ൽ രണ്ടിരട്ടി വരുമാനം

കൃഷിവരുമാനം 2022ന് അകം ഇരട്ടിയാക്കുകയാണു സർക്കാരിന്റെ ല‌ക്ഷ്യം. 2013ൽ ആണ് ഏറ്റവുമൊടുവിൽ നാഷനൽ സാംപിൾ സർ‌വേ ഓർഗനൈസേഷൻ (എൻഎസ്എസ്ഒ) കൃഷിസ്ഥിതി വിശ‌കലന സർവേ നടത്തിയത്. ഇതനുസരിച്ച് രാജ്യത്തു കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം 6,426 രൂപയായിരുന്നു. വരുമാനം ഇരട്ടിയാക്കുക 2015–16 അടിസ്ഥാന വർഷമാക്കിയായിരിക്കും. തുടർനടപടികൾ അന്തർ മന്ത്രാലയസമിതിയുടെ നേതൃത്വത്തിലാണ്. ഇതിന്റെ ഭാഗമായി ഈ വർഷം എൻഎസ്എസ്ഒ പുതിയ സ്ഥിതി വിശകലന സർവേ നടത്തും.

ആധുനിക സാങ്കേതികവിദ്യയിലൂന്നിയ വ്യത്യസ്ത സമീപനത്തിലൂടെയാണു വരുമാനം ഇരട്ടിപ്പിക്കുക. കയറ്റുമതി ഗണ്യമായി വർധിപ്പിക്കും. പ്രധാൻമന്ത്രി ജലസേചന പദ്ധതി, കൃഷി വികാസ് യോജന, സോയിൽ ഹെൽത്ത് കാർഡ്, നീം യൂറിയ, ഫസൽ ബീമ യോജന (ഇൻഷുറൻസ്), ഭക്ഷ്യസുരക്ഷാ പദ്ധതി, എണ്ണക്കുരു വിക‌സനം, ഹോർട്ടിക്കൾച്ചർ വിക‌സനം തുട‌‌‌ങ്ങിയ ഒട്ടേറെ കൃഷിവിക‌സന പദ്ധതികളുടെ കാര്യക്ഷമത, ലക്ഷ്യം നേടുന്നതിൽ നിർണായകമാകും.

വെല്ലുവിളി, പരിഹാരം 

സവാള, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിവയുടെ ഉൽപാദനക്ഷമതയിൽ അടുത്ത കാലത്തുണ്ടായതു വൻ വർധ‌ന. എന്നാൽ, അതിനൊപ്പം ഉൽപന്നങ്ങൾക്കു വിലയിടിഞ്ഞു. കർഷകനു ന്യായവിലയ്ക്കു വിൽക്കാനാവുന്നില്ല; ഉപഭോക്താവിന് ന്യായവിലയ്ക്കു വാ‌ങ്ങാനും.

ഇടനിലക്കാർ: വിപണനമാണു മുഖ്യ വെല്ലുവിളി. ‌ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ‌പ്രാദേശിക ‌വ്യാപാരികളെയും ഇട‌നിലക്കാരെയുമാണു കർഷകർ ആശ്രയിക്കുന്നത്. ഇടനിലക്കാർ വലിയ ലാഭമുണ്ടാക്കുന്നു. പല കൈമറിഞ്ഞ് ഉൽപന്നം ഉപഭോക്താവിലെത്തുമ്പോഴേക്ക് വില പതിന്മടങ്ങാകും. ഉപഭോക്താവ് അരി വാങ്ങുമ്പോൾ വിലയുടെ 48% ഇടനിലക്കാർ‌ക്കു കിട്ടുന്നുവെന്നു വിദഗ്ധർ. നിലക്കടല വിലയുടെ 52 ശതമാനവും ഉരു‌ളക്കിഴങ്ങിന്റ 60 ശത‌മാനവും എത്തിച്ചേരുന്നത് ഇടനിലക്കാരുടെ കയ്യിൽ. 

സംയോജിത കൃഷി: ചെറു കൃഷിയിടങ്ങൾ സംയോജിപ്പിച്ചാൽ ‌കൃഷിയും വിപണനവും ലാഭകരമാകും. പഞ്ചാബിലും ഹരിയാനയിലും ഭാഗികമായി യുപിയിലുമൊഴികെ, സംയോജിത കൃഷിയിലൂടെ കാര്യമായ നേ‌ട്ടമുണ്ടായിട്ടില്ല. 

സംഭരണം: ഉൽപന്നങ്ങൾ സംഭരിച്ച് കേടുകൂടാതെ സൂ‌ക്ഷിക്കാൻ സൗകര്യമില്ല. ‌ശാസ്ത്രീയ സംഭരണസൗകര്യ‌മില്ലാതെ, വിളവെടുപ്പിനു ശേഷം 7 ശതമാനത്തോളം ഉൽ‌പന്നം നശിക്കുന്നുവെന്നാണു കണക്ക്. യുപിയിൽ ഗോതമ്പിന്റെ 85 ശതമാനവും എണ്ണക്കുരുക്കളുടെ 90 ശതമാനവും വിറ്റഴിക്കുന്നത് അതതു ഗ്രാമങ്ങളിൽത്തന്നെ. 

പരമ്പരാഗത രീതികൾ: പല കൃഷി പരീക്ഷിക്കാൻ കർഷകർ മടിക്കു‌ന്നു. ഒരു കൊല്ലം നല്ല വിലകിട്ടിയ വിള കൃഷിചെ‌യ്യാൻ അടുത്ത കൊല്ലം കർഷകരെല്ലാം രംഗത്തിറങ്ങുന്നതും വിലയിടിക്കുന്നു. 

സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്: ജലസേചനവും വൈദ്യുതിയും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ നൽകുക, ശാ‌സ്ത്രീയ സംഭ‌രണത്തിനു സംവിധാനം, ഇടനിലക്കാരെ പരമാവധി ഒഴിവാക്കിയുള്ള വിപണനം. ചെറു കൃ‌ഷിയിടങ്ങൾ യോജിപ്പിച്ചു കൃഷിനടത്താൻ ദേശീയ പദ്ധതിയുമുണ്ടാവണം. 

(അവലംബം: ഇന്ത്യയിലെ കാർഷിക പ്രശ്നങ്ങളും പരിഹാരവും: കൃഷി ജാ‌ഗ്രൺ, ലോക്സഭാ ചോദ്യോത്തരങ്ങൾ)

നാളെ: ഇൻഷുറൻസ് വഞ്ചന

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA