sections
MORE

അനാഥവാർധക്യമല്ല തിരിച്ചുനൽകേണ്ടത്

SHARE

അരക്ഷിതരായ മുതിർന്ന പൗരന്മാർക്കുവേണ്ട പരിരക്ഷയും പരിഗണനയും നൽകുന്നതിൽ നാമെത്ര ശ്രദ്ധിക്കുന്നുണ്ട് എന്ന ചോദ്യത്തിൽത്തന്നെയുണ്ട് എത്രയോ അനാഥവാർധക്യങ്ങളുടെ ആധിയും സങ്കടങ്ങളും ഏകാന്തതയുമൊക്കെ. അതുകൊണ്ടുതന്നെ, മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കും പീഡിപ്പിക്കുന്നവർക്കും ആറു മാസം തടവും 10,000 രൂപ വരെ പിഴയും ശിക്ഷ നൽകാവുന്ന നിയമഭേദഗതിക്കു കേന്ദ്രസർക്കാർ ഒരുങ്ങുമ്പോൾ അതു കാലം ശരിവയ്ക്കുന്നു. 

കേരളത്തിലെ ജനസംഖ്യയിൽ 42 ലക്ഷത്തോളം പേർ വയോജനങ്ങളാണ്. 2050 ആകുമ്പോഴേക്കും അവരുടെ സംഖ്യ ഒരു കോടിയോളമാകുമെന്നാണു നിഗമനം. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് കേരളത്തിലെ അനാഥ വൃദ്ധപരിചരണ കേന്ദ്രങ്ങളിലെ അന്തേവാസികളുടെ എണ്ണം 15,000ൽനിന്ന് 23,823 ആയിക്കഴിഞ്ഞു. ഇവരിൽ മിക്കവരുടെയും മക്കൾ ജീവിച്ചിരിക്കുന്നുണ്ടെന്നുകൂടി നാം അറിയണം. സ്വത്തെല്ലാം കൈക്കലാക്കിയശേഷം മക്കൾ ഇറക്കിവിട്ട മാതാപിതാക്കൾ ഒട്ടേറെയുണ്ട് നമ്മുടെ വൃദ്ധസദനങ്ങളിൽ. വളർത്തിവലുതാക്കി ജീവിതം നൽകിയവർക്ക് ഈ അനാഥവാർധക്യമാണോ മക്കൾ തിരിച്ചുനൽകേണ്ടത്?

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കും പീഡിപ്പിക്കുന്നവർക്കും നിലവിൽ, മൂന്നു മാസം തടവും 5000 രൂപയുമാണ് ശിക്ഷ. ഇതടക്കം 2007ലെ, മെയ്ന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് ഭേദഗതി ചെയ്യാനുള്ള കരടുരേഖ സാമൂഹികനീതി മന്ത്രാലയം തയാറാക്കിക്കഴിഞ്ഞു. ഇതുപ്രകാരം ഭക്ഷണം, താമസം, വസ്ത്രം, ചികിത്സ എന്നിവയ്ക്കു പുറമേ, രക്ഷിതാക്കളുടെയും മുതിർന്നവരുടെയും സുരക്ഷയും മക്കളുടെ ചുമതലയിൽപ്പെടും. ജീവനാംശ പരിധി നിശ്ചയിച്ചിരുന്നതിലും പുതിയ ഭേദഗതിപ്രകാരം മാറ്റം വരുന്നുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളിൽനിന്നു ജീവനാംശംതേടി മുതിർന്ന പൗരന്മാർ സമർപ്പിക്കുന്ന പരാതികളുടെ എണ്ണം കേരളത്തിൽത്തന്നെ ഇരട്ടിയായിക്കഴിഞ്ഞു. 

വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കാൻ തയാറാകാത്ത മക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ ഉത്തരവുണ്ടായത് ഈയിടെയാണ്. കണ്ണൂർ സ്വദേശിയിൽനിന്ന് മന്ത്രി കെ.കെ.ശൈലജയ്ക്കു ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ഉത്തരവ്. ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ബന്ധുക്കളെ കണ്ടെത്തണമെന്നും വൃദ്ധസദനങ്ങളിൽ താമസിക്കുന്ന മാതാപിതാക്കളെ തിരികെ ബന്ധുക്കളുടെ അടുത്തെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ സാമൂഹികനീതി ഓഫിസർമാർക്കും ആർഡിഒമാർക്കും ടെക്നിക്കൽ അസിസ്റ്റന്റുമാർക്കുമുള്ള ഉത്തരവിൽ പറയുന്നുണ്ട്. 

മക്കളുള്ളവർക്കു വൃദ്ധമന്ദിരങ്ങളിൽ പ്രവേശനം നൽകരുതെന്ന നിബന്ധന ഉണ്ടെങ്കിലും മക്കളുള്ളവരാണ് ഇവിടങ്ങളിൽ എത്തുന്നവരിൽ ഭൂരിഭാഗവും. മക്കൾക്കെതിരെ കേസിനു പോകാൻ മാതാപിതാക്കൾ തയാറാകാത്തതിനാൽ പലപ്പോഴും ഉപേക്ഷിക്കപ്പെട്ടവർക്കു കിട്ടേണ്ട ന്യായമായ സംരക്ഷണവും നീതിയും ലഭിക്കാറുമില്ല. തങ്ങളെ സംരക്ഷിക്കുന്നില്ലെന്നു തോന്നിയാൽ, മക്കൾക്കു നൽകിയ സ്വത്ത് മാതാപിതാക്കൾക്കു തിരികെ എടുക്കാമെന്നുള്ള ബോംബെ ഹൈക്കോടതി വിധി വന്നതു കഴിഞ്ഞ ജൂലൈയിലാണ്. അന്ധേരി സ്വദേശിയായ മുതിർന്ന പൗരൻ തന്റെ ഫ്ലാറ്റിന്റെ 50 ശതമാനം ഉടമസ്ഥാവകാശം മകനു നൽകിയതു തിരിച്ചെടുത്തിരുന്നു. ഇതിനെതിരെ മകൻ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. 

ഒറ്റയ്‌ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിൽ സർക്കാരിന്റെ പ്രത്യേകശ്രദ്ധ ഉണ്ടാവേണ്ടതുമുണ്ട്. തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനാവും. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും തദ്ദേശ സ്വയംഭരണ വകുപ്പ് വയോജന ജാഗ്രതാസമിതി രൂപീകരിക്കുന്നതു പ്രതീക്ഷ തരുന്നു. വയോജനങ്ങൾക്കു നേരെയുണ്ടാകുന്ന സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം, അതിക്രമങ്ങൾ എന്നിവയാവും ജാഗ്രതാസമിതി ഇടപെട്ടു പരിഹരിക്കുക.  

മക്കളുണ്ടായിട്ടും അനാഥരാക്കപ്പെട്ടവരുടെ വിങ്ങലും വിലാപവും കേൾക്കാതെ, അതിനു പരിഹാരം കാണാതെ  പൊതുസമൂഹത്തിനും സർക്കാരിനും മുന്നോട്ടുപോകാനാകില്ലെന്നു തീർച്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA