ADVERTISEMENT

പിയാനോ വായിക്കാനുള്ള മകന്റെ കഴിവിനെ അമ്മ പരമാവധി പ്രോൽസാഹിപ്പിക്കുമായിരുന്നു. ഒരിക്കൽ, പ്രശസ്തനായ പിയാനോ കലാകാരന്റെ പ്രോഗ്രാമിന് അമ്മ മകനെ കൊണ്ടുപോയി. 

ഹാളിനകത്തു കയറി പരിചയക്കാരുമായി സംസാരിച്ചിരുന്ന അമ്മയുടെ ശ്രദ്ധയിൽപെടാതെ മകൻ സ്റ്റേജിലേക്ക് ഓടിക്കയറി. പരിപാടി തുടങ്ങാനായി ഹാളിനുള്ളിലെ വെളിച്ചമണച്ചു. സ്റ്റേജിലെ സ്‌പോട്‌ലൈറ്റിനു താഴെയിരുന്ന് അവൻ പിയാനോ വായിക്കാൻ തുടങ്ങി. ആളുകൾ ദേഷ്യത്തോടെ വിളിച്ചുപറഞ്ഞു, ആ കുട്ടിയെ എടുത്തുമാറ്റൂ. 

ബഹളം കേട്ടെത്തിയ സംഗീതജ്‌ഞൻ അമ്പരന്നിരിക്കുന്ന കുട്ടിയെക്കണ്ടു. അയാൾ അവനോടു പിയാനോ വായിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹവും ഒപ്പംകൂടി. പിന്നെ, മണിക്കൂറുകൾനീണ്ട സംഗീതമഴ. 

വളരുന്നവരല്ല വളർത്തുന്നവരാണ് വഴിയൊരുക്കുന്നത്. വളരാൻ സ്വയമറിഞ്ഞ്, പരിസരമറിഞ്ഞു പരിശ്രമിച്ചാൽ മതി. വളർത്താൻ, തനിക്കുമീതെ അപരനെ കാണാനുള്ള വിശാലഹൃദയമുണ്ടാകണം. തനിക്കു താഴെയുള്ളവരിൽനിന്നു തന്നെക്കാൾ ശേഷിയുള്ളവരെ തിരിച്ചറിയാനും തനിക്കുശേഷം തന്നെക്കാൾ മികവുള്ളവരായി അവരെ മാറ്റിയെടുക്കാനും സാധിക്കുന്നവരാണ് കഴിവിന്റെ തുടർച്ച സാധ്യമാക്കുന്നത്. സ്വയം വളരുന്നവർ ചരിത്രം സൃഷ്‌ടിച്ചേക്കാം; മറ്റുള്ളവരെ വളർത്തുന്നവർ ഭാവി സൃഷ്‌ടിക്കും. 

പ്രകമ്പനം സൃഷ്‌ടിക്കുന്നവരല്ല, പ്രചോദനം നൽകുന്നവരാണ് യഥാർഥ പ്രതിഭകൾ. തുടക്കക്കാരെയും ശരാശരിക്കാരെയും അവഗണിക്കുന്നവരോട് – എല്ലാ പ്രതിഭകളും ഒരിക്കൽ തമസ്കരിക്കപ്പെട്ടവരായിരുന്നു. തിരിച്ചറിവും തന്റേടവും ഇല്ലാത്തപ്പോൾ ലഭിക്കുന്ന തിരസ്കരണങ്ങൾ‌, തളിരിടുന്ന സ്വപ്‌നങ്ങളെയെല്ലാം തകർത്തു തരിപ്പണമാക്കും. എന്നാൽ, അപ്രതീക്ഷിതമായി ലഭിക്കുന്ന കയ്യടിയിൽനിന്ന് അദ്ഭുതങ്ങൾ സൃഷ്‌ടിക്കപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com