ലോകകേരള മുലയൂട്ടൽ

Tharangangalil
SHARE

വികസനം ഊട്ടിയുറപ്പിക്കാനുള്ള ഒരു വഴി സർക്കാർ ഓഫിസുകളിൽ മുലയൂട്ടൽമുറിയുണ്ടാക്കുകയാണ് എന്നതിൽ നമുക്കു സംശയമില്ല. 

ഈയിടെ നമ്മുടെ ഒരു ജില്ലാ കലക്ടറേറ്റിൽ മുലയൂട്ടൽമുറി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു: മുലയൂട്ടൽ മുറിയിൽ തൊട്ടിൽകൂടി വേണം.

അതു മതിയോ? ആ മുറിയിൽ ഒരു കട്ടിൽകൂടി വേണ്ടേ? കിടന്നുകൊണ്ട് മുലയൂട്ടുന്ന ശീലമുള്ള അമ്മമാർക്ക് അതിനുള്ള സൗകര്യം ഒരുക്കണ്ടേ?

കുഞ്ഞിന്റെ അമ്മയ്ക്കു ശുചിമുറിയിൽ പോകേണ്ടിവന്നാൽ ആ സമയം കുഞ്ഞിനെ നോക്കാനൊരു ആയ വേണ്ടേ? 

മുലകുടി മാറാത്ത കുഞ്ഞുമായി ഒരു സ്ത്രീക്കു ബസിലോ ഓട്ടോറിക്ഷയിലോ ഒറ്റയ്ക്കു യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ആർക്കാണറിയാത്തത്? കൈക്കുഞ്ഞുമായി മകൾ തനിയെ യാത്ര ചെയ്യേണ്ടതില്ലെന്നു വിചാരമുള്ള അമ്മയ്ക്കോ അമ്മായിയമ്മയ്ക്കോ കൂടിയുള്ള സൗകര്യങ്ങൾ മേൽപടി മുറിയിൽ ഒരുക്കണ്ടേ? 

സർക്കാർ ഓഫിസാണെന്നും ഭരണയന്ത്രം ചുറ്റിത്തിരിയുകയാണെന്നും തിരിച്ചറിയാൻ പ്രായമാകാത്ത കുഞ്ഞ് ഉറക്കെയുറക്കെ കരയാതിരിക്കാൻവേണ്ട കളിപ്പാട്ടങ്ങൾ ആ മുറിയിൽ വേണ്ടേ? ഫയൽ കെട്ടുന്ന ചുവപ്പുനാട അഴിച്ചെടുത്ത് എത്ര ഭംഗിയായി ആട്ടിക്കാണിച്ചാലും കുഞ്ഞുങ്ങൾ കരയാതിരിക്കുമെന്നു തോന്നുന്നില്ല. 

മുലപ്പാൽ കുടിക്കുമ്പോൾ‌ പാട്ടു കേൾക്കണമെന്നു നിർബന്ധമുള്ള കുഞ്ഞുങ്ങളുണ്ടാവും. അവരുടെ കാര്യം സർക്കാർ നോക്കണ്ടേ? 

മുലയൂട്ടൽ മുറിയിൽ താരാട്ടോ മറ്റു ഗാനങ്ങളോ കേൾപ്പിക്കാനുള്ള ശബ്ദസംവിധാനങ്ങൾ വേണ്ടേ? എല്ലാ മുലയൂട്ടൽ മുറിയിലും ഓരോ ലൈവ് പാട്ടുകാരിയെ നിയമിക്കാമെന്നുണ്ടെങ്കിൽ തൊഴിലില്ലായ്മ അത്രയും മാറിക്കിട്ടും. ഭരിക്കുന്ന പാർട്ടിയിൽനിന്നാണ് അത്രയും പേർക്കു തൊഴിൽ കിട്ടുക എന്നോർക്കണം. മതിൽ കെട്ടാൻ പോയ സ്ത്രീകൾക്കു മുൻഗണന നൽകുകപോലും ചെയ്യാം. 

മുലയൂട്ടൽമുറി സ്ഥാപിക്കുന്നതോടെ രാജ്യാന്തര നിലവാരത്തിലെത്തുന്ന നമ്മുടെ സർക്കാർ ഓഫിസുകളിൽ എവിടെയെല്ലാം പൊതുജനങ്ങൾക്കായി വൃത്തിയുള്ള ശുചിമുറികളുണ്ടെന്നു ചോദിക്കരുത്.  

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യുന്ന മുലയൂട്ടൽമുറികളിൽ മുലയൂട്ടാൻ എത്ര സ്ത്രീകൾ വരുന്നുണ്ട് എന്നൊരു ചോദ്യം ബാക്കിയാവുന്നു. മുലയൂട്ടുന്ന അമ്മമാരെ കൈക്കുഞ്ഞുമായി സർക്കാർ ഓഫിസുകളിലേക്കു പറഞ്ഞുവിടുന്ന എത്ര കുടുംബങ്ങളുണ്ടാവും േകരളത്തിൽ?

കലക്ടറേറ്റിന്റെ സർവ മൂലയിലും കയറിയിറങ്ങി ജനസേവനം നിർവഹിക്കുന്ന ഒരു യൂണിയൻ നേതാവിനോട് അപ്പുക്കുട്ടൻ ചോദിച്ചു: ഈ കലക്ടറേറ്റിൽ ഒരുദിവസം കൈക്കുഞ്ഞുമായി എത്ര സ്ത്രീകൾ വരുന്നുണ്ട്?

ദിവസമോ? ഒരു കൊല്ലം മുഴുവൻ നോക്കിയാലും അങ്ങനെയാരെയും കണ്ടുകിട്ടാൻ പോകുന്നില്ല. 

ഭാഗ്യമുണ്ടെങ്കിൽ, മന്ത്രി ഉദ്ഘാടനം ചെയ്ത മുലയൂട്ടൽമുറി പൂട്ടിയ താഴ് രാജ്യാന്തരതാളത്തിൽ ആടുന്നത് നമുക്കു താമസിയാതെ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA