അടയ്ക്കുന്നത് നിക്ഷേപം; കർഷകന് കിട്ടുന്നത് ചതിയുടെ കവറേജ്!

SHIV-UDHA-WITH-WIFE
ശ‍ിവ ഉദയും ഭാര്യയും വീടിനു മുന്നിൽ. ചിത്രം: മനോരമ
SHARE

രാജസ്ഥാനിലെ ഉദയ്പുരിനടുത്തു ജാമർ കോട്ടട ഗ്രാമത്തിലെ ശിവ ഉദ, 2016 ഡിസംബറിൽ സ്ഥലത്തെ ബാങ്കിലെത്തിയത് ഭൂമിയേറ്റെടുത്തതിനു സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക നിക്ഷേപിക്കാനാണ്. ഖനിക്കു വേണ്ടി രാ‌ജസ്ഥാൻ  മൈൻസ് ആൻഡ് മിനറൽസ് (ആർഎസ്എംഎം) ശിവയുടെ മൂന്നു ബിഗ ഭൂ‌മി ഏറ്റെടുക്കുകയായിരുന്നു. 6.2 ലക്ഷം രൂപ ഒരു വർഷത്തേക്കാണു നിക്ഷേപിക്കേണ്ടിയിരുന്നത്. അതിനുശേഷം, മറ്റൊരു കൃഷിയിടം വാങ്ങണം. വേണ്ട കടലാസുകൾ  ബാങ്ക് തയാറാക്കി. തിരിച്ചറിയലിനു ശിവ ബിപിഎൽ കാർഡ് ഹാജരാക്കി. 

ഏതാനും ദിവസങ്ങൾക്കുശേഷം നിക്ഷേപരേഖ വാങ്ങാൻ ശിവ ബാങ്കിലെത്തി. രേഖ നൽകുന്നതിനു മുൻപ് ശിവയുടെ മൊബൈൽ ഫോണിൽ വന്ന ‘കൺഫർമേഷൻ കോളി’നു മറുപടി നൽകിയതും ‌ബാങ്ക് ജീവനക്കാർ തന്നെയാണ്. 2017 മേയിൽ നഷ്ടപരിഹാരത്തിന്റെ രണ്ടാം ഗഡുവായ ഒരു ല‌ക്ഷം രൂപ കൂ‌‌ടി ബാങ്കിൽ നിക്ഷേപിച്ചു. വാങ്ങാൻ യോജിച്ച കൃഷിയിടം കണ്ടെത്തിയതിനു പിന്നാലെ ‌ബാങ്കിലെത്തിയ ‌ശിവ, ഞെട്ടിക്കുന്ന സത്യമറിഞ്ഞു. തനിക്ക് 5 ‌ലക്ഷം രൂപ‌യേ നിക്ഷേപമുള്ളൂ. ബാക്കി, ആവ‌ശ്യപ്പെടാത്ത ലൈഫ് ഇൻഷുറൻസ് പോളി‌സിയുടെ പ്രീമിയമായിരിക്കുന്നു. ആദ്യം ‌നിക്ഷേപിച്ച തുകയിൽനിന്ന് ഒരു ലക്ഷം പ്രീമിയത്തിന്റെ ആദ്യ ഗഡുവായി. രണ്ടാമതു നി‌‌ക്ഷേപിച്ച ഒരു ലക്ഷം രണ്ടാം ഗഡുവും. 

വിദ്യാഭ്യാസമില്ലാത്ത ശിവയ്ക്ക് 10–ാം ക്ലാസ് വിദ്യാഭ്യാസമുണ്ടെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ബിപിഎൽ കാർഡ് ഉടമയാണെന്നു രേഖ‌പ്പെടുത്താതെ വരുമാനം കൂട്ടിക്കാണിച്ചു. ശിവ ഗോതമ്പുകൃഷിക്കാരനാണ്. ഖനിയിൽ 7,000 രൂപ മാസശമ്പളത്തിൽ താൽക്കാലിക ജോലിയുമുണ്ട്. ബാങ്ക് ഒരുക്കിയ കെണിയിൽനിന്നു ശിവ ഉദയെ രക്ഷിച്ചത് നിതിൻ ബാൽചന്ദാനിയാണ്. ‌ഗ്രാമത്തിലെ പൊതുപ്രവർത്തകനായ ദേവിലാൽ, കർഷർക്കുവേണ്ടി സന്നദ്ധ സേവനം നടത്തുന്ന നിതിന്റെ പക്കൽ ശിവയെ എത്തിക്കുകയായിരുന്നു. നിതിൻ മുഖേന ബാങ്ക് അധികൃതർക്കും ഇൻഷുറൻസ് നിയന്ത്രണ അതോ‌റിറ്റിക്കും റിസർവ് ബാങ്കിനും നൽകിയ പരാതിക്കു ഫലമുണ്ടായി. ഇൻഷുറൻസിലേക്കു വകമാറ്റിയ തുക പലിശ സഹിതം തിരികെ നൽ‌കുമെന്ന് ബാങ്കിൽനിന്നു ശിവയ്ക്ക് അറി‌‌യിപ്പു കിട്ടി.

കബളിപ്പിക്കപ്പെട്ടവർ

ശിവയുടെ അയൽവാസിയായ ശങ്കർലാൽ കമലിന്റെ അനുഭവവും സമാനമാണ്. 5 ല‌ക്ഷം രൂപ ‌നിക്ഷേപിച്ചതിൽ ഒരു ലക്ഷം പോളിസിയായെന്നു മന‌സ്സിലാക്കാൻ ഒരു വർഷമെടുത്തു. പരാതിപറഞ്ഞെങ്കിലും ബാങ്ക് പരിഗണിച്ചില്ല. ശങ്കറും നിതിൻ  ബാൽചന്ദാനിയുടെ സഹായംതേടി. ഞങ്ങൾ ജാമർ കോട്ടടയിലെത്തുമ്പോൾ 8.25% പലിശസഹിതം പണം തിരികെക്കിട്ടിയ സന്തോഷത്തിലായിരുന്നു, ശങ്കർലാൽ. അറുനൂറോളം കു‌ടുംബങ്ങളുള്ള കർഷകഗ്രാമമായ ജാമർ കോട്ടടയിൽ 60പേരെങ്കിലും കബളിപ്പിക്കപ്പെട്ടിട്ടുണ്ടെ‌ന്നു ദേവിലാൽ പറഞ്ഞു. റാഡിയ ഗ്രാമത്തിലെ നാഥു, ഡുഡയിലെ ധൂത പട്ടേൽ, ബോല ഭായ് എന്നിവരും കുരുക്കിൽപെട്ടവരാണ്. പെൻഷൻ ആനുകൂല്യങ്ങൾ ബാങ്കിനെ വിശ്വസിച്ചേൽപിച്ച റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഗോപാൽസിങ് റാണാവത്തും കബളിപ്പിക്കപ്പെട്ടു. 

നിതിൻ എന്ന പോരാളി

ബാങ്കിലെ ജോലി രാജിവച്ച് ബാങ്കുകളോടു പോരിനിറങ്ങിയതാണ് നിതിൻ ബാൽചന്ദാനി. കർഷകരെയും നിരക്ഷരരെയും ബോധപൂർവം കബളിപ്പിക്കുന്നതിലായിരുന്നു പ്രതിഷേധം. മേലധികാരികളോടു പലവട്ടം പരാതിപ്പെട്ടു ഫലമില്ലാതായപ്പോൾ ജോലിവിട്ടു കൃഷിക്കാർക്കൊപ്പം ചേർന്നു. അധാർമിക ബാങ്കിങ് ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസെങ്കിലും ദിവസവും റിസർവ് ബാങ്കിന്റെയും ഇൻഷുറൻസ് നിയ‌ന്ത്രണ അതോറിറ്റിയുടെയും ശ്രദ്ധയിൽപെടുത്തുന്നുണ്ട്, നിതിൻ. 

SHANKAR-LAL
നിതിന്‍ ബാല്‍ചന്ദാനി (ഇടത്ത്) കര്‍ഷകനായ ശങ്കര്‍ലാല്‍ കമലിനൊപ്പം.

പരാതി ബാങ്കിനെ മാത്രം അറിയിക്കുക, നടപടിയെടുത്തുകൊള്ളാം എന്നൊരു നിർദേശം ഇടക്കാലത്ത് ഒരു ബാങ്ക് മുന്നോട്ടുവ‌ച്ചു. അങ്ങനെയാകാം; പകരം, അധാർമിക നയങ്ങൾ അവസാനിപ്പിക്കുമെന്നു രേഖാമൂലം ഉറപ്പുനൽക‌ണ‌മെന്ന നിബ‌ന്ധന ബാ‌ങ്കിനു സ്വീകാര്യമായില്ല. 

ബാങ്കിന്റെ പ്രതികാരം

നീതിരഹിത ബാങ്കിങ് നയങ്ങൾക്കെതിരായ പോരാട്ടത്തെ ബാങ്ക് നേരിട്ടത്, നിതിൻ തങ്ങളുടെ ഡേറ്റ മോഷ്ടിച്ചെന്നു കേസ് കൊടുത്തുകൊണ്ടാണ്. ദീപാവലി അവധിക്കാലത്ത് അറസ്റ്റുണ്ടായതുകൊണ്ട് ഒരു മാസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടിവന്നു. ഒടുവിൽ ഹൈ‌ക്കോടതി കുറ്റവിമുക്തനാക്കി. ഇപ്പോൾ അനീതിക്കെതിരായ പോരാട്ടത്തിൽ നിതിൻ കൂടുതൽ കരുത്തനായിരിക്കുന്നു. ഉ‌ദയ്പുരിലും പരിസരത്തും മാത്രം, വഞ്ചിക്കപ്പെട്ട 500 കർഷകരുടെ ഫയൽ നിതിന്റെ ‌പക്കലുണ്ട്. രാജ്യവ്യാപകമായി സംഖ്യ എത്രയാവും?

ബാങ്ക് ഇടപാടുകളിൽ ഇത്തരം ഇൻഷുറൻസ് തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ രേഖകൾ സഹിതം വിവരം പങ്കുവയ്ക്കുക: thomasdominic@mm.co.in

വിൽപനയ്ക്കു വച്ച ഗ്രാമം

2005ൽ ഗ്രാമീണർ വിൽപനയ്ക്കുവച്ച ഡോർലി (വിദർഭ) ഗ്രാമത്തിൽ കാര്യങ്ങൾ ഇപ്പോഴും പഴയതുപോലെ. കൃഷികടം എഴുതിത്തള്ളും, അണക്കെട്ടിൽനിന്നു കനാൽ പണിത് കൃഷിക്കു ജലമെത്തിക്കും, ഉൽപന്നങ്ങൾക്കു ന്യായവില ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ സർക്കാർ വാക്കുപാലിക്കാത്തതായിരുന്നു 2005ലെ പ്രതിഷേധത്തിനു കാരണം.

DORLI-VILLAGE
മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലെ വാര്‍ധയ്ക്കു സമീപമുള്ള ഡോര്‍ലി ഗ്രാമം. ചിത്രം: മനോരമ

ജയിൽ നിറയ്ക്കൽ ഉൾപ്പെടെ പല സമരപരിപാടികൾ നട‌‌ത്തിയ ശേഷമാണ് ‘ഗ്രാമം വിൽപനയ്ക്ക്’ എന്നെഴുതിയ ബോർഡ് ഗ്രാമകവാടത്തിൽ സ്ഥാപിച്ചത്. വാർത്തയായതോടെ വിൽപനക്കാര്യം ലോകമറിഞ്ഞു. എങ്കിലും ഗ്രാമം വാങ്ങാൻ ആളുണ്ടായില്ല. വറ്റിവരണ്ട നീരുറവകളും വിള നശിച്ച കൃഷിയിടങ്ങളുമുള്ള ഗ്രാമം ആരു വാങ്ങാൻ? എങ്കിലും പ്രതിഷേധം കൊണ്ട് ഒരു ഫലമുണ്ടായി. നേതാക്കളുടെ നീണ്ടനിര ഡോർലിയിലെത്തി; ഗ്രാ‌മത്തിലേക്കുള്ള മൺറോഡ് ടാറിട്ടു.

ജാരുണ്ടെയുടെ കുറിപ്പ്

വരും തലമുറകൾക്ക് ഓർമ പിഴയ്ക്കാതിരിക്കട്ടെ. ഡോർലിയിലെ കർഷകൻ ധരംപാൽ ജാരുണ്ടെ ഇങ്ങനെ കുറിച്ചുവച്ചിരിക്കുന്നു:  

2006 ജൂൺ 30: പ്രധാനമന്ത്രി മൻമോഹൻ സിങ് ഈ ഗ്രാമത്തിൽ വന്നു.

2008 ജൂലൈ 18: രാഹുൽ ഗാന്ധി ‌ഗ്രാമത്തിലെത്തി സ്നേഹപൂർവം സംസാരിച്ചു. 

2009 ജനുവരി 1: നിതിൻ ഗഡ്കരി (ഇപ്പോൾ കേന്ദ്ര ഗതാഗതമന്ത്രി) ഡോർലിയിലെത്തി. 

ഗോപിനാഥ് മുണ്ടെ (അന്തരിച്ച മുൻ കേന്ദ്ര ഗ്രാമവികസന മന്ത്രി)  ഡോർലിയിൽനിന്നു കർഷകപദയാത്ര തുടങ്ങി.  

ഡോർലിയിൽനിന്ന് ഏറെ അകലെയല്ലാതെ 3 അണക്കെട്ടുകളുണ്ട്. അവിടെനിന്നു കനാൽകീറി ജലമെത്തിക്കാമെന്നു പ്രധാനമന്ത്രി മൻമോഹൻ സിങ് ഉറപ്പുപറഞ്ഞിട്ടുണ്ട്. 

ജലമെത്തിക്കുമെന്നു രാജ്യത്തി‌ന്റെ പ്രധാനമന്ത്രി പറഞ്ഞത് നടപ്പാകുമെന്നാണു ഞങ്ങൾ കരുതിയത്. നേ‌താക്കളുടെ വാക്ക് വെറും കാറ്റ്. 

  – ധരംപാൽ ജാരുണ്ടെ

Agri-Field
രാജസ്ഥാനിലെ ഉദയ്പുരിനു സമീപത്തെ കൃഷ‍ിയിടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളി. ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ

ഒരു കുറ്റസമ്മതം

നോട്ട് നിരോധനം വൻകിട, ചെറുകിട ‌കൃഷിക്കാരെയും തൊഴിലാളികളെയും ഒരുപോലെ ബാധിച്ചെന്നാണ് കൃഷി മന്ത്രാലയത്തിന്റെ ‌കുറ്റസമ്മതം. 2016ലെ ഖാരി‌ഫ് വിളവെടുപ്പിനു പിന്നാലെയായിരുന്നു നോട്ട് നിരോധനം; റാബി ‌കൃഷിക്കു മുൻപും. കൃഷിചെയ്തു കിട്ടിയ പണം ഒറ്റ രാത്രികൊണ്ട് ഇല്ലാതായതോടെ, ചെറുകിട കർഷകർക്കു വിത്തും വളവും വാങ്ങാൻ മാർഗമില്ലാതായി. വൻകിടക്കാർ കൃഷിയിറക്കുന്നതിൽനിന്നു പി‌ൻവലിഞ്ഞത് കർഷകത്തൊഴിലാളികളെയും ബാധിച്ചു.

സർക്കാർ വിതരണം ചെയ്യുന്ന വിത്തു വാങ്ങാൻതന്നെ ആളില്ലാതായി. നാഷനൽ സീഡ് കോർപറേഷന്റെ 1.38 ലക്ഷം ക്വിന്റൽ ഗോതമ്പുവിത്താണു വിൽക്കാതെ കെട്ടിക്കിടന്നത്. ധനമന്ത്രാലയത്തിന്റെ സ്ഥിരം പാർലമെന്റ് സമിതിക്കു നൽ‌കിയ റി‌പ്പോർട്ടിലാണ് കൃഷിമന്ത്രാലയം നോട്ട് നിരോധനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നത്.

നാളെ: കർഷകർ ഉണരുമ്പോൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA