പുറത്തല്ല, അകത്ത്

subhadhinam
SHARE

മൂത്തമകന്റെ വീട്ടിലെത്തിയതായിരുന്നു വയോധികൻ. ഉറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ മീശയിലും താടിയിലും വികൃതിയായ കൊച്ചുമകൻ വെണ്ണ പുരട്ടി. ഉറക്കമുണർന്ന അദ്ദേഹത്തിന് തന്റെ മുറിയിൽ ദുർഗന്ധമുള്ളതായി തോന്നി. എല്ലാ മുറികളിലും കയറി നോക്കി. എല്ലായിടത്തും അതേ ഗന്ധം. 

തന്റെ സാന്നിധ്യം ഇഷ്‌ടപ്പെടാത്തതിനാൽ എല്ലാവരുംചേർന്നു തന്നെ പുറത്താക്കാനുള്ള ശ്രമമാണിത് എന്നുകരുതി അദ്ദേഹം വീടുവിട്ടിറങ്ങി. ദുർഗന്ധത്തിന്റെ കാരണം ‌കണ്ടെത്താനുള്ള ശ്രമത്തിനിടെ കുളിക്കാൻപോലും സമയം കിട്ടാതെ, അദ്ദേഹം അയൽഗ്രാമത്തിലുള്ള ഇളയ മകന്റെ വീട്ടിലേക്കു പോയി. 

പുറത്തു തേടുന്ന പലതും പലപ്പോഴും അകത്തുതന്നെയുണ്ടാകും – അത് അശുദ്ധിയായാലും വിശുദ്ധിയായാലും. എവിടെപ്പോയാലും കാണുന്നതു തിന്മയും കേൾക്കുന്നത് അപവാദവും മണക്കുന്നതു മാലിന്യവുമാണെങ്കിൽ, ഇന്ദ്രിയങ്ങളുടെ സൂക്ഷ്‌മപരിശോധന നടത്തണം. എല്ലാ കാഴ്‌ചകളും മങ്ങിയതോ മറയ്‌ക്കേണ്ടതോ ആണെങ്കിൽ, കാഴ്‌ചയും ഉൾക്കാഴ്‌ചയും പരിശോധിക്കണം. സുഗന്ധമുള്ളവരിൽനിന്നു ദുർഗന്ധം വമിക്കില്ല. ഒരു ഗന്ധവുമില്ലാത്തവർക്ക് ഒന്നും പരത്താൻ കഴിയില്ലെന്നു മാത്രമല്ല, ചുറ്റുപാടുകളുടെ ഗന്ധവുമായി പൊരുത്തപ്പെടേണ്ടിയും വരും. 

സഹജമായുണ്ടായിരുന്ന പലതിനും സമ്പർക്കത്തിലൂടെയും സഹവാസത്തിലൂടെയും രൂപമാറ്റം സംഭവിക്കും; അവനവൻ പോലുമറിയാതെ. കാലം കൊണ്ടും ശീലംകൊണ്ടും വന്ന ചിന്താരീതികളുടെയും സ്വഭാവവ്യതിയാനങ്ങളുടെയും മാറ്റ് ഇടയ്‌ക്കെങ്കിലും പരിശോധിക്കണം. സ്വന്തം ഗന്ധമറിയുന്നവർക്ക് സ്വയം വെടിപ്പാക്കാനാകും. 

സ്വീകാര്യത ഒരു നിർബന്ധമല്ല. പക്ഷേ, അസ്വീകാര്യത പരിശോധിക്കപ്പെടണം. എല്ലാവർക്കും വേണ്ടപ്പെട്ടവരാകുക എന്നത് അടിസ്ഥാന നിയമമല്ല. പക്ഷേ, ആർക്കും വേണ്ടാത്തവരാകുക എന്നത് സ്വയം ചിന്തിക്കേണ്ട വിഷയമാണ്. നാടിനെ പഴിചാരി മറുനാട്ടിൽ എത്തിയാലും സ്വന്തം പരിമിതികൾക്കു പരിഹാരമുണ്ടാകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA