ചെറുത്തുനിൽപിന്റെ പ്രതീകമായി കനയ്യ ലാൽ; ഊർജം പകർന്ന് രക്‌തസാക്ഷികൾ

OPM-farming-at-Madhya-pradesh
പടിഞ്ഞാറൻ മധ്യപ്രദേശിലെ മൻസോർ ജില്ലയിലെ ബുദ ഗ്രാമത്തിലെ കറപ്പ് കൃഷിയിടത്തിൽ കർഷകനായ ദിലീപ് പാട്ടിദാർ. സർക്കാരിന്റെ ലൈസൻസോടെയും കർശന നിരീക്ഷണത്തിലുമാണ് ഇൗ മേഖലയിൽ കറപ്പുകൃഷി. മരുന്നു നിർമാണത്തിനടക്കം ഉപയോഗിക്കുന്ന കറപ്പിനു വൻ വിലയാണ്. ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ
SHARE

മധ്യപ്രദേശിലെ മൻസോർ ചില്ലോദ് പിപ്ലിയ ഗ്രാമത്തിൽ കനയ്യ ലാൽ പാട്ടിദാറിന്റെ സ്മൃതികുടീരം ചെറുത്തുനിൽപിന്റെ പ്രതീകമാണ്. 2017 ജൂണിൽ കർഷകസമരത്തിനെതിരെ നടന്ന പൊലീസ് വെടിവയ്പിൽ മരിച്ച 6 പേരിലൊരാളാണു കനയ്യ. സത്യനാരായൺ ധൻകർ, പൂനംചന്ദ്, അഭിഷേക്, ചൈൻറാം, ധൻശ്യാം എന്നിവരായിരുന്നു കൊല്ലപ്പെട്ട മറ്റുള്ളവർ. അടുത്തകാലത്തു രാജ്യമെങ്ങും ശക്‌തിപ്പെട്ട കർഷകപ്രക്ഷോഭങ്ങൾക്ക് ഊർജം പകരുന്നു, മൻസോറിന്റെ രക്‌തസാക്ഷികൾ. കർഷകർ അസം‌ഘടിതരായിരുന്നതു പണ്ട്; ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും കർഷക പ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും പൊ‌തുപ്രവർത്തകരും ഉൾപ്പെട്ട സംയുക്തസമിതികൾ കർഷകർക്കു നേതൃത്വം നൽകുന്നു. കർഷകരും കൃഷിപ്ര‌‌തിസന്ധിയും അടുത്ത തിരഞ്ഞെടുപ്പിന്റെ മുഖ്യവിഷയമാകുന്നെങ്കിൽ, മുഖ്യ കാരണക്കാർ അവരാണ്.

kananyya-memmorial
കനയ്യലാലിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പഹാരം അർപ്പിക്കുന്ന സഹോദരൻമാരായ ജഗദീശും ഗണപത് ലാലും. ചിത്രം: മനോരമ

കിസാൻ സംഘർഷ് കോ–ഓർഡിനേഷൻ കമ്മിറ്റി

നാസിക് മുതൽ മുംബൈ വരെ കർഷകരുടെ ‘ലോങ് മാർച്ചി’നു ‌നേതൃത്വം നൽകിയത് ഓൾ ഇന്ത്യ‍ കിസാൻ സംഘർഷ് കോ–ഓർഡിനേഷൻ ക‌മ്മിറ്റിയാണ് (എഐകെഎ‌സ്‌സിസി). സിപിഎം, സിപിഐ എന്നിവയുടെ കർഷക സംഘടനകളും യോഗേന്ദ്ര യാദവിന്റെ കിസാൻ സ്വരാജും കോ–ഓർഡിനേഷൻ ‌കമ്മിറ്റിയിലുണ്ട്.

ഓൾ ഇന്ത്യ ഫാർമേഴ്സ് കോ–ഓർഡിനേഷൻ കമ്മിറ്റി

ഭാരതീയ കിസാൻ യൂണിയനാണ് (ബികെയു) ഓൾ ഇന്ത്യ ഫാർമേഴ്സ് കോ–ഓർഡിനേഷൻ കമ്മിറ്റിക്കു (എഐഎഫ്സിസി) നേതൃത്വം നൽകുന്നത്. മുംബൈയിലെ ലോങ് മാർച്ചിനു പിന്നാലെ ഹരിദ്വാറിൽനിന്നു ഡൽഹിയിലേക്കു കർ‌ഷക മാർച്ച് സംഘടിപ്പിച്ചത് ഫാർമേഴ്സ് കോ–ഓർഡിനേഷൻ കമ്മിറ്റിയാണ്. 

രാഷ്ട്രീയ കിസാൻ മഹാസംഘ്

രാഷ്ട്രീയേതര പ്രസ്ഥാനമായ രാഷ്ട്രീയ കിസാൻ മഹാസംഘ്, 136 സ്വ‌തന്ത്ര സംഘടനകളുടെ കൂട്ടായ്മയാണ്. മധ്യപ്രദേശ് സ്വദേശി ശിവകുമാർ കാക്കാജി അഖിലേന്ത്യ കൺവീനർ. പ്രമുഖ സം‌സ്ഥാനങ്ങളിലെല്ലാം വേരുകളുള്ള സംഘ് അടുത്തകാലത്തു ‘ഗാവ് ബന്ദ്’ പ്രക്ഷോഭത്തിലൂടെയാണു ശ്രദ്ധനേടിയത്. കർഷകഗ്രാമങ്ങൾ ഇടഞ്ഞാൽ നഗരങ്ങൾക്ക് അന്നംമുട്ടുമെന്നു തെളിയിച്ച സമരമായിരുന്നു അതെന്ന് സംഘ് അഖിലേന്ത്യ കോ–ഓർഡിനേറ്റർ കെ.വി.ബിജു. 

ഒത്തുതീർപ്പ് നടപ്പാക്കാൻ 20 ദിവസം

അണ്ണാ ഹസാരെ കഴിഞ്ഞദിവസം നടത്തിയ നിരാഹാരസമര‌ത്തിനു ‌രാജ്യവ്യാപക പിന്തുണ നൽകിയതു കർഷകസംഘടനകളാണ്. വിവിധ സംസ്ഥാനങ്ങളിൽ കർഷക പ്രതിനിധികളും നിരാഹാരമിരുന്നു. ഹസാരെയുമായുണ്ടാക്കിയ ഒത്തുതീർപ്പിലെ നിർദേശങ്ങൾ നടപ്പാക്കാനുള്ള ചു‌മതല കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംയുക്തസമിതിക്കാണ്. 20 ദിവസത്തിനകം നിർദേശങ്ങൾ ‌നടപ്പാക്കിയില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക ‌പ്രക്ഷോഭത്തിനിറങ്ങാൻ സംഘടനകൾ തയാറെടുക്കുന്നു. 

കർഷകരുടെ ശക്തി

കർഷകൻ എതിരായാൽ സർക്കാരുകൾ നിലംപതിക്കും: ‌കിസാൻ സംഘ‌ർഷ് സമിതി നേതാവ് ഡോ. സുനിലം (സുനിൽ മിശ്ര) പറ‌യുന്നു. 1998ൽ ദിഗ്‌വിജയ് സിങ് സർക്കാരിന്റെ കാലത്തു മധ്യപ്രദേശിലെ മുൾട്ടായിൽ കർഷക മാർച്ചിനു നേതൃത്വം നൽകിയ നേതാവാണു സുനിലം. അന്നത്തെ പൊലീസ് വെടിവയ്പിൽ 24 കർഷകർ മരിച്ചു. സുനിലത്തിനു പരുക്കേറ്റു. നൂറിലേറെ കേസുകളിൽ അദ്ദേഹം പ്രതിയായി. മുൾട്ടായ് വെടിവയ്പാണ് 5 വർഷത്തിനു ശേഷം കോൺഗ്രസിന്റെ പതനത്തിൽ കലാശിച്ചതെന്നു സുനിലം വിലയിരുത്തുന്നു. 2003നു ശേഷം മുതിർന്ന കോൺഗ്രസ് നേ‌‌താവ് (അന്നു മുഖ്യമന്ത്രി) ദിഗ്‌വിജയ് സി‌ങ്ങിനു രാഷ്ട്രീയ മുഖ്യധാരയിൽ തിരിച്ചെത്താനായിട്ടില്ല.  

കടം എഴുതിത്തള്ളുമ്പോൾ

മഹാരാഷ്ട്ര സർക്കാരിന്റെ കടാശ്വാസ പദ്ധതി പ്രകാരം കട‌ം എഴുതിത്തള്ളുന്നുവെന്ന് ചന്ദ്രശേഖർ ദിഖാഡെയ്ക്കു സന്ദേശം കി‌ട്ടിയതു കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനാണ്. ബാങ്കിലെത്തിയപ്പോൾ ഓൺലൈൻ ഫോം പൂരിപ്പിക്കണം.

ദിഖാഡെ മണിക്കൂറുകൾ ക്യൂ നിന്നു. ഫോം പൂരിപ്പിച്ചത് ‘കംപ്യൂട്ടർ പഠിച്ച’ ബാങ്ക് ജോലിക്കാർ തന്നെയാണ്. കടാശ്വാസത്തിന്റെ നിബന്ധനകൾ എന്തൊക്കെയെന്നു ദിഖാഡെയ്ക്കു വ്യ‌ക്തമായില്ല. 2 ലക്ഷം രൂപയിൽ എത്രയാണ് എഴുതിത്തള്ളുകയെ‌ന്ന സംശയത്തിനു ബാങ്കിൽനിന്നു മറുപടി കിട്ടിയില്ല. 50% ത‌ള്ളുമെന്നു ചിലർ. 80% തള്ളിയേക്കുമെന്നു മറ്റു ചിലർ. ആദ്യം 50,000 രൂപയടയ്ക്കണമെന്നു വേറെ ചിലർ. ഓൺലൈനിൽ പൂരിപ്പിച്ചത് ‌എന്താണെന്നും നിബന്ധനകളെന്തെന്നും എന്ന് കടാശ്വാസമെത്തുമെന്നും ദിഖാഡെയ്ക്ക് അറിയില്ല; കൃഷികടം എഴുതിത്തള്ളിയ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം കർഷകരെയുംപോലെ. 

നിർദേശങ്ങൾ, നിലപാടുകൾ

കി‌ഷോർ തിവാരി (എൻജിനീയറിങ്, കൃഷി മാനേജ്മെന്റ് വിദ‌ഗ്ധൻ)

kishor-thivari
കി‌ഷോർ തിവാരി

കർഷകരുടെ കടം എഴുതിത്തള്ളുന്നതു പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരമല്ല. ഒരു സുസ്ഥിര കൃഷിഘടന രൂപപ്പെടുത്തണം. വിത്ത്, ജലസേചന സൗകര്യം, വളം ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ, ഇൻഷുറൻസ്, റോഡും അടിസ്ഥാന സൗകര്യങ്ങളും, വിപണിയുമായി ബന്ധിപ്പിക്കൽ, സംഭ‌രണ – സംസ്കരണ സംവിധാനം, വിലയുറപ്പ് എന്നിവ ഉൾപ്പെട്ടതാവണം അത്. ഭാവിയിൽ ഒരു കൃഷിയും ഒരു വരുമാനവുമായി കർഷകർക്കു മുന്നോട്ടുപോകാനാവില്ല. നിശ്ചിത ഇടവേളകളിൽ വരൾച്ചയും പ്രകൃതിക്ഷോഭവും കാരണം കൃ‌ഷിനശിക്കുന്നതു ലോകമെങ്ങും പതിവാണ്. 5 വർഷ‌ത്തിലൊരിക്കൽ വരൾച്ചയുണ്ടാകും. അതു നേരിടാൻ സർക്കാരിനു കർമപരിപാടി വേണം.

രാജു ദസാലെ (ഓൾ ഇന്ത്യ കിസാൻ സഭ നേതാവ്)

കർഷകൻ പ്രതിസന്ധിയിലാകുന്നത് സംഭരണസൗകര്യവും കയറ്റുമതിയും ഇല്ലാത്തതുകൊണ്ടാണ്. കർഷകർക്കു യുക്തിസഹമായ കയറ്റുമതി സബ്സിഡി നൽകണം. കയറ്റുമതിമേഖലയിലേക്കു വേണ്ടത്ര വാഗണുകളും ലഭ്യമാക്കണം. സ്വാമിനാഥൻ കമ്മിറ്റി നിർദേശിച്ച വിലസ്ഥിരതാനിധി കാര്യക്ഷമമായി നടപ്പാക്കുകയാണ് അടിയന്തരാവശ്യം. താങ്ങുവിലയിൽ കുറച്ച് ഉൽപന്നം വിൽക്കേണ്ടി വന്നാൽ കർഷകന് ഈ നിധി താങ്ങാകും. കർഷകനു നേരിട്ട് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ നഗരകേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും സൗകര്യം ഉറപ്പാക്കേണ്ടതും അത്യാവശ്യം. 

കെ.വി.ബിജു (രാഷ്ട്രീയ കിസാൻ മഹാസംഘ് കോ–ഓർഡിനേറ്റർ)

രാജ്യാന്തര കരാറുകൾ ഇന്ത്യയിലെ കൃഷിക്കാരന്റെ നടുവൊടിക്കുന്നു. ഉള്ളിവില കുറയാൻ ഒരു കാരണം, ഇറക്കുമതി ചെയ്യുന്ന ‘ഒനിയൻ പേസ്റ്റ്’ ആണ്. ഇ‌ന്ധനവില കൂടിയതോടെ ഉൽപാ‌ദനച്ചെലവ് 25% വർധിച്ചു. പ്രധാന വിളകൾക്കു കേന്ദ്ര സർക്കാർ കണക്കാക്കിയ താങ്ങുവില അതോടെ തികച്ചും അപര്യാപ്തമായിരിക്കുന്നു.  

വിജയ് ജവാധിയ (കൃഷി ഗവേഷകൻ)

vijay-jawadiya
വിജയ് ജവാധിയ

ഫസൽ ബീമയെന്ന കൃഷി ഇൻഷുറൻസ് പരാജയമാണ്. അടിസ്ഥാന യൂണിറ്റുകൾ വലുതായതാണു കാരണം. 100 വരെ ‌ഗ്രാമങ്ങൾ ഉൾ‌പ്പെട്ട യൂണിറ്റുകൾക്കാണ് ഇതുവഴി പരിരക്ഷ. ഭൂരിപക്ഷം ഗ്രാമങ്ങളിലും കൃ‌‌ഷിനാശമുണ്ടായാലേ ഇൻഷുറൻസ് കിട്ടൂ. പ്രാദേശിക കാലാവസ്ഥാഭേദങ്ങൾ സർവസാധാരണമായിരിക്കുമ്പോൾ ഇൻഷുറൻസ് ‌കമ്പനികൾ‌ക്കു മാത്രം പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. ഫസൽ ബീമ ഉടച്ചുവാർക്കണം.

അവസാനിച്ചു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA