ADVERTISEMENT

കേരളത്തിന് അഭിമാനിക്കാൻ രാജ്യാന്തരനിലവാരത്തിലുള്ള ഒരു ഗവേഷണ – ചികിത്സാസ്ഥാപനം കൂടി സ്വന്തമാകുന്നു. തിരുവനന്തപുരം തോന്നയ്ക്കലിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ കീഴിലുള്ള ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി) ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമ്പോൾ, നമ്മുടെ ദീർഘകാല ആവശ്യമാണു സാക്ഷാത്കരിക്കുന്നത്. പകർച്ചവ്യാധികളെ എത്രയും പെട്ടെന്നു കണ്ടെത്തി പ്രതിരോധിക്കാനുള്ള ഗവേഷണമേഖലയിൽ ഇന്ത്യയ്ക്കും സമീപരാജ്യങ്ങൾക്കും ആശ്രയിക്കാവുന്ന സ്ഥാപനമായാണ് ഐഎവിയെ വിഭാവനം ചെയ്തിരിക്കുന്നത്. 

കേട്ടുകേൾവി മാത്രമായിരുന്ന നിപ്പ പോലുള്ള രോഗങ്ങൾവരെ കേരളത്തിലുള്ളവരുടെ ജീവനെടുത്തുതുടങ്ങിയ സാഹചര്യത്തിൽ ഐഎവിക്ക് ഏറെ പ്രാധാന്യമുണ്ട്. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ മാത്രം ആശ്രയിച്ചാണ് പലപ്പോഴും നമ്മൾ രോഗമെന്തെന്നു തിരിച്ചറിഞ്ഞുപോന്നത്. അതിനെടുക്കുന്ന കാലതാമസത്തിന് കേരളത്തിനു പലപ്പോഴും വലിയ വില നൽകേണ്ടിവന്നിട്ടുമുണ്ട്. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള ഐഎവി പ്രവർത്തനം തുടങ്ങുന്നതോടെ നിപ്പ പോലുള്ള വൈറസുകളുടെ സ്ഥിരീകരണത്തിനൊപ്പം, പുതിയ വൈറസുകളെ തിരിച്ചറിഞ്ഞ് ഉടനടി പ്രതിവിധി സ്വീകരിക്കാനും കഴിയും. ഏഴുവർഷം കൊണ്ട് 500 കോടി രൂപ മുതൽമുടക്കും ആയിരത്തോളം വിദഗ്ധരുമുള്ള രാജ്യാന്തരസ്ഥാപനമായി ഐഎവി മാറുമെന്നാണു കണക്കുകൂട്ടൽ.

രാജ്യാന്തരനിലവാരത്തിലുള്ള ബയോ സേഫ്റ്റി ലെവൽ-3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബിൽ ഒരുക്കുക. ഭാവിയിൽ ഇത് ലെവൽ-4 ലേക്ക് ഉയർത്തും. വിവിധ ലാബുകൾക്കൊപ്പം പരീക്ഷണത്തിനുള്ള ആധുനിക അനിമൽ ഹൗസുകളും ഐഎവിയിൽ നിർമിക്കുന്നുണ്ട്. പിജി ഡിപ്ലോമ (വൈറോളജി), പിഎച്ച്ഡി (വൈറോളജി) കോഴ്സുകളും ഇവിടെയുണ്ടാകും. വിവിധ വൈറസുകൾക്കുള്ള പ്രതിരോധ മരുന്നുനിർമാണത്തിനുള്ള ആധുനിക ഗവേഷണത്തിനും സൗകര്യമുണ്ടാകും. സർക്കാർ പൂർണപിന്തുണ നൽകിയാൽ ഐഎസ്ആർഒ പോലെ ലോകശ്രദ്ധ നേടുന്ന ശാസ്ത്രസ്ഥാപനമായി ഐഎവി വളരുമെന്നാണ് പദ്ധതി കേരളത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളിയും ഇന്റർനാഷനൽ നെറ്റ്‌വർക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസേർച് പ്രസിഡന്റുമായ ഡോ. എം.വി.പിള്ള പങ്കുവയ്ക്കുന്ന പ്രതീക്ഷ. 

രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ വൈറസ് നെറ്റ്‌വർക് (ജിവിഎൻ) ആണ് ഐഎവിക്കു സാങ്കേതികസഹായം നൽകുന്നത്. ജിവിഎന്നിന്റെ ഇന്ത്യയിലെ ആദ്യ സെന്റർ കൂടിയാകും ഐഎവി. രോഗപ്രതിരോധരംഗത്തും ഗവേഷണരംഗത്തും രാജ്യാന്തരതലത്തിലുള്ള വിദഗ്ധരുടെ സേവനവും സാമ്പത്തികസഹായവും ലഭിക്കാൻ ഈ സഹകരണം വഴിയൊരുക്കും. ജിവിഎന്നിന് 29 രാജ്യങ്ങളിലായി 45 ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. ആദ്യത്തെ രണ്ടുവർഷം സ്വീഡനിലെയോ ജപ്പാനിലെയോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലായിരിക്കും കേരളത്തിലെ ഐഎവിയുടെ പ്രവർത്തനം. തുടർന്ന് സ്വതന്ത്രസ്ഥാപനമെന്ന അംഗീകാരം ലഭിക്കും. ഗ്ലോബൽ വൈറസ് നെറ്റ്‌വർക് പ്രസിഡന്റ് ക്രിസ്റ്റ്യൻ ബെർഷോ ഉൾപ്പെടെയുള്ള വിദഗ്ധർ ഉദ്ഘാടനച്ചടങ്ങിനെത്തുന്നുണ്ട്. 

ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ നമ്മുടെ ഭരണസംവിധാനത്തിനുള്ള താൽപര്യത്തിന്റെയും താൽപര്യക്കുറവിന്റെയും ഉദാഹരണം കൂടിയാണ് ഐഎവി. അഞ്ചു വർഷം മുൻപ് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ സ്ഥാപിക്കാനുള്ള നിർദേശം അന്നത്തെ സർക്കാരിനു മുന്നിലെത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും താൽപര്യമെടുത്തെങ്കിലും ഉന്നത ഉദ്യോഗസ്ഥർ വഴിമുടക്കി. പുതിയ സർക്കാർ അധികാരമേറ്റശേഷമാണ് പദ്ധതിക്കു വീണ്ടും ജീവൻവച്ചതും എട്ടുമാസം കൊണ്ടു കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയതും. നേരത്തേ പദ്ധതി യാഥാർഥ്യമായിരുന്നെങ്കിൽ കഴിഞ്ഞ വർഷം ഒട്ടേറെപ്പേരുടെ ജീവനെടുത്ത നിപ്പ ഉൾപ്പെടെയുള്ളവയെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്കു കഴിഞ്ഞേനെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com