പരാതിയും സംതൃപ്തിയും

subhadinam
SHARE

ആ ആശ്രമത്തിന്റെ പ്രത്യേകത നിശ്ശബ്‌ദതയായിരുന്നു. പുതിയതായി വരുന്ന ആളുകൾക്ക് 10 വർഷത്തേക്ക് ആണ്ടിലൊരിക്കൽ മാത്രമാണു സംസാരിക്കാൻ അനുമതി; അതും രണ്ടു വാക്കുകൾ, ആശ്രമശ്രേഷ്ഠനോടു മാത്രം. 

ഒരു യുവാവ് ഒരു വർഷത്തെ പരിശീലനത്തിനുശേഷം ഗുരുവിന്റെ അടുത്തെത്തി രണ്ടു വാക്കുകൾ പറഞ്ഞു, ‘ഭക്ഷണം മോശം’. അടുത്ത വർഷം വീണ്ടുമെത്തി പറഞ്ഞു, കിടക്ക കടുപ്പമാണ്. മൂന്നാം വർഷം അയാൾ പറഞ്ഞു, ഞാൻ പോകുകയാണ്. ഗുരു പറഞ്ഞു, ‘എനിക്കതിൽ അദ്ഭുതമില്ല. ഇതുവരെ നീ എന്റെയടുത്തു വന്നത് പരാതി പറയാൻ മാത്രമായിരുന്നു’. 

ജീവിതത്തെ രണ്ടു വാക്കുകളിൽ സംഗ്രഹിക്കാൻ ആവശ്യപ്പെട്ടാൽ എങ്ങനെ ചിത്രീകരിക്കും – പരാതിയുടെ പുറംചട്ട കൊണ്ടോ സംതൃപ്‌തിയുടെ താക്കോൽ കൊണ്ടോ? ജീവിതം ‘ആകണമെന്ന്’ ആഗ്രഹിക്കുന്ന അവസ്ഥയും ‘ആയിരിക്കേണ്ട’ അവസ്ഥയുമുണ്ട്. ഇവ തമ്മിലുള്ള സന്തുലനാവസ്ഥയിലാണ് ‘ആയിരിക്കുന്ന’ അവസ്ഥ ശ്രേഷ്‌ഠമാകുന്നത്. 

ചില സംഭവങ്ങളുടെയും അവസ്ഥകളുടെയും അവസാനം ചോദ്യചിഹ്നങ്ങളും ആശ്ചര്യചിഹ്നങ്ങളും മാത്രമേ ഉണ്ടാകൂ. എന്തുകൊണ്ട് ഇങ്ങനെ എന്നതിന് ഉത്തരമുണ്ടാകില്ല. എല്ലാ പരാതികളും രണ്ടു തരത്തിൽ പരിഹരിക്കാം: ഒന്നുകിൽ ആ സാഹചര്യം മാറണം, അല്ലെങ്കിൽ ആ സാഹചര്യത്തോടുള്ള മനോഭാവം മാറണം. 

അനിതരസാധാരണമായ വിശുദ്ധിയും വ്യക്തിപ്രഭാവവും പുലർത്തുന്നവരെ കാണുമ്പോൾ അസൂയയും അനുകരണമോഹവും ഉണ്ടാകും. അവരോടൊപ്പം യാത്ര തുടങ്ങുമ്പോൾ, അവരുടെ കർമവഴികളെല്ലാം കനൽവഴികളായിരുന്നു എന്നു മനസ്സിലാകും. 

പൊരുത്തപ്പെടാൻ കഴിയാത്തവയെല്ലാം പരാതികളായി അവസാനിച്ചാൽപിന്നെ പാതിവഴിയിൽ അവസാനിപ്പിക്കുകയേ മാർഗമുള്ളൂ. അവയെ പരിചയപ്പെടുകയും സ്വയം പുനഃക്രമീകരണത്തിനു തയാറാകുകയും ചെയ്‌താൽ പുതിയ വഴിത്തിരിവുകൾ സംഭവിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA