വാചകമേള

Vachakamela
SHARE

∙ സീന ഭാസ്കർ (സൈമൺ ബ്രിട്ടോയുടെ ഭാര്യ): സമൂഹത്തെ ഒരിക്കലും ഗൗരവമായി ‍ഞാനും ബ്രിട്ടോയും കണ്ടിട്ടില്ല. കാരണം, കേരളീയസമൂഹം ആത്മവഞ്ചകരുടെ ഒരു കൂട്ടമാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്. പിന്നെ മറ്റെല്ലാ കാര്യത്തിലുമെന്നപോലെ, ഞങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും വ്യത്യസ്തമായ രീതിയിൽ നോക്കിക്കണ്ടവരുണ്ട്. അത് അവരുടെ കാഴ്ചപ്പാടിന്റെയും സംസ്കാരത്തിന്റെയും നിലവാരം അനുസരിച്ചിരിക്കും. 

∙ അനസ് എടത്തൊടിക: ഫുട്ബോളറായിരുന്നില്ലെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യം ഞാൻ ഇടയ്ക്കിടെ എന്നോടുതന്നെ ചോദിക്കാറുണ്ട്. ഒന്നുകിൽ കൊണ്ടോട്ടി അങ്ങാടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ടായിരിക്കും; അല്ലെങ്കിലൊരു ബസ് ഡ്രൈവർ.

∙ ഡോ. എം.ലീലാവതി: പുതിയ തലമുറയിലെ എഴുത്തുകാരോട് ഉപദേശിക്കാനൊന്നും ഞാനില്ല. അതിനുള്ള മഹത്വമൊന്നും എനിക്കില്ല. ഓരോരുത്തരും ഇഷ്ടമനുസരിച്ച് എഴുതട്ടെ.

∙ അടൂർ ഗോപാലകൃഷ്ണൻ: സീരിയലുകൾ പലതും ആഭാസകരമായ പ്രമേയങ്ങളാണു തുറന്നുവയ്ക്കുന്നത്. ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചേ പറ്റൂ. നല്ല കാര്യങ്ങൾ വേണമെന്നു വയ്ക്കുന്നതുപോലെ, ചില ചീത്തക്കാര്യങ്ങൾ വേണ്ടെന്നുവയ്ക്കാനുള്ള ആർജവവും മാധ്യമങ്ങൾ കാണിക്കേണ്ടതുണ്ട്.

∙ പി.ജയരാജൻ: യുഡിഎഫ് ഭരണകാലത്താണ് ഞാൻ ആദ്യമായി എംഎൽഎ ആകുന്നത്. ഒരു നിവേദനവുമായി മുഖ്യമന്ത്രി എ.കെ.ആന്റണിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞത്, സഭയിൽ വരുന്നതുവരെ ജയരാജനെക്കുറിച്ച് എനിക്കു വേറൊരു സങ്കൽപമായിരുന്നു എന്നാണ്. ക്രൂരൻ എന്ന ഇമേജ് മാധ്യമങ്ങൾ ചാർത്തിത്തന്നതാണ്. അതിൽ എനിക്കൊരു ബേജാറുമില്ല.

∙ സി.പി.നായർ: മന്ത്രിമാരുടെ സത്യപ്രതിജ്ഞാവാക്യത്തിലുള്ള conscientiously എന്ന പദം വഴിമുടക്കിയിട്ടുള്ള ഒട്ടേറെപ്പേരെ ഓർക്കുന്നു. ഇങ്കിരീസിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്നു നിർബന്ധമുള്ള ഒരു നേതാവിന് ഉച്ചാരണം മലയാള ലിപിയിൽ ആവുന്നത്ര കൃത്യമായി എഴുതിക്കൊടുത്തിട്ടും അദ്ദേഹം ഏറെ പണിപ്പെട്ടു, ഈ വൈതരണി കടന്നുകിട്ടാൻ!

∙ വി.ഡി.സതീശൻ: കേരളത്തിലെ പല സമുദായ സംഘടനകളും അതത് സമുദായത്തിലെസമ്പന്നൻമാരുടെയും സ്വാധീനമുള്ളവരുടെയും നിയന്ത്രണത്തിലാണ്. പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയല്ല, മറിച്ച് ഈ സമ്പന്നർക്കുവേണ്ടിയാണ് സമുദായനേതാക്കൾ സംസാരിക്കുന്നത്. 

∙ മോഹൻലാൽ: ഞാൻ മൽസരിക്കുന്നതായി ഒരുപാട് അഭ്യൂഹങ്ങളുണ്ട്. പക്ഷേ, എനിക്കു ജോലിയിൽനിന്നു മാറിനിൽക്കാനാവില്ല. എന്റെ മേഖല രാഷ്ട്രീയമല്ല, സിനിമയാണ്. ഞാനൊരു കലാകാരനാണ്. 99 ശതമാനം സമയവും അതിനാണ് ഉപയോഗിക്കുന്നത്.

∙ വയലാർ ശരത്ചന്ദ്രവർ‍മ: എഴുത്തുകാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു മേഖലയിൽ അവർ ജോലി ചെയ്യുന്നു എന്ന സങ്കടംപേറി നടക്കുന്നവരാണ് ഇന്നത്തെ പല എഴുത്തുകാരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA