ADVERTISEMENT

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ വാട്സാപ്പിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഇക്കഴിഞ്ഞ ദിവസം പറഞ്ഞത് വാട്സാപ് കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ കാൾ വൂഗ് ആണ്. ഏതൊക്കെ പാർട്ടികൾ, എങ്ങനെയൊക്കെയാണ് ഇതു ചെയ്തതെന്നു അദ്ദേഹം പറഞ്ഞില്ലെങ്കിലും സംഗതി വസ്തുതയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രമുഖ പാർട്ടികൾ പതിനായിരക്കണക്കിനു വാട്സാപ് ഗ്രൂപ്പുകളാണ് സൃഷ്ടിച്ചിട്ടുള്ളത്.  അവയിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളുടെ അളവിനെക്കുറിച്ച് വാട്സാപ്പ് പോലും അന്തംവിട്ടിരിക്കുന്നു. 

2010 ലാണ് വാട്സാപ്പ് ഇന്ത്യയിലെത്തുന്നത്. ഇന്ന് വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ് – 20 കോടിയിലേറെ ഇന്ത്യക്കാർ ഇതുപയോഗിക്കുന്നു. വാർത്തയോ സന്ദേശമോ പ്രചരിപ്പിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി വാട്സാപ് മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ രാഷ്ട്രീയപ്പാർട്ടികൾ അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്നറുപ്പാണ്. വാട്സാപ്പ് അധികൃതരെ ഭയപ്പെടുത്തുന്നതും അതു തന്നെ.  

മോദി അന്നു മുഖ്യമന്ത്രി!

modi-vireal

കഴിഞ്ഞയാഴ്ച ജവാഹർ ലാൽ നെഹ്റു കുംഭമേളയിൽ  ത്രിവേണീ സ്നാനം ചെയ്തുവെന്ന വ്യാജ അടിക്കുറിപ്പോടെ പ്രചരിച്ച ചിത്രത്തെക്കുറിച്ചു പറഞ്ഞിരുന്നുവല്ലോ. ആദ്യ പ്രധാനമന്ത്രി മാത്രമല്ല, ഇപ്പോഴത്തെ പ്രധാനമന്ത്രിയെക്കുറിച്ചും അതേ പ്രചാരണം നടക്കുന്നുണ്ട്.  മോദി ത്രിവേണിയിൽ മുങ്ങിനിവരുന്ന ചിത്രങ്ങളാണു 2019 ലേത് എന്ന മട്ടിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ഈ ചിത്രങ്ങൾ 2004 ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ  അദ്ദേഹം കുംഭമേളയ്ക്കെത്തിയപ്പോഴത്തേതാണ്. 

ചിത്രം വ്യാജമല്ല, പക്ഷേ അതേക്കുറിച്ചുള്ള വിവരങ്ങൾ തെറ്റാണ്. വ്യാജവാർത്താ പ്രചാരണത്തിന്റെ ഏറ്റവും വലിയ രീതിയാണിത്. ശരിയായ ചിത്രം തെറ്റായ പശ്ചാത്തലത്തിൽ പ്രചരിപ്പിക്കുക. 

ഇന്ദിരയല്ല, അത് അതിർത്തി ഗാന്ധി

Rajiv--Rahul

ഇന്ദിരാ ഗാന്ധിയുടെ സംസ്കാരച്ചടങ്ങിൽ രാജീവ് ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് നരസിംഹറാവുവും പ്രാർഥിക്കുന്ന ചിത്രം എന്ന പേരിലുള്ള ഒരു ഫോട്ടോ ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മൃതദേഹത്തിനു മുൻപിൽ റാവു കൈകൂപ്പി പ്രാർഥിക്കുന്ന രീതിയും രാജീവും രാഹുലും കൈപിടിച്ചിരിക്കുന്ന രീതിയും ചൂണ്ടിക്കാട്ടിയായിരുന്നു ചിത്രം പ്രചരിച്ചത്. ലക്ഷ്യം കൃത്യമായും രാഷ്ട്രീയം തന്നെ. എന്നാൽ, റിവേഴ്സ് ഇമേജ് സെർച്ചിൽ ഈ ചിത്രത്തിന്റെ ഒറിജിനൽ നിസാരമായി കണ്ടുപിടിക്കാവുന്നതേയുള്ളൂ.

ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട് 4 ‍വർഷം കഴിഞ്ഞ് 1988 ൽ മരിച്ച അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ പാക്കിസ്ഥാനിലെ സംസ്കാരച്ചടങ്ങിൽ അന്നു പ്രധാനമന്ത്രിയായിരുന്നു രാജീവും മന്ത്രിയായിരുന്ന റാവുവും പങ്കെടുക്കുന്ന ചിത്രമാണിത്.   

ഡ്രൈവറായിരുന്നില്ല കമൽനാഥ്

Kamal-Nath--Rajiv-Gandhi

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കഴിഞ്ഞ മാസം സത്യപ്രതിജ്ഞ ചെയ്ത കമൽ നാഥിനെക്കുറിച്ച് ഇത്തരത്തിൽ ഒരു ചിത്രം  പ്രചരിക്കുന്നുണ്ട്. രാജീവ് ഗാന്ധിയും കമൽനാഥും കാറിലിരിക്കുന്ന ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നത്, ‘രാജിവ് ഗാന്ധിയുടെ ഡ്രൈവറായിരുന്നു, ഇപ്പോൾ മുഖ്യമന്ത്രിയായി. ഇങ്ങനെയാണ് ഇവിടെ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നത്’ എന്നാണ്. ഈ ചിത്രം വ്യാജമല്ല. വർഷങ്ങൾക്കു മുൻപുള്ള ഏതോ പ്രചാരണ പരിപാടിയിൽ കമൽനാഥ്, രാജിവ് കയറിയ കാർ ഓടിക്കുന്നതാണ് ചിത്രം. പക്ഷേ, അദ്ദേഹം ഒരിക്കലും രാജീവിന്റെ ഡ്രൈവർ ആയിരുന്നില്ല.

സഞ്ജയ് ഗാന്ധിക്കൊപ്പം ഇന്ദിരാ ഗാന്ധി മകനെപ്പോലെ കണ്ടിരുന്ന നേതാവായിരുന്നു കമൽ നാഥ്. രാഷ്ട്രീയ ചരിത്രമറിയാത്ത പുതുതലമുറക്കാർ പക്ഷേ, ഒരു ഡ്രൈവർ മുഖ്യമന്ത്രിയായി എന്നു വിശ്വസിക്കാനും മതി. ഏറ്റവും രസകരമായ കാര്യം 2018 ൽ രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ കമൽ നാഥ് തന്നെ ട്വിറ്ററിൽ പങ്കുവച്ച ചിത്രമെടുത്താണ് ഇപ്പോൾ വ്യാജപ്രചരണം നടക്കുന്നത് എന്നതാണ്!

മുന്നറിയിപ്പ്: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വ്യാജ ഷെഡ്യൂളിനെക്കുറിച്ച് ഈ കോളത്തിൽ ചർച്ച ചെയ്തിരുന്നു. രാജ്യമാകെ വ്യാപകമായ പ്രചരിച്ച ആ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ജാർഖണ്ഡിൽ ഒരു കോളജ് വിദ്യാർഥിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പു കമ്മിഷന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ഫോണിലും മറ്റും കിട്ടുന്ന വാർത്തകൾ അതേ പടി ഫോ‍ർവേഡു ചെയ്യുന്നവർ ഈ അനുഭവം ഓർമിക്കുന്നത് നല്ലത്! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com