പ്രളയം കവർന്നത് ഇവരുടെ സന്തോഷം; നടുവൊടിഞ്ഞ് കർഷകർ

HIGHLIGHTS
  • പ്രളയത്തിനുശേഷം കാപ്പിയുടെ വിളവ് നേർപകുതിയായി കുറഞ്ഞെന്നു കാപ്പിക്കർഷകർ
  • കുരുമുളകുവള്ളി നശിച്ചാൽ സർക്കാർ കൊടുക്കുന്ന നഷ്ടപരിഹാരം വെറും 75 രൂപ
Pepper
കരിഞ്ഞുപോയ കനവുകൾ: പുൽപള്ളി കൃഗന്നൂരിൽ കരിഞ്ഞുണങ്ങിയ കുരുമുളകുതോട്ടത്തിൽ ഉടമ എങ്കിട്ടഗൗഡറുടെ മകൻ സ്വാമി. ഈ നാലേക്കർ കൃഷി വെട്ടിനശിപ്പിക്കാനാണ് ഇവരുടെ തീരുമാനം. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
SHARE

വയനാട്ടിലെ പുൽപള്ളി ആളൂർക്കുന്നിനടുത്ത് വനത്തോടുചേർന്ന് പണിതീരാത്ത വീടിന്റെ ഉമ്മറത്തിരുന്ന് ചന്ദ്രമതി എന്ന വീട്ടമ്മ ആ കഥ പറഞ്ഞു. കടങ്ങളിൽ മുങ്ങിത്താണ് കരകയറാൻ ഒരു കച്ചിത്തുരുമ്പും കിട്ടാതെ ഭർത്താവ് രാംദാസ് സ്വയം മരിച്ച കഥ. ചന്ദ്രമതിക്ക് അറിയില്ല, ഇനി ജീവിതം എന്താകുമെന്ന്? വീട്ടാൻ ബാക്കിവച്ച കടങ്ങളുടെ പട്ടിക, കടക്കാരുടെ പട്ടിക... ഇതു മാത്രമാണു മുന്നിൽ. രാംദാസിന് അറിയാവുന്ന തൊഴിൽ കൃഷിയായിരുന്നു. അദ്ദേഹം പലരോടായി വായ്പവാങ്ങി ചെയ്ത ഇഞ്ചിക്കൃഷിയിൽനിന്ന് ഒരു രൂപ പോലും കിട്ടിയില്ല. പാട്ടത്തിനെടുത്തു ചെയ്ത നെൽക്കൃഷി പ്രളയം കൊണ്ടുപോയി. 

ഇഎംഎസ് ഭവനപദ്ധതി വഴി വീടുവയ്ക്കാൻ കിട്ടിയത് 7,5000 രൂപയാണ്. വീടു തട്ടിക്കൂട്ടാൻ, ആകെ ഉണ്ടായിരുന്ന കുറച്ചു ഭൂമി ബാങ്കിൽ പണയംവച്ചു. എല്ലാം ചെയ്തത് കൃഷിയിൽ വിശ്വസിച്ചായിരുന്നു. പക്ഷേ, അതു തുണച്ചില്ല. രാംദാസ് തോറ്റു പിൻവാങ്ങി. പഠനം നിർത്തി മക്കൾ കൂലിപ്പണിക്കു പോകാൻ തുടങ്ങി. 

Chandramathi
ചന്ദ്രമതി

പുൽപള്ളി ഇരുളത്ത് പന്നിമറ്റത്തിൽ ദിവാകരന്റെ കുടുംബത്തിനും പറയാനുള്ളത് സമാനമായ കഥ.  1997ൽ 4 ലക്ഷം രൂപ കടമെടുത്തതാണ്. 2002 വരെ തിരിച്ചടവ് കൃത്യമായിരുന്നു. പിന്നീട് ഉൽപന്ന വിലത്തകർച്ചയെ തുടർന്ന് തിരിച്ചടവു മുടങ്ങി. അതിനിടെ മൂന്നേക്കർ കൃഷിയിടത്തിന്റെ പട്ടയം വനംവകുപ്പ് റദ്ദാക്കി. 2019 ൽ കടം 46 ലക്ഷം കടന്നു. കുട്ടികൾക്കായി എടുത്ത വിദ്യാഭ്യാസ വായ്പ വേറെ. ഭാര്യയുടെ അർബുദ ചികിൽസയ്ക്കായി നല്ലൊരു തുക ചെലവാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആ കൃഷിക്കാരനു മുന്നിലും സ്വയംഹത്യയല്ലാതെ മറ്റു വഴികളുണ്ടായില്ല.  ഇതൊരു രാംദാസിന്റെയോ ദിവാകരന്റെയോ മാത്രം കഥയല്ല; വയനാട്ടിലെ സാധാരണ കൃഷിക്കാരുടെയെല്ലാം അവസ്ഥ ഇതുതന്നെ. 

വില്ലൻ വിളനാശം

നല്ല കാലാവസ്ഥയും പച്ചപ്പും നിറഞ്ഞ അനന്യമായ ഒരു ഭൂപ്രദേശമായിരുന്നു വയനാട്. എൺപതുകളുടെ അവസാനകാലത്ത് പുൽപള്ളി മേഖല കേരളത്തിലെ ഗൾഫ് ആയിരുന്നു. അക്കാലത്ത് ഇന്ത്യയിലെ മുക്കാൽപങ്കു കുരുമുളകും ഉൽപാദിപ്പിച്ചിരുന്നത് ഈ മേഖലയിൽനിന്നാണ്. സമൃദ്ധിയുടെ ആ കാലം അസ്തമിച്ചു. കുരുമുളകുകൃഷി നശിച്ചു. എങ്കിലും പ്രത്യാശ കൈവിടാതെ കർഷകർ കുരുമുളക് വീണ്ടും നട്ടുനനച്ചു. കാപ്പിയും കുരുമുളകും തേയിലയും നെല്ലും വയനാട്ടിലെ കർഷകന്റെ കൂടെനിന്നു. ഈ പ്രളയത്തിനുശേഷം കുരുമുളകുകൃഷി പാടേ നശിച്ച, നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് വയനാട്ടിൽ മുഴുവ‍ൻ. സർവനാശം വന്നുവെന്ന് കർഷകർ കണ്ണീരോടെ പറയുന്നു. 

വണ്ടിക്കടവ് പാണ്ട്യാംപറമ്പ് ബെന്നി എന്ന കർഷൻ പറഞ്ഞത് – 7 ഏക്കർ തോട്ടത്തിൽനിന്ന് 150 ക്വിന്റൽ കുരുമുളകു കിട്ടിയ കാലമുണ്ടായിരുന്നു. ഇക്കൊല്ലം കിട്ടിയത് ഒരു ക്വിന്റൽ കഷ്ടി. പ്രളയജലം കെട്ടിനിന്നു കുരുമുളകിന്റെ വേരു ചീഞ്ഞു. വെയിലടിക്കാൻ തുടങ്ങിയപ്പോൾ ചെടി വാടിക്കരിഞ്ഞു. കൂലിക്കു പോലും തികയില്ല എന്നു മനസ്സിലാക്കി കുരുമുളകു വിളവെടുപ്പ് വേണ്ടെന്നുവച്ച കർഷകരുമുണ്ട്. 

പ്രളയത്തിനുശേഷം കാപ്പിയുടെ വിളവ് നേർപകുതിയായി കുറഞ്ഞെന്നു കാപ്പിക്കർഷകർ. അടയ്ക്കയുടെ കാര്യം പറയാനില്ല. കഴിഞ്ഞവർഷം വരെ വയനാട്ടിലെ അടയ്ക്ക തേടി ഇതരസംസ്ഥാനങ്ങളിലെ വ്യാപാരികൾ വരുമായിരുന്നു. ഇക്കൊല്ലം ഇതുവരെ ആരും വന്നിട്ടില്ല. എന്നാൽ, ഇതൊന്നും പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ വരില്ല എന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

പറുദീസാനഷ്ടം 

പാടിച്ചിറയ്ക്കു സമീപം പറുദീസക്കവല എന്നൊരു സ്ഥലമുണ്ട്. ഉണങ്ങിയ കുരുമുളകുതോട്ടമല്ലാതെ മറ്റൊന്നും കാണാനില്ല. ഇത്തരം പറുദീസാനഷ്ടങ്ങളുടെ കഥയാണ് ഈ ജില്ലയിലെ മുഴുവൻ കൃഷിക്കാരും പങ്കുവച്ചത്. കേരളത്തിൽ ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത് വയനാട്ടിലെ മുള്ളൻകൊല്ലി, പുൽപള്ളി, പൂതാടി പഞ്ചായത്തുകളിലാണ്. പല കാരണങ്ങളാൽ എല്ലാ വസ്തുക്കൾക്കും ദിനംപ്രതി വിലകയറുന്ന അവസ്ഥയുണ്ട്. വളത്തിനു വില കൂടി, പണിക്കൂലി കൂടി, എല്ലാ നിത്യോപയോഗ വസ്തുക്കൾക്കും വിലകൂടി. കൃഷിവിളകളുടെ കാര്യം മാത്രം നേരെ തിരിച്ചാണ്. 2017ൽ കുരുമുളകിന്റെ വില കിലോയ്ക്ക് 700 രൂപ, 2018 ജൂലൈയിൽ 280 രൂപ, ‍ഡിസംബറിൽ 350, 2019 ജനുവരിയിൽ 330 രൂപ. കാപ്പിക്ക് 2018ൽ 80 രൂപ, 2019ൽ 65 രൂപ.

‘സർക്കാരും വൻകിടക്കാരും ചേർന്ന് പല കരാറുകളും ഒപ്പിടും. അതിന്റെ ഫലം അനുഭവിക്കുന്നതു കർഷകരാണ്. കർഷകന്റെ വേദന അറിയുന്ന ഒരു നേതാവെങ്കിലും നമ്മുടെ സഭകളിലുണ്ടോ? കർഷകർ സംഘടിതരല്ല. വോട്ടുബാങ്കല്ല. അതുകൊണ്ട് എന്തുമാവാം. കുറെ കോടികൾ പ്രഖ്യാപിച്ചു കണ്ണിൽപൊടിയിടാം’ – കർഷകനേതാവ് പി.ടി.ജോൺ പറയുന്നു.

കടം സർവത്ര

വയനാട്ടിലെ കർഷകരിൽ 95% പേർക്കും കടബാധ്യതയുണ്ട്. കാർഷിക – കാർഷികേതര കടങ്ങൾ. ‘എന്തിനാണ് കർഷകൻ കടമെടുക്കുന്നത്? കൃഷിക്കു മാത്രമല്ല, കുട്ടികളെ പഠിപ്പിക്കാൻ, കെട്ടിച്ചയയ്ക്കാൻ, വീടുവയ്ക്കാൻ... എല്ലാറ്റിനും കർഷകനും അർഹതയില്ലേ? ഞങ്ങളുടെ മക്കളെങ്കിലും രക്ഷപ്പെടണ്ടേ?’ പനമരത്തെ ക‍ർഷകനും ഹരിതസേന പ്രസിഡന്റുമായ എം.സുരേന്ദ്രൻ ചോദിക്കുന്നു. 

ഒരേക്കർ സ്ഥലത്തിനു കിട്ടുന്ന കൃഷിവായ്പ ആ സ്ഥലത്തുനിന്നു ലഭിക്കുന്ന വിളയുടെ തുകയ്ക്കു തുല്യമായിരിക്കും. അതായത് ഒരു ഏക്കർ കാപ്പിത്തോട്ടത്തിന് പലപ്പോഴും വായ്പയായി 40,000 രൂപയാണു കിട്ടുക. എന്നാൽ, ജപ്തി വരുമ്പോൾ ലക്ഷങ്ങൾ മതിക്കുന്ന ആ ഒരേക്കർ ഭൂമിതന്നെ നഷ്ടമാകുന്നു. ജപ്തി നോട്ടിസ് കിട്ടിയ ആയിരക്കണക്കിനു കർഷകർ വയനാട്ടിലുണ്ട്. ജപ്തി ശ്രദ്ധ പിടിച്ചുപറ്റുന്ന വിഷയമായതോടെ, ബാങ്കുകൾ അടവുമാറ്റി. ആരെയും ഇറക്കിവിടാറില്ല. വസ്തു അറ്റാച്ച് ചെയ്യും. അതോടെ ഭൂമിയിൽ ഒരുവിധ അവകാശവും കർഷകനില്ല. 

Elephant-attack
പുൽപള്ളി വണ്ടിക്കടവ് പാണ്ടിയംപറമ്പിൽ ബെന്നിയുടെ കൃഷിയിടത്തിലെ തെങ്ങ് കാട്ടാനയുടെ ആക്രമണത്തിൽ നശിച്ച നിലയിൽ. ചിത്രം: മനോരമ

നഷ്ടപരിഹാരം എന്ന കളിയാക്കൽ

ഒരു കുരുമുളകുവള്ളിയിൽനിന്നു ശരാശരി 5 കിലോഗ്രാം മുളകു കിട്ടിയേക്കാം. അതായത് 1500 രൂപയുടെ വരുമാനം. ഒരു കുരുമുളകുവള്ളി നശിച്ചാൽ സർക്കാർ കൊടുക്കുന്ന നഷ്ടപരിഹാരം വെറും 75 രൂപ. കാപ്പിക്കും വാഴയ്ക്കും 100 രൂപ. ജാതിക്കു 400 രൂപ. ഒരു ജാതിത്തൈ വാങ്ങാൻ കൊടുക്കണം, അതിലേറെ തുക. നഷ്ടപരിഹാരം കയ്യിൽ കിട്ടുമ്പോൾ അതിൽ കയ്യിട്ടു വാരുന്നവരുമുണ്ടെന്നു കർഷകർ. വിള ഇൻഷുറൻസ് എന്നത് വെറും തട്ടിപ്പാണെന്നും അവർ പറയുന്നു. വിളനാശം സംഭവിച്ചാൽ ഇൻഷുറൻസ് തുക കിട്ടുന്ന പ്രശ്നമില്ല; സാങ്കേതികത്വം അത്രത്തോളമാണ്.

സർക്കാർ പാക്കേജുകൾ

ഓരോ പ്രതിസന്ധിഘട്ടത്തെയും നേരിടാൻ സർക്കാർ കോടികളുടെ പാക്കേജുകൾ കൊണ്ടുവരും. പക്ഷേ, പലതും താഴെത്തട്ടിലുള്ള കർഷകരിലേക്ക് എത്താറില്ല. കർഷകരെ സഹായിക്കേണ്ട സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമല്ല. പദ്ധതികളുടെ സാങ്കേതികത്വം മറികടക്കാൻ പാവപ്പെട്ട കർഷകർക്കു പലപ്പോഴും കഴിയാറില്ല. വയനാട്ടിൽ കർഷക ആത്മഹത്യകൾ പെരുകിയ കാലത്ത് അന്നത്തെ കേന്ദ്ര കൃഷിമന്ത്രിക്കു നിവേദനം നൽകിയ ഒരു കർഷകനോട് മന്ത്രി ചോദിച്ചത്,  എന്തിനാടോ കൃഷി ചെയ്യുന്നത്? ചെറുകിട കർഷകർ രാജ്യത്തിനു ബാധ്യതയാണ്, എന്നാണ്.

കർഷകർ കയ്യേറ്റക്കാരും പ്രകൃതിയെ ചൂഷണം ചെയ്യുന്നവരുമാണ് എന്ന നിലപാടുള്ളവരും കുറവല്ല. പുതിയ കൃഷിവിപണന തന്ത്രങ്ങൾ ഈ കൃഷിക്കാർക്ക് അറിയില്ല. വയനാട് എന്ന നാടിന്റെ സാധ്യതയെ ബ്രാൻഡ് ചെയ്യാനോ അഗ്രോ ടൂറിസം എന്ന നിലയിൽ വികസിപ്പിക്കാനോ ഇവർക്കു സാധിക്കുന്നുമില്ല. 

വന്യമൃഗശല്യം

കാടിന് ഒരു രഹസ്യസ്വഭാവമുണ്ടായിരുന്നു. അത് നഷ്ടമാക്കിയത് ആരായാലും അതിന്റെ ഫലം അനുഭവിക്കുന്നത് കാടോരത്തു ജീവിക്കുന്നവരാണ്. കാട്ടിൽ വെള്ളവും തീറ്റയും തീരുമ്പോൾ നാടുതേടി മൃഗങ്ങൾ കാടിറങ്ങി. പിന്നെ അതൊരു ശീലമായി.  വയനാട്ടിൽ മൃഗശല്യവും കൃഷിനാശവും കാരണം ഭൂമി തരിശിട്ടവർ ഒരുപാട്. 

കഴിഞ്ഞ 35 വർഷത്തിനിടെ 140 പേർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ 80 പേരും തിരുനെല്ലി പഞ്ചായത്തിൽപെട്ടവരാണ്. ഈ പഞ്ചായത്തിൽ മാത്രം 30 കോടിയുടെ കൃഷിനാശം വന്യമൃഗങ്ങൾ കാരണമുണ്ടായി. 

നാളെ: കടം കുരുക്കുമ്പോൾ... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA