ADVERTISEMENT

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ ശേഷം, കോൺഗ്രസിൽ സർവവും സുതാര്യമാണ്. ആസ്ഥാനമന്ദിരമായ ഇന്ദിരാഭവന്റെ ചുമരുകൾപോലും ചില്ലു കൊണ്ടാക്കി മാറ്റിയിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് എന്തു ചെയ്യുകയാണെന്ന് ബൂത്ത് പ്രസിഡന്റിനുപോലും കാണാം. അത്രയ്ക്ക് സിസിടിവി ക്യാമറകളാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റും ബൂത്ത് പ്രസിഡന്റും തമ്മിലുള്ള അകലം ഒരു മൗസ് ക്ലിക്കിന്റേതു മാത്രം.

‘ഇഥാണു സുഥാര്യത’ എന്നാണ് ഇന്ദിരാഭവനിലെ ജീവനക്കാർ പറയുന്നത്. ഇതേ സുതാര്യതയാണ് മുല്ലപ്പള്ളി നടത്തുന്ന ജനമഹായാത്രയിൽ കാസർകോട്ടെ നായൻമാർമൂല മുതൽ കളിയിക്കാവിള വരെ പുലർത്തുന്നത്. യാത്ര തുടങ്ങാൻ നായൻമാർമൂല തിരഞ്ഞെടുത്തതുതന്നെ മുല്ലപ്പള്ളി നവോത്ഥാനനായകനാണെന്നു തെളിയിക്കാനാണ്. വേണമെങ്കിൽ അതു തിയ്യരങ്ങാടിയിൽനിന്നു തുടങ്ങാമായിരുന്നു. അത് മനഃപൂർവം വേണ്ടെന്നുവച്ചതാണ്. 

ഏതു നേതാവ് ഏതു കേരളയാത്ര നടത്തിയാലും അകമ്പടിയായി പിരിവ് ഉണ്ടായിരിക്കുമെന്നതു നാട്ടുനടപ്പാണ്. ചില നേതാക്കൾ കേരളയാത്ര നടത്തിയാൽ പോകുന്നിടത്തെല്ലാം ബിസിനസുകാരോടൊപ്പം പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ കഴിക്കും. ഭക്ഷണത്തിനിടയിൽ ഡീലുകൾ ഉറപ്പിക്കുന്നതു വളരെ എളുപ്പമാണ്. എന്നാൽ, മുല്ലപ്പള്ളി ഒരു ബിസിനസുകാരനും ഇഡ്ഡലി, സാമ്പാർ, മുളഹാപ്പൊടി വാങ്ങിച്ചുകൊടുക്കാറില്ല. അതിന്റെ പേരിൽ ഒരു ഓട്ടമുക്കാലുപോലും അദ്ദേഹത്തിനു വേണ്ട. നാലണ മേമ്പ്രൻമാരായ കോൺഗ്രസുകാരുടെ വിയർപ്പുവീണ ഒരു രൂപാത്തുട്ടാണ് അദ്ദേഹത്തിന് പ്രവാസിവ്യവസായികളുടെ പോക്കറ്റിലുള്ള വക്കും മൂലയും പൊട്ടാത്ത ഗാന്ധിത്തലയെക്കാളും പ്രിയം. വെറുതെയല്ല അദ്ദേഹത്തെ അനുയായികൾ ചോമ്പാല ഗാന്ധിയെന്നു വിളിക്കുന്നത്. 

ചോമ്പാല ഗാന്ധി ജനമഹായാത്ര തുടങ്ങും മുൻപുതന്നെ ഒരു കാര്യത്തിൽ തീരുമാനമെടുത്തു. യാത്രയിൽ കിട്ടുന്ന പിരിവ് കൃത്യമായി എണ്ണാൻ നോട്ടെണ്ണൽയന്ത്രം വാങ്ങുമെന്നായിരുന്നു ആ ധീരമായ തീരുമാനം. തീരുമാനം വന്നപ്പോൾത്തന്നെ ട്രഷറർ ജോൺസൺ ഏബ്രഹാം നിലപാടു വ്യക്തമാക്കി. കെപിസിസിയുടെ ഭണ്ഡാരത്തിൽ കുറെക്കാലമായി നടവരവു തുലോം തുച്ഛമാണ്. നോട്ടെണ്ണൽയന്ത്രം വാങ്ങാൻ കാശില്ല. മാണിസാറിന്റെ കൈവശം ഉണ്ടെന്നു പറയപ്പെടുന്ന നോട്ടെണ്ണൽയന്ത്രമാണ് ചോമ്പാല ഗാന്ധി ഒരുവിധം ഒപ്പിച്ചെടുത്തത്. 

ഓരോ ബൂത്ത് കമ്മിറ്റിയും 12,000 രൂപ, യാത്രികനായ ചോമ്പാല ഗാന്ധിയെ ഏൽപിക്കണമെന്നാണു കരാർ. കാസർകോട്ടെയും കണ്ണൂരിലെയും ചില ബിപിഎൽ ബൂത്ത് കമ്മിറ്റികൾ 7,000 രൂപയാണു നൽകിയത്. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കളങ്കിതരായവരുടെ പണം സ്വീകരിക്കരുതെന്നാണ് അവർക്കു ഗാന്ധി കൊടുത്ത നിർദേശം. കളങ്കിതരെ കണ്ടുപിടിക്കാനുള്ള ‘കളങ്കിതോ മീറ്റർ’ എന്നൊരു യന്ത്രവും അദ്ദേഹം ബൂത്ത് പ്രസിഡന്റുമാർക്ക് നേരത്തേ അയച്ചുകൊടുത്തിരുന്നു. പിരിവു വാങ്ങാൻ ചെല്ലുമ്പോൾ ആ യന്ത്രത്തിലേക്ക് ഊതിച്ചാൽ മതി. കളങ്കിതരാണെങ്കിൽ ബീപ് ശബ്ദമുയരും. 

പണ്ടൊക്കെ കെപിസിസി പ്രസിഡന്റുമാർ കേരളയാത്ര നടത്തിയാൽ പിരിവുപണം എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല ചില ജനറൽ സെക്രട്ടറിമാരെയാണ് ഏൽപിക്കാറ്. അവർ എണ്ണുന്ന നോട്ടുകളിൽ ഒരെണ്ണം കെപിസിസിയുടെ പണക്കിഴിയിൽ ഇട്ടാൽ അടുത്തതു സ്വന്തം പോക്കറ്റിലേക്കേ പോകൂ. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അതൊരു ജനിതകരോഗമാണ്. ഇതുവരെ ചികിൽസ കണ്ടുപിടിച്ചിട്ടില്ല.ഇത്തരം ഏടാകൂടങ്ങൾ ഒഴിവാക്കാനാണ് ജനമഹായാത്രയോടൊപ്പം ഒരു നോട്ടെണ്ണൽയന്ത്രംകൂടി കൊണ്ടുപോകാമെന്നു വച്ചത്. കൃഷിയിലായാലും വ്യവസായത്തിലായാലും മുന്നേറണമെങ്കിൽ യന്ത്രവൽക്കരണം കൂടാതെ കഴിയില്ല. രാഷ്ട്രീയവും ഒരു കൃഷിയും വ്യവസായവുമാണെന്ന് ആർക്കാണറിയാത്തത്? 

അതുകൊണ്ടു മാത്രമാണ് ചോമ്പാല ഗാന്ധി ജനമഹായാത്രയിൽ നോട്ടെണ്ണൽ യന്ത്രം കൂടെക്കൊണ്ടുപോയത്. അതു മഹാപരാധമായാണു ചിലർ ചിത്രീകരിക്കുന്നത്. ഇതു സംബന്ധിച്ച ‘ദേശാഭിമാനി’ വാർത്ത ശ്രദ്ധയിൽപെട്ട ഉടനെ രാഹുൽജി കെ.സി.വേണുഗോപാലിനു നിർദേശം നൽകിയത് എല്ലാ പിസിസി ഓഫിസുകളിലും നോട്ടെണ്ണൽയന്ത്രവും കളങ്കിതോ മീറ്ററും വാങ്ങണമെന്നാണ്. ഉത്തരവു പ്രകാരം വേണുഗോപാൽ സർക്കുലർ അയയ്ക്കുകയും ചെയ്തുവെന്നാണു ഡൽഹിയിൽ നിന്നു ലഭിക്കുന്ന വിവരം.

യാത്രയയപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോൾ

പണ്ടെല്ലാം ശബരിമലയ്ക്കും കാശിക്കും പോകുന്നവർക്ക് വീട്ടുകാരും നാട്ടുകാരും ചേർന്നു യാത്രയയപ്പു നൽകുന്ന ചടങ്ങുണ്ടായിരുന്നു. മലയ്ക്കു പോകുന്നവർ കെട്ടുനിറയ്ക്കുന്നതിനിടെ കരച്ചിലും പിഴിച്ചിലും പതിവായിരുന്നു. ഹജ് കർമം അനുഷ്ഠിക്കുന്നവരുടെ വീടുകളിലും ഇത്തരം ചടങ്ങുകൾ അരങ്ങേറാറുണ്ടായിരുന്നു. 

എന്നാൽ, ഇന്നത്തെക്കാലത്തു ശബരിമലയ്ക്കും ഹജ്ജിനും പോകുന്നവരുടെ ഓരോ നീക്കവും വീട്ടുകാർ വിചാരിച്ചാൽ മോണിറ്റർ ചെയ്യാവുന്ന നിലവന്നു. അതോടെ യാത്രയയപ്പുകൾ, കരച്ചിൽ, പിഴിച്ചിൽ തുടങ്ങിയ അനുഷ്ഠാന കലകൾ അന്യംനിൽക്കലിന്റെ വക്കിലെത്തി. ഒരുപക്ഷേ, ഇത്തരം കലകൾ ഇപ്പോഴും നിലനിൽക്കുന്നത് സിപിഎം പോലുള്ള യാഥാസ്ഥിതിക കമ്യൂണിസ്റ്റ് പാർട്ടികളിലായിരിക്കണം. ഐക്യരാഷ്ട്ര സംഘടനയുടെ സർവകലാശാല ജർമനിയിൽ നടത്തുന്ന രാജ്യാന്തര ശിൽപശാലയിൽ പങ്കെടുക്കാൻ പോകുന്ന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന് വകുപ്പുമന്ത്രി ഇ.പി.ജയരാജന്റെ ചേംബറിൽ നൽകിയ യാത്രയയപ്പ് ഈയിനത്തിൽപെടുന്ന ഏറ്റവും ചിന്തോദ്ദീപകമായ കലാപരിപാടിയായിരുന്നു. 

ചിന്ത ജർമനിയിൽ പോകുന്നതിനെക്കുറിച്ചു ചിന്തിച്ചു ചിന്തിച്ച് മന്ത്രി വിങ്ങിപ്പൊട്ടി എന്നാണു കേൾക്കുന്നത്. ഈ പെൺകുട്ടിക്ക് ഐക്യരാഷ്ട്ര സംഘടന ഇത്തരത്തിലുള്ള എടുത്താൽ പൊങ്ങാത്ത ബഹുമതി നൽകുന്നതിൽ ചില രാജ്യാന്തര ഗൂഢാലോചനകളുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചുവത്രെ. 

ആലപ്പാട്ടെ ഖനനവിരുദ്ധ സമരത്തിനു പിന്നിലും പാപ്പിനിശേരിയിലെ കണ്ടൽ പാർക്ക് വിരുദ്ധ സമരത്തിനു പിന്നിലും സിഐഎ എന്ന ചെകുത്താന്റെ ചാട്ടുളിയുണ്ടെന്ന് ജയരാജനണ്ണൈ പറഞ്ഞതു ശരിയാണെന്നു കാലം തെളിയിച്ചതാണ്. ചിന്ത ജെറോമിന്റെ കാര്യത്തിലും അങ്ങനെതന്നെയാകാനാണ് സാധ്യത. 

എന്നാലുമെന്റെ അധോലോക നായകാ...

രവി പൂജാരിയോട് അൽപസ്വൽപം ബഹുമാനമൊക്കെ ഉണ്ടായിരുന്നു. ഛോട്ടാ രാജന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും വലംകൈ, ഛോട്ടാ ഷക്കീലിന്റെ ഇടംകൈ, വരദരാജൻ മുതലിയാർക്കു പിറക്കാതെ പോയ മകൻ, ഹാജി മസ്താന്റെ മാനസ പുത്രൻ... എന്നിങ്ങനെ ഒരുപാടു വിശേഷണങ്ങളാണ് അദ്ദേഹത്തിന്റെ ബയോഡേറ്റയിൽ ചേർത്തിരുന്നത്. അതുകൊണ്ടു തന്നെ, രവി പൂജാരി എന്ന പേർ എവിടെ കേട്ടാലും അറ്റൻഷനായി എഴുന്നേറ്റുനിന്നു സല്യൂട്ട് ചെയ്യുമായിരുന്നു. 

അദ്ദേഹം കാർപാത്യൻ മലനിരകളിലെ ചില സത്രങ്ങളിലാണു താമസമെന്നു പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഈ സത്രങ്ങളിൽ ചില തണുത്ത സന്ധ്യകളിൽ തീക്കുണ്ഡത്തിനു സമീപം വൈറ്റ്‌വൈൻ നുണഞ്ഞിറക്കുന്ന നിലയിൽ അദ്ദേഹത്തെ കണ്ടവരുണ്ട്. കൂടെക്കൂടെ ചുട്ട മാനിറച്ചി എടുത്തു കൊറിക്കും. ഇടവേളകളിൽ ഹാഫ് എ കൊറോണ സിഗരറ്റ് പുകയ്ക്കും. ഈ ബ്രാൻഡിനു ക്ഷാമം വരുമോ എന്നു ഭയന്ന് ദിനേശ് ബീഡി 10 പാക്കറ്റ് കോട്ടിന്റെ പോക്കറ്റിൽ സ്ഥിരമായി സൂക്ഷിക്കും. 

കേരളത്തിലും ഇടപാടുകളുണ്ടെങ്കിലും, പൂജാരിയെ വെറുമൊരു പച്ചാളം, തമ്മനം ക്വട്ടേഷൻ ടീം ലീഡറായി കാണാൻ മനസ്സു സമ്മതിച്ചിരുന്നില്ല. എന്നാൽ, രവി പൂജാരിയുടെ പ്രതിച്ഛായയ്ക്കു വിള്ളൽവീണത് അദ്ദേഹം പി.സി.ജോർജിനെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നു കേട്ടപ്പോഴാണ്. ആഗോള അധോലോക നായകനാണത്രെ, എന്നിട്ടാണ് ഈരാറ്റുപേട്ട ചന്തയിൽ റൗഡിപ്പീസ് പിരിക്കുന്ന വെറുംപുലിയെ വിളിച്ചു ഭീഷണിപ്പെടുത്തിയത്. ഇനി ആഗോളത്തരവും പറഞ്ഞ് ഇറങ്ങി പുറപ്പെട്ടേക്കരുത്. കൊള്ളാവുന്ന ചട്ടമ്പികൾ കേരളത്തിൽ വേറെയുണ്ട്. അടിച്ചു റൊട്ടിയാക്കും. 

സ്റ്റോപ് പ്രസ്: തിരുവനന്തപുരത്തു സ്ഥാനാർഥിയാകാനില്ലെന്നു മോഹൻലാൽ ബിജെപി നേതാക്കളോട്.

നിർബന്ധമാണെങ്കിൽ ആന്റണി പെരുമ്പാവൂരിനെ നിർത്താമെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT