അതങ്ങനെയല്ല!

subhadinam
SHARE

ആ ഒന്നാം ക്ലാസുകാരിയുടെ കൈയിൽ രണ്ടു മിഠായികളുണ്ടായിരുന്നു. അമ്മ വന്നു ചോദിച്ചു, ഒരെണ്ണം എനിക്കു തരുമോ? കുറച്ചുനേരം അമ്മയെ നോക്കിയിട്ട് അവൾ രണ്ടു മിഠായിയും ഓരോ തവണ കടിച്ചു. അമ്മയ്ക്കു ലേശം സങ്കടം തോന്നി. അതിനിടെ, മിഠായികളിലൊന്ന് അമ്മയ്ക്കുനേരെ നീട്ടി അവൾ പറഞ്ഞു, ‘അമ്മ ഇതെടുത്തോ; ഇതിനാണു മധുരം കൂടുതൽ’. 

സ്വന്തം വ്യാഖ്യാനങ്ങൾ മറ്റുള്ളവരുടെമേലുള്ള വിധിവാചകങ്ങളാകരുത്. അറിവും അനുഭവവും കൂടുന്നതനുസരിച്ച് അപക്വമായ വർണനകൾക്കും വിലയിരുത്തലുകൾക്കും സാധ്യത കൂടും. ഒരു തീരുമാനവും നിഷ്‌പക്ഷമല്ല. എല്ലാറ്റിലും വ്യക്ത്യാധിഷ്‌ഠിതമായ വ്യത്യാസങ്ങളും വൈകാരികമായ മുൻവിധികളുമുണ്ടാകും. 

മറ്റുള്ളവരുടെ പ്രവൃത്തികളെ അവനവന് എളുപ്പമുള്ള രീതിയിലും വേണ്ടരീതിയിലും വിശകലനം ചെയ്യാനാണ് എല്ലാവർക്കുമിഷ്ടം. ഒന്നിലും യാഥാർഥ്യം അറിയാനുള്ള ശ്രമംപോലുമുണ്ടാകില്ല. കാരണം, ആ യാഥാർഥ്യം ദുർവ്യാഖ്യാനങ്ങൾക്കോ ദുഷ്‌പ്രചാരണങ്ങൾക്കോ വിരുദ്ധമായിരിക്കും.

ഒന്നു കാത്തിരുന്നുകൂടേ... ഒന്നുകിൽ എല്ലാം സ്വയം തെളിയും. അല്ലെങ്കിൽ, കാരണക്കാരായവർതന്നെ ഉത്തരങ്ങൾ നൽകും. മറ്റുള്ളവരുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും അവർ പോലും ഉദ്ദേശിക്കാത്ത ഭാഷാന്തരം നൽകി സ്വയം സംഘർഷത്തിലാകുന്നത് എന്തിനാണ്? വരികൾക്കിടയിലും കർമങ്ങൾക്കിടയിലും സ്വയം കൽപിക്കുന്ന അർഥങ്ങളും അർഥവ്യത്യാസങ്ങളുമാണ് ബന്ധങ്ങൾ ഇല്ലാതാക്കുന്നത്. 

എന്തുകൊണ്ട് ഇങ്ങനെ എന്നത് സ്‌പഷ്‌ടതയ്‌ക്കു വേണ്ടിയുള്ള ചോദ്യമാകണം; സ്വയം അനുമാനത്തിനു വേണ്ടിയുള്ള ഊഹാപോഹമാകരുത്.

സ്വയം വിശദീകരിക്കാൻ എല്ലാവർക്കും അവസരവും അവകാശവും നൽകിയാൽ ലോകസമാധാനം പോലും സാധ്യമാകും. സ്വയം വിശദീകരിക്കണം; അതിന് മറ്റുള്ളവരെ അനുവദിക്കുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA