ADVERTISEMENT

100! നെല്ലിപ്പുഴ മത്തായിക്ക് അതാണു പ്രായം. ‘നൂറു കഴിഞ്ഞു. നൂറു കൂട്ടിയാമതി’ എന്നാണ് അദ്ദേഹം പറഞ്ഞത്. 60 വർഷം മുൻപ് ഏഴാച്ചേരിയിൽനിന്ന് ഇടുക്കി മലകയറി വരുമ്പോൾ മത്തായി ഒന്നിനും മുന്നിൽ തോൽക്കാൻ തയാറായിരുന്നില്ല. അന്നു കാട്ടാന ആയിരുന്നു പ്രധാന ശത്രു. ആനയെത്തുരത്തി കാടുവെട്ടിപ്പിടിച്ച് മത്തായി നെഞ്ചുവിരിച്ചങ്ങു നിന്നു. മത്തായി ജീവിതം നട്ടുവളർത്തിയ നാടിന് നെല്ലിപ്പുഴക്കവലയെന്നു പേരും വന്നു. 

മുകളിലുള്ള ചിത്രമൊന്നു നോക്കിക്കേ... 60 വർഷത്തിനുശേഷം വാഴത്തോപ്പ് നെല്ലിപ്പുഴക്കവലയിൽ മത്തായിയെ കണ്ടു. മലമുകളിലെ പണിപൂർത്തിയാവാത്ത കൊച്ചുവീടിന്റെ വരാന്തയിൽ വടി കുത്തിപ്പിടിച്ച് ഇരിക്കുന്നു. ഇത്തിരിപ്പോന്ന കാട്ടുപന്നിക്കുഞ്ഞുങ്ങളെപ്പോലും പേടിച്ച്, ചുരുണ്ടുകൂടി... ഒരു കയ്യിൽ വടിത്താങ്ങുണ്ട്. മറുകയ്യിലെ താങ്ങു പോയി; മകൻ. വീട്ടിൽ മരണത്തിന്റെ തണുപ്പാറിയിട്ടില്ല. മത്തായിയുടെ മകൻ ജോണി കടം കയറി ജീവനൊടുക്കിയിട്ട്, ഉറങ്ങാത്ത രണ്ടു രാത്രിയും രണ്ടു പകലും കടന്നിട്ടേയുള്ളു. പാട്ടത്തിനെടുത്ത കൃഷി നഷ്ടത്തിലായതിന്റെ കടം വീട്ടാനാവില്ലെന്ന് ഉറപ്പായതോടെ, നട്ടുനനച്ച വാഴകൾക്കു സമീപം ജോണി ജീവനൊടുക്കുകയായിരുന്നു. 

മത്തായിയുടെ വീട്ടിൽ ചെല്ലുമ്പോൾ ഒരു കരച്ചിലാണു പ്രതീക്ഷിച്ചത്. പക്ഷേ, കരച്ചിലിനെ തുരത്തി മുഖങ്ങളിൽ നിർവികാരത ‘കുടിയേറി’യിരിക്കുന്നു. വന്യമൃഗങ്ങളോടു പോരടിച്ച് മണ്ണു പൊന്നാക്കിയവൻ തന്റെ പാതിവയസ്സിൽ മകൻ ജീവനൊടുക്കിയതു കണ്ടു പകച്ച്, ഇടുക്കിയിലെ മണ്ണിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ട്... ‘നെല്ലിപ്പുഴ മത്തായി’മാരുടെ നാടാണിപ്പോൾ ഇടുക്കി. ഒന്നും രണ്ടുമല്ല, ഒരു മാസത്തിനിടെ നാലുപേർ. അവരുടെ കുടുംബാംഗങ്ങളുടെയെല്ലാം മുഖത്ത് മത്തായിയുടെ അതേ ഭാവമാണ്. കുടിയേറിയ മണ്ണിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നു വിളിച്ചുപറയുന്ന മൂകത!

കുടിയേറുന്ന നിരാശ

60 വർഷമായി മത്തായിയും കുടുംബവും ജീവിക്കുന്ന മണ്ണിനു പട്ടയമില്ല. പലതവണ മത്തായി അപേക്ഷയുമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി.‌ പട്ടയമേളകൾക്കു ക്ഷാമമുണ്ടായില്ല. കപ്പ,വാഴ,ചേന,ഇഞ്ചി,കൊക്കോ ഇവയൊക്കെ കൃഷി ചെയ്തു. രണ്ടാമത്തെ മകനാണ് ജീവനൊടുക്കിയ ജോണി. ‌ജോണി വാഴത്തോപ്പിൽ മൂന്നുനാലേക്കർ പാട്ടത്തിനെടുത്ത് കൃഷി ചെയ്തു. വാഴകൾ കാറ്റൊടിച്ചുകളഞ്ഞു. പ്രളയകാലത്തു കപ്പ വെള്ളംകയറിപ്പോയി. ഇഞ്ചി വെള്ളംകയറി ചീഞ്ഞു...‌

4,000 കിലോ കപ്പ കിട്ടേണ്ടിടത്തു കിട്ടിയത് ഏഴിലൊന്ന് – 600 കിലോ. കൃഷിക്കുവേണ്ടി ബാങ്കുകളിൽ നിന്നെടുത്ത കടം രണ്ടുലക്ഷം. മറ്റു ചില വായ്പകൾ, അതിന്റെ പലിശഭാരം. പ്രതീക്ഷ മുഴുവൻ ഇത്തവണത്തെ വിളവിലായിരുന്നു. കാലാവസ്ഥാ വ്യതിയാനം തൊടാതെവിട്ട കൃഷികൾ കാട്ടുപന്നികൾകൂടി കുത്തിമറിച്ചിട്ടതോടെയാണ് ജോണിയുടെ ധൈര്യം ചോർന്നത്. ബാങ്കുകളിൽനിന്നുള്ള നോട്ടിസ് കൂടിയായപ്പോൾ നിരാശയായി. ‌ജപ്തിയിലേക്ക് ഇനി അധികം ദൂരമില്ല. സ്വന്തം വീട്ടുപേരിട്ട കവലയിലൂടെ തലകുനിച്ചു നടക്കാനാവില്ലെന്ന ചിന്തയാണ് തെറ്റായ തീരുമാനമെടുക്കാൻ ജോണിയെ പ്രേരിപ്പിച്ചത്.‌‌

ജോണിയുടെ മരണമറിഞ്ഞ അന്നു തളർന്നുവീണതാണ് അമ്മ മേരി. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ ഇപ്പോഴും കിടപ്പ്. തോരാക്കണ്ണുകളോടെ ഈ കഥയൊക്കെപ്പറഞ്ഞത് ജോണിയുടെ ഭാര്യ മേരിയാണ്. 

ആ നാലുപേർ!

വാഴത്തോപ്പ് നെല്ലിപ്പുഴ ജോണി (57), മുരിക്കാശേരി മേരിഗിരി താന്നിക്കാട്ടുകാലായിൽ സന്തോഷ് (37), തോപ്രാംകുടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവൻ (68), അടിമാലി ആനവിരട്ടി കോട്ടക്കല്ലിൽ രാജു (62) എന്നിവരാണ് കടം കയറി ഇടുക്കിയിൽ ആത്മഹത്യ ചെയ്ത കർഷകർ. 40 ദിവസത്തിനിടെ നാലുപേർ! അവരിൽ കൂടുതലും മരണത്തിനു തിരഞ്ഞെടുത്തത് സ്വപ്നങ്ങൾ വിതച്ചുകൂട്ടിയ കൃഷിയിടംതന്നെ. കൊക്കോമരം, വാഴത്തോട്ടം...

‘ആനവിരട്ടി’യിലെ രാജു വിരണ്ടത് ആ ജപ്തിനോട്ടിസിൽ

സ്വയം നട്ടുവളർത്തിയ കൊക്കോമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആനവിരട്ടി കോട്ടക്കല്ലിൽ രാജുവിനെ സംസ്കരിച്ചിരിക്കുന്നത് വീട്ടുവളപ്പിലാണ്; വീടിനു തൊട്ടുതാഴത്തെ തൊടിയിൽ. സംസ്കരിച്ച മണ്ണിനുമീതേ ഒരു പച്ചത്തെങ്ങോല വെട്ടിവച്ചിരിക്കുന്നു. തൊട്ടടുത്തുണ്ട് വലിയ വലക്കൂടിൽ ചിക്കിച്ചികഞ്ഞ് കുറെ കോഴികൾ. ഒരുവശത്ത് പഴുത്തു ചെഞ്ചോരച്ചുവപ്പാർന്ന കുരുമുളകുചെടികൾ. മറ്റൊരു വശത്ത് അന്നു രാവിലെവരെ രാജു തൊട്ടും തലോടിയും വളർത്തിയ പശുക്കൾ ചെവിയാട്ടി നിൽക്കുന്ന തൊഴുത്ത്. ഇനിയൊരു വശത്ത് രാജുവിന്റെ വീടാണ്. അവിടെ ഒരമ്മയും മക്കളും കരച്ചിലടക്കി നിൽക്കുന്നു.

മൃതദേഹപരിശോധന നടത്തിയ പൊലീസാണ് അടിവസ്ത്രത്തിന്റെ പോക്കറ്റിൽനിന്ന് ആ കത്തു കണ്ടെടുത്തത്.കടം കയറി, കൃഷി നശിച്ചു. വായ്പയുടെ പലിശപോലും തിരിച്ചടയ്ക്കാനാവുന്നില്ല. ജീവനൊടുക്കുന്നു. മറ്റൊരാളും ഈ മരണത്തിന് ഉത്തരവാദിയല്ല –‌ ഇതായിരുന്നു കത്തിൽ. ‌ആകെ നാലുവരികൾ. അതിൽ അവസാനിച്ചു, ഒരു കർഷകന്റെ ജീവിതകഥ! 

കൃഷിവരുമാനം കുറഞ്ഞുവന്നതോടെ രാജു കോൾഡ് സ്റ്റോറേജും നടത്തിയിരുന്നു. രണ്ടാഴ്ച മുൻപ് ജപ്തിനോട്ടിസ് ലഭിച്ചതായി വീട്ടിൽ പറഞ്ഞിരുന്നു.‌ സ്ഥലംവിറ്റു വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും ‘കസ്തൂരിരംഗൻ പ്രശ്നം’ കാരണം വിൽപന നടന്നില്ല.

ബാങ്ക് സ്ഥലമുടമ

ആനവിരട്ടിയിൽ രാജുവിന്റെ വീട്ടിൽനിന്നു തിരികെ അടിമാലി – മൂന്നാർ റോഡിലേക്കു കയറ്റം കയറിവരുമ്പോൾ നേരെ എതിർവശത്തെ പറമ്പിൽ കണ്ട രണ്ടു ഫ്ലക്സ് ബോർ‍ഡുകളിൽ കണ്ണുടക്കി. ‘ഈ സ്ഥലം ഇപ്പോൾ........ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതിക്രമിച്ചു കയറുന്നവർ ശിക്ഷിക്കപ്പെടും’.‌ 

‘ഈ സ്ഥലം വിൽപനയ്ക്ക് – .... ബാങ്ക്’ എന്നു മറ്റൊരു ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ 70 സെന്റ് സ്ഥലം ബാങ്ക് ഏറ്റെടുത്തിരിക്കുന്നു. പറമ്പിനുള്ളിൽ ചെറിയൊരു വീടുണ്ട്. മൂക്കംപിള്ളിൽ ഗോപിയുടെ വീട്. അതിന്റെ വാതിൽ താഴിട്ടു പൂട്ടിയിരിക്കുന്നു. താഴു തുറക്കാതിരിക്കാൻ ചുവന്ന പശകൊണ്ടുള്ള സീലും. കടത്തിൽ ഗതിമുട്ടിയ ഇടുക്കിയിലെ കർഷകരെ ഓർമിപ്പിക്കുന്ന കത്രികപ്പൂട്ട്. 

കുടിയിറങ്ങിയ കൃഷികൾ

ഹൈറേഞ്ചിൽനിന്നു കുടിയിറങ്ങിയതു കർഷകർ മാത്രമല്ല, കൃഷികളുമാണ്. ഒരു കാലത്ത് അടയ്ക്കക്കൃഷിയുടെ കേന്ദ്രമായിരുന്നു ഇടുക്കി ജില്ല. അടയ്ക്ക ചമ്പൻ പരുവം (പഴുക്കുന്നതിനു മുൻപ്) ആകുമ്പോഴേക്കും പറിക്കും. തൊണ്ടുകളഞ്ഞ് സംഭരണകേന്ദ്രങ്ങളിൽ കൊടുക്കും. മാങ്കുളം, ഇരട്ടയാർ നോർത്ത്, പൂഞ്ഞാർ ഭാഗത്തൊക്കെ സംഭരണകേന്ദ്രങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഇടുക്കിയിലൂടെ സഞ്ചരിച്ചാൽ കമുകുകൾ കാണാനേയില്ല. കാണുന്നവയ്ക്കു മണ്ടയുമില്ല. പുതുതായി ആരും കമുക് വയ്ക്കാറുമില്ല.‌ അടിമാലിയിലും മറ്റുമുണ്ടായിരുന്ന അടയ്ക്കാ കമ്പനികളും മന്ദതയിലായി. ഇടുക്കി ഡാം തുറന്നുവിട്ടപ്പോൾ പെരിയാറിന്റെ തീരത്ത് തടിയമ്പാട് ഇല്ലിക്കൽ തമ്പി നടത്തിയിരുന്ന അടയ്ക്കാ കമ്പനി വെള്ളവും കൊണ്ടുപോയി.

ഇഞ്ചിയാണ് കർഷകർ (കർഷകരെ) കൈവിട്ട മറ്റൊരു കൃഷി. ഒരു കാലത്ത് തടിയമ്പാട്ടുനിന്നു വർഷംതോറും 100 ലോഡ് ഇഞ്ചി കയറിപ്പോയിരുന്നു; ഇപ്പോഴില്ല. ചേന, ചേമ്പ് തുടങ്ങിയ ഇടവിളകളുടെ കാര്യവും ഇങ്ങനെതന്നെ. കാപ്പിക്കൃഷിയും വളരെ വേഗം പിന്നോട്ടാണ്. കുരുമുളകുകൃഷിയും പത്തിലൊന്നുപോലുമില്ല. ‌ഏലം മാത്രമാണ് നിലവിൽ ലാഭകരമായ കൃഷി. വില കുറഞ്ഞതും ഉൽപാദനച്ചെലവു കൂടിയതുമാണ് പല കൃഷികളും കർഷകർ കൈവിട്ടുകളയാൻ കാരണം.‌

വില 30, കൂലി രണ്ട്

1950–60 കാലത്തെ കുടിയേറ്റം. ‘കൊടിത്തല വലിച്ചെറിഞ്ഞുപോയാലും തനിയെ പിടിച്ചുകയറി’ കുരുമുളകു വിളയുന്ന കാലം. ഒരു തുലാം (പത്തുകിലോ) കുരുമുളകിന് അന്നു 30 രൂപയായിരുന്നു വില. കിലോയ്ക്കു മൂന്നു രൂപ. പക്ഷേ കൂലിയോ? ആണിനു ദിവസം രണ്ടര രൂപ, പെണ്ണിനു രണ്ടേകാൽ രൂപ! കൂലിയെക്കാൾ വില ഒരു കിലോ കുരുമുളകിനു ലഭിക്കുമായിരുന്നു. ഇപ്പോഴോ? പണിക്കൂലി 650. കുരുമുളക് കിലോ വില 350! രണ്ടുകിലോ കുരുമുളകു വിറ്റാലേ ഒരാളുടെ പണിക്കൂലി കൊടുക്കാനാവൂ. 

പണ്ട് ഒരു പണിക്കാരൻ ഒരു ദിവസം പറിച്ചിരുന്ന കുരുമുളകിന്റെ പത്തിലൊന്നുപോലും ഇപ്പോൾ പറിച്ചാൽ കിട്ടില്ല. വിളവു കുറഞ്ഞതുതന്നെ കാരണം. പണിക്കൂലി 350 – 400 നൽകിയാൽ ‘ഭായി’യെ (ഇതരസംസ്ഥാന തൊഴിലാളി) ജോലിക്കു കിട്ടും. പക്ഷേ, ഉള്ളി പറിച്ചെടുക്കുന്നതുപോലെയാണത്രേ അവർ കുരുമുളകു വലിച്ചുപറിക്കുക. കണ്ണി പൊട്ടിപ്പോയാൽ അടുത്തതവണ വിളവുണ്ടാവില്ല. 

നാളെ: കൃഷിവിട്ടു പലായനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com