ADVERTISEMENT

ആരായാലും, എന്തിന്റെ പേരിലായാലും ഓരോരുത്തരുടെയും നാവിൽ വരേണ്ട വാക്കുകൾക്കു മൂല്യമുണ്ടാവണം. മാതൃകാസ്ഥാന ത്തുള്ള ജനപ്രതിനിധികൾതന്നെ ഈ അടിസ്ഥാനപാഠം മറക്കുമ്പോൾ നാടിന് അതു നാണക്കേടായിത്തീരുന്നു. ദേവികുളം സബ് കലക്ടർ ഡോ. രേണു രാജിനെ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ തരംതാണ വാക്കുകളാൽ അധിക്ഷേപിച്ച സംഭവം കേരളത്തിന്റെയാകെ പ്രതിഷേധത്തിനു കാരണമായിക്കഴിഞ്ഞു. 

ഡോ. രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തിൽ പാർട്ടി അനിഷ്ടം അറിയിച്ചതിനെ തുടർന്ന് എംഎൽഎ ഖേദം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലെ കയ്പ് പൊതുസമൂഹത്തിൽ മായാതെനിൽക്കുന്നു. മൂന്നാർ പഞ്ചായത്തിന്റെ നിർമാണങ്ങൾ തടയാൻ സബ് കലക്ടർക്ക് അധികാരമില്ലെന്നു പറഞ്ഞാണ് എംഎൽഎ നിലവിട്ട് അധിക്ഷേപിച്ചത്.  

റവന്യുവകുപ്പിന്റെ അനുമതിപത്രമില്ലാതെ മൂന്നാർ പഞ്ചായത്ത് നിർമിക്കുന്ന വനിതാ വ്യവസായകേന്ദ്രത്തിന്റെ നിർമാണം നിർത്തിവയ്ക്കാൻ സബ് കലക്ടർ ഈ മാസം ആറിനു പഞ്ചായത്ത് സെക്രട്ടറിക്കു നോട്ടിസ് നൽകിയതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. മൂന്നാറിൽ കയ്യേറ്റവും അനധികൃത നിർമാണങ്ങളും തടയാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭരണനേതൃത്വം നൽകുന്ന നേതാക്കൾ ഭീഷണിപ്പെടുത്തുന്നതും ഓടിക്കുന്നതും തുടർക്കഥയായിരിക്കുകയാണ്. 

ഡോ. രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തെക്കുറിച്ച് എംഎൽഎയോടു സ്വന്തം പാർട്ടിയായ സിപിഎം വിശദീകരണം തേടിയതിൽത്തന്നെ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാണ്. സിപിഐയും സബ് കലക്ടറെ പിന്തുണയ്ക്കുകയാണ്. സബ് കലക്ടറുടെ നിലപാട് നടപടിക്രമം അനുസരിച്ചാണെന്നു കാഞ്ഞങ്ങാട്ട് പറഞ്ഞ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ ഇക്കാര്യത്തിൽ സബ് കലക്ടർക്ക് വകുപ്പിന്റെയും സർക്കാരിന്റെയും പൂർണ പിന്തുണയുണ്ടെന്നും പറയുകയുണ്ടായി. 

ഹൈക്കോടതിവിധി ലംഘിച്ച് മൂന്നാർ പഞ്ചായത്തുവക ഭൂമിയിൽ അനധികൃത നിർമാണം നടത്തിയതിനു പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകണമെന്ന് സബ് കലക്ടർ അഡീഷനൽ അഡ്വക്കറ്റ് ജനറലിനു നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എംഎൽഎ അധിക്ഷേപിച്ച സംഭവത്തിൽ സബ് കലക്ടർ ഡോ. രേണു രാജ്, ചീഫ് സെക്രട്ടറി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ഇടുക്കി കലക്ടർ എന്നിവർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.  

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽനിന്ന് അന്തസ്സുറ്റ സമീപനങ്ങളാണു സമൂഹം എപ്പോഴും പ്രതീക്ഷിക്കുന്നത്. വാക്കിലും പെരുമാറ്റത്തിലുമൊക്കെ ആ കുലീനത കൈമോശം വരുമ്പോൾ അതു ജനത്തെ കൊഞ്ഞനംകുത്തലാവുന്നു. ഉത്തരവാദപ്പെട്ട സ്‌ഥാനങ്ങളിലിരിക്കുന്നവർ പൊതുവേദികളിലും മറ്റും സംസാരിക്കുമ്പോൾ സൂക്ഷ്‌മതയും മാന്യതയും കാണിക്കണമെന്നത് ഓർമിപ്പിക്കുന്ന വേറെയും സംഭവങ്ങൾ സമീപകാലത്തുതന്നെയുണ്ടായി. 

സ്ഥാനത്തിന്റെ വലുപ്പവും സമൂഹത്തിന്റെ അന്തസ്സും ജീവിതത്തിന്റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്‌ഥാന മര്യാദകൾ ഇത്തരം അധിക്ഷേപത്തിലൂടെ അവർ മറന്നുപോയപ്പോൾ അതു വ്യാപകമായ വിമർശനത്തിനു കാരണമാവുകയും ചെയ്തു. 2017  ഏപ്രിലിൽ അന്നത്തെ ദേവികുളം സബ് കലക്ടറെ ഊളമ്പാറയ്ക്കു വിടണമെന്നാണ് മന്ത്രി എം.എം.മണി പറഞ്ഞതെങ്കിൽ, പിന്നീടു സ്ഥാനമേറ്റ ദേവികുളം സബ് കലക്ടർ കോപ്പിയടിച്ചാണ് ഐഎഎസ് നേടിയതെന്നാണ് അതേവർഷം നവംബറിൽ എസ്. രാജേന്ദ്രൻ എംഎൽഎതന്നെ പറഞ്ഞത്. അതേ നവംബറിൽ, വനിതാ ഡപ്യൂട്ടി കലക്ടർ എസ്.ജെ.വിജയയോടു പാറശാലയിലെ സിപിഎം എംഎൽഎ സി.കെ.ഹരീന്ദ്രൻ നിലവിട്ടു കയർത്തത് വ്യാപകപ്രതിഷേധത്തിനു കാരണമാവുകയുണ്ടായി.   

വിവരവും വിവേകവുമുള്ള നേതാക്കളെ മാത്രം ജനം അംഗീകരിക്കുന്ന കാലമാണിത്. നാവിന്റെ വിലയും നിലയും തിരിച്ചറിയാതെയുള്ള വാക്കുകൾ സ്വന്തം മൂല്യം കുറയ്‌ക്കുന്നതിനു മാത്രമേ പ്രയോജനപ്പെടൂ. രാഷ്ട്രീയമായി ഉന്നതപദവികളിൽ എത്തുന്നവർ പിന്നിടേണ്ട എത്രയോ പടവുകളുണ്ട്. അതുപോലെതന്നെയാണ് ഒരാൾ കഷ്ടപ്പെട്ടു പഠിച്ച് സിവിൽ സർവീസ് നേടുന്നതും. പ്രതിഭാധനനായ ഒരാൾ നേടിയ സ്ഥാനത്തെ താഴ്ത്തിക്കെട്ടുമ്പോൾ പറയുന്നവർതന്നെയാണു ചെറുതാവുന്നതെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com