ADVERTISEMENT

ജനാധിപത്യത്തെ തോൽപിക്കുന്ന ധനാധിപത്യത്തിന്റെ മലീമസകഥകളിലൂടെയാണ് കുറെ വർഷങ്ങളായി കർണാടക രാഷ്‌ട്രീയം ജനശ്രദ്ധ നേടുന്നത്. ജനപ്രതിനിധികളുടെ ധനാർത്തിയെക്കുറിച്ചും അഴിമതിയെക്കുറിച്ചും ജാതി രാഷ്‌ട്രീയത്തെക്കുറിച്ചുമുള്ള നമ്മുടെ ധാരണകളുടെ അളവുകോൽതന്നെ കർണാടക മാറ്റിവരച്ചുകൊണ്ടിരിക്കുന്നു. ഒരു സംസ്‌ഥാനത്തിന്റെ രാഷ്‌ട്രീയം ഇത്രത്തോളം താഴാമോ എന്ന് രാജ്യംതന്നെ ചോദിക്കുന്ന രീതിയിൽ കർണാടകയിൽനിന്നു പല വാർത്തകളും ഇപ്പോഴും ഉണ്ടാവുന്നുണ്ട്. 

ആ സംസ്ഥാനത്തു നടമാടുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ലേലംവിളികളടക്കമുള്ള സമീപകാല സംഭവങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നു; രാഷ്ട്രീയത്തിന് ഉണ്ടാവണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യംചെയ്യുന്നു. അതൃപ്തരായ കോൺഗ്രസ് എംഎൽഎമാരെ വലയിലാക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ വീണ്ടും സജീവമായതും അതിനെതിരെയുള്ള കോൺഗ്രസിന്റെ പ്രതിരോധവും നാം കണ്ടതേയുള്ളൂ. ചാക്കിട്ടുപിടിത്തത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും തുടർക്കഥകളും എംഎൽഎമാരെ സംരക്ഷിക്കാനുള്ള ‘റിസോർട്ട്’ നാടകങ്ങളുമൊക്കെയായി കർണാടകയിൽ അധമരാഷ്ട്രീയം അരങ്ങുതകർക്കുകയാണ്. റിസോർട്ടുകളിൽ ഒളിക്കുന്ന ജനപ്രതിനിധികൾ തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളിൽനിന്നുകൂടിയല്ലേ ഒളിച്ചോടുന്നത്? 

ജനതാദൾ (എസ്) എംഎൽഎയെ പാട്ടിലാക്കാൻ ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ 25 കോടി രൂപ വാഗ്ദാനം ചെയ്തതെന്ന് ആരോപിച്ച് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഓഡിയോ ക്ലിപ് പുറത്തുവിട്ടതിലും ബജറ്റ് അവതരണവേളയിൽ വിപ്പ് ലംഘിച്ച് ഹാജരാകാതിരുന്ന നാല് വിമത എംഎൽഎമാർക്കെതിരെ കൂറുമാറ്റനിരോധന നിയമപ്രകാരം നടപടിയെടുക്കാൻ കോൺഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടതിലുമൊക്കെ എത്തിനിൽക്കുകയാണ് കർണാടകയിലെ നാടകങ്ങൾ. കോൺഗ്രസ്, ദൾ എംഎൽഎമാരെ വശത്താക്കി സർക്കാരിനെ മറിച്ചിടാൻ ബിജെപി നടത്തുന്ന പ്രവർത്തനങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ ആരോപണവുമുണ്ട്. സ്പീക്കർ രമേഷ് കുമാറിന് 50 കോടി രൂപ നൽകി ബിജെപി വിലയ്ക്കുവാങ്ങിയെന്ന ആരോപണംവരെ ഉയരുകയുണ്ടായി. 

അധാർമികമായ ഇത്തരം രാഷ്ട്രീയത്തിന്റെ വേരോട്ടം തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. പാർട്ടികളുടെ ആദർശവും ആശയവുമെല്ലാം പണാധിപത്യത്തിന് അടിയറവയ്‌ക്കുന്നതോടെ ഭരണവും ജനാധിപത്യവും ദുർബലമാകുമെന്നതിൽ സംശയമില്ല. രാഷ്ട്രീയ കുതിരക്കച്ചവടം, അതിൽ ഏർപ്പെടുന്നവരുടെയെല്ലാം ജനകീയത കുറയ്ക്കുമെന്നതും വാസ്തവം. വിശ്വസിച്ചു വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങളെ തങ്ങളുടെ ആർത്തികൊണ്ടും മറുകണ്ടംചാടൽകൊണ്ടും തോൽപിക്കുകയല്ലേ ഇത്തരക്കാർ ചെയ്യുന്നത്? 

ജനവിധി അട്ടിമറിക്കുന്നതിനെതിരെ ജാഗ്രത ഉറപ്പുവരുത്താനാണ് ഭരണഘടനാ ഭേദഗതിയിലൂടെ കൂറുമാറ്റനിരോധന നിയമം നടപ്പാക്കിയത്. പിന്നീടു വ്യവസ്ഥകൾ കൂടുതൽ ശക്തമാക്കി. വ്യവസ്ഥകൾ ഇത്ര കർശനമാണെങ്കിലും അവ പ്രയോഗിക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാണ്. നിയമം കൂടുതൽ ശക്തമാക്കിയിട്ടുപോലും ഏറ്റവും ലജ്‌ജാകരമായ കുതിരക്കച്ചവടവും കൂറുമാറ്റവും നിയമത്തിലെ പഴുതുകൾ ദുരുപയോഗപ്പെടുത്തി നിർബാധം തുടരുന്നതിന് ഇനിയെങ്കിലും അറുതിവരുത്തിയേതീരൂ. കർണാടകയിൽ ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ ലോക്സഭയിൽ കഴിഞ്ഞ ദിവസം ചോദ്യോത്തരവേള സ്തംഭിക്കുകയുണ്ടായി. 

ഇന്ത്യൻ ജനാധിപത്യത്തിന്റെ പതനം നാണക്കേടുകളുടെ നെല്ലിപ്പലകയും പിന്നിട്ടുകഴിഞ്ഞു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ്, തിരഞ്ഞെടുപ്പു കമ്മിഷൻ അടക്കമുള്ളവരെല്ലാം യുക്തനടപടികളിലേക്കു നീങ്ങാൻ വൈകിക്കൂടാ. കർണാടക നൽകിക്കൊണ്ടിരിക്കുന്നത് എല്ലാ പാർട്ടികൾക്കുമുള്ള ദേശീയ പാഠമാണ്; പണത്തിനും സ്ഥാനങ്ങൾക്കും വഴങ്ങിക്കൊടുത്താൽ രാഷ്ട്രീയകക്ഷികൾ ജനാധിപത്യത്തിന്റെ അടിസ്‌ഥാന പ്രമാണങ്ങൾ ബലികൊടുക്കുമെന്ന നിർഭാഗ്യപാഠം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com