ADVERTISEMENT

വീട്ടിലെ പുൽത്തകിടി വെട്ടി വൃത്തിയാക്കിയാൽ 100 രൂപ നൽകാമെന്നതായിരുന്നു മകൾക്കുള്ള അച്ഛന്റെ വാഗ്‌ദാനം. അവൾ തുള്ളിച്ചാടി ജോലി ചെയ്‌തുതുടങ്ങി. പക്ഷേ, ഒരു കോണിൽ മാത്രം, ഒറ്റപ്പുല്ലുപോലും മുറിക്കാതെ നിർത്തി. പണി പൂർത്തിയാക്കാത്തതിനാൽ മുഴുവൻ തുകയും നൽകാൻ അച്ഛൻ തയാറായില്ല. അവൾ പറഞ്ഞു, ‘എനിക്കു പണം വേണ്ട. ഞാൻ അവിടെയുള്ള പുല്ലു മുറിക്കില്ല’. കാരണമറിയാൻ അച്ഛൻ ആകാംക്ഷയോടെ ചെന്നു നോക്കിയപ്പോൾ, അവിടെ ഒരു തവള അവശനായിക്കിടക്കുന്നു. 

സ്‌നേഹമുള്ളിടത്ത് പലതും ക്രമരഹിതമാകും, അലങ്കോലമാകും. അതിന്റെ കാരണം സ്‌നേഹിക്കുന്നവർക്കു മാത്രമേ മനസ്സിലാകൂ. അവിടെ കണക്കുകൾക്കും ചിട്ടകൾക്കും കാര്യമായ സ്ഥാനമില്ല. സഹജീവികൾക്കിടയിൽ പെരുമാറ്റ ചട്ടങ്ങളെക്കാൾ പ്രധാനം പരസ്‌പരധാരണകളാണ്. അപരിചിതരുടെ മുന്നിലെ അകൽച്ചയും ഔദ്യോഗികതയുമല്ല, ആത്മബന്ധമുള്ളവർക്കിടയിലെ രസതന്ത്രം. ഓരോരുത്തരുടെയും ഇഷ്‌ടങ്ങൾക്കനുസരിച്ച് ഒരിടവും ക്രമീകരിക്കാനാകില്ല. എങ്കിലും എല്ലാവരുടെയും ഇഷ്‌ടങ്ങളോട് അനുഭാവം പുലർത്താനെങ്കിലും കഴിയണം. എഴുതപ്പെട്ട നിയമങ്ങൾക്കനുസരിച്ച് കൃത്രിമമായി ജീവിക്കുന്നതിലല്ല ജീവിതസൗന്ദര്യം. നിയമങ്ങൾക്കു നടപ്പിൽ വരുത്താൻ കഴിയാത്ത പലതും പരസ്‌പരബഹുമാനത്തിന് പ്രാവർത്തികമാക്കാൻ കഴിയും. 

പ്രതികരണശേഷിയുള്ളവരോടുള്ള ബഹുമാനത്തെക്കാൾ, നിസ്സഹായരോടുള്ള പരിഗണനയാണ് വ്യക്തിവൈശിഷ്‌ട്യം വെളിവാക്കുന്നത്. പിന്നീട് ഒരിക്കൽപോലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്തവരോടും പ്രത്യുപകാരശേഷി നഷ്‌ടപ്പെട്ടവരോടും ഇടപെടുന്ന രീതിയാണ് വിശുദ്ധരെ സൃഷ്‌ടിക്കുന്നത്.

ചില ജീവിതങ്ങൾ പൂന്തോട്ടങ്ങളാകാതെ പോകുന്നത് അഭംഗിയുള്ളവയെയും ക്രമവിരുദ്ധമായി വളരുന്നവയെയും വെട്ടിക്കളയാൻ താൽപര്യമില്ലാത്തതുകൊണ്ടാണ്. എങ്കിലും ആ ജീവിതങ്ങൾക്കൊരു നന്മയുണ്ട് – ആർക്കും വേണ്ടാത്ത പലരെയും ആരും കാണാതെ സംരക്ഷിക്കുന്നതിന്റെ വിശുദ്ധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com