ADVERTISEMENT

കണക്കിൽ സംപൂജ്യമാണ് പൂജ്യം. ഇന്ത്യക്കാർ കണ്ടുപിടിച്ചു എന്നു നാം അവകാശപ്പെടുന്ന പൂജ്യത്തിൽ ഭയഭക്തിബഹുമാനങ്ങളോടെ മാത്രം സ്പർശിക്കുന്ന രീതിയാണ് കേരളത്തിലുമുള്ളത്. 

അതുകൊണ്ടാണ് കേരള മന്ത്രിസഭയുടെ ആയിരം ദിനം ആഘോഷങ്ങൾക്കു വെറും 9.54 കോടി രൂപ മാത്രം ചെലവാക്കാൻ സർക്കാർ തീരുമാനിച്ചത്. 

സർക്കാരിനു വേണമെങ്കിൽ അതിനായി പത്തുകോടി തികച്ചും ചെലവാക്കാവുന്നതേയുള്ളു; ആരും ചോദിക്കാനില്ല. 

പത്തുകോടിയിൽ സംപൂജ്യമായ എട്ടു പൂജ്യങ്ങൾ എഴുന്നേറ്റുനിന്ന് നമ്മെ അഭിവാദ്യം ചെയ്യുകയാണ്. അതൊഴിവാക്കാനാണ് കേരള സർക്കാർ വെറും 9.54 കോടികൊണ്ട് ആയിരം സൂര്യോദയങ്ങളുടെ ആഘോഷം നടത്താമെന്നു വച്ചത്. 

95,399,999 എന്നെഴുതിയാൽ കണക്കിൽ 9.54 കോടിയാണ്. ഒൻപതിന്റെ തലക്കെട്ട് വാലുള്ള പൂജ്യം പോലെ തോന്നുമെങ്കിലും അത് യഥാർഥ പൂജ്യമല്ലെന്ന് സർക്കാരിനും നമുക്കും അറിയാം. 

പൂജ്യം ഒഴിവാക്കി 9.54 കോടി എന്ന കണക്ക് സർക്കാർതന്നെ നിയമസഭയിൽ അറിയിച്ചതാണ്. ഈ കോടികൾകൊണ്ട് എല്ലാ ജില്ലയിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനം, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടത്തും. 

ആയിരം സൂര്യോദയങ്ങൾ കണ്ട ഒരു സർക്കാർ ഒരു ജില്ലയിലെ ആഘോഷത്തിന് ശരാശരി 68 ലക്ഷം രൂപ മാത്രമേ ചെലവാക്കുന്നുള്ളു എന്നതിലും പൂജ്യം തീരെയില്ല. 

2018ലെ വെള്ളപ്പൊക്കത്തിനിരയായവരെ പുനരധിവസിപ്പിക്കുന്ന പരിപാടി ഒരിടത്തും എത്തിയിട്ടില്ലല്ലോ എന്നു വിലപിക്കുന്നവരുണ്ട്. സത്യത്തിൽ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് ആയിരം സൂര്യോദയങ്ങളുടെ ശോഭ കാണാൻ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. പ്രളയകാലത്ത് പല ദിനങ്ങളിലും സൂര്യോദയമോ അസ്തമയമോ കാണാൻ അവർക്ക് അവസരം കിട്ടിയിട്ടില്ലല്ലോ. 

ഒരു വീട് പുനർനിർമിക്കാൻ നാലു ലക്ഷം രൂപയാണ് സർക്കാർ കണക്കാക്കിയത്. 9.54 കോടി രൂപകൊണ്ട് 250 വീടുകൾ തികച്ചും നിർമിക്കാനാവില്ല എന്നു വിമർശകർ ഓർക്കണം. 

238 വീടുകൾ പൂർണമായി നിർമിച്ചുകഴിഞ്ഞ് 239–ാം വീടിന്റെ തറകെട്ടുന്നതോടെ 2.54 കോടിയുടെ കഥ കഴിയും. ഈ സർക്കാർ ഒന്നും അപൂർണമാക്കിവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. 

250 വീട് എന്ന സംപൂജ്യ കണക്കിലെത്തിക്കാൻ കഴിയില്ല എന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് 9.54 കോടികൊണ്ട് വീടുകൾ നിർമിക്കുന്നതിനു പകരം ആയിരം സൂര്യോദയങ്ങളുടെ ആഘോഷമാകട്ടെ എന്നു സർക്കാർ തീരുമാനിച്ചത്. ആയിരം പൂർണചന്ദ്രന്മാരെ കാണുന്നതുപോലെതന്നെ അന്തസ്സുള്ളതാണ് ആയിരം സൂര്യോദയങ്ങളും എന്നു പ്രിയ സുഹൃത്ത് കഷ്ടകാൽജി അപ്പുക്കുട്ടനെ ഓർമിപ്പിക്കുന്നു. 

തന്നെയുമല്ല, വീടുകളുടെയൊന്നും തടസ്സമില്ലാതെ കാണാൻ കഴിയുന്ന വിശാല സൂര്യോദയമല്ലേ ഒറിജിനൽ?

panachi@manorama.com

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com