ADVERTISEMENT

ചങ്കുപിളർക്കുന്ന സങ്കടകഥയാണ് ഗീത എന്ന വീട്ടമ്മയ്ക്കു പറയാനുള്ളത്. ഗീതയ്ക്കു 45 വയസ്സാണ്. അരിവാൾരോഗത്തിന്റെ അവശതകളുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഭർത്താവ് മുട്ടുകൊല്ലി ബാലകൃഷ്ണൻ (ബാലൻ) കടംകയറി ആത്മഹത്യ ചെയ്തു. പറക്കമുറ്റാത്ത രണ്ടുകുട്ടികൾ. വീഴ്ചയിൽ തുടയെല്ലു പൊട്ടിയതിന്റെ വേദന, കാലിൽ മുഴുവൻ കെട്ടുപിണഞ്ഞു വീർത്ത ഞരമ്പ്, ഇടയ്ക്ക് അതു പൊട്ടിയുണ്ടാകുന്ന രക്തസ്രാവം. ജോലി ചെയ്യാനുള്ള ആരോഗ്യമില്ല. നല്ലൊരു ശുചിമുറിപോലുമില്ലാത്ത വീടിനകത്ത് ചുരുണ്ടുകൂടിയിരുന്ന് ഗീത, ബാലനെക്കുറിച്ചു പറഞ്ഞു.

geetha
ഗീത

ബാലന് ആകെ അറിയാവുന്ന തൊഴിൽ കൃഷിയായിരുന്നു. സ്വന്തം പുരയിടത്തിലും പാട്ടഭൂമിയിലും പല കൃഷികളും ചെയ്തു. ഒന്നും ലാഭം നൽകിയില്ല. ഒടുവിൽ, നെൽക്കൃഷിക്കും രണ്ടു പശുക്കളെ വാങ്ങാനുമായി കടം വാങ്ങി. വീട്ടിൽ ആകെയുണ്ടായിരുന്ന പൊന്നും പണയം വച്ചു. പ്രളയത്തിൽ നെൽക്കൃഷി നശിച്ചു. പലിശയടക്കം 7 ലക്ഷം രൂപ ബാധ്യതയായി. അരിവാൾരോഗികൾക്കുള്ള സഹായത്തിന് അപേക്ഷ കൊടുക്കാൻ പോയതായിരുന്നു ഗീത. തിരികെ വീട്ടിലെത്തും മുൻപേ അറിഞ്ഞു, ബാലൻ എല്ലാം അവസാനിപ്പിച്ചെന്ന്. ഗീതയുടെ അച്ഛനും കടഭാരത്താൽ ജീവനൊടുക്കിയതാണ്; 2010ൽ. അടുത്തുള്ള അമ്മയും സഹോദരങ്ങളുമാണ് ഇപ്പോൾ സഹായം. ജീവിതത്തിനു മുന്നിൽ ഇനിയെന്ത് എന്ന ചോദ്യം ബാക്കി. 

balakrishnan
ബാലകൃഷ്ണൻ (ബാലൻ)

ആനക്കലിയിൽ

വയനാട്ടിലെ ഭൂരിപക്ഷജനത തിരുവിതാംകൂറിൽനിന്നു കുടിയേറിയവരാണ്. വടക്കനാട് സെന്റ് ജോസഫ്സ് പള്ളിയിൽ ക്രിസ്മസിന്റെയും ഉയിർപ്പിന്റെയും രാത്രികുർബാന വൈകിട്ടാക്കി. ഇടദിവസങ്ങളിലെ കുർബാന നേരം പുലർന്നിട്ടു മാത്രമെന്നാക്കി, ആനയെപ്പേടിച്ച്. പള്ളി സെമിത്തേരിയിലെ കല്ലറകളും ആന തകർത്തു; ഒന്നല്ല, രണ്ടുതവണ. ഈ ഇടവകയിലെ യുവാക്കൾക്കു വധുവിനെ കിട്ടാനില്ലെന്നു പറയുന്നു പള്ളി വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ. ‘ഇവിടേക്കു പെൺകുട്ടികളെ അയയ്ക്കാൻ ആരും തയാറല്ല. മുതിർന്നവർ രാത്രി ആനയെ ഓടിക്കാൻ പോകും. വീട്ടിലിരിക്കുന്നവർക്കു ഭയമാണ്. കുഞ്ഞുങ്ങളെ ഇതു മാനസികമായി തളർത്തുന്നുണ്ട്’ – ഫാ. ജോബി പറയുന്നു.

elephant
വയനാട് വാകേരിയില്‍ കൃഷി നശിപ്പിച്ചശേഷം തിരിച്ചുപോകുന്ന കാട്ടാന. (ഫയല്‍ ചിത്രം)

കർഷകർ 22 ദിവസം സമരം ചെയ്തു. ആനയെ മയക്കുവെടിവച്ചു നാട്ടിൽനിന്നു കൊണ്ടുപോകണമെന്നാണ് ആവശ്യം. ഇപ്പോഴും സമരം നടക്കുന്നു. ഈ പ്രദേശത്തുനിന്നുതന്നെ ഏതാണ്ട് ആയിരത്തോളം ആളുകൾ കർണാടകയിൽ കൃഷി ചെയ്യുന്നു. ചിലർ കൃഷിക്കായി അട്ടപ്പാടിക്കു പോയിട്ടുണ്ട്. വയനാട്ടിലെ മിക്ക ഗ്രാമങ്ങളിലെയും അവസ്ഥ ഇതാണ്. ഒരിക്കൽ തേനും പാലും ഒഴുകിയിരുന്ന വാഗ്‌ദത്തഭൂമിയായിരുന്നു വയനാട്. ഇന്ന് കൃഷിഭൂമി തരിശിട്ടു ജനം പലായനം ചെയ്യുന്നു. 

വയലിലില്ല, ഫയലിൽ

തിരുനെല്ലി പഞ്ചായത്തിലെ അതിർത്തിഗ്രാമമാണ് കാട്ടിക്കുളം. വിളിപ്പാടകലെ കർണാടക. ഇന്നലെ വൈകുന്നേരം കാട്ടിക്കുളം ടൗണിൽ നിൽക്കുമ്പോൾ കർണാടകയിൽനിന്നു വാഴക്കുല കയറ്റിയ വണ്ടികൾ കൂട്ടമായി മാനന്തവാടി ഭാഗത്തേക്കു പോകുന്നതു കണ്ടു. പണ്ട് നേരെ തിരിച്ചായിരുന്നു. കൃഷിക്കാർ മാത്രമല്ല, കൃഷിയും വയനാടിന്റെ ഭൂപടത്തിൽനിന്നു മാഞ്ഞുപോകുന്നു. അതിവർഷവും വരൾച്ചയും പ്രകൃതിയുടെ മാറ്റങ്ങളും വയനാടിനെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

പഴയ കൃഷിരീതി ഇനിയും വിജയിക്കുമോ? ഇനി എന്തു ചെയ്യണം? ഇതിനുള്ള ഉത്തരം കൊടുക്കേണ്ടവർ മൗനത്തിലാണ്. പല കമ്മിഷൻ റിപ്പോർട്ടുകളും ഫയലിലേയുള്ളു, വയലിലില്ല. കർഷകന്റെ പ്രശ്നങ്ങൾ കണ്ടെത്താനുള്ള ആത്മാർഥശ്രമം ഒരു ഭരണാധികാരിയും സ്വീകരിക്കുന്നില്ലെന്നു വിശ്വസിക്കുന്നു, കർഷകരെല്ലാം. 

പൊറുതിമുട്ടി...

കുറച്ചുനാൾ മുൻപ് ഒരു സന്ധ്യയ്ക്ക് സുഗന്ധഗിരി ഫോറസ്റ്റ് ഓഫിസിലേക്ക് 57 വയസ്സുള്ള കൊച്ചുമന ജോസ് എന്ന കർഷകൻ കയറിച്ചെന്നു. താൻ ജീവനൊടുക്കാൻ പോകുന്നുവെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. കുരങ്ങുശല്യം കാരണം പൊറുതിമുട്ടിയാണ് ജോസ് ഇങ്ങനെ പറഞ്ഞത്. വനപാലകർ അന്നു ജോസിനോട് എല്ലാം പരിഹരിക്കാമെന്നു പറഞ്ഞു; ഒന്നും സംഭവിച്ചില്ല. ബാണാസുരസാഗർ അണക്കെട്ടിനടുത്ത്, തരിയോടുള്ള ജോസിന്റെ വീട്ടിൽ പോകുന്നവർക്കു കാണാം – വീട്ടിലെ കണ്ണാടി എടുത്തുകൊണ്ടുപോയി മരത്തിൽ കയറിയിരുന്നു സൗന്ദര്യം നോക്കുന്ന കുരങ്ങന്മാർ.

jose
ജോസ്

തെങ്ങുകളിൽ ഒറ്റത്തേങ്ങയില്ല. മൂന്നുകൊല്ലം മുൻപ് ഒരു ക്വിന്റൽ വെളിച്ചെണ്ണ കിട്ടാൻ മാത്രം തേങ്ങ ഉണ്ടായിരുന്നു. അടയ്ക്ക, കാപ്പി, പപ്പായ, കുരുമുളക്... എല്ലാം കുരങ്ങ് കൊണ്ടുപോകും. രണ്ടായിരത്തോളം കുരങ്ങുകളാണ് പ്രദേശത്തെ സമാധാനം കളയുന്നത്. ജോസ് ഇവിടെ ജനിച്ചു വളർന്നയാളാണ്. ഒന്നരയേക്കർ കൃഷിടിയിടമുണ്ട്. നല്ലരീതിയിൽ ജീവിതം മുന്നോട്ടു പോകുന്നുമുണ്ടായിരുന്നു. ഇന്നു കൂലിപ്പണിക്കു പോകുന്നു. അന്തസ്സോടെ കർഷകനു ജീവിക്കാൻ പറ്റിയൊരു കാലം ഇനി ഉണ്ടാവുമോ എന്നാണ് ജോസിന്റെ ചോദ്യം.

കൽപറ്റ നഗരത്തിൽ കുരങ്ങുശല്യം ഏറിയപ്പോൾ കൂടുവച്ചു പിടിച്ചു കാട്ടിൽക്കൊണ്ടു വിട്ടതാണ്. അവ കാടിറങ്ങി തരിയോടും പരിസരത്തുമുള്ളവരുടെ ജീവിതം ദുസ്സഹമാക്കി. ജില്ലയിലെ എല്ലായിടത്തും കുരങ്ങുശല്യമുണ്ട്. ബത്തേരി സ്റ്റാൻഡിൽ ബസിൽ കയറി യാത്രക്കാരുടെ ക്ഷേമം അന്വേഷിക്കുന്ന കുരങ്ങന്മാർ സ്ഥിരംകാഴ്ച. കുരങ്ങുപനി വയനാട്ടിൽ റിപ്പോർട്ടു ചെയ്തു തുടങ്ങി. 2 പേർക്കു സ്ഥിരീകരിച്ചു. 9 പേർക്ക് രോഗം സംശയിക്കുന്നു.

image-from-kalpetta
കല്‍പറ്റയിലെ ബഹുനിലക്കെട്ടിടത്തിന്റെ മുകളിലേക്ക് കേബിളിൽ തൂങ്ങിപ്പോകുന്ന കുരങ്ങന്മാർ.

കൃഷി കളഞ്ഞ് നാടുവിടുന്നവർ

ബത്തേരിക്കടുത്ത് വടക്കനാടു ഗ്രാമത്തിലെ വെള്ളക്കെട്ടുവീട്ടിൽ കരുണാകരന് കൃഷി കൈവെള്ളയിലെ രേഖ പോലെയായിരുന്നു. എന്നാലിന്ന് വയനാട്ടിലെ കൃഷി അവസാനിപ്പിക്കാൻ നിർബന്ധിതനായിരിക്കുന്നു. കൃഷിയും കാലിവളർത്തലും കുലത്തൊഴിലായ ചെട്ടി സമുദായത്തിലെ അംഗമാണു കരുണാകരൻ. ഒരിക്കൽ ഇദ്ദേഹത്തിന്റെ ഗോശാലയിൽ 70 കാലികളുണ്ടായിരുന്നു. ഇന്ന് ഒരു കിടാരി പോലുമില്ല. കഴിഞ്ഞവർഷം പുലിപ്പേടി പടർന്നപ്പോൾ തൊഴുത്തിലെ അവസാനത്തെ പശുവിനെയും വിറ്റു. 7 ഏക്കർ ഭൂമിയുണ്ട്. 5വർഷമായി നെൽക്കൃഷി ചെയ്യുന്നില്ല. മുൻപ് ഗന്ധകശാലയും ജീരകശാലയും സുഗന്ധം പരത്തി വിളഞ്ഞുനിന്നിരുന്നു, ആ പാടങ്ങളിൽ.

karunakaran
കരുണാകരൻ

ഒരിക്കൽ കരുണാകരന്റെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങളുടെ സ്ഥിരനിക്ഷേപം ഉണ്ടായിരുന്നെങ്കിൽ, ഇന്നു കടം 10 ലക്ഷം. നൂറ്റാണ്ടുകളായി നിലനിന്ന, കൃഷി എന്ന ആത്മവിശ്വാസം ഇപ്പോൾ അദ്ദേഹത്തിനും കൂട്ടർക്കുമില്ല. പക്ഷേ, അറിയാവുന്ന ഏക തൊഴിൽ കൃഷി മാത്രം. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കരുണാകരൻ കർണാടകയ്ക്കു വണ്ടികയറി.

നഞ്ചൻകോടിന് അപ്പുറം ചന്ദ്രവാടിയിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. ഒരു ഏക്കർ ഭൂമി പാട്ടത്തിനെടുക്കാൻ ഒരു ലക്ഷത്തിലേറെ ചെലവുണ്ട്, എന്നിട്ടും. നഷ്ടങ്ങളുടെയും സങ്കടത്തിന്റെയും ഈ കൃഷിവഴിയേ പോകാൻ പുതുതലമുറ  ഇഷ്ടപ്പെടുന്നില്ല; മക്കൾക്ക് ഈ ദുരിതം വേണ്ടെന്നു കൃഷിക്കാരും. ചെറുകിട കർഷകരുടെ വംശം പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

അതേ ഗ്രാമത്തിലെ രാധാകൃഷ്ണൻ എന്ന യുവകർഷകനും കർണാടകയിലേക്കു പോയി. അക്കഥ രാധാകൃഷ്ണൻ പറയുന്നു: ‘പൊന്നു വിളയുന്ന ഭൂമിയായിരുന്നു വയനാട്. ഈ മണ്ണിൽ വിളയുന്ന എന്തിനും മണവും ഗുണവും നിറവും എല്ലാം ഒരുപടി മുന്നിൽ നിൽക്കുമായിരുന്നു. ഇന്ന് ഇവിടെ നിൽക്കാൻ പറ്റില്ല. ഞങ്ങളുടെ കുട്ടികൾക്കു പോലും ചക്കയും മാങ്ങയുമൊക്കെ പണംകൊടുത്തു വാങ്ങേണ്ട സ്ഥിതി. ആനയെപ്പേടിച്ച് കൃഷിയിടത്തിലെ പ്ലാവും മാവും വെട്ടി.

radhakrishnan
രാധാകൃഷ്ണൻ

പശുവിനു കൊടുക്കാനുള്ള പച്ചപ്പുല്ലുപോലും വളർത്താൻ വയ്യ. സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാനാകില്ല. രാത്രി ഒരാൾക്ക് അസുഖം വന്നാൽ ആശുപത്രിയിൽ പോകാൻ വണ്ടിവരില്ല. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല, മൂന്നുപേരെ കൊന്ന വടക്കനാടു കൊമ്പൻ വിളയാടുന്ന സ്ഥലമാണ്. റേഡിയോ കോളർ ഇട്ട ആ ആനയുടെ ലൊക്കേഷൻ വനപാലകർ മൊബൈലിൽ സന്ദേശമായി നാട്ടുകാർക്ക് അയയ്ക്കും. രാത്രി മുഴുവൻ പടക്കം പൊട്ടിക്കും. ആനയുണ്ടോ കുലുങ്ങുന്നു. കൊലയാളി ആനയാണ്. അതാണു ഭയം.

field
വന്യമൃഗങ്ങളുടെ ആക്രമണത്തെയും വിളനാശത്തെയും തുടർന്ന് കൃഷി ഉപേക്ഷിച്ച പുൽപള്ളി വണ്ടിക്കടവിലെ തോട്ടങ്ങളിലൊന്ന്. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

കടമുണ്ട്. ഇവിടെ ജീവിക്കാനുള്ള വക തരപ്പെടാത്തതിനാൽ കർണാടകയ്ക്കു പോയി. അവിടെ പാട്ടക്കൃഷി. എന്നും രാവിലെ വീട്ടിലേക്കു ഫോൺ ചെയ്യും; ഇന്ന് ആരെയെങ്കിലും ആന കൊന്നിട്ടുണ്ടോ? പുലിയോ കടുവയോ പിടിച്ചിട്ടുണ്ടോ? ഒരു സമാധാനവുമില്ല.’

നാളെ: ‘ജീവിച്ചിരിക്കുന്ന’ കർഷകർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com