ADVERTISEMENT

രാജാവ് ക്ഷിപ്രകോപിയാണ്. എല്ലാ വൈകുന്നേരങ്ങളിലും അദ്ദേഹം നടക്കാനിറങ്ങും. തനിക്ക് ഇഷ്‌ടമില്ലാത്ത പ്രവൃത്തികൾ ആരെങ്കിലും ചെയ്യുന്നതു കണ്ടാൽ കയ്യിലുള്ള വടികൊണ്ട് അയാളെ അടിക്കും. അതിനാൽ ആളുകൾ രാജാവിനെ കാണുമ്പോഴേ വഴിമാറിപ്പോകും. 

ഒരു ദിവസം ഒരാൾ രാജാവിന്റെ മുന്നിൽപെട്ടു. അയാൾ തൊട്ടടുത്തുള്ള വീട്ടിലേക്കു കയറാൻ ശ്രമിച്ചെങ്കിലും രാജാവ് പിടികൂടി. ഇതു താങ്കളുടെ വീടാണോ? ‘അല്ല, സുഹൃത്തിന്റെയാണ്’. പിന്നെന്തിനാണ് താൻ ഇവിടെ കയറാൻ ശ്രമിച്ചത്? ‘എനിക്കു രാജാവിനെ പേടിയാണ്’. ദേഷ്യംവന്ന രാജാവ് അലറി – എന്നെ പേടിക്കാൻ നിനക്ക് എങ്ങനെ ധൈര്യംവന്നു? ഞാൻ നിങ്ങളുടെ രാജാവാണ്. നീ എന്നെ സ്‌നേഹിക്കാൻ ബാധ്യസ്ഥനാണ്. സ്‌നേഹിച്ചില്ലെങ്കിൽ നിന്നെ വകവരുത്തും! 

സ്‌നേഹത്തിനും സ്‌നേഹം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾക്കും ഒരേ ഭാഷയായിരിക്കണം. പ്രകടിപ്പിക്കാത്ത സ്‌നേഹത്തിന് ആരിലും ഒരു പരിവർത്തനവും വരുത്താനാകില്ല. സ്‌നേഹമല്ല, സ്‌നേഹത്തിന്റെ ഭാവമാണു പ്രധാനം. സ്‌നേഹത്തിന്റെ പൂർണത, സ്‌നേഹിക്കപ്പെടുന്നവരുടെ സംതൃപ്‌തിയാണ്. അന്യർക്കു മനസ്സിലാകാത്ത വിധത്തിൽ അവരെ സ്‌നേഹിക്കുന്ന ആരും സ്‌നേഹത്തിന്റെ ഉടമകളല്ല; സ്വാർഥതയുടെ ഉദാഹരണങ്ങളാണ്. 

തിരിച്ചറിയപ്പെടാതെപോയ സ്‌നേഹമാണ് എല്ലാ വേർപിരിയലിനും കാരണം. പരസ്‌പരം സ്‌നേഹിക്കുന്നുണ്ട് എന്നു വാദിക്കുകയും അത് രണ്ടുപേർക്കും മനസ്സിലാകാതെ വരികയും ചെയ്യുന്നതിനെക്കാൾ ദുരന്തം മറ്റെന്താണ്? സ്‌നേഹിക്കുക എന്നത് കടമയാണ്; സ്‌നേഹിക്കപ്പെടുക എന്നത് അവകാശവും. 

എന്തുകാര്യവും ഒരാളെ നിർബന്ധിച്ചു ചെയ്യിക്കാം; സ്‌നേഹിക്കുന്നതൊഴിച്ച്. സ്‌നേഹിക്കാൻ നിർബന്ധിക്കപ്പെടുമ്പോൾ സ്‌നേഹത്തിന്റെ അർഥം നഷ്‌ടപ്പെടുമെന്നു മാത്രമല്ല, സ്‌നേഹിക്കുന്നവന്റെ ജീവിതവും പാഴാകും. 

സംഭവിച്ചുപോയ ബന്ധങ്ങളുടെയോ അധികാരത്തിന്റെയോ പേരിൽ ഇല്ലാത്ത സ്‌നേഹം പ്രകടിപ്പിക്കേണ്ടി വരുമ്പോൾ, സ്‌നേഹം കാപട്യത്തിന്റെ മുഖംമൂടിയണിയും. ചിലരെ സ്‌നേഹിക്കാൻ കഴിയില്ല, ചിലരെ സ്‌നേഹിക്കാതിരിക്കാൻ കഴിയില്ല. രണ്ടും, ലഭിക്കുന്ന സമീപനങ്ങളുടെയും ഇടപെടലുകളുടെയും അനന്തരഫലമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com