ADVERTISEMENT

30 വയസ്സുള്ള ആഷ. ഇടുക്കി തോപ്രാംകുടി മേരിഗിരിയിൽ ആത്മഹത്യചെയ്ത കർഷകൻ താന്നിക്കാട്ടുകാലായിൽ സന്തോഷിന്റെ(37) ഭാര്യ. സന്തോഷം കെട്ടുപോയ ആ വീടിന്റെ തിണ്ണയിലിരുന്നു ചോദിച്ചു. കുറച്ചു ചോദ്യങ്ങൾ.‌

? ഭർത്താവ് ജീവനൊടുക്കിയിട്ട് 41 കഴിഞ്ഞില്ലേ? കൃഷി ഓഫിസിൽനിന്ന് ആരെങ്കിലും അന്വേഷിച്ചുവന്നോ?‌

ഇല്ല.

? വില്ലേജ് ഓഫിസിൽ നിന്ന്

ഇല്ല.

? ഏതെങ്കിലും സർക്കാർ ഓഫിസിൽ നിന്ന്

ഇല്ല.

? ആരും അന്വേഷിച്ചു വന്നില്ലേ

ഒരു സ്വകാര്യ ബാങ്കിൽനിന്നു മിക്ക ദിവസവും ആളെത്തും. (മുറ്റത്ത് ഒരു ചെറിയ കാർ കിടപ്പുണ്ട്. അത് പുതിയ ഷീറ്റ് കൊണ്ടു മൂടിയിട്ടിരിക്കുന്നു. വായ്പ തിരിച്ചടവു മുടങ്ങിയ ആ കാർ മറിച്ചുവിൽക്കാൻ ബാങ്ക് ജീവനക്കാർ ആവശ്യക്കാരെയും കൂട്ടിയെത്തും. കാറിനു വിലപറയും, പോകും)

? ഇപ്പോൾ വീട്ടിൽ ആരൊക്കെയുണ്ട്.‌

അമ്മ, ഞാൻ, പിന്നെ ഞങ്ങടെ കുഞ്ഞ്. അവൻ പ്ലേ സ്കൂളിൽ പോയിരിക്കുകയാണ്.‌ ഇടയ്ക്കിടെ അവൻ അച്ഛനെ ചോദിക്കും.

? അമ്മയെവിടെ

തൊഴിലുറപ്പിനു പോയിരിക്കുന്നു. 65 വയസ്സായി. രോഗിയാണ്. ഞാൻ ബികോം പഠിച്ചതാണ്. എന്തെങ്കിലുമൊരു ജോലി കിട്ടുമോ സാറേ..

മറുചോദ്യം പോലെ വന്ന ആ ഉത്തരം അടുത്ത ചോദ്യം മുട്ടിച്ചു.

ചോദിക്കാനുള്ളത് സർക്കാരിനോടാണ്: ഒരു യുവകർഷകൻ ആത്മഹത്യ ചെയ്തു 41 ദിവസം കഴിഞ്ഞിട്ടും ഒരു സർക്കാർ ഉദ്യോഗസ്ഥനും വിവരമന്വേഷിച്ചു ചെന്നിട്ടില്ല. കർഷകന്റെ കുടുംബം ജീവിക്കുന്നുണ്ടോയെന്നു പോലും അന്വേഷിച്ചിട്ടില്ല. മന്ത്രിമാരെയും നേതാക്കന്മാരെയും കണ്ടില്ല. എന്തേ അങ്ങനെ? എംഎൽഎ റോഷി അഗസ്റ്റിൻ എത്തി സർക്കാരിതര സംവിധാനങ്ങളിലൂടെ സംഘടിപ്പിച്ച ഒരു ലക്ഷം രൂപ നൽകിയതു മാത്രമാണ് ഏക ആശ്വാസം. ചെറുപ്പം മുതൽ തോപ്രാംകുടിയിൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്തുവന്നയാളാണ് ജീവനൊടുക്കിയ സന്തോഷ്. കടം പെരുകി. പണമിടപാടു സ്ഥാപനത്തിൽ 10 ലക്ഷം രൂപ ബാധ്യത. പലിശയെങ്കിലും അടയ്ക്കാൻ ചെയ്ത വാഴക്കൃഷിയും നഷ്ടത്തിലായി. വായ്പയ്ക്കു ജാമ്യം നിന്ന സഹോദരിയുടെ വീട്ടിലും സ്ഥാപനത്തിൽനിന്ന് ആളെത്തി. അതും മാനസികമായി തളർത്തി.

famer-series-asha
ഇടുക്കി തോപ്രാംകുടി മേരിഗിരിയിൽ ആത്മഹത്യ ചെയ്ത കർഷകൻ താന്നിക്കാട്ടുകാലായിൽ സന്തോഷിന്റെ ഭാര്യ ആഷ. ചിത്രം:മനോരമ

‘കടം മാത്രം തരുന്ന കൃഷി അവസാനിപ്പിക്കാൻ പറയുമായിരുന്നു ഞങ്ങൾ. പക്ഷേ, കൃഷി ചേട്ടനു ജീവനായിരുന്നു. ഏറെ നിർബന്ധിച്ചപ്പോൾ ഇത് അവസാനത്തെ കൃഷിയാണെന്നു പറഞ്ഞു... അത് അതുപോലെതന്നെ ആയിപ്പോയി.’– ഏങ്ങലടക്കി ആഷ പറഞ്ഞു.‌ സന്തോഷിന്റെ അച്ഛൻ രണ്ടുവർഷം മുൻപ് പ്ലാവിൽ കയറിയപ്പോൾ വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റു മരിച്ചതാണ്. അതിന്റെ നഷ്ടപരിഹാരംപോലും ഇതുവരെ കിട്ടിയിട്ടില്ല. ജീവനൊടുക്കിയ കർഷകരുടെ കുടുംബത്തിനും കടത്തിൽ മുങ്ങിനിൽക്കുന്ന കർഷകർക്കും ഇപ്പോൾ വേണ്ടത് ആശ്വാസമാണ്; ഞങ്ങൾ കൂടെയുണ്ടെന്ന് സർക്കാരിന്റെ ഒരു വാക്ക്, പ്രവൃത്തി.

സന്തോഷിന്റെ അമ്മ, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് അപേക്ഷ കൊടുത്തിട്ട് ഒരു മാസമായി. സർ, ആ കുടുംബം ഇപ്പോഴും കാതോർക്കുന്നുണ്ട്, കൈത്താങ്ങുമായി മുറ്റത്തെത്തുന്ന സർക്കാരിന്റെ കാലൊച്ച.

പോളിന്റെ ഈ മണ്ണിന്  വില പറയാമോ?

പറമ്പ് ജപ്തി ചെയ്തുപോകുമെന്നു പേടിച്ചാണ് കഴിഞ്ഞ മഴക്കാലത്ത് കൂമ്പൻപാറ തൊണ്ടിയിൽ പോൾ കഴിഞ്ഞിരുന്നത്. ജപ്തിയല്ല, പ്രളയകാലത്തെ ഉരുൾപൊട്ടലാണ് പറമ്പു കൊണ്ടുപോയത്. പറമ്പു മാത്രമല്ല, പോളും ഭാര്യയും അയൽപക്കത്തെ രണ്ടു കുട്ടികളും വീടിനൊപ്പം മണ്ണിനടിയിൽപെട്ടു. ജെസിബി കൊ‌ണ്ടു മണ്ണുനീക്കിയാണ് ഇരുവരെയും രക്ഷിച്ചത്. ആശുപത്രിയിൽ 16 ദിവസം കിടന്നു.

farmer-series-paul
തന്റെ വീടിരുന്ന സ്ഥലത്ത് കൂമ്പൻപാറ തൊണ്ടിയിൽ ടി.എ.പോൾ. ഉരുൾപൊട്ടലിൽ വീടും പുരയിടവും നശിക്കുകയായിരുന്നു.

അതിനിടയിൽ ബാങ്കുകാർ വീണ്ടും വന്നു, പാതിയെങ്കിലും അടച്ച് ലോൺ അവസാനിപ്പിക്കാൻ നിർദേശിച്ചെന്നു പോൾ പറയുന്നു. സർക്കാരിന്റെ 10,000 രൂപ ധനസഹായം കിട്ടി. വീടിന്റെ കാര്യത്തിൽ ഒരു വിവരവുമില്ല. രണ്ടേക്കർ പറമ്പ് പൂർണമായി പോയതിനാൽ വേറെ സ്ഥലം വാങ്ങിയാലേ വീടുവയ്ക്കാൻ പറ്റൂ. ഇപ്പോൾ മീൻകച്ചവടം ചെയ്താണു ജീവിതം.

ജീവിച്ചിരിക്കുന്ന കർഷകന്റെ കഥയോ?

പഴുത്തു ചീഞ്ഞുതുടങ്ങിയ നാലേക്കർ പാവൽത്തോട്ടത്തിനരികിൽനിന്ന് ജോസ്പുരം തേക്കുംകാട്ടിൽ ജോസ് ആഗസ്തി പറ‍ഞ്ഞു: എന്റെ മൂന്നരലക്ഷം രൂപയാണ് ഈ കിടക്കുന്നത്. (എന്റെയും ഭാര്യയുടെയും മകന്റെയും ഇരുട്ടുംവരെയുള്ള അധ്വാനം ഒഴിച്ചുള്ള കണക്ക്)

farmer-series-JPG

പ്രളയവും മണ്ണിടിച്ചിലും അവസാനിച്ച ദിവസം കൃഷിയിറക്കിയതാണ്. 6,000 കിലോ പാവയ്ക്ക കിട്ടേണ്ടതായിരുന്നു. ഈ മൂന്നരലക്ഷവും വായ്പയെടുത്തതാണ്. എന്തിനാണെന്നോ? എനിക്ക് 12 ലക്ഷം രൂപയാണു കടം. അതിൽ കുറച്ചെങ്കിലും തിരിച്ചടയ്ക്കണം. പ്രളയം കഴിഞ്ഞ് ഭൂമിയിൽനിന്നു പെട്ടെന്നു വെള്ളം വലിഞ്ഞുപോയി. മഴ കിട്ടിയതുമില്ല. കേടുവന്നു പഴുത്തുതുടങ്ങി പാവൽ. രണ്ടുതവണ വിളവെടുത്തു. പ്രതീക്ഷിച്ച വിലയും കിട്ടിയില്ല...

പട്ടയം ബാങ്കിലാണ്. കഴിഞ്ഞദിവസം ബാങ്കിൽനിന്നു വിളിച്ചു. കേസാക്കാൻ പോവുകയാണ്. അന്നേരം ഞാൻ ഈ ഉണങ്ങിപ്പോയ പാവൽത്തോട്ടത്തിൽ നിൽക്കുകയാണ്. കേസാക്കിക്കോ എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു. വളക്കടയിൽ 60,000 കൊടുക്കാനുണ്ട്. ആയിരക്കണക്കിനു വാഴയും പാവലും പയറും കൃഷിചെയ്ത് തീരാറായ ആയുസ്സിനു കിട്ടിയ സമ്മാനമാണിത് – ജോസ് പറഞ്ഞു.
ചില നേരത്തു തോന്നും ബാങ്കുകളെക്കാൾ ഭേദം ബ്ലേഡാണെന്ന്. ‘ഉള്ളതു താടേ...’ എന്ന് അവർ പറയും. ബാങ്ക് 5രൂപയുടെ സ്റ്റാംപിന്റെ വിലകൂടി മുതലിൽ കൂട്ടിയെഴുതും.

കൃഷി ഓഫിസിൽ നഷ്ടപരിഹാരത്തിന് അപേക്ഷ കൊടുത്തുകൂടേ?

പലതവണ കൃഷി നശിച്ചപ്പോഴും അതു ചെയ്തിട്ടുണ്ട്. പത്തുനാൽപതു വർഷം കൃഷി ചെയ്തിട്ട് എനിക്കിതുവരെ കിട്ടിയ നഷ്ടപരിഹാരം എത്രയാന്നറിയാമോ?

എത്രയാ?

180 രൂപ.!ഒരു കൃഷിയുമില്ലാതെ നഷ്ടപരിഹാരം മേടിക്കുന്ന ചിലരെ എനിക്കറിയാം, ഞാൻ പിന്നെ ഇതിന്റെ പിന്നാലെ നടക്കണോ? 

ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല; ചോദിക്കാനൊരു മറുചോദ്യവും. ചോദ്യം കിട്ടാത്ത ഉത്തരങ്ങൾ.!

farmer-series-saji
തടിയമ്പാട് മഞ്ഞപ്പാറ ചേറ്റാനിയിൽ സജി പശുത്തൊഴുത്തിൽ. ചിത്രം:മനോരമ

കർഷകന്റെ ഒരു ദിനം

(തടിയമ്പാട് മഞ്ഞപ്പാറ ചേറ്റാനിയിൽ വർഗീസിന്റെ മകൻ സജി എന്ന യുവകർഷകന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തയാറാക്കിയത്) 

പുലർച്ചെ 4.30 ഉണരുന്നു. 

5.00 – 6.00 തൊഴുത്ത് വൃത്തിയാക്കൽ. ചാണകം നീക്കൽ, കിടാങ്ങളെ മാറ്റിക്കെട്ടൽ. തൊഴുത്ത് അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കൽ (അകിടുവീക്കം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ). 

6.00 –7.00 കറവ. 

7.30 പാലുമായി മിൽമയിലേക്ക്.‌ 

8.00 – 9.00 പശുവിനു പുല്ലുവെട്ട്. 

9.00 – 12.00 പണിക്കാർക്കൊപ്പം പറമ്പിൽ കിളയ്ക്കൽ, വിത്തിറക്കൽ, വിളവെടുപ്പ്. പണിക്കാർക്കു ഭക്ഷണം നൽകൽ. 

12.00– 2.00 ഊണ്, വിശ്രമം. 

2.00 വീണ്ടും പശുവിനെ കുളിപ്പിക്കൽ, തൊഴുത്തു വൃത്തിയാക്കൽ, കിടാവിനെ മാറ്റിക്കെട്ടൽ, കറവ. 

4.00 പാൽ കൊടുക്കാൻ മിൽമയിലേക്ക്. 

4.30 പണിക്കാരെ കൂലികൊടുത്ത് അയയ്ക്കൽ. 

5.00  രാവിലെ കറവയ്ക്കുശേഷം കൊടുക്കാനുള്ള പുല്ലുചെത്ത്. 

പുല്ലുമായി വീട്ടിലെത്തുമ്പോൾ ഇരുട്ട്. 

8.30  വീണ്ടും തൊഴുത്ത് വൃത്തിയാക്കൽ. 

10.00  ഉറക്കം.

ഇനി കണക്കു കൂട്ടിക്കോളൂ

പുലർച്ചെ 4.30 മുതൽ രാത്രി 10വരെ ചെയ്യുന്ന ജോലി (18 മണിക്കൂർ) കുറഞ്ഞത് രണ്ടു ഷിഫ്റ്റായി കണക്കാക്കിയാൽ ലഭിക്കേണ്ട കൂലി 1300. സജി തന്നെ കൂലിപ്പണിക്കാർക്കു നൽകുന്ന കൂലിയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയത്. ഒരു മാസം 39,000 രൂപ (ജോലികളിലെ ഭാര്യയുടെയും മക്കളുടെയും പങ്കാളിത്തം, ജോലിക്കാരുടെ ഭക്ഷണമൊരുക്കൽ ഇവ കണക്കിലില്ല).

പലപ്പോഴും വരുമാനം ഈ 39,000രൂപയെക്കാൾ കുറവായിരിക്കും. അതിനാലാണല്ലോ, വായ്പയെടുക്കുന്നത്. സജിക്കു 3 ബാങ്കിൽ വായ്പയുണ്ട്. (കാർഷികകടം മൂലം ജ്യേഷ്ഠൻ റെജി 35–ാം വയസ്സിൽ ആത്മഹത്യ ചെയ്തതാണ്) മക്കളെ കൃഷിയിൽ നിലനിർത്തുമോയെന്ന ചോദ്യത്തിന് ഇല്ലെന്നുത്തരം!

നാളെ: ഇടുക്കിയിലും വയനാട്ടിലും മാത്രമല്ല...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com